ഡ്രൈവിംഗ് ടെസ്റ്റ്‌ - ഓള്‍ഗ മനോമി

"ഒറ്റപ്രാവശ്യം കൂടിയൊന്ന് നോക്കിക്കോട്ടെ?" ഈ വാചകം തികച്ചു ചോദിച്ചോയെന്ന് ഓർമ്മയില്ല. എന്തായാലും മറുപടി പെട്ടെന്നായിരുന്നു. "ഇതെന്താ കുതിരകളിയാണോ? തോന്നുന്നത്ര പ്രാവശ്യം കളിക്കാൻ? ഒരു പരിധിയൊന്നുമില്ലേ?"

ഏതു കുതിരകളിയായിരിക്കും അയാൾ ഉദ്ദേശിച്ചിരിക്കുക? അങ്കണവാടിയിലായിരുന്നപ്പോൾ ഇരുന്നാടാൻ പാകത്തിനുള്ള മരക്കുതിരയെ കളിക്കാൻ തരാറുണ്ടായിരുന്നു. ചെവിയുടെ സ്ഥാനത്തു രണ്ട് പിടികളുള്ള, ബഹുവർണ്ണ കുതിര. പക്ഷെ എനിക്കതിൽ കയറാൻ പേടിയായിരുന്നു. 

അതോ ഇനി കബഡികളിയെപ്പറ്റിയാണോ പറഞ്ഞത്? ഹൈസ്കൂൾ കാലത്ത് ഞങ്ങൾ പെൺകുട്ടികൾ കബഡിക്ക് കുതിരയെന്നാണ് പറഞ്ഞിരുന്നത്. 'വത്തക്കത്തോട്ടത്തിൽ കത്തിയെറിഞ്ഞപ്പോൾ കത്തിമ്മലാകെ വത്തക്ക,  വത്തക്ക, വത്തക്ക...'എന്ന് ശ്വാസം വിടാതെ പറഞ്ഞുകൊണ്ടോടി അങ്ങേ ഗ്രൂപ്പിലെ കുട്ടികളെ തൊടാൻ പക്ഷെ ഞാൻ ഉണ്ടാവാറില്ല. 'ആരോഗ്യമില്ലാത്ത കുട്ടി' എന്ന പരിഗണന തന്ന് കളിയുടെ ആ ഘട്ടത്തിൽ എന്നെ ഗ്രൗണ്ടിലൊരിടത്തിരുത്തും. അങ്ങേ ഗ്രൂപ്പുകാർ ഇങ്ങോട്ടു വരുമ്പോൾ ഇവിടെ ഇട്ടാവട്ടത്തിൽ കിടന്നോടുന്നതിൽ മാത്രം പങ്കാളിയാക്കും. സത്യത്തിൽ അങ്ങനെയൊരു പരിഗണന കുറേയൊക്കെ സ്വയം സൃഷ്ടിച്ചതു തന്നെയായിരുന്നു. ഒരു ഗ്രൂപ്പിനെ മൊത്തം പ്രതിനിധീകരിക്കാൻ, പ്രത്യേകിച്ചും കായികമായതിന്, എനിക്കു പേടിയായിരുന്നു. 

 നാശം പിടിച്ച പേടി.. 

