അരിമ്പ്ര മല: ചരിത്രവും മിത്തും വര്‍ത്തമാനവും - ഗോപകുമാര്‍ പൂക്കോട്ടൂര്‍

Images Biju Ibrahim

ഒരു പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായി മാറിയ അരിമ്പ്ര മല ഇന്ന് മിനി ഊട്ടി എന്ന പേരിലാണ് അറിയപ്പെടുന്നത് നിരവധി  കുന്നുകള്‍ക്കും താഴ്‌വരകള്‍ക്കും ഇടയിലുള്ള  ഈ പ്രദേശം ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.  എന്നാല്‍ മലനിരയെ ആകെത്തന്നെ കാര്‍ന്നു തിന്നുന്ന ധാരാളം ക്രഷറുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. കുന്നിന്റെ പടിഞ്ഞാറ് ഭാഗത്ത് കേരളത്തില്‍ ഏറ്റവും വലിയ പട്ടികജാതി കോളനിയായ എന്‍എച്ച് കോളനിയും കോട്ടാശ്ശേരി കോളനിയും സ്ഥിതി ചെയ്യുന്നു. ഭൂപരിഷ്‌കരണത്തെത്തുടര്‍ന്ന് കോഴിക്കോട് താമസിച്ചിരുന്ന ശ്യംജി സുന്ദര്‍ദാസ് വളരെയധികം ഏക്കര്‍ സ്ഥലം പട്ടികജാതിക്കാര്‍ക്ക് പതിച്ചുകൊടുക്കാന്‍ തയ്യാറായതിന്റെ ഫലമായിട്ടാണ് ഈ രണ്ട് കോളനികളും സ്ഥാപിക്കപ്പെട്ടത്. 

സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 1050 അടിയിലധികം ഉയരത്തിലുള്ള മലനിരകള്‍ക്കുചുറ്റുമായി മൊറയൂര്‍, കണ്ണമംഗലം, ഊരകം, പൂക്കോട്ടൂര്‍ പഞ്ചായത്തുകളും മലപ്പുറം, കൊണ്ടോട്ടി മുനിസിപ്പാലിറ്റികളുമാണുള്ളത്. ഈ പ്രദേശങ്ങളിലെ കാര്‍ഷികവൃത്തിയെ സഹായിക്കുന്ന നിരവധി നീര്‍ച്ചാലുകള്‍ മലനിരയില്‍നിന്ന് ഉദ്ഭവിക്കുന്നു. നീര്‍ച്ചാലുകളിലെ വെള്ളമെത്തുന്നത് കടലുണ്ടിപ്പുഴയിലാണ്.

മലപ്പുറം കോഴിക്കോട് ഹൈവേയില്‍ എന്‍എച്ച് 966 -ല്‍  പൂക്കോട്ടൂരിനടുത്തുള്ള അറവങ്കരയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് അരിമ്പ്ര. മലപ്പുറം - പരപ്പനങ്ങാടി റോഡില്‍ (ദേശീയ ഹൈവേ 72) സ്ഥിതിചെയ്യുന്ന കാരത്തോടില്‍ നിന്ന് 11 കിലോമീറ്റര്‍ ദൂരമുണ്ട് അരിമ്പ്രക്ക്. പൂക്കോട്ടൂര്‍, മോങ്ങം, മൊറയൂര്‍, മുസ്ലീയാരങ്ങാടി, കൊട്ടുക്കര, കോണ്ടോട്ടിക്ക് സമീപമുള്ള തോട്ടാശ്ശേരിയറ എന്നിവിടങ്ങളില്‍ നിന്ന് ഈ പ്രദേശവുമായി ബന്ധിപ്പിക്കുന്ന നിരവധി ചെറിയ റോഡുകളുമുണ്ട്. ദേശീയ ഹൈവേ 72 ല്‍ ഊരകത്തിനടുത്ത് പൂളാപ്പിസ് ജംഗ്ഷനില്‍ നിന്ന് ഒരു പകരം പാതയും ഉണ്ട്.   

ഇന്ന് ഊട്ടിയുടെ തണുപ്പാര്‍ന്ന കാലാവസ്ഥയും അന്തരീക്ഷവും,  കാരണം അരിമ്പ്രമലയ്ക്കും ഊരകം മലക്കും മധ്യത്തിലുള്ള മലഞ്ചെരിവുകള്‍ ഏതാണ്ട് 25 വര്‍ഷമായി മിനി ഊട്ടി എന്ന പേരില്‍ പ്രാദേശിക ടൂറിസം മേഖലയായി മാറിയിരിക്കുന്നു. മുസ്ലാരങ്ങാടിക്കും മൊറയൂരിനും ഇടയിലുള്ള മാങ്കാന് പ്രദേശവും വ്യൂപോയിന്റിന് പേരുകേട്ടതാണ്. 

ചെരിപ്പടിമല 

ചരിത്ര പ്രാധാന്യമുള്ളതും ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതുമായ മറ്റൊരു പ്രധാന കേന്ദ്രമാണ് അരിമ്പ്ര മലനിരയിലുള്ള ചെരുപ്പടിമല. മലയുടെ ഒരുവശം കണ്ണമംഗലം പഞ്ചായത്തിന്റെയും മറുവശം കൊണ്ടോട്ടി നഗരസഭയുടെയും ഭാഗമാണ്. ഈ മലയിലെ ഒരു പാറയില്‍ 'ചെരുപ്പടി' പതിഞ്ഞ അടയാളമുണ്ടായിരുന്നത്രെ. അതാണ് ചെരുപ്പടിമല എന്ന പേരുവരാന്‍ കാരണം. ആ ചെരുപ്പടി ആരുടേതാണ് എന്നത് സംബന്ധിച്ച് ചില വിശ്വാസങ്ങളും പ്രചരിക്കുന്നുണ്ട്. കൊത്തുപണിയിലൂടെ നിര്‍മിച്ച രൂപമാകാനും സാധ്യതയുണ്ട്. പക്ഷെ, ഇന്ന് ആ ചെരുപ്പടി കാണാനാവില്ല.  ചെരുപ്പടി മമ്പുറം പരപ്പനങ്ങാടി ഭാഗത്തേക്ക് അഭിമുഖമായി നിലകൊള്ളുന്നു. തൊട്ടടുത്തുണ്ടായിരുന്ന അടയാളന്‍ പാറയില്‍ എടക്കല്‍ ഗുഹക്ക് സമാനമായ രീതിയില്‍ കൊത്തുപണികള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. പക്ഷേ കരിങ്കല്‍ ഖനനം മൂലം ഈ ഭാഗം തന്നെ ഇന്ന് അപ്രതീക്ഷിതമായിട്ടുണ്ട് .

ജലവും സംസ്‌കൃതിയും

മലമുകളിലെ നീരുറവകളാണ് ഈ പ്രദേശങ്ങളിലെ മുഖ്യ ജലസേചനമാര്‍ഗ്ഗങ്ങളുടെ ഉറവിടം. നെടിയിരുപ്പ് ഭാഗത്ത് നിന്ന് കൊണ്ടോട്ടി വലിയതോടും, മയിലാടി - വെള്ളൂര്‍ പ്രദേശങ്ങളില്‍ നിന്ന് മലപ്പുറം വലിയതോടും, രണ്ട് ദിശകളിലേക്ക് ഒഴുകി വേങ്ങര താണ്ടി കടലുണ്ടിപ്പുഴയോട് ചേരുന്നത് ഒലിപ്രം കടവില്‍ വച്ചാണ്. മധ്യഭാഗത്ത് നിന്ന് മൊറയൂര്‍ - ഒഴുകൂര്‍ പ്രദേശങ്ങളിലെക്കുള്ള തോടുകളും ഇവിടെ നിന്നും പിറവികൊള്ളുകയും ചാലിയാറിന്റെ ഭാഗമാവുകയും ചെയ്യുന്നു. അവിടുത്തെ ചാലിയവും ബേപ്പൂരും പൌരാണിക തുറമുഖങ്ങളാണ്. ബേപ്പൂരിലെ ഖലാസിമാരുടെ സാന്നിധ്യവും കപ്പല്‍ നിര്‍മ്മാണ പാരമ്പര്യവും അരിമ്പ്രമലയില്‍ ഉണ്ടായിരുന്ന വനസമ്പത്തും കൂട്ടിവായിക്കാവുന്നതാണ്. 

അരിമ്പ്രമലയോട് സന്ധിക്കുന്ന ഊരകമലയോട് ചേര്‍ന്ന് തിരുവോണമലയില്‍ ജൈനനിര്‍മ്മിതിക്ക് സമാനമായ ശങ്കരഭഗവാന്റെ ക്ഷേത്രം ചിതറാള്‍ ജൈനക്ഷേത്ര മാതൃകയിലുള്ളതാണ്. അരിമ്പ്ര മലനിരകള്‍ക്കിടയിലെ വേങ്ങര, കരുവാന്‍കല്ല്, കാടപ്പടി, കുടക്കല്ല് എന്നീ പ്രദേശങ്ങളും മൊറയൂര്‍ എടപ്പറമ്പിലെ ഒരു ക്ഷേത്രത്തിലുള്ള കുടക്കല്ലും, ഈ പ്രദേശം റിച്ച് അയേണ്‍ ഏജ് സ്‌പേസ് എന്ന അഭിപ്രായത്തെ ഊട്ടിയുറപ്പിക്കുന്നു. 

