രാജ്യത്ത് എല്ലാവർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി. ബിഹാറിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നവർക്ക് വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രസ്താവന വിവാദമായതോടെയാണ് പ്രതാപിന്റെ ഈ നീക്കം.
രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി പ്രതാപ് പറഞ്ഞു. ഭരണപക്ഷം കൊവിഡ് വാക്സിൻ പോലും തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിച്ചതിന് പിന്നാലെയാണ് ഈ പ്രസ്താവന. ബിജെപിയുടെ കൊവിഡ് വാക്സിൻ പരാമർശത്തിൽ ഒഡീഷ ഭക്ഷ്യ വിതരണ മന്ത്രി ആർപി സ്വെയ്ൻ മന്ത്രിമാരായ സാരംഗിയെയും ധർമേന്ദ്ര പ്രധാനെയും ചോദ്യം ചെയ്തിരുന്നു.
തമിഴ്നാട്, പുതുച്ചേരി, മധ്യപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങൾ ജനങ്ങൾക്ക് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഒഡീഷയിലെ വാക്സിൻ ലഭ്യതയെക്കുറിച്ച് ബിജെപി നേതാക്കൾ നയം വ്യക്തമാക്കണമെന്ന് സ്വെയ്ൻ പറഞ്ഞു.