പക്ഷെ ഇത്തരത്തിലുള്ള യാതൊരു ഒഴികഴിവും ഇന്നിവിടെ വിലപ്പോവില്ല. സംഗതി വലിയ കളിയാണ്. ഡ്രൈവിംഗ് ടെസ്റ്റ് ‌! ടെസ്റ്റുദിവസമാണ് ഞാനീ കമ്പികളെല്ലാം മറിച്ചിടുന്നതും മുന്നോട്ടുപോവുന്നതിനു പകരം പിന്നോട്ടു പോവുന്നതുമൊക്കെ. പരിശീലകനെന്നു പറയുന്ന ഈ മനുഷ്യന് ഒരിത്തിരി നന്നായിട്ടെന്നോട് സംസാരിച്ചുകൂടെ ? നട്ടപ്പൊരിവെയിലത്ത് മോങ്ങുന്ന മുഖവുമായി ഞാൻ നിൽക്കുന്ന കണ്ടിട്ടും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ അയാൾ എന്റെ സകല ആത്മവിശ്വാസവും വലിച്ചൂറ്റിക്കുടിക്കയാണ്. ഇപ്രാവശ്യം പറ്റിയില്ലെങ്കിലെന്ത്, ഒരു പ്രാവശ്യം കൂടി വരും. അതിനും പറ്റിയില്ലെങ്കിലെന്ത്, വീണ്ടും വരും, ഹല്ലാതെന്ത് എന്നൊക്കെപ്പറഞ്ഞ് സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഫലമുണ്ടായില്ല. പതിനെട്ടാംവയസ്സിൽത്തന്നെ ലൈസൻസെടുക്കണമെന്നത് എന്തോ വാശിപോലെയായിരുന്നു. എന്തിനായിരുന്നു അത്? പതിനെട്ടു കഴിഞ്ഞു പത്തൊമ്പതിലേക്കു കടക്കാൻ ശേഷിക്കുന്നതാവട്ടെ, കേവലം പതിമൂന്നു ദിവസങ്ങൾ. 

"ഏതു കോളേജിലാ പഠിക്കുന്നേ?"- കണ്ണുനിറഞ്ഞു കണ്ടിട്ടാണെന്നു തോന്നുന്നു, പരിശീലകൻ ചോദിക്കുകയാണ്. "ആർട്സില്.." വികൃതമായൊരു ശബ്ദത്തിൽ എങ്ങനെയോ അതു പറഞ്ഞൊപ്പിച്ചു. "അച്ഛന്റെ പേരെന്താ?" മനുഷ്യനിവിടെ പ്രാണൻ പോയി നിൽക്കുമ്പോഴാണ് അയാളുടെ കൊച്ചുവർത്തമാനം. ദേഷ്യം സഹിക്കാനാവാതെ ഞാൻ തിരിഞ്ഞുനിന്നു. 

പെട്ടന്നാണ്‌ അതി നാടകീയമായി ഒരു പോലീസുകാരൻ തന്റെ ബുള്ളറ്റ്  ബൈക്കില്‍ പ്രവേശിച്ചത്. അയാളുടെ നിഴൽ കണ്ടതും എല്ലാവരും തങ്ങളുടെ കടലാസുകെട്ടുമെടുത്ത് ഗ്രൗണ്ടിന്റെ ഒരറ്റത്തുള്ള പന്തലിട്ടിടത്തേക്കോടി. അങ്ങനെയാണ് പറഞ്ഞുപഠിപ്പിച്ചിരിക്കുന്നത്. വയസ്സായവരും സ്ത്രീകളും ചെറുപ്പക്കാരും കൂടി മത്സരിച്ചോടുകയാണ്. മുണ്ടു കേറ്റിപ്പിടിച്ചും, പർദ്ദ കൂട്ടിപ്പിടിച്ചും, സാരിഞൊറി ചേർത്തുപിടിച്ചും, കടലാസു കടിച്ചുപിടിച്ചും ഓടുന്നവർ. 'വേം വേം' എന്നുപറഞ്ഞ് ഒപ്പമോടുന്ന ഡ്രൈവിംഗ് പരിശീലകർ. എന്തൊരു ദുര്യോഗമാണിതെന്നോർത്തു ഞാനും കൂടെയോടി. അവസാനമേ എത്തുന്നുണ്ടാവുള്ളൂവെന്ന് ഉറപ്പിച്ചിരുന്നു. എങ്ങനെയോ വരിയുടെ നടുവിൽ സ്ഥാനം കിട്ടി. മാലപറിക്കേസിനും, പോക്കറ്റടിക്കും, മോഷണ ശ്രമത്തിനുമൊക്കെ പിടിക്കപ്പെട്ടവരെപ്പോലെ, പേടിച്ചുനിരങ്ങി, ഓരോരുത്തർ വീതം പോലീസുകാരനടുത്തേക്ക് നീങ്ങുകയാണ്. വരിയിൽ നിന്ന് വർത്തമാനം പറഞ്ഞ ആരെയോ അയാൾ ഗ്രൗണ്ടിനുചുറ്റും ഓടാൻ വിട്ടെന്നൊക്കെ മുന്നിൽ നിൽക്കുന്ന താത്ത പറഞ്ഞു. അതിനിടയിൽ വേറൊരു പോലീസുകാരൻ അയാൾക്ക് അന്നേരം വാട്ട്‌സാപ്പിൽ കിട്ടിയ തമാശ ഈ പോലീസുകാരനെ കാണിക്കാൻ വന്നു. ഇരുവരും ചേർന്ന് അതിനെ പലതലങ്ങളിലായി വ്യാഖ്യാനിച്ച് ഓരോന്നിനും മൂന്നുനാലു മിനിട്ട് ചിരിച്ച ശേഷം അവനവന്റെ വീരസാഹസികകൃത്യങ്ങൾ വിവരിക്കലായി. പെരുവിരലില്‍ നിന്നു തണുപ്പു കേറിവരുന്നതറിയുന്നുണ്ട്. ഏതാനും സെക്കന്റുകൾക്കകം ഞാൻ തലകറങ്ങിവീഴുമെന്നുറപ്പായി. ഏതു വശത്തേക്ക് വീഴാൻ പാകത്തിനു നിൽക്കണമെന്ന് ആലോചിക്കുന്നതിനിടെ വിളി വന്നു. മുഖത്തു ചിരി വരുത്തിക്കൊണ്ട് അടുത്തേക്ക് ചെന്നു. അയാൾ എന്റെ പേരുവായിക്കാനുള്ള  തത്രപ്പാടിലാണ്. "എന്നതാ കൊച്ചേ ഇത്?" ഞാൻ പേരിന്റെ അർത്ഥവും ഉറവിടവുമെല്ലാം പറഞ്ഞുകൊടുത്തു. അയാൾക്കു ബോധിച്ചെന്നു തോന്നുന്നു. അതാ എന്റെ മുഖത്തുനോക്കി ചിരിക്കുന്നു. പ്രതാപ് പോത്തന്റെ നല്ല ഛായ!

