സൈക്കോയ്ക്ക് അറുപത് വർഷം: നദീം നൗഷാദ്

ക്രൈംത്രില്ലര്‍ സിനിമകൾക്ക് പുതിയ ദൃശ്യഭാഷ നൽകിയ സൈക്കോ (1960) ഇറങ്ങിയിട്ട് അറുപതുവർഷം പിന്നിടുന്നു. ലോക സിനിമയെ  ഇത്ര കണ്ട് സ്വാധീനിച്ച സിനിമ  ഒരു പക്ഷെ  കുറവായിരിക്കും. പ്രേക്ഷകനെ വിസ്മയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത സിനിമ. സിഗ്മണ്ട്   ഫ്രോയിഡിൻ്റെ മനശാസ്ത്ര പരികല്പ്പനകളും ഐസൻസ്റ്റീനിൻ്റെ എഡിറ്റിംഗ് സങ്കേതവും വിദഗ്‌ധമായി ഉപയോഗിച്ച സിനിമ. സൈക്കോയുടെ പ്രത്യേകതകൾ ഇങ്ങനെ നിരവധിയാണ്.  

മാരിയൻ ക്രയ്ൻ എന്ന യുവതി താൻ ജോലിചെയ്യുന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിന്ന് ബാങ്കിൽ നിക്ഷേപിക്കാൻ കൊടുത്ത  നാല്പതിനായിരം ഡോളറുമായി മുങ്ങുന്നു. വഴിക്കുവെച്ച് അവൾ ഒരു ഹോട്ടലിൽ താമസിക്കുന്നു. അതിൻ്റെ നടത്തിപ്പുകാരൻ നോർമൻ ബേറ്റ്സുമായി  പരിചയപ്പെടുന്നു. അന്നുരാത്രി അവൾ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ആരോ അവളെ കുത്തിക്കൊല്ലുന്നു. മാരിയൻ്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം നടത്തിയ സ്വകാര്യ കുറ്റാന്വേഷകനും കൊല്ലപ്പെടുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ നോർമൻ ബേറ്റ്‌സ്‌ ആണ് കൊലപാതകങ്ങൾ ചെയ്‌തത്‌ എന്ന് കണ്ടെത്തുന്നു. അയാൾ പോലീസ് പിടിയിലാവുന്നു .

നോർമൻ ബേറ്റ്സിൻ്റെ അച്ഛൻ മരിച്ചപ്പോൾ അമ്മ മാത്രമായിരുന്നു അയാൾക്ക് കൂട്ട്. അമ്മ മറ്റൊരാളെ വിവാഹം കഴിച്ചപ്പോൾ അയാൾക്ക്  സഹിക്കാൻ കഴിഞ്ഞില്ല. അയാൾ രണ്ടുപേരെയും കൊന്നു. എന്നാൽ അമ്മയെ കൊന്ന കുറ്റബോധം അയാളെ  വിട്ടുപോയില്ല. അത് മറികടക്കാൻ  അമ്മയുടെ ശവശരീരം  വീട്ടിൽ ഒളിപ്പിച്ചുവെച്ചു. അയാൾ ഇടയ്ക്കിടെ അമ്മയുടെ വേഷം ധരിച്ചു. അമ്മയുടെ ശബ്ദത്തില്‍ സംസാരിച്ച് അമ്മയായി മാറും.  പാതി അമ്മയും പാതി നോർമനും ചേർന്ന ഇരട്ട വ്യക്തിത്വമാണ് അയാളുടേത്. പൂർണ്ണമായി അമ്മയായി മാറിക്കഴിഞ്ഞ നിമിഷത്തിലാണ് അയാൾ  മാരിയനെ കൊല്ലുന്നത് . നോർമൻ ബേറ്റ്സിൽ ‘ഈഡിപ്പസ് കോംപ്ലക്സിൻ്റെ’ സംഘർഷം ദൃശ്യവത്കരിക്കുന്നതിൽ  ഹിച്ച്കോക്ക് പ്രകടിപ്പിച്ച കഴിവ് അതുല്യമാണ്.  

സിനിമയുടെ കഥ മാത്രം എടുത്തു നോക്കുകയാണെങ്കിൽ വലിയ അസാധാരണത്വമൊന്നും സൈക്കോവിൽ കാണാൻ കഴിയില്ല. പക്ഷെ നായികയോടൊപ്പം സിനിമ അവസാനിക്കുന്നതുവരെ സഞ്ചരിക്കുക എന്ന പതിവുരീതിയെ സംവിധായകൻ തകിടംമറിച്ചു. സിനിമയുടെ ആദ്യ പകുതി ആകുമ്പോഴേക്കും നായിക കൊല്ലപ്പെടുന്നു. ഫ്‌ളാഷ് ബാക്കിൽ പോലും അവൾ പ്രത്യക്ഷപ്പെടുന്നില്ല. അവളെ അന്വേഷിച്ചെത്തിയ സ്വകാര്യ കുറ്റാന്വേഷകനും കൊല്ലപ്പെടുന്നു. ഇവിടെ പതിവ് സിനിമാറ്റിക് യുക്തിയെ നിരാകരിക്കുകയാണ് സംവിധായകൻ. 