കടലുണ്ടിപ്പുഴ ചേരുന്ന ചാലിയവും ചാലിയാര്‍ ഒഴുകിയെത്തുന്ന ബേപ്പൂര്‍ - കോഴിക്കോടുമാണ് ഇതിന്റെ വൃഷ്ടിപ്രദേശങ്ങള്‍. പടിഞ്ഞാറോട്ട് ചാഞ്ഞുകിടക്കുന്ന ഈ മലനിരകള്‍ യൂണിവേഴ്‌സിറ്റി, രാമനാട്ടുകര എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു.  പൊന്നാനിയിലേക്ക് എത്തിച്ചേരുന്ന ജലവഴിയുള്ള ഭാരതപ്പുഴയുടെ തീരത്തെ സുപ്രധാനവും ഏറ്റവും ഉയരം കൂടിയതുമായ മലനിരയാണ് അരിമ്പ്രമല. അതുകൊണ്ടുതന്നെ മലവിഭവങ്ങള്‍ കരമാര്‍ഗ്ഗം പുഴയില്‍ എത്തിച്ച് തോണിമാര്‍ഗ്ഗം പുഴയിലൂടെ പൊന്നാനി, ചാലിയം ബേപ്പൂര്‍ പോലുള്ള പൗരാണിക പ്രകൃതിദത്ത തുറമുഖത്തേക്ക് എത്തിച്ച പ്രദേശം കൂടി ആകാം അരിമ്പ്രമല. ഇതില്‍ പ്രധാനം സംഘകാല കൃതികളില്‍ സൂചനയുള്ള ടിണ്ടിസ് അഥവാ ചാലിയം തന്നെയാകാം. ഒര്ഫ്യുസ് എന്ന തുറമുഖമായാണ് പൗരാണിക സമുദ്രയാന വാണിജ്യ ഭൂപടത്തില്‍ ബേപ്പൂര്‍ അറിയപ്പെടുന്നത്.

സ്‌കൂളുകള്‍ / കോളേജ്

ഈ പ്രദേശത്തെ ഏറ്റവും പഴയ സ്‌കൂളുകളിലൊന്നാണ് അരിമ്പ്രയിലെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. യുപി സ്‌കൂളും സുന്നി മദ്രസയും ഗ്രാമത്തിലുണ്ട്. ഹൈസ്‌കൂളിന്റെ ഫുട്‌ബോള്‍ മൈതാനം അരിമ്പ്ര മലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഊരകം മല മുകളില്‍ മിനി ഊട്ടിയില്‍ ജാമിയ അല്‍ ഹിന്ദ് എന്ന മുസ്ലിം ശരീഅത് കോളേജ് 2016 ല്‍ സ്ഥാപിതമായി.


കൃഷി 

ഊരകം മലയില്‍ ബ്രിട്ടീഷ് ഭരണകാലത്ത് പൂള (കപ്പ) ധാരാളമായി കൃഷി ചെയ്യുകയും കയറ്റി അയക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് അടുത്തുള്ള കയറ്റുമതി കേന്ദ്രം പൂളാപ്പീസ് എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു.  കമുക്, തെങ്ങ് എന്നിവയും ആദ്യകാലങ്ങളില്‍ കരനെല്ലും കൃഷിചെയ്തിരുന്നു. നാടുനീങ്ങിയ എണ്ണമറ്റ കരനെല്‍വിത്തുകളില്‍ കറുത്തക്കുടുക്കന്‍, കല്ലടിയാരന്‍, ചൊമാല, ചുവന്ന തൊണ്ണൂറാന്‍, വെള്ളത്തൊണ്ണൂറാന്‍, കറുത്ത ഞവര, പാല്‍ക്കയമ, കുന്തിപ്പുല്ലന്‍, ഓക്കക്കുഞ്ഞ്, ചോമ, വെളുത്ത പനംകുറവ, കറുത്ത പനംകുറവ, ആനചോടന്‍, ചാര, ചീരനെല്ല്, ചുവന്നാര്യന്‍, ജീരകചന്ന, കുറുമുട്ടി, കൊച്ചാണ്ടന്‍ എന്നിവയുണ്ടായിരുന്നു. കാളപൂട്ടിന് പ്രസിദ്ധമായ  അരിമ്പ്ര, നെല്‍കൃഷിയിലെ ഉഴുതുമറിയുടെ പ്രധാന്യവും പാരമ്പര്യവും അടയാളപ്പെടുത്തുന്നു. കുടിയേറ്റക്കാരുടെ വരവ് റബ്ബര്‍ കൃഷിക്ക് അടിത്തറ പാകി.    

വിനോദസഞ്ചാരം 

നിരവധി ആളുകള്‍ ഒഴിവുസമയം ചെലവഴിക്കാന്‍ എത്തുന്ന സ്ഥലമാണ് ഇന്ന് ചെരുപ്പടിമലയും സമീപപ്രദേശങ്ങളായ മിനി ഊട്ടിയും ഊരകംമലയും.  തിരുവോണമല, പൂളാപ്പീസ്, മുച്ചിക്കുണ്ട്, ചെരുപ്പടിമല, കുന്നുംപുറം, കക്കാട് എന്നിവ ഇവിടത്തെ പ്രാദേശിക ടൂറിസം സാധ്യകള്‍ ഉള്ള ഹൈക്കിംഗ് സ്‌പോട്ടുകളും വ്യൂപോയിന്റുകളുമാണ്. കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ ഇവിടെ നിന്നും കാണാന്‍ കഴിയും. പ്രകൃതിരമണീയമായ ഇടങ്ങളാണ് ഈ പ്രദേശങ്ങളെല്ലാം. ദിവസേന നിരവധി സഞ്ചാരികളാണ് ഇവിടേക്ക് വരുന്നത്.  പക്ഷേ അപകടം പതിയിരിക്കുന്ന പ്രദേശമാണ്  ചെരുപ്പടിമല. ക്വാറികള്‍ക്ക് മുകളില്‍ കമ്പിവേലികളോ മതിലുകളോ ഇല്ല. സുരക്ഷാ നിര്‍ദേശം നല്‍കുന്ന ബോര്‍ഡുകള്‍ പോലുമില്ല.  

തിരുവോണമല

ചെരുപ്പടിമലയുടെ സമീപ പ്രദേശമായ ഊരകം മലയുടെ മുകളിലാണ് ചരിത്ര പ്രസിദ്ധമായ തിരുവര്‍ച്ചനാംകുന്ന് ക്ഷേത്രം. തിരുവോണമല എന്നും ഈ ഭാഗം അറിയപ്പെടുന്നു. ക്ഷേത്രത്തിനകത്ത് മനോഹരമായ ശില്പഭംഗികള്‍ കണ്ടെത്തിയിരുന്നു. ജൈന കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്നവയാണ് ഇവയെല്ലാം. 

ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്ത്  അംശം  എന്ന പേരിലുള്ള പ്രത്യേക റവന്യൂ വില്ലേജായിരുന്നു അരിമ്പ്ര. അരിമ്പ്ര അധികാരിയെ ചില ആരോപണങ്ങളെത്തുടര്‍ന്ന്  ബ്രിട്ടീഷ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ മൊറയൂര്‍ അധികാരിയായിരുന്ന കോടിത്തൊടിക വലിയ അഹമ്മദ് കുട്ടി ഹാജിക്ക് അന്ന് ചുമതല നല്‍കുകയും പിന്നീട്  അരിമ്പ്ര മൊറയൂര്‍ റവന്യൂവില്ലേജില്‍ ലയിക്കുകയും ചെയ്തു. 

സാമൂതിരി രാജാവിന്റെ മന്ത്രിമാരില്‍ പ്രധാനിയായിരുന്ന തിനയിഞ്ചിരി ഇളയതിന്റെ സ്ഥലമായിരുന്നു മൊറയൂര്‍. മൊറയൂരിലെ പഴയ ജന്മികുടുംബമായ മോങ്ങണ്ടമ്പുലത്ത് കാരണവസ്ഥാനം വഹിക്കുന്ന ആളാണ് തിനയഞ്ചിരി ഇളയതായി അറിയപ്പെടുന്നത്. പ്രാചീന കാലം മുതല്‍ക്കെ മൊറയൂരിലെ ഒരു പ്രധാനപ്പെട്ട മുസ്‌ളീം കുടുംബമാണ് കോടിത്തൊടിക കുടുംബം. ബ്രിട്ടീഷ് ഭരണകാലത്ത് ഗ്രാമങ്ങളിലെ പ്രബലന്‍മാരെയായിരുന്നു അംശം അധികാരിയായി നിശ്ചയിക്കപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷവും 1961-ലെ വില്ലേജ് പുനസംഘടന നടക്കുന്നത് വരെ മൊറയൂര്‍ അംശം അധികാരി സ്ഥാനം പ്രസ്തുത കുടുംബത്തിനായിരുന്നു. കോടിത്തൊടിക വലിയ അഹമ്മദുകുട്ടി ഹാജിയും മകന്‍ മുഹമ്മദുമാണ് ഈ പരമ്പരയിലെ അവസാനത്തെ കണ്ണികള്‍. 

