ശരീരം മുറകളെ ഓർത്തെടുക്കുമ്പോൾ - കളരിയും പ്രക്രിയാചിന്തയും - സുനില്‍ കുമാര്‍

ശരീരത്തിന് ഓർമകൾ ഉണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത്  ഈയിടെ കളരി അഭ്യസിക്കുന്ന വേളയിൽ ആണ്. ചിലപ്പോഴെങ്കിലും അത് സുദീർഘമായ ഒരോർമ്മ (Long Term Memory) കൂടിയാണ്.അല്ലെങ്കിൽ വർഷങ്ങൾക്കുശേഷം കളരിയിലെത്തിയിട്ടും ശരീരം മറവിപറ്റാതെ മെയ്പയറ്റിന്റെ ചുവടുകൾ വച്ചുതുടങ്ങുന്നത് എങ്ങനെയാണ്? 

അധികമൊന്നും ആളുകൾ പഠനവിഷയമാക്കാത്ത ഒന്നാണ് കളരിപ്പയറ്റിന്റെ ചലനവിതാനങ്ങൾ (Choreography). ശരീരം ശീലങ്ങളുടെ യാന്ത്രികതയിൽ പെട്ട്  തുടർന്നുപോരുന്ന ചില നടപ്പുരീതികളുണ്ട്; നടത്തം, ഓട്ടം, ഇരുത്തം... ഇങ്ങനെ ആയാസരഹിതമായി നമ്മൾ പിന്തുടരുന്ന ചലനശീലങ്ങൾ. ഇവയ്ക്കതീതമായി ശരീരം അനുശീലിപ്പിക്കപ്പെടുമ്പോൾ മറ്റൊരുശരീരംതന്നെ സാധ്യമാകുന്നു. ഒരു നർത്തകിയുടെ ചലനങ്ങൾ ഇങ്ങനെ ചിട്ടപ്പെടുത്തിയതാണ്.  നൃത്തം ചലനത്തിന്റെ അനന്ത സാധ്യതകൾ ഓർമിപ്പിക്കുന്നുണ്ട്.

ഉയർത്തിയ ഓരോ കാലും നിലം തൊടേണ്ടതുണ്ട് എന്നത് ഒരു ചലനനിയമം ആകുമ്പോഴും 'അതെങ്ങനെ ചലിക്കുന്നു' എന്നതിലാണല്ലോ കലയും സൗന്ദര്യവും. നിലവുമായും ഭൂഗുരത്വവുമായും ഒരു കളരിയഭ്യാസി നിരന്തരം ധാരണയിൽ എത്തേണ്ടതുണ്ട്. ആ അർത്ഥത്തിൽ കളരിയിലെ ചുവടുകൾ 'moving with' ആണ്; ശരീരം ഒറ്റയ്ക്കല്ല ചലിക്കുന്നത്, ഒപ്പമാണ്.

ശരീരത്തില്‍ നിന്ന് ദ്രവശരീരത്തിലേക്ക് 

കളരിയുടെ ചലന സവിശേഷതകളിലേക്ക് കടന്നാൽ അതിലെ ഓരോ ചുവടും അടുത്ത ചുവടിനുള്ള മുന്നൊരുക്കമാണെന്ന് കാണാം. ഓരോചുവടും അടുത്ത ചുവടിനുള്ള നിലയൊരുക്കൊമ്പോൾ മെയ്പ്പയറ്റ് ശരീരത്തിന്റെ തന്നെ ഒഴുക്കായിമാറുന്നു. ഇങ്ങനെ ഒരു ദ്രവശരീരമാണ് കളരിപ്പയറ്റ് സാധ്യമാക്കുന്നത്. അവിടെ ചലിക്കുന്നത് ശരീരമല്ല, ചലനം തന്നെയാണ്. 

ഒഴുകുന്നത് കാലമല്ലാതെ മറ്റൊന്നല്ല. അതുകൊണ്ട് കളരിയിലെ ഓരോ ചുവടും ഒരു 'കാലയളവ്' (Duration) ആയാണ് ഞാൻ കാണുന്നത്. ഓരോ നിമിഷത്തിലും ശരീരത്തിന് സ്വയം കണ്ടെത്താനുള്ള മാർഗനിർദേശങ്ങൾ ആണ് കളരിയിലെ വായ്ത്താരികൾ. യാത്രികന് ഭൂപടം പോലെയാണ് കളരി അഭ്യസിക്കുന്ന ഒരാൾക്ക് വായ്ത്താരി. ഒരഭ്യാസി ഓരോ ചുവടിലും ഇനിയും പ്രത്യക്ഷമാകാത്ത ശരീരത്തിന്റെ സാധ്യതകളെ തേടുകയാണ്. അങ്ങനെ നോക്കിയൽ അത് പരോക്ഷമായതിന്റെ നർത്തനമാണെന്നു (Dancing the virtual)  ബോധ്യമാകും.