സൈക്കോവിൻ്റെ പ്രചാരണത്തിന് ഹിച്ച്കോക്ക് പല രീതികളും ഉപയോഗിച്ചു. സിനിമ പ്രദർശിപ്പിച്ച തിയേറ്റർ മാനേജർമാർക്ക് മാർഗ്ഗനിർദേശം നൽകാൻ ഒരു കൈപുസ്തകം നൽകി. സിനിമ തുടങ്ങിയാൽ ഒരാളെപ്പോലും അകത്ത് കയറ്റരുത്. സിനിമ അവസാനിച്ച് ഒരു മിനുട്ടു കഴിഞ്ഞിട്ട്  മാത്രമേ വിളക്കുകൾ അണയ്ക്കാവു എന്നീ നിർദ്ദേശങ്ങൾ അതിൽ ഉണ്ടായിരുന്നു. സിനിമ പ്രേക്ഷകരെ നന്നായി അനുഭവിപ്പിക്കാനായിരുന്നു ഇവ. 

സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗം ഷവർ സീനായിരുന്നു. നായികയായ മാരിയൻ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കൈ കുളിമുറിയുടെ വാതിൽ തുറക്കുന്നത് നമ്മൾ കാണുന്നു.  ഉയർത്തിപ്പിടിച്ച കത്തിയുമായി വന്ന ഒരു സ്ത്രീരൂപം ഷവർ കർട്ടൻ വലിച്ചുനീക്കി അവളെ  അതിവേഗം കുത്തുന്നു. അപ്രതീക്ഷിതമായ ആക്രമണം തടുക്കാനാവാതെ അവൾ ഉച്ചത്തിൽ  നിലവിളിക്കുന്നു. കൈകൊണ്ട് അവൾ നടത്തിയ ചെറുത്തുനിൽപ്പ് ദുർബ്ബലമായിരുന്നു. നിമിഷങ്ങൾക്കകം മാരിയൻ  മരിച്ചുവീണു. അക്രമി രക്ഷപ്പെടുന്നു. 

സിനിമാ ചരിത്രത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന രംഗങ്ങളിൽ ഒന്നാണ് ഈ കൊലപാതക ദൃശ്യം. രണ്ടു മിനുട്ടും 50 കട്ടുകളുമുള്ള ദൃശ്യം  എടുക്കാൻ ഏഴു ദിവസങ്ങളോളം എടുത്തുവത്രെ. ഏതാണ്ട് 78 ഓളം ക്യാമറാ ആങ്കിൾ. കൂടുതലും ക്ലോസപ്പ് ഷോട്ടുകൾ. ദൈർഘ്യം കുറഞ്ഞ  സമീപ ദൃശ്യങ്ങൾ  തുടർച്ചയായി  ഉപയോഗിച്ചത് അക്രമത്തിൻ്റെ തീഷ്ണത വ്യക്തമാക്കുന്നു. എഡിറ്റിഗിൻ്റെ ഒരു പാഠപുസ്തകമായി ഈ ദൃശ്യത്തെ  കാണുന്നവരുണ്ട്. 

ബെർണാഡ് ഹെർമൻ്റെ സംഗീതമാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. ഇതിൻ്റെ സംഗീതം ഹോളിവുഡിൽ മാത്രമല്ല ഇന്ത്യയിലെ ഭാഷ ചിത്രങ്ങളിൽ വരെ  അനുകരിക്കപ്പെട്ടു. വയലിൻ, വയോള, സെല്ലോ, എന്നീ  തന്ത്രീവാദ്യങ്ങളുടെ സംഗീതം ദൃശ്യങ്ങളെ കൂടുതൽ അർത്ഥ പൂര്‍ണ്ണമാക്കി. ഹിച്ച് കോക്കിന് സംഗീതം ഇഷ്ട്ടപെട്ടതുകൊണ്ട് ഹെര്‍മന് ഇരട്ടി പ്രതിഫലം കൊടുത്തു എന്നും ഒരു കഥയുണ്ട്. 

ഹിച്ച്‌ കോക്കിൻ്റെ മറ്റു സിനിമകൾക്കൊന്നും ചെലുത്താൻ കഴിയാതിരുന്ന ഒരു സ്വാധീനം സൈക്കോ ഉണ്ടാക്കി. ചെലവ് കുറഞ്ഞ രീതിയിൽ ഹിച്ച്കോക്ക് തന്നെ നിർമ്മിച്ച ഈ സിനിമ വൻ വിജയമായിരുന്നു.റോബർട്ട്ബ്ലോച്ചിൻ്റെ നോവലിനെ അടിസ്ഥാനമാക്കി ജോസഫ് സ്റ്റെഫാനോ ആണ് തിരക്കഥ എഴുതിയത്. 1998 ൽ ഗസ്‌വാൻ സന്ത്‌ എന്ന സംവിധായകൻ ഇതേ സിനിമ ഹോളിവുഡിൽ പുനർനിർമ്മിച്ചപ്പോൾ വൻപരാജയമായിരുന്നു. ഹിച്ച്കോക്കിൻ്റെ അനുകരിക്കാനാവാത്ത ശൈലിയുടെ വിജയമാണ് അത് കാണിച്ചു തന്നത് .

Contact the author

Nadeem Noushad

Recent Posts

Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 2 weeks ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 2 weeks ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More
J Devika 3 weeks ago
Views

ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

More
More
Chithranjali T C 3 weeks ago
Views

കല്‍ത്തപ്പത്തിന്റെ മണമുള്ള എന്റെ ചെറിയ പെരുന്നാള്‍- ടി സി ചിത്രാഞ്ജലി

More
More