ടിപ്പുവും അരിമ്പ്ര മലയും

അരിമ്പ്ര മലയുടെ തെക്കായി മയിലാടിയില്‍, ടിപ്പുസുല്‍ത്താന്‍ റോഡിനോട് ചേര്‍ന്നുള്ള നായര്‍പറമ്പ് എന്ന് വിളിക്കുന്ന പ്രദേശത്ത് നിന്നും 2014ല്‍ നന്നങ്ങാടികളും മണ്‍പാത്രങ്ങളും കണ്ടെടുത്തിരുന്നു. പൂക്കോട്ടൂരിനെ ബന്ധിപ്പിക്കുന്ന ഇല്യാംപറമ്പിനോട് ചേര്‍ന്നുള്ള പാണ്ഡവന്‍ചോലക്ക് സമീപവും ക്ഷേത്രാവശിഷ്ടങ്ങള്‍ ഇന്നും കാണപ്പെടുന്നു. മയിലാടി ജങ്ഷനില്‍ നിന്ന് തടപ്പറപ്പ് മോങ്ങം പ്രദേശത്തേക്ക് ഇന്ന് കാണപ്പെടുന്ന റോഡ് ടിപ്പുസുല്‍ത്താന്റെ പാലക്കാട് മൈസൂര്‍ റൂട്ട് ആണെന്ന ചരിത്രത്തെ അടയാളപ്പെടുത്തി ടിപ്പുസുല്‍ത്താന്‍ റോഡ് എന്ന് നാമകരണം ചെയ്തിട്ടുണ്ട്.  ടിപ്പുവിന്റെ ഭരണകാലത്ത് മലഞ്ചരക്ക് വ്യാപാരികളില്‍ നിന്നും, ചുങ്കം ഈടാക്കിയിരുന്നത്, ചിറയില്‍ ചുങ്കത്ത് എന്ന പ്രദേശത്തു വെച്ചായിരുന്നു. അതിനെ തുടര്‍ന്നാണ് ഈ സ്ഥലം ചുങ്കം എന്ന പേരിലറിയപ്പെട്ടത്. 

മലബാര്‍ കലാപ കാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ ഒളിത്താവളമായി ഉപയോഗിച്ചിരുന്നത് ഊരകം അരിമ്പ്ര മലനിരകളായിരുന്നു.  എന്നാല്‍ അതിനേക്കാള്‍ വലിയൊരു പ്രൊഡഗംഭീര ചരിത്രം അരിമ്പ്രമലനിരകളില്‍ ഒളിഞ്ഞിരിക്കുന്നുവെന്നതാണ് പല ചരിത്രകാരന്മാരും അടിവരയിടുന്നത്. ആ അന്വേഷണം എത്തിച്ചേരുക നെടിയിരുപ്പ് സ്വരൂപത്തിലേക്കോ അല്ലെങ്കില്‍ അതിനും മുന്നെയുള്ള ഗോത്രവര്‍ഗ്ഗ സംസ്‌കൃതിയിലേക്കുമാകാം.  

ചേരരാജ്യത്തെ  അരിമ്പ്ര

ക്രിസ്തുവിന് മുന്നെ അഞ്ചാം നൂറ്റാണ്ടു മുതല്‍  ക്രിസ്തുവര്‍ഷം 12 -ാം നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ  ഇന്ത്യയിലെ ചില പ്രദേശങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമാണ് ചേര സാമ്രാജ്യം. കേരളപുത്രര്‍ എന്ന് അറിയപ്പെട്ട ആദ്യകാല ചേരര്‍ മലബാര്‍ തീരം, കോയമ്പത്തൂര്‍, കരൂര്‍, സേലം എന്നീ സ്ഥലങ്ങള്‍ ഭരിച്ചിരുന്നുവെന്നാണ് ചരിത്രം. രണ്ടാം ചേരസാമ്രാജ്യകാലത്ത്  കൊടുങ്ങല്ലൂരിനടുത്തുള്ള തിരവഞ്ചിക്കുളം അവരുടെ തലസ്ഥാനമായി. കിഴക്കന്‍ അതിര്‍ത്തി കോയമ്പത്തൂര്‍ വരെയും തെക്കന്‍ അതിര്‍ത്തി കൊല്ലം വരെയും വടക്കന്‍ അതിര്‍ മലബാര്‍ തീരം വരെയും വ്യാപിച്ചിരുന്നു. ആദിചേരന്മാരുടെ കാലം മുതല്‍ക്കേ അവര്‍ ഭരിച്ച പ്രദേശങ്ങളില്‍ വിദേശവാണിജ്യം വളരെ സജീവമായിരുന്നു. സുഗന്ധ ദ്രവ്യങ്ങള്‍, ആനക്കൊമ്പ്, തടി, മുത്ത്, രത്‌നങ്ങള്‍ തുടങ്ങിയവ മലബാര്‍ തീരത്തുകൂടെ ഈജിപ്ത്, റോം, ഗ്രീസ്, ഫിനീഷ്യ, അറേബ്യ, മെസൊപ്പൊട്ടേമിയ, പേര്‍ഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചു. മുസിരിസ് അക്കാലത്ത് മലബാര്‍ തീരത്തെ പ്രധാന തുറമുഖമാണ്.  

രണ്ടാം ചേരസാമ്രാജ്യകാലത്ത് ഈ തുറമുഖത്തിന്റെ പരിസരത്തെ മകോതൈ, മഹോദയപുരം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂര്‍ വളര്‍ന്നുവന്നു. കേരളതീരത്ത് നെല്‍കൃഷി വ്യാപകമാകുന്നതും അതില്‍ നിന്നുണ്ടായ വരുമാനം കൈകാര്യം ചെയ്തുകൊണ്ട് സഘടിതമായ രീതിയിലുള്ള ഭരണസംവിധാനങ്ങള്‍ വളര്‍ന്നുവന്നതും ഇക്കാലത്താണ്.

ചേര സാമ്രാജ്യത്തിന്റെ (എഡി.825-1100) കാലഘട്ടത്തില്‍, കോഴിക്കോട് (അക്കാലത്ത് ഇതിനെ 'പോളനാട്' എന്ന് വിളിച്ചിരുന്നു) പോളണ്ട് ചക്രവര്‍ത്തിയാണ് ഭരിച്ചിരുന്നത് (ഒരു പ്രാദേശിക പ്രഭു പ്രതിനിധാനം ചെയ്യുന്നത് 'പൊര്‍ലാത്തിരി' എന്ന സ്ഥാനപ്പേരിലാണ്). 'പന്നിയങ്കര' ആയിരുന്നു തലസ്ഥാനം. വിദേശ വ്യാപാരം ലക്ഷ്യമിട്ട്, കോഴിക്കോട്ടെ പോളനാടി) 'പോര്‍ലാത്തിരിസ്' ആക്രമിക്കുകയും ഒരു നീണ്ട യുദ്ധത്തില്‍ അവരെ കീഴടക്കുകയും ചെയ്തു. താമസിയാതെ, നെടിയിരുപ്പ് ഏറാടികള്‍ തങ്ങളുടെ ജന്മദേശമായ നെടിയിരുപ്പ് ഉപേക്ഷിച്ച് കോഴിക്കോട്  തലസ്ഥാനമാക്കി വടക്ക് നിന്ന് കേരളത്തിന്റെ മധ്യഭാഗത്തേക്ക് വ്യാപിച്ച ഒരു വലിയ സാമ്രാജ്യം സ്ഥാപിച്ചു. കടലിന്റെ രാജാവ് എന്നര്‍ത്ഥമുള്ള സമുദ്രി (സമോറിന്‍) എന്നായി അതിന് പേര്. 

സമുറായ് എന്ന വാക്കില്‍ നിന്നാണ് സമോറിന്‍ എന്ന പേര് ഉണ്ടായതെന്നും പിന്നീട്, കോഴിക്കോട് നഗരത്തെ ആസ്ഥാനമാക്കി സമോറിന്‍സ് ആറു നൂറ്റാണ്ടോളം (എ.ഡി: 12 മുതല്‍ 18 വരെ നൂറ്റാണ്ട്) ഭരിച്ചുവെന്നതും ചരിത്രം. സാമൂരിന്‍സ് എന്നാണ് ഏറാല്‍നാട്ടിലെ മാണിക്കാനെയും  വിക്രമനെയും വിളിച്ചിരുന്നത്. എറാള്‍നാട് സമം ഏലോലനാട് അല്ലെങ്കില്‍ ഏലാലന്‍മാരുടെ നാടിനെക്കുറിച്ച് അല്ലെങ്കില്‍  എലസിംഗന്‍ ദേശത്തെക്കുറിച്ച് , തമിഴ് കൃതികളില്‍ പരാമര്‍ശമുണ്ട്.  