മെയ് വഴക്കം

ഒരു കളരിയഭ്യസി തന്റെ ചിട്ടയായ പരിശീലനത്തിലൂടെ ആർജിച്ചെടുക്കേണ്ട ഒന്നാണ് മെയ് വഴക്കം. ഒരർത്ഥത്തിൽ ഇവിടെ ശരീരം ഇലാസ്തികമാകുകയാണ്. അതായത് ശീലങ്ങളിലൂടെ ഖരമാക്കപ്പെട്ട ശരീരത്തെ പരിശീലനത്തിലൂടെ ഉരുക്കി ദ്രവീകരിക്കുകയാണ്. ശരീരത്തിന് നഷ്ടമായ ദ്രവശേഷി വീണ്ടെടുക്കൽ ആണത്. ഒരുപക്ഷേ ജിംനേഷ്യത്തിലും ഭാരോദ്വഹനത്തിലുമൊക്കെ നടക്കുന്നതിന്റെ ഒരു എതിർദിശാ പ്രവർത്തനമാണ് മെയ്പ്പയറ്റിലൂടെ സാധ്യമാകുന്നത്.  

കളരിയിൽ 'പന്തീരാൻവീശൽ' അതിപ്രധാനമായമായ ഒരായോധന സമ്പ്രദായമാണ്. ഇതിനായി ഉപയോഗിക്കുന്നത് പന്ത്രണ്ട് ചാൺ നീളവും മൂന്നോ മൂന്നരയോ ഇഞ്ച് വീതിയുമുള്ള ചൂരൽ വടിയാണ്. അതിന്റെ സവിശേഷതയായി ചിറക്കൽ ടി. ശ്രീധരൻ നായർ പറയുന്നത് 'ഹസ്തലാഘവത്വ' മാർജിക്കലാണ്. ഇതിൽനിന്നും വ്യക്തമാകുന്നത് 'പന്തീരാൻ വടി' വീശുന്നതടക്കമുള്ള ആയോധന സമ്പ്രദായത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് ശരീരത്തിന്റെ ഇലാസ്തികതയും ദ്രവത്വവും ആർജിക്കൽ ആണെന്നാണ്.

ചുവട് 

ആത്മ സംരക്ഷണത്തിനും ആക്രമണത്തിനും ആവശ്യമായ കളരിയാഭ്യാസ പ്രയോഗങ്ങളിൽ ശരീരത്തിന്റെ ഗുരുത്വ കേന്ദ്രം തുലനനിലയിൽ നിർത്തത്തക്കവണ്ണം കാലുകൾ യഥോചിതം മുമ്പോട്ടോ പിറകോട്ടോ പാർശ്വങ്ങളിലേക്കോ ചില പ്രത്യേകരീതിയിൽ വെയ്ക്കുന്നതിനെയാണ് ചുവട് എന്ന് പറയുന്നത് ( ശ്രീധരൻ നായർ 1963) കളരിയിലെ ചുവടുകളിൽ പ്രധാനം 'ആക്കചുവട്' 'നീക്കചുവട്' 'ചാട്ടചുവട്' 'വട്ടചുവട്' 'നീട്ടചുവട്' ഇവയാണെന്ന് കാണാം. ഓരോ ചുവടും വരും ചുവടുകൾക്കും നീക്കങ്ങൾക്കുമുള്ള നിലയൊരുക്കലും ശേഷി സംഭരിക്കലുമാണ്. അങ്ങനെ നോക്കിയാൽ കളരി സാധ്യമാക്കുന്നത് ശരീരശേഷിയെ വർധിതമാക്കുകയാണ് (Potentializing the body) .ചുവടുകളോടൊപ്പം ശരീരം സ്വീകരിക്കുന്ന നിലകൾ ആണ് 'വടിവുകൾ'. ഈ രീതിയിൽ ഒരു കളരിയഭ്യാസി ചുവടുകളുടെയും വടിവിന്റെയും സഹായത്തോടെ മറ്റൊരു ശരീരം (Becoming Body) സാധ്യമാക്കുന്നു. അവിടെ അഭ്യാസി സിംഹം, ആന, കുതിര, പാമ്പ് ,കോഴി തുടങ്ങിയ ജീവികൾ പൊരുതുമ്പോൾ അനുവർത്തിക്കുന്ന ചില പ്രത്യേക നിലകളെയോ ഗതിവിശേഷങ്ങളെയോ അടിസ്ഥാനമാക്കി അഭ്യാസമുറകളിൽ അവലംബിക്കുന്ന ചില നിലകളും തായങ്ങളുമാണ് കളരിപയറ്റിലെ വടിവുകൾ (ശ്രീധരൻ നായർ). ഇവിടെ കേവലമായ മൃഗചേഷ്ടകളുടെ അനുകരണമല്ല, മനുഷ്യൻ മൃഗമായികൊണ്ടിരിക്കലും അതിന്റെ വന്യത ആർജിക്കലുമാണ്.  മറ്റ് ആയോധനരീതികളിൽ നിന്നും കളരി വ്യത്യസ്ഥമാകുന്നത് അതിന്റെ ചുവടുകളും വടിവുകളും ചേർന്ന് സാധ്യമാക്കുന്ന ശരീരത്തിന്റെ പല സാധ്യതകളും ശേഷികളും തിരിച്ചറിയുകയും വെളിപ്പെടുത്തുകയും ചെയ്യുമ്പോഴാണ്. സാധ്യമായ പലശരീരങ്ങളിൽ;  അതിന്റെ ചുവടുകളിലും വടിവിലും ഒന്നുമാത്രമാണ് നമ്മൾ കൊണ്ടാടുന്ന ശരീരം എന്നത് പരിശീലനത്തിലൂടെ സിദ്ധിക്കുന്ന ഒരു തിരിച്ചറിവുകൂടിയാണ്.