നേരെ ചെല്ലുന്നത് കാറിനരികിലേക്ക്. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന (ഡ്രൈവിംഗ് സ്കൂൾ) ഒരു വയസ്സായ മനുഷ്യൻ തെറ്റായരീതിയില്‍ 'H' ഇടുന്നതു കണ്ടു. ഞാൻ പരിശീലകന്റെ അടുത്തേക്ക് നീങ്ങിനിന്ന് പതിയെ പറഞ്ഞു: "അയാൾ ശരിക്ക് ചെയ്തില്ലല്ലോ!" "അതിനിപ്പോ എനിക്കെന്തു ചെയ്യാൻ പറ്റും? അയാളെ വണ്ടിയിൽ നിന്നിറക്കി തല്ലാൻ പറ്റുമോ, ഇല്ലല്ലോ?" അപമാനത്തേക്കാളേറെ എനിക്ക് അത്ഭുതമാണുണ്ടായത്. യാതൊരു മുൻപരിചയവുമില്ലാത്ത എന്നോട് എന്തിനാണിയാളിത്ര പ്രതികാരത്തോടുകൂടി പെരുമാറുന്നത്?.. ഇതേസമയം കാറിനകത്തുനിന്നും ആ മനുഷ്യൻ വിജയശ്രീലാളിതനായി ഇറങ്ങി വരികയാണ്. ടെസ്റ്റു പാസായിട്ടില്ലെന്ന കാര്യം പോലീസു പറഞ്ഞിട്ടാണയാളറിയുന്നത്. 

അങ്ങനെ എന്റെ ഊഴമെത്തി. കാറിൽ കയറിയിരുന്നയുടനെ ആപൽഘട്ടങ്ങളിൽ മാത്രം ചെയ്യാറുള്ളതുപോലെ 'ദൈവമേ ദൈവമേ'യെന്നു വിളിച്ചു. സ്റ്റാർട്ടു ചെയ്ത് മുന്നോട്ടുചെന്ന്, പിന്നോട്ടുവളച്ച്, വീണ്ടും മുന്നോട്ടുവന്ന്, വീണ്ടും പിന്നോട്ടുവന്നത് ഓർമ്മയിലുണ്ട്. ഇറങ്ങിയപ്പോഴുണ്