ചേരന്മാര്‍ തന്ത്രപൂര്‍വം ശത്രുരാജ്യങ്ങളുമായി വിവാഹബന്ധങ്ങളിലൂടെയും മറ്റും രാഷ്ട്രീയ സഖ്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും അയല്‍ രാജ്യങ്ങളുമായി, വിശേഷിച്ച് ചോളന്മാരുമായി, ചേരരാജാക്കന്മാര്‍ തുടര്‍ച്ചയായി യുദ്ധം ചെയ്തു. ഏതാണ്ട് ഒരു നൂറു കൊല്ലം നീണ്ടുനിന്ന നിരന്തരമായ ചോള-ചേര യുദ്ധമാണ് ഈ രണ്ടാം സാമ്രാജ്യത്തെ ശിഥിലമാക്കിയതെന്ന് പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള അഭിപ്രായപ്പെടുന്നുണ്ട്. അതോടെ ചേര രാജാവ് സിംഹാസനം ഉപേക്ഷിച്ചു, രാജ്യം വിവിധ പരമാധികാരികളായി വിഭജിക്കപ്പെട്ടു.  എറനാട് ഉദയവര്‍ (മറ്റ് ചില പ്രവിശ്യാ ഗവര്‍ണര്‍മാരെപ്പോലെ) നെടിയുരുപ്പിനെ അടിസ്ഥാനമാക്കി ഒരു പരമാധികാര രാജ്യം സ്ഥാപിച്ചു, അതാണ് 'നെടിയുരുപ്പ് സ്വരൂപം'.

നെടിയിരുപ്പ് സ്വരൂപം

രാജാവ് എറനാട് പ്രദേശം (നിലവിലെ മലപ്പുറം ജില്ലയുടെ വലിയ ഭാഗങ്ങള്‍, കോഴിക്കോട് തെക്ക് വരെ) നിയന്ത്രിച്ചു. അദ്ദേഹത്തെ 'നെടിയുരുപ്പിലെ മൂത്ത എറാടി' എന്നാണ് വിളിച്ചിരുന്നത്. നൂറുകണക്കിനു വര്‍ഷങ്ങളായി 'നെടിയുരുപ്പ്' ഈ രാജ്യത്തിന്റെ തലസ്ഥാനമായി തുടര്‍ന്നു.  പൂര്‍വ്വകാലത്ത് നെടിയിരുപ്പ് സ്വരൂപത്തോട് ബന്ധപ്പെട്ട് സാമൂതിരി ഭരണത്തിന്റെ കീഴിലായിരുന്നു അരിമ്പ്ര മലനിരയും പ്രാന്തപ്രദേശങ്ങളും. ഏറാടി സഹോദരന്‍മാര്‍ എന്ന പേരില്‍ പ്രശസ്തരായിരുന്ന രായമാനിച്ചനും, വിക്രമനുമായിരുന്നു സാമൂതിരി വംശത്തിന്റെ സ്ഥാപകര്‍. അവസാനത്തെ ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം മതം സ്വീകരിച്ച്, മുഹമ്മദ് നബിയുടെ സഹ്വാബിയാകാന്‍ മക്കയിലേക്ക് പുറപ്പെടും മുമ്പ്, സാമന്തന്‍മാര്‍ക്ക് രാജ്യം വീതിച്ചുകൊടുത്തു. അതില്‍ മാനിച്ചനും, വിക്രമനും കിട്ടിയത് കോഴിക്കോടും കല്ലായിയുമായിരുന്നു. ഇവരുടെ യഥാര്‍ത്ഥ നാട് കോട്ടക്കലായിരുന്നുവെങ്കിലും അമ്മനാട് നെടിയിരുപ്പായിരുന്നു. അതുകൊണ്ടാണ് സാമൂതിരിമാരെ നെടിയിരുപ്പ് സ്വരൂപന്‍മാര്‍ എന്നും വിളിച്ചുപോന്നത്. 'നെടിയിരുപ്പ്' എന്ന് പേരുവന്നത്, അറക്കല്‍ രാജാവില്‍ നിന്നും സാമൂതിരിക്കുവേണ്ടി കുഞ്ഞാലിമരക്കാര്‍ നേടിയെടുത്തതു കൊണ്ടാണെന്നും പറയപ്പെടുന്നു. എന്നാല്‍ ചില പ്രമുഖ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്, മാനവിക്രമ സഹോദരന്മാര്‍ തലമുറകളായി നേടിയെടുത്ത യുദ്ധമുതലുകള്‍ സൂക്ഷിച്ചിരുന്നത് നെടിയിരുപ്പ് ഭണ്ഡാരത്തിലായിരുന്നുവെന്നും, നേടിയെടുത്ത സ്വത്തുക്കള്‍ ഇരുത്തിയതിനെ 'നേടിയിരുപ്പ്' എന്ന് വിളിച്ചുവെന്നുമാണ്. പിന്നീടിത് ലോപിച്ച് നെടിയിരുപ്പ് ആയതാണത്രെ. സാമൂതിരിയുടെ ഭണ്ഡാരവും ക്ഷേത്രവും സ്ഥിതി ചെയ്തിരുന്നത് വിരുത്തിയില്‍ പറമ്പിലായിരുന്നു. സാമൂതിരിപ്പാടിന്റെ വലിയ പട്ടാളത്താവളങ്ങള്‍ നെടിയിരുപ്പിലുണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെയുണ്ടായിരുന്ന കോട്ടകളില്‍ നായര്‍പടയാളികള്‍ അധിവസിച്ചിരുന്നു. ഈ കോട്ടകളെല്ലാം അന്ന് ചരിത്രകാരന്മാര്‍ പലരും രേഖപ്പെടുത്തിയ ആരാമ്പ്രം മലിരകളില്‍ ഉള്‍പ്പെട്ട അരിമ്പ്ര മലനിരകളിലും സമീപകുന്നുകളിലുമായിരിക്കാമെന്നത് ശ്രദ്ധേയമാണ്. 

ആരാമ്പ്രം മലനിരകള്‍

നെടിയിരുപ്പിലാണ് ആരാമ്പ്രം കുന്നിന്‍നിരകളുട പടിഞ്ഞാറോട്ടുള്ള ശൃംഖല അവസാനിക്കുന്നത്. കുന്നുകള്‍ ചാരുമാനമായി പടിഞ്ഞാറോട്ടിറങ്ങി രാമനാട്ടുകര ഭാഗത്തിന് കിഴക്ക് സമലതങ്ങളാണ്. ഈ നെടിയിരുപ്പ് കുന്നിന്‍ നിരകളില്‍  ധാരാളമായി മലയപ്പണിക്കന്‍മാര്‍ എന്ന ആദിവാസി വിഭാഗം താമസിച്ചിരുന്നു. ആ വിഭാഗം ഇന്ന് കുറ്റിയറ്റുപോയിട്ടുണ്ട്. അവരുമായി ഇടപെടേണ്ടി വന്നവര്‍ നെടിയിരുപ്പിലുണ്ട്. കേരളത്തിലെ ഔദ്യോഗിക ആദിവാസി - ഗിരിവര്‍ഗ്ഗ മാപ്പുകളിലും പട്ടികകളിലും നെടിയിരുപ്പ് ഭാഗത്തെ ഈ വിഭാഗമെന്നല്ല, ഒരു വിഭാഗവുമില്ല. പെരിന്തല്‍മണ്ണ താലൂക്കില്‍ അരുളര്‍ എന്ന ഗിരിവര്‍ഗ്ഗ സാന്നിദ്ധ്യമുണ്ട്. പാലക്കാട്ട് ജില്ലയിലെ പാലക്കാട്ട് താലൂക്കില്‍ അറനാടന്‍, മലക്കുറവന്‍, പണിയന്‍, കാട്ടുനായ്ക്കന്‍, മാവിലാല്‍, മലമുത്തന്‍, മലപ്പണിക്കര്‍, കറുമ്പര്‍, ഇരുളര്‍, മലയന്‍ എന്നീ ആദിവാസികള്‍ ഉണ്ടെന്ന് കാണാം. ഇതില്‍ വരുന്ന മലയപ്പണിക്കര്‍ വിഭാഗമാണോ നെടിയിരുപ്പ് കുന്നുകളില്‍ അവശേഷിച്ചിരുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ ആരാമ്പ്ര കുന്നുകളുടെ നിര പാലക്കാട് താലൂക്ക് വരെ വ്യാപിച്ചിരുന്ന കാര്യവും ശ്രദ്ദേയമാണ്. മലപണിക്കന്മാര്‍ എന്ന വിഭാഗം  കേരളത്തില്‍ മറ്റൊരു താലൂക്കുകളിലും താമസിക്കുന്നതായി ആദിവാസി മാപ്പുകള്‍ വ്യക്തമല്ല. ഈ നിലക്ക് നെടിയിരുപ്പ് കുന്നുകളില്‍ കിഴക്കോട്ട് പാലക്കാടന്‍ പ്രദേശവും ചുരവും കുന്നുകളും വഴി കിഴക്ക് കോയമ്പത്തൂര്‍, സേലം ഭാഗത്തേക്ക് ശൃംഖലിതമായി, കണാനിടയുള്ള ഈ പ്രത്യേക ആദിവാസി വിഭാഗത്തെപ്പറ്റി കൂടുതല്‍ അന്വേഷണം പ്രസക്തമാണെന്ന് ശ്രീ. എന്‍ എന്‍ നമ്പൂതിരി അടിവരയിടുന്നു.  

പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ ഡോ. എ അയ്യപ്പനെപ്പോലുള്ളവരും  നെടിയിരുപ്പ് സ്വരൂപമെന്ന നാടുവാഴി വംശത്തിന് ഏറാടി ആദിവാസി  വിഭാഗമായുള്ള ബന്ധം ചൂണ്ടിക്കാണിക്കുന്നു. ചുരുക്കത്തില്‍ നെടിയിരുപ്പില്‍ ഒരു ആദിമജനവിഭാഗം താമസിച്ചിരുന്നുവെന്നാണ് അനുമാനം.

പൂന്തുറ ഏറാടിമാരായ മാനിച്ചന്‍, വിക്കിരവന്‍, എന്ന രണ്ടുപേര്‍ക്ക്, ചേരമാന്‍ പെരുമാള്‍ രാജ്യം പങ്കിട്ടെടുത്ത് നാടൊഴിയുമ്പോള്‍, പെരുമാളെ സഹായിച്ചവരെന്ന നിലയ്ക്ക് കോഴി കൂകിയാല്‍ കേക്കുന്നത്ര ഭൂഭാഗം നല്‍കിയെന്നും അത് ഇന്നത്തെ കല്ലായിപ്പുഴയുടെ വടക്കേകരക്കായിരുന്നുവെന്നും മാനിച്ചനും, വിക്കിരവനും നെടിയിരുപ്പില്‍ നിന്ന് കല്ലായിപ്പുഴയുടെ തീരത്ത് പന്നിയങ്കര ഭഗവതി ക്ഷേത്രത്തില്‍ 48 വര്‍ഷം തങ്ങി നിന്ന് പോര്‍ളാതിരിയോട് പടവെട്ടി ആ പ്രദേശം കൈക്കലാക്കി കോഴിക്കോട് നഗരം സ്ഥാപിച്ചു എന്നുമാണ് കേരളോത്പ്പത്തിയില്‍ പറയുന്നത്. 

നെടിയിരുപ്പ് കുന്നിന്റെ നെറുകയില്‍ ഒരു കോട്ടസ്ഥാനമുണ്ട്. സര്‍വ്വെ നമ്പറുകളില്‍ 425 മുതല്‍ എഴുപത് നമ്പറുകള്‍ ചേര്‍ന്ന ഭൂഭാഗത്ത് ചേര്‍ന്ന്, തെക്ക് കുന്നിന്‍ നെറുകയിലെ വിസ്തൃതമായ ഭാഗമാണിത്. അതേ കുന്നിന്‍ നിരയില്‍ കുറെ പടിഞ്ഞാറുമാറി, മറ്റൊരു കോട്ടസ്ഥാനമുണ്ട്. 472 കോട്ടപ്പറമ്പ്, 424 കോട്ടക്കുന്ന്, 437 കോട്ടയില്‍പറമ്പ് എന്നിവ ശ്രദ്ധേയങ്ങളത്രേ. തൃപുരാന്തകന്‍ കാവുള്‍പ്പെടെ കാവുകളും മറ്റും വേര്‍തിരിച്ച് പറയുന്ന സ്ഥിതിക്ക്, ഈ കോട്ടസ്ഥാനങ്ങള്‍, കാവല്‍കോട്ട സ്ഥലങ്ങളാകാനാണ് വഴി. 

ആരാമ്പ്രം മുതല്‍ രാമനാട്ടുകര കിഴക്കുഭാഗത്ത് വരെ വന്നെത്തുന്ന ഈ കുന്നിന്‍ നിര - ഏറനാട്ടിന്റെ നട്ടെല്ലുപോലെ കിഴക്കുപടിഞ്ഞാറു കിടക്കുന്നു. ഇടനാടിന്റെ മധ്യത്തിലൂടെയാണ് ഈ കുന്നുകള്‍ കിടക്കുന്നത്. കേരളത്തിന്റെ ഇടനാട്ടില്‍ അത്യപൂര്‍വ്വമായ ഒന്നാണ് ഇത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം തയ്യാറാക്കിയ ഏരിയല്‍ മാപ്പുകള്‍ ഈ സ്ഥാനം അടയാളപ്പെടുത്തുന്നു. 

തെക്കുകിഴക്കു നിന്ന്, തെക്കുപടിഞ്ഞാറേക്കാണ് കുന്നുകളുടെ നിര. ഇതിന്റെ കിഴക്കേ അറ്റം ആരാമ്പ്രം കുന്നുകളില്‍ ലയിച്ച് കിഴക്കോട്ട്, ഇവരും  വള്ളുവക്കോനാതിരിയുടെ കുന്നിന്‍ നിരകളിലൂടെ പന്തല്ലൂര്‍ മലയുടെ കടക്കല്‍, മങ്കട ഭാഗത്താണ് ആദ്യം സ്ഥാനമുറപ്പിച്ചിരുന്നത്. അവിടെ ഭഗവതി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാനുമുണ്ട്. പിന്നീട് ഭഗവതി സ്ഥാനം കടന്നമണ്ണയ്ക്കും അങ്ങാടിപ്പുറത്തേക്കും മാറുകയാണുണ്ടായതെന്നാണ് വിശ്വാസം.  പ്രസ്തുത ഭാഗത്തെ ഏറ്റവും വലിയ കുന്നുകളാണ് പന്തല്ലൂര്‍ കുന്നുകള്‍. കിഴക്കോട്ടും കിഴക്ക് തെക്കോട്ടും നീണ്ടുകിടക്കുന്നു. പാലക്കാട് ഭാഗത്ത് പശ്ചിമഘട്ടത്തോട് ബന്ധിക്കുന്നു.  ഈ ദിശ കോയമ്പത്തൂര്‍ സമതലങ്ങളില്‍ ചെന്നിറങ്ങുന്നു. പരസ്പരം പോരാടി നിന്നിരുന്ന രണ്ട് രാജവംശങ്ങള്‍ (ചേര-ചോള) ഒരേ കുന്നിന്‍ നിരയുടെ ഓരങ്ങളില്‍ ആസ്ഥാനമുറപ്പിച്ചതായും ഈ ഭൂപരമായ സവിശേഷത വെളിപ്പെടുത്തുന്നു.  ഇത്തരം ആസ്ഥാന വിന്യാസക്രമം ഭൂപരമായ അവകാശ പ്രശ്‌നങ്ങളിലേക്കും വിഭവസമാഹരണ തന്ത്രങ്ങളുടെ ഏറ്റുമുട്ടലുകളിലേക്കും അക്കാലത്തു നയിച്ചിരുന്നതായി സംഘകാല തമിഴ് കൃതികള്‍ (ഏതാണ്ട് ബിസി മൂന്നാം നൂറ്റാണ്ടു മുതല്‍ എഡി മൂന്നാം നൂറ്റാണ്ട് വരെ) വ്യക്തമാക്കുന്നു. 