'തഞ്ചം' 

കളരിയിലെ മുറകളും പ്രയോഗങ്ങൾക്കും ഒപ്പം ഓർത്തെടുക്കേണ്ട വാക്കാണ് 'തഞ്ചം'. 'തഞ്ചം' നോക്കി പ്രയോഗിക്കുക എന്നാണ് പറയുക. പക്ഷെ 'തഞ്ചം' 'പ്രയോഗം' ഇവ പരസ്പര ബന്ധിതമാണ്. ചുരക്കത്തിൽ തഞ്ചം നോക്കി പ്രയോഗിക്കുക എന്നതിനപ്പുറം തഞ്ചം എന്നത് പ്രയോഗത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒന്നാണ്. കളരിയിൽ മാത്രമല്ല, ഏതൊരു അയോധനവിദ്യയിലും തഞ്ചം മുറകളിലൂടെയും പ്രയോഗങ്ങളിലൂടെയും കണ്ടെത്തുന്നതിൽ ആണ് ഒരാഭ്യാസിയുടെ മിടുക്ക്.

കളരിയിലെ ദേശഭേദങ്ങൾ 

കളരിയുടെ മറ്റൊരു സവിശേഷത അതിന്റെ പ്രയോഗത്തിലും മുറകളിലുമുള്ള 'ദേശഭേദങ്ങൾ' ആണ്. ഗ്രഹാം ഹെർമന്റെ (Garham Harman)  വാക്കുകളിൽ 'There is no such thing as transport without transformation'എന്നാണല്ലോ. കാല-ദേശങ്ങൾ മാറുമ്പോൾ മുറകളും പ്രയോഗങ്ങളും മാറാതെ തരമില്ല. പക്‌ഷേ അപ്പോഴും കളരിയെ 'മുറതെറ്റാതെ' പിടുച്ചുനിർത്തുന്നത് വായ്ത്താരികളാണ്. വായ്ത്താരികൾ കളരിയിലെ ചലനസഹായികൾ (Movement Guide) ആണ്. മുറകളുടെയും പ്രയോഗങ്ങളുടെയും വൈവിധ്യവും അതിന്റെ ഏകീകരണവും കളരിയിൽ ഒരേസമയം സാധ്യമാകുന്നുണ്ട്. അത് കേവലം 'തെക്കൻ' 'വടക്കൻ' ഭേദങ്ങൾ മാത്രമല്ല, അത് അനന്തമായ വകഭേദങ്ങൾ ഉള്ള ഒന്നാണ്.

