പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ മകൻ ഉള്‍പ്പടെയുള്ള സിപിഎമ്മുകാര്‍ക്ക് ജനം ടി.വി യില്‍ ഷെയർ ഉണ്ടെന്ന വെളിപ്പെടുത്തലുമായി ചാനൽ മാനേജ്മെന്റ്. ജനം ടി.വിയുടെ തന്നെ ചർച്ചയ്ക്കിടയിൽ ചീഫ് എഡിറ്റർ ജി.കെ സുരേഷ് ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവിയിലെ മാധ്യമ പ്രവര്ത്തകന് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് സിപിഎം ബിജെപിക്കെതിരെ ശക്തമായ ആയുധമാക്കി ഉപയോഗിച്ചിരുന്നു.
ഓട്ടോ തൊഴിലാളി മുതല്‍ പിണറായി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ മകന് വരെ അടങ്ങിയ അയ്യായിരത്തില്‍ അധികം പേരാണ് ജനം ടി.വിയുടെ ഓഹരി ഉടമകള്‍ എന്നായിരുന്നു ചാനല്‍ എംഡി പി വിശ്വരൂപൻ പറഞ്ഞത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ 300-ഓളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണെന്ന് നേരത്തെ ചാനല്‍ അധികൃതര്‍ പറഞ്ഞിരുന്നു. ജനം ഏതെങ്കിലും പാര്‍ട്ടിയുടെ ചാനലോ അവരുടെ നിയന്ത്രണത്തിലോ അല്ലെന്നുമാണ് ചാനല്‍ മേധാവികളുടെ അവകാശവാദം.