ആരാമ്പ്രം ഭാഗത്തുനിന്ന്, ഇടനാട്ടിലെ ഒരു നട്ടെല്ലുപോലെ ഏറിയും കുറഞ്ഞും - ഉയരവും വിസ്തൃതിയുമുള്ള കുന്നിന്‍ ചങ്ങല, നെടിയിരുപ്പിലെത്തി, വടക്ക് പടിഞ്ഞാറു ദിശയില്‍ വെള്ളറ, മുഴങ്ങല്ലൂര്‍ ഭൂഭാഗങ്ങളുടെ കിഴക്കുവെച്ച് ഒരു മുനമ്പ് പോലെ താഴ്വാരത്തില്‍ കുത്തനെ ഇറങ്ങി അവസാനിക്കുന്നു. നെടിയിരുപ്പ് കുന്നില്‍ സമുദ്രനിരപ്പില്‍ നിന്ന് 740 അടി ഉയരവും അതിന് തെക്ക്, ഒരു താഴ്വാരം കഴിഞ്ഞ് പുതോടി മലകള്‍ക്ക് 779 അടി ഉയരവും ഉണ്ട്. കുന്നുകള്‍ തമ്മില്‍ ഒരു വീതി കുറഞ്ഞ താഴ്വാരവും, അതിലൂടെ ആരാമ്പ്രം ഭാഗത്തുനിന്ന് കടന്നുവരുന്ന തോടുംകൊണ്ട് വേര്‍തിരിക്കപ്പെടുന്നു. നെടിയിരുപ്പ്കുന്ന് വടക്കുഭാഗത്ത് വീതിയേറിയ താഴ്വാരവും ആരാമ്പ്രം ഭാഗത്തുനിന്ന് തന്നെ വരുന്ന മറ്റൊരു തോടും കൊണ്ട്, അതിനെ വടക്കുഭാഗത്തും നിന്നും വേര്‍തിരിക്കുന്നു.  വടക്കുഭാഗത്തെ ഈ താഴ്വാരം വെള്ളറ, മുടങ്ങല്ലുര്‍ ദേശങ്ങള്‍ക്ക് കിഴക്കുവെച്ച്  തെക്കോട്ടും പിന്നെ തെക്കുകിഴക്കോട്ടും 80 ഡിഗ്രിയോളം തിരിഞ്ഞ് കരിപ്പൂരിന് തെക്ക് പടിഞ്ഞാറോടുകൂടി കണ്ണങ്ങോട്ടുപറമ്പ് ഭാഗത്ത് വെച്ച് പൂതോടി മലകള്‍ക്ക് തെക്ക്ഭാഗത്തെ താഴ്വാരത്തോട് ചേരുന്നു. ഈ സന്ധിയില്‍ നിന്നും മുന്‍പറഞ്ഞ രണ്ടുതോടുകളും താഴ്വാരവും ഒന്നിച്ച് തെക്കുകിഴക്കോട്ട് നീണ്ട്, പുത്തൂര്‍, കൊയപ്പ്, കൂമണ്ണ ഭാഗത്തുകൂടി എട്ടിയൂര്‍, കൊടുവായൂര്‍ ദേശങ്ങളിലെത്തി മമ്പുറം ഭാഗത്ത് കടലുണ്ടി  പുഴയില്‍ ചെന്നവസാനിക്കുന്നു. മേല്‍പ്പറഞ്ഞ രണ്ട് താഴ്വാരങ്ങളും രണ്ട് തോടുകളും കടലുണ്ടിപ്പുഴയോട് ബന്ധിക്കുന്നത് ഇങ്ങനെയാണ്. ഇവ നെടിയിരിപ്പ് കുന്നുകളില്‍നിന്നും പതിനഞ്ചു മൈലോളം നേരെ കിഴക്ക് ആരാമ്പ്രം കുന്നിന്‍ ഭാഗങ്ങളില്‍ നിന്ന് തുടങ്ങുന്നവയാണ്. താഴ്വാരം മുഴുവന്‍ കുന്നുകളുടെ ഇടത്തും വലത്തും വീതിയേറിയ ഫലഭൂയിഷ്ടമായ നെല്‍പ്പാടങ്ങളാണ്. അവ ഒത്തുചേരുന്ന മമ്പുറം ഭാഗത്തേക്ക് നീണ്ടുപോകുന്നതും അങ്ങനെ തന്നെ. മേല്‍പ്പറഞ്ഞ കുന്നുകള്‍ തെക്കോട്ടു കണ്ണമംഗലം (353 അടി), തെക്ക് പടിഞ്ഞാറ് ചിറയില്‍ പെരുവള്ളൂര്‍ (359, 509 അടി), പടിഞ്ഞാറ് മുഴങ്ങല്ലൂര്‍ (256 അടി), വടക്കു പടിഞ്ഞാറ് ചെമ്മലപറമ്പ് (377 അടി) വടക്കോട്ട് നീലിയന്‍ കുന്ന് (409 അടി) എന്നിങ്ങനെ അതിവിസ്തൃതമായ  താഴ്വാരങ്ങളിലേക്കാണ് ഇറങ്ങുന്നത്. ഇതിനിടെ നെടിയിരിപ്പ് കുന്നിന്റെ വടക്കുള്ള നീര്‍ച്ചാലുള്‍പ്പെട്ട വയലേലകള്‍ക്കും വടക്ക് പടിഞ്ഞാറ് ഭാഗം കൊണ്ടോട്ടിക്കടുത്ത് ചെപ്പിലക്കുന്ന് (747 അടി) നീലിയന്‍ കുന്ന് (499 അടി) എന്ന് ഉയര്‍ന്ന് നില്‍ക്കുന്നു.  ഏരിയല്‍ മാപ്പുകളില്‍ ഈ വയലേലകളും, താഴ്വാരവും, നീര്‍ച്ചാലുകളും ചേര്‍ന്ന ഭൂഭാഗം സവിശേഷമായി അടര്‍ന്ന് മാറികിടക്കുന്നത് കാണാം. ചുരുക്കത്തില്‍ 740 അടി ഉയരമുള്ള നെടിയിരുപ്പ് കുന്നിന്റെ നെറുകയില്‍ നിന്നാല്‍ ഏറനാട്ടിലെ വിസ്തൃതമായ നെല്‍വയലുകളുടെ സാന്നിദ്ധ്യവും, താഴ്വാര സമൃദ്ധിയും കണ്ണില്‍പ്പെടും. മാത്രമല്ല, പടിഞ്ഞാറ് തിരൂര്‍,പരപ്പനങ്ങാടി, പൊന്നാനി വരെ കടലോരവും ദൃഷ്ടിയില്‍പെടും. നീര്‍ച്ചാലുകളിലൂടെ മുന്‍കാലത്ത് തോണിയില്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നിരിക്കണം. കടലുണ്ടി പുഴയില്‍ ചെന്നുചേരുന്ന ഇവ നേരെ അതിപ്രസിദ്ധമായ കടലുണ്ടി തുറമുഖത്ത് എത്തിക്കാന്‍ കഴിയും. കടലുണ്ടി  ആദി ചേരന്മാരുടെ ആസ്ഥാനമായ തൊണ്ടിയാണെന്ന് ഒരു ശക്തമായ വാദവും ഉണ്ട്. എങ്കില്‍ ആ ഭാഗത്തുനിന്ന് ഒരു ശാഖ ഭരണവിഭാഗം ഇപ്പറഞ്ഞ കുന്നിന്‍ മുകളിലേക്ക് ശക്തിക്ഷയിച്ച കാലത്ത് നീങ്ങാന്‍ പഴുതുണ്ട്. അല്ലെങ്കില്‍ കോയമ്പത്തൂര്‍ - ഭവാനി - സേലം - കരൂര്‍ ദിശയില്‍ നിന്നൊരു ശാഖ ഭരണവിഭാഗം ആരാമ്പ്രം നിരകളിലൂടെ നെടിയിരുപ്പ് കുന്നുകളില്‍ വന്നുപെടാന്‍ പഴുതുണ്ട്. രണ്ടായാലും കടലുണ്ടിത്തുറ മുതല്‍, ഈ കുന്നിന്‍ നിരകളിലൂടെ ആരാമ്പ്രം വഴി പന്തല്ലൂര്‍ കുന്നുകള്‍ കടന്ന് പാലക്കാട് ചുരത്തിലേക്കും, കോയമ്പത്തൂര്‍ ഭാഗങ്ങളിലേക്കും ചെന്നെത്തുവാനും ഈ വഴിക്കുള്ള ഫലഭൂയിഷ്ടമായ മണ്ണ് അധീനതയില്‍ വെക്കുവാനും മുന്‍കാല ഭരണ നേതൃത്വങ്ങളെ പ്രേരിപ്പിക്കാവുന്ന ഒരു ഭൂപരിസ്ഥിതിക ഭൂമിശാസ്ത്ര സവിശേഷത. നെടിയിരുപ്പിലെ കുന്നുകളില്‍ നിന്നും തെളിഞ്ഞുവരുന്നു. ആയതിനാല്‍ നെടിയിരുപ്പ് കുന്നുകളില്‍ ഏറ്റവും ഉയരമുള്ള അരിമ്പ്രമലയുടെ സ്ഥാനം ഇവിടെ അടയാളപ്പെടുത്തിവെക്കാനാകും.

മിത്തും ചരിത്രബോധവും

അതേസമയം ഏറനാട്ടിലെ കണക്കസമുദായത്തിന്റെ തോറ്റം അഥവാ ദൈവത്തെ വിളിച്ചുണര്‍ത്തുന്ന കല്‍പ്പന അഥവാ ചൊല്ലിപ്പറയലുകളില്‍ അരിമ്പ്ര മലയും പരിസരപ്രദേശങ്ങളും പരാമര്‍ശിക്കുന്നു. 