കളരിയഭ്യാസങ്ങൾ നാലുവിധം 

1. മെയ്ത്തൊഴിൽ

2. കോൽത്താരി

3. അങ്കത്താരി

4. വെറുംങ്കൈ

എന്നിങ്ങനെയാണത്. ഇതിൽ കോൽത്താരിയിൽ പ്രധാനവും പ്രയാസമേറിയതുമാണ് 'ഒറ്റപ്പയറ്റ്'. 'ഒറ്റപ്പയറ്റ്' വായ്ത്താരിക്കനുസരിച്ചാണ് ചെയ്യുന്നതെങ്കിലും അഭ്യാസികൾ അവരുടെ സാമർഥ്യത്തിന് അനുസരിച്ചു പുതിയ അടവുകളും ചുവടുകളും ഇതിൽ ചേർത്തുപയറ്റാറുണ്ട് എന്ന്‌ ശ്രീധരൻ നായർ അഭിപ്രായപ്പെടുന്നു. ഇങ്ങനെയുള്ള പുതിയ അടവുകളെ 'കള്ളക്കോൽ' എന്നും ചുവടുകളെ 'കള്ളച്ചുവടുകൾ' എന്നുമാണ് കളരിയിൽ പറഞ്ഞുവരുന്നത്. പക്ഷേ ഒന്നാലോചിച്ചാൽ സമർത്ഥരായ അഭ്യാസികൾ തുടങ്ങിവച്ച 'കള്ളക്കോലും' 'കള്ളചുവടു' കളുമാണ് കാലാന്തരത്തിൽ കളരിപ്പയറ്റിലെതന്നെ രീതീഭേദങ്ങളും പയറ്റ് സമ്പ്രദായങ്ങളുമായി രൂപാന്തരപ്പെട്ടിട്ടുണ്ടാകുക.

സിമോന്തന്റെ 'ടെക്നിക്' 'ടെക്നിസിറ്റി' ഇവതമ്മിലുള്ള വ്യത്യാസം ഇവിടെ ചിന്തനീയമാണ്. ഒരു ഗുരുവിൽ നിന്നും പടിച്ചെടുക്കാവുന്നതാണ് 'വിദ്യ' (Technique) എങ്കിൽ പഠിച്ചതിനോട് ഓരോ അഭ്യാസിയും കൂട്ടിചേർക്കുന്നതാണ് 'മനോധർമ്മം'. അല്ലെങ്കിൽ ഒരു വിദ്യ സ്വായത്തമാക്കുന്നതിന്റെ രീതിഭേദമായും ഇതിനെ ഗണിക്കാവുന്നതാണ്. അവിടെ ഓരോ ആവർത്തനത്തിലും വ്യത്യാസവും അതിന്റെ സൗന്ദര്യവുമുണ്ട്.

വിദ്യ ഓരോ വ്യക്തിയും പഠിച്ചെടുക്കുന്നതിലെ വകഭേദങ്ങളെ അമർച്ചചെയ്യാതിരിക്കുന്നത് വഴി കളരിമുറകളിൽ സാധ്യമായ ഒരു ജനാധിപത്യമുണ്ട്. കളരിപ്പയറ്റ് ഇപ്പോഴും തദ്ദേശീയമായ കളരികളെയും ഗുരുക്കന്മാരേയും കേന്ദ്രീകരിച്ചായത്കൊണ്ടുതന്നെ മുറകളുടെയും മെയ്പ്പയറ്റിന്റെയും ഏകീകരണത്തെ അത് ഒരുപരിധിവരെ ചെറുത്തുനിന്നിട്ടുണ്ട്. 

കളരിമലയാളം

'കളരിമലയാളം' ഒരു ചലനാത്മകമായ  മറ്റൊരു മലയാളമാണ്. അത് വിറങ്ങലിച്ചു നിൽക്കുന്ന ഭാഷയുടെ മറുപുറം കൂടിയാണ്. കളരിയിലെ വായ്ത്താരികൾ ചലനത്തിനുള്ള മാർഗനിർദേശം എന്നതിലുപരി 'ചലിക്കുന്ന ഭാഷ' തന്നെയാണ്. അവിടെ ഭാഷതന്നെ പുതിയ ചുവടുകളും വടിവുകളും കണ്ടെത്തുന്നു.

'Concepts are event in the making. An event in the making is a thought on the cusp of articulation- a prearticulated thought in the motion' (Erin Manning, Relationscapes)

കളരിയിലെ ഓരോ ചുവടും ചലനവും ഇനിയും രൂപമെടുത്തിട്ടില്ലാത്ത ചിന്തയാണ് (prearticulated thought in the motion). ഓരോ ചുവടിലും ഓരോ ചിന്തയുണ്ട്. കളരിമലയാളവും ഒപ്പം അതിന്റെ ചുവടുകളും പുതിയസങ്കല്പനങ്ങൾക്കും ചുവടു വയ്പുകൾക്കും വഴിതുറക്കുന്നുണ്ട്.

Ref.

1.കളരിപ്പയറ്റ്; ചിറക്കൽ ടി ശ്രീധരൻ നായർ( 1963)

2.Erin Manning; 'Relationscapes'  Movement, Art, Philosophy (2012)

Contact the author

T K Sunil Kumar

Rajan Karattil
3 years ago

നന്നായിട്ടുണ്ട്.പ്രക്രിയാ ദർശനം, ഗിൽബർട്ട് സിമോൺേ ഡൺ നല്ല വായന കുറെ കാലം മുസ് ഫിലിപ്പ് സിറില്ലിയുടെ പഠനം വായിച്ചത് ഓർത്തു നന്ദി

0 Replies

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More