ലമ്പ്രട്ട - വിഷ്ണുപ്രസാദ്

ബ്രസീലിയൻ കവി എദ്‌ഹാദ് മാഹ്ച്ചീനിയുടെ കവിത ഇദ് എന്ന കവിയുടെ ഓർമ്മയിൽ-

                               

                                                                                പ്രിയപ്പെട്ടവരേ,     

നമ്മുടെ എദ്‌ഹാദ് ഇന്നു മരിച്ചുപോകും

അവന്റെ മഞ്ഞ ലമ്പ്രട്ടയിൽ പോകുമ്പോൾ

വീട്ടിൽ നിന്ന് ആറുകിലോമീറ്റർ കഴിയുമ്പോൾ

അവന്റെ അരക്കെട്ടിൽ ഒരു തണുപ്പുതോന്നും

അവന്റെ എട്ടുവയസ്സുള്ള മരിയയുടെ തണവുള്ള

കുഞ്ഞുകൈകളാണതെന്ന് അവൻ തിരിച്ചറിയും


നാലുവർഷം മുൻപ് മരിച്ചുപോയവൾ

അവനെ ചുറ്റിപ്പിടിച്ചിരിക്കുന്നു

അവൾ അവന്റെ കാതിൽ പറയും

പപ്പാ വേഗമാവട്ടെ പപ്പാ

നമ്മുടെ മുന്നിൽ പോകുന്ന മൂന്ന് ലമ്പ്രട്ടകളെയും

മറികടക്കൂ പപ്പാ

അവൻ മൂന്ന് ലമ്പ്രട്ടകളെയും മറികടക്കും

അവളുടെ ചിരിയും കിളിയൊച്ചയും

അവനെ ആവേശഭരിതനാക്കും


പ്രിയപ്പെട്ടവരേ

നിങ്ങൾക്കറിയാമല്ലോ

കഴിഞ്ഞ നാലുവർഷവും നമ്മുടെ എദ്‌ഹാദ്

അവന്റെ കട തുറന്നതേയില്ല

അവൻ അവന്റെ മഞ്ഞ ലമ്പ്രട്ടയിൽ

ഈ സാവോപോളോ മുഴുവൻ അലഞ്ഞു

അവന്റെ കുഞ്ഞുമകൾ പോയതിൽപ്പിന്നെ

അവന്റെ മനസ്സു തെറ്റിപ്പോയി.

അവൾ പിൻ‌സീറ്റിലുണ്ടെന്ന തോന്നലുണ്ടാവാൻ

അവൾ ഇല്ലാതായിട്ടില്ലെന്ന് തന്നെത്തന്നെ വിശ്വസിപ്പിക്കാൻ

രാവും പകലുമില്ലാതെ അയാൾ പാഞ്ഞു.


നാലുകൊല്ലം മുൻപത്തെപ്പോലെ

അവന്റെ കുഞ്ഞുമരിയ അവനോടിന്നും പറയും

പപ്പാ പപ്പാ എല്ലാ വണ്ടികളും വെട്ടിച്ചുപോ

പപ്പാ പപ്പാ നമുക്ക് ഏറ്റവും മുന്നിലെത്തണം പപ്പാ

പപ്പാ പപ്പാ സാവോപോളയിലേക്ക് പോകുന്ന 

ആ ടാങ്കർ ലോറിയെ പിന്നിലാക്കൂ പപ്പാ

എദ്‌ഹാദ് എല്ലാ വാഹനങ്ങളേയും കടക്കും.


അവനും അവന്റെ  മകളുംകൂടി ആ മഞ്ഞ ലമ്പ്രട്ടയിൽ

വേഗതയും സന്തോഷവും വാരിവിതറി കടന്നുപോവും

ട്രക്കുകളെ ലോറികളെ ബസ്സുകളെ കാറുകളെയെല്ലാം

അത് കുഞ്ഞുകുരുവിയെപ്പോലെ കടന്നുപോകും

ചോളവയലുകളിൽ പണിയെടുക്കുന്ന പരിചയക്കാർ

എദ്‌ഹാദ് എദ്‌ഹാദ് നീ നിന്റെ കുഞ്ഞുമകളെയും കൊണ്ട്

മരിക്കാൻ പോവുകയാണോ എന്ന് വിളിച്ചുചോദിക്കും.

വഴിയരികിൽ നിൽക്കുന്നവരെല്ലാം എന്താണ്

കടന്നുപോയതെന്നറിയാതെ

പോയ ദിശയിലേക്ക് ഞെട്ടലോടെ നോക്കും


പ്രിയപ്പെട്ടവരേ നിങ്ങൾക്കറിയാമല്ലോ

നാലുവർഷം മുൻപ് അവന്റെ കുഞ്ഞുമകളെ സ്കൂളിൽ

കൊണ്ടുപോകുമ്പോൾ

ഈ കരിമ്പുകാട്ടിൽ നിങ്ങൾ കരിമ്പുവെട്ടുകയായിരുന്നു

കരിമ്പുകയറ്റിയ ഒരു ലോറി പാടത്തുനിന്ന്

റോഡിലേക്ക് കയറുകയായിരുന്നു

വേഗത കൂട്ടി അവനും മോളും ലമ്പ്രട്ടയിൽ പറക്കുകയായിരുന്നു

പെട്ടെന്നാണ് ഒരു കുറുക്കൻ റോഡുമുറിച്ചുകടന്നത്

അതേ കുറുക്കൻ ഇന്ന് ഈ റോഡ് മുറിച്ചുകടക്കും

അന്ന് കുഞ്ഞുമരിയ തെറിച്ചുവീണിടത്ത് 

നമ്മുടെ എദ്‌ഹാദ് തെറിച്ചുവീഴും


അതാ വരുന്നു, അവന്റെ ലമ്പ്രട്ട

പിന്നിൽ അവന്റെ കുഞ്ഞുമരിയ അവനെ ആവേശപ്പെടുത്തുന്നു.

വേഗമാവട്ടെ പപ്പാ വേഗം 

ആ കരിമ്പുലോറിയെ മറികടക്കൂ പപ്പാ

കരിമ്പുലോറി റോട്ടിലേക്ക് കയറിക്കഴിഞ്ഞു.

എദ്‌ഹാദ് വേഗത കൂട്ടി കരിമ്പുലോറിയെ കടക്കുന്നു

കരിമ്പുകാട്ടിൽനിന്ന് കുതിച്ചുവരുന്നൂ

ആ പഴയ കുറുക്കൻ

തീർച്ചയായും, എദ്‌ഹാദിന്റെ വണ്ടി ഇന്ന് 

ആ കുറുക്കനെ ഇടിച്ചുതെറിച്ചുവീഴും

നമ്മുടെ എദ്‌ഹാദ് ഇന്നുമരിക്കും

അവന്റെ കുഞ്ഞുമരിയ അവനെ കൊണ്ടുപോകും.

Contact the author

Vishnu Prasad

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More