കൊണ്ടോട്ടി നാലില്ലം, മേച്ചേരിയും കിഴിശ്ശേരിയും കഴിഞ്ഞ് പിന്നെ പടിഞ്ഞാറ് നിന്ന് കിഴക്കോട് ദേവനെ വിളിച്ചുണര്‍ത്തുമ്പോള്‍ അരിമ്പ്രമല അഞ്ചില്ലവും  നെടിയിരുപ്പ് ആറില്ലവും എന്നിങ്ങനെയാണ് പരാമര്‍ശിക്കുന്നത് എന്ന് കണക്കസമുദായത്തിന്റെ ആചാര ചരിത്രങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ചെറൂലന്‍ പുല്‍പ്പറ്റ അഭിപ്രായപ്പെടുന്നു. അരിമ്പ്ര മുത്തന്‍ അഥവാ ഗോത്രത്തലവന് പൂയിക്കോട്ട് കുരുക്കളെ പരാമര്‍ശിക്കുന്ന മന്ത്രോച്ചാരണങ്ങളില്‍ അരിമ്പ്ര പൂയിക്കോട്ട് നിന്ന് കരിങ്കല്ലിന്‍ കരുളിനകത്ത് (നെഞ്ചിനകത്ത് ഇടിവെട്ടി പൊട്ടിപ്പിളര്‍ന്നുവന്നു എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളും കാണാം എന്ന് കണക്കസമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ കാരണവരും ചവിട്ടുകളി കലാകാരനുമായ ആനക്കയത്തെ കീരനും അഭിപ്രായപ്പെടുന്നു.  നെല്ലിന്റെ ചരിത്രത്തെക്കുറിച്ച് പുതിയ അറിവുകള്‍ പകര്‍ന്നുതരാന്‍ പര്യാപ്തമായ കണക്കസമുദായത്തിന്റെ ചരിത്രം പരാമര്‍ശിക്കുന്നതും അവരുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി പതിനാറടിയന്തിരത്തിന് രാവുപുലരുവോളം പാടുന്ന പാമ്പാടി പാട്ടില്‍ കടലുതാണ്ടിയെത്തിയ നെല്‍വിത്ത് മലമുകളില്‍ കൃഷിചെയ്തു തുടങ്ങിയതായുള്ള നെല്ലിന്റെ കഥയില്‍ നിന്നാണ് ചരിത്രം പറഞ്ഞുവെക്കുന്നത്. അരിമ്പ്രമലയോ അല്ലെങ്കില്‍ ആദിമനിവാസികള്‍ വസിച്ചതായോ പറയപ്പെടുന്ന ആരാമ്പ്രം മലനിരകളോ കേരളത്തിന്റെ നെല്‍കൃഷിയുടെ ഒരു ഉറവിടം തന്നെയാകാമെന്നും അവരുടെ മുത്തന്‍മാര്‍ അന്നത്തെ ഗോത്രതലവാന്മാരോ, നെല്ല് വാങ്ങിയ തമ്പുരാന്‍ ഏറാടികളായ സാമൂതിരിയുടെ പിന്‍മുറകളോ എന്നതെല്ലാം ഇനിയും  ചരിത്രത്തിനുപിറകേ സഞ്ചരിച്ച് ഇനിയും വ്യക്തമാകേണ്ട സൂചനകളോ അനുമാനങ്ങളോ മാത്രമാണ്. എങ്കിലും അരിമ്പ്ര മലകളില്‍ ഇന്ന് കാണുന്ന റബര്‍കൃഷിക്കും തെങ്ങിനും ഇതര കൃഷികള്‍ക്കും എത്രയോ മുന്‍പെ കരനെല്ല് അഥവാ മോഡന്‍ നെല്ല് കൃഷി ചെയ്തിരുന്നുവെന്ന് കര്‍ഷത്തൊഴിലാളികളായ പൂക്കോട്ടൂര്‍ പാറപ്പുറത്ത് ചീരു, കുട്ടി എന്നിവര്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായിട്ടുണ്ട്. പാറമുകളില്‍ കുഴിയുണ്ടാക്കി അവിടെവച്ചുതന്നെ നെല്ല് കുത്തി മലയിറക്കി കൊണ്ടുപോരുകയായിരുന്നു എന്നാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്. 

സാംസ്‌കാരികചരിത്രം

നെടിയിരുപ്പിലെ ഏറ്റവും വലിയ ജുമാഅത്ത് പള്ളി മുസ്ല്യാരങ്ങാടിയിലാണ് സ്ഥിതി ചെയ്യുന്നത്. ചിത്രവേലകള്‍ കൊണ്ടും, ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്ത കൊത്തുവേലകള്‍ കൊണ്ടും അലംകൃതമായ ഈ പള്ളി ഒരു ചരിത്രസ്മാരകം തന്നെയാണ്. കൊട്ടുക്കരക്കടുത്തുള്ള പൊയിലിക്കാവ് ക്ഷേത്രവും, എന്‍.എച്ച്.കോളനിക്കടുത്ത തിരുവോണമല ക്ഷേത്രവും പ്രസിദ്ധങ്ങളാണ്. ചിറയില്‍ ചുങ്കത്ത് സ്ഥിതി ചെയ്യുന്ന ജുമാഅത്ത് പള്ളി പുരാതനമായ ഒരു ആരാധനാലയമാണ്. പള്ളിയിലെ കൊത്തുപണികളോടു കൂടിയ മിമ്പര്‍ (പ്രസംഗപീഠം), 250-ല്‍ പരം വര്‍ഷത്തെ പഴക്കമുള്ളതാണെന്ന് അനുമാനിക്കപ്പെടുന്നു.  അരിമ്പ്ര പൂതനപ്പറപ്പ് പള്ളി ജാറം നേര്‍ച്ച, കണക്കസമുദായത്തിന്റെ അരിമ്പ്ര മുത്തന്‍ വേല, അരിമ്പ്ര മണ്ടവത്തിങ്ങല്‍ പൂരം എന്നിവ പ്രധാനം. 

വൃക്ഷസമ്പത്ത്

മലബാറിലെ വൃക്ഷസമ്പത്തിനെക്കുറിച്ച്  1661 മുതല്‍ 66 വരെ കേരളത്തിലുണ്ടായിരുന്ന ഡച്ചുകാരനായ  ന്യൂഹാഫിന്റെ കുറിപ്പുകളില്‍   ഒരു ചെറിയ വിവരണം കാണാവുന്നതാണ്. മലബാറിലെ സസ്യവൃക്ഷസമ്പത്തിനെപ്പറ്റി ഒരുപക്ഷെ ആദ്യമായി മനസ്സിലാക്കിയ ഡച്ചുകാരനും ന്യൂഹാഫ് ആയിരിക്കും. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇവിടത്തെ വൃക്ഷങ്ങളുടേയും സസ്യലതാദികളുടേയും ഔഷധ മൂല്യങ്ങളെപ്പറ്റി ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്.

കറുവാ മരത്തില്‍ നിന്നും കര്‍പ്പൂരം ഉണ്ടാക്കുന്ന വിധം ഇതില്‍ നിന്നും പലതരം രോഗങ്ങള്‍ ചികിത്സിക്കുന്ന രീതി, ഔഷധഗുണമുള്ള കച്ചോലം, ഓറഞ്ച് മരത്തിനു സാദൃശ്യമുള്ള 'കടുകപ്പാല' യൂറോപ്പിലെ ആപ്പിള്‍ മരത്തോട് സാദൃശ്യമുള്ള ജംബു അഥവാ ചാമ്പ (Jambos), കുടംപുളി, കറ്റാര്‍വാഴ, കുമ്പിള്‍മരം, പാലമരം, അമ്പഴം, അഗസ്തി (അകത്തി), കൊട്ടം, കൊഴിഞ്ഞില്‍ , ആല്‍മരം, പരുത്തി, ചുവന്ന മന്ദാരം, ഒതളം, മരോട്ടി, നെല്ലിമരം, കാഞ്ഞിരം, ചെമ്പകം, മഞ്ഞപ്പൂമരം അഥവാ പവിഴമല്ലി, ഇലഞ്ഞി, തെങ്ങ് എന്നിവയെപ്പറ്റിയും വിശദമായ വിവരണമാണ് ന്യൂഹാഫ് നല്കുന്നത്. 

ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഡച്ചുകാര്‍ കേരളത്തിനെന്നല്ല ലോകത്തിന് നല്കിയ മഹത്തായ സംഭാവനയാണ്, 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' (മലബാറിലെ സസ്യസമ്പത്ത്) എന്ന ബൃഹത്തും മഹത്തുമായ ഗ്രന്ഥം. ഇന്നും അത്ഭുതത്തോടേയും, ജിജ്ഞാസയോടും കൂടി മാത്രമേ ഈ ഗ്രന്ഥത്തെ കാണാനാകൂ. 

