കുടി - സജീവന്‍ പ്രദീപ്‌

കുടിച്ച് കുടിച്ച് മരിച്ചു പോയൊരാളുണ്ടാർന്നു

കുടിച്ച് തിളച്ച് മരിച്ചു പോയൊരാളുണ്ടാർന്നു

കുടിച്ച് മദിച്ച് മരിച്ചു പോയൊരാളുണ്ടാർന്നു

അയാളുടെ ചങ്കിലെപ്പോഴും നാല് കിളികളുണ്ടാർന്നു

നാല് കിളികളുള്ള, ചങ്കിലെപ്പോഴുമൊരു പാട്ടുണ്ടാർന്നു

പാട്ടിലെപ്പോഴുമൊരു വീടിന്റെ വിഷാദം മുടിയഴിച്ചിട്ടാർന്നു


കുടിച്ച്, കുടിച്ച് മരിച്ചൊരാളിന്റെ കണ്ണിലെപ്പോഴും

മുങ്ങി മരിച്ചവന്റെ മഞ്ഞനിറം കാണാമായിരുന്നു

ആ മഞ്ഞ നിറത്തിലെപ്പോഴുമൊരു കാമുകിഭാവമുള്ള

സൂര്യകാന്തി കത്തിക്കരിഞ്ഞു നിന്നിരുന്നു


മരിച്ചൊരാൾ എപ്പോഴും കുടിച്ചിരുന്നു, കുടിയിലെപ്പോഴുമയാൾ ലളിതമായി മരിച്ചിരുന്നു, മരിച്ചിട്ടയാൾ എഴുന്നേറ്റ

പ്രഭാതങ്ങളിലെയിലകളിൽ,

തൂങ്ങി നിന്ന ജലക്കനങ്ങളിൽ, നിന്നയാൾ മറ്റൊരു വെളിച്ചമില്ലാ പ്രഭാതത്തിന്റെ, ആവിയൂതി കളഞ്ഞിരുന്നു.

കുടിച്ച് കുടിച്ച് തിളച്ച് മരിച്ചൊരാളുടെ മുഷിഞ്ഞ തലയിലൊരു മുദ്രാവാക്യമുണ്ടാർന്നു

ആ മുദ്രാവാക്യത്തിലെമ്പാടും ചോരച്ച ചുമകളുണ്ടാർന്നു

ചുമയിലൊരു പോലീസേമ്മാൻ ബുട്ട്സിട്ട് നടന്നാർന്നു


കുടിച്ച് കുടിച്ച് മദിച്ച് മരിച്ചൊരാളുടെ കാൽമടമ്പുകളിലൊരു കലപ്പക്കൊഴുവുണ്ടാർന്നു,

കലപ്പ കൊഴുവുകളിലൊരു ജലവിത്തിന്റെ കുനിപ്പുണ്ടാർന്നു

കുടിച്ച് കുടിച്ച് മരിച്ചൊരാളിന്റെ ചെവിയിലൊരു ചുംബനത്തിന്റെ കരുവാളിപ്പുണ്ടാർന്നു

കരുവാളിപ്പിലെപ്പോഴുമൊരു മേഘത്തുണ്ട് പെയ്യാനൊരുങ്ങി നിന്നിരുന്നു


ഒരാൾ എപ്പോഴും കുടിച്ചു കൊണ്ടിരുന്നതിനാൽ മാത്രം

മരിച്ചു പോയിരുന്നു

മരിക്കുമ്പോളായാളുടേതായി ഒന്നും തൂക്കിയിടാത്തൊരു

തെരുവുണ്ടാർന്നു

തെരുവിന്റെ മുലയിലൊരു കൊടിയുണ്ടാർന്നു

മരിച്ചയാളുടെ കുടിയിലെപ്പോഴുമൊരു "ബലികുടീരങ്ങളെ" നൊരഞ്ഞ് നൊരഞ്ഞ് പൊന്തിയാർന്നു

അതിലൂടെ ഉറുമ്പുകളുടെ ബാവുൾ ഗായകർ പോയാർന്നു


കുടിച്ച് കുടിച്ച് മരിച്ചൊരാളുടെ എല്ലും തോലും മറ്റൊരു

പാട്ടിനകമ്പടി കൂടി

രാത്രിയിലിത്തിരി നേരം ഉറങ്ങുന്ന മരങ്ങളുടെ തലയിൽ തങ്ങി

മുടിയിൽ തൂങ്ങി

ഉടലിൽ തൊട്ട്

വേരിൽ മുട്ടി

മണ്ണിൽ മായുന്നു

കുടിച്ച് മദിച്ച് തിളച്ച് മരിച്ചൊരാളുടെ ഭൂമി ആടിയാടി കമിഴ്ന്നു കമിഴ്ന്നു പോവുന്നേ

Contact the author

Sajeevan Pradeep

Recent Posts

Binu M Pallippad 3 months ago
Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 5 months ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 6 months ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 6 months ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 9 months ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 9 months ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More