കൊച്ചിയിലെ ഡച്ച് കമാണ്ടര്‍ ആയിരുന്ന (167377) ഹെന്‍ഡ്രിക്ക് ആന്‍ഡ്രിയാന്‍ വാന്റീഡ് ആണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' നിര്‍മ്മാണത്തിന് നേതൃത്വം നല്കിയത്. 780 സസ്യങ്ങളെക്കുറിച്ച് ലത്തിന്‍ ഭാഷയിലുള്ള വിവരണങ്ങളും 781 ചിത്രങ്ങളും  ഈ പുസ്തകത്തില്‍ ഉണ്ട്.

വാന്റീഡിനോടൊപ്പം പോര്‍ട്ടുഗീസുകാരില്‍ നിന്നും കൊച്ചി പിടിയ്ക്കാന്‍ എത്തിയ മറ്റൊരു വ്യക്തിയായിരുന്നു ഡച്ച് ക്യാപ്റ്റന്‍ ജോണ്‍ ന്യൂഹാഫ്; 1661 മുതല്‍ 66 വരെ കൊല്ലത്തും തൂത്തുക്കുടിയിലും സേവനം അനുഷ്ഠിച്ചിട്ടുള്ള ന്യൂഹാഫ്, ദക്ഷിണ കേരളത്തില്‍ ഡച്ച് മേധാവിത്വം ഉറപ്പിയ്ക്കാന്‍ ഓടിനടക്കുന്നതിനിടയില്‍ ഇവിടത്തെ ഔഷധസസ്യങ്ങളെപ്പറ്റിയും ജീവികളെപ്പറ്റിയും പഠനം നടത്തിയത് രേഖപ്പെടുത്തി.   കറുവാമരത്തില്‍ നിന്നും കര്‍പ്പൂരം (Camphor) ഉണ്ടാക്കുന്ന വിധവും, ഇഞ്ചിയ്ക്ക് സാദൃശ്യമുള്ള കച്ചോലം കയറ്റി അയയ്ക്കുന്നതും കുടകപ്പാലയില്‍ നിന്നും ഔഷധം ഉണ്ടാക്കുന്ന വിധവുമെല്ലാം ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ലഭ്യമായ എല്ലാ മരുന്നുചെടികളുടേയും ഔഷധഗുണം മാത്രമല്ല അവ ഏതെല്ലാം രോഗത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഒരു വൈദ്യനെപ്പോലെ ന്യൂഹാഫ് വിവരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമാണ് വാന്റീഡ് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥ രചനയ്ക്ക് നേതൃത്വം കൊടുത്തത്. ഇതില്‍നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ അനുമാനിയ്ക്കാം.

ഔഷധവിജ്ഞാനത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും സമഗ്രവിവരങ്ങള്‍ നല്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. ഇതേപ്പറ്റി വിവരണം നല്കാന്‍ കഴിയുന്ന പണ്ഡിതന്മാരും അന്ന് ജീവിച്ചിരുന്നു. ഔഷധചെടികളില്‍ നിന്നും ഉണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചാണ് അന്ന് വൈദ്യന്മാര്‍ രോഗികളെ ശുശ്രൂഷിച്ചിരുന്നത്. ഇങ്ങനെയുള്ള വൈദ്യന്മാരില്‍ നിന്നായിരിയ്ക്കാം ന്യൂഹാഫ് ആദ്യമായി വിവരങ്ങള്‍ ശേഖരിച്ചത്. 

വര്‍ത്തമാനം

പശ്ചിമഘട്ട മലനിരകളോട് ചാരിനില്‍ക്കുന്ന സുന്ദരമായ ഊരകം മലയില്‍ ആവാസവ്യവസ്ഥയെ തകിടം മറിച്ച് വന്‍തോതിലുള്ള കരിങ്കല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍. കേരളത്തിലെ പല പ്രദേശങ്ങളിലും ഉരുള്‍പൊട്ടി വന്‍തോതില്‍ മനുഷ്യജീവന്‍ നഷ്ടമാകുന്ന സ്ഥിതിയില്‍ ഇവിടെ ശാസ്ത്രീയ പഠനം അത്യാവശ്യമായി വന്നിരിക്കുന്നു. അമിതമായ കരിങ്കല്‍ ഖനനം നീര്‍ച്ചാലുകളെ ഇല്ലാതാക്കുമെന്ന് വിദഗ്ധര്‍തന്നെ അഭിപ്രായപ്പെടുമ്പോഴാണ് വന്‍തോതിലുള്ള ഖനനം. ക്വാറികളില്‍നിന്ന് ഒഴുക്കിവിടുന്ന കരിങ്കല്‍പൊടി കലര്‍ന്ന മലിനജലം ജലസ്രോതസ്സുകളുടെ ആഴംകുറച്ച്  വന്‍തോതിലുള്ള വെള്ളക്കെട്ടിനും കാരണമാകുന്നു. 150 ല്‍പരം ക്വാറികളും ക്രഷര്‍ യൂണിറ്റുകളുമാണ് മലയില്‍ പ്രവര്‍ത്തിക്കുന്നത്. പൂളാപ്പീസ്, കാരാത്തോട്, കിളിനക്കോട്, മഞ്ഞേങ്ങര, ചെരുപ്പടിമല തുടങ്ങി, അരിമ്പ്ര മൊറയൂര്‍വരെയുള്ള ഖനനം സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വന്‍ ഭീഷണിയാണ്. 2018 പ്രളയത്തില്‍ മിനി ഊട്ടിപ്രദേശത്തെ ഉരുള്‍പൊട്ടല്‍ ഭീഷണിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന സ്ഥലത്തെ മണ്ണിടിച്ചിലും പ്രദേശനിവാസികളില്‍ ആശങ്ക ജനിപ്പിക്കുകയും പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു.

നിലയ്ക്കാത്ത സ്‌പോടനങ്ങളും കമ്പനങ്ങളും ക്രഷറുകളില്‍നിന്നുള്ള പൊടിശല്യവും പലരേയും രോഗികളാക്കുന്നു. കംപ്രസറുകളും ഇലക്ട്രോണിക് രീതിയും വന്നതോടെ  ഖനനം നേരത്തേ ഉള്ളതില്‍നിന്നും നൂറ് മടങ്ങാണ് വര്‍ധിച്ചത്.  എം സാന്‍ഡ് നിര്‍മാണത്തിനും മല തുരന്നെടുക്കുന്നു. ജില്ലക്കുപുറത്തുനിന്നുള്ളവരടക്കം മലനിരകള്‍ മോഹവില നല്‍കി സ്വന്തമാക്കിയത് കൊടും കൊള്ളയ്ക്കാണെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഖനനം തുറന്നിടുന്ന തൊഴില്‍ സാധ്യതകളും തൊഴിലാളികളുടെ നിലനില്‍പ്പും അടിസ്ഥാനവിഷയങ്ങളായി നിലനില്‍ക്കുമ്പോള്‍ തന്നെ ശാസ്ത്രീയ പഠനം നടത്തി, അതിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ മേഖലകളില്‍ ഖനനമാവാമെന്നും കണ്ടെത്തണം. ഇതിനുവേണ്ടി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നിയമം കര്‍ശനമായി നടപ്പാക്കുകയും വേണം. 

പ്രാദേശിക ടൂറിസ്റ്റ് ഭൂപടത്തില്‍ ഇടം നേടിയതോടെ  ചെറുതും വലുതുമായ യാത്രാ സംഘങ്ങള്‍ അരിമ്പ്രമലയ്ക്കു ചുറ്റുമുള്ള പ്രദേശത്തേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു. സഞ്ചാരികള്‍ ഉപേക്ഷിക്കുന്നതും അവിടത്തെ കച്ചവടസ്ഥാപനങ്ങളില്‍ നിന്നും പുറംന്തള്ളുന്നതുമായ പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും എല്ലാം മണ്ണിനെയും വായുവിനെയും അപായപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

റോഡുകള്‍ ഉന്നത നിലവാരത്തിലുള്ളതാക്കാനോ സുരക്ഷാസംവിധാനം ശക്തമാക്കാനോ ഇതുവരെ നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല. സദാസമയവും ചീറിപ്പായുന്ന ടിപ്പര്‍ ലോറികളും അപകട സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു. സഞ്ചാരികള്‍ക്ക് ഇരിക്കാനും, വിശ്രമിക്കാനും ഉള്ള  സൗകര്യങ്ങളുറപ്പാക്കുകയും രാത്രിവിളക്കുകള്‍ ഒരുക്കുകയും ചെയ്താല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര ടൂറിസത്തില്‍ ഇടംപിടിക്കാവുന്ന ഒന്നായി ഈ പ്രദേശം മാറിയേക്കാം. ഒപ്പം  അരിമ്പ്രമലയുടെ ചരിത്രത്തിലേത്ത് കൂടുതല്‍ വെളിച്ചം വീശുന്ന ഗവേഷണങ്ങളും പഠനങ്ങളും പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യണം.

Contact the author

Gopakumar Pookkottur

Recent Posts

Web Desk 8 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Web Desk 10 months ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 11 months ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 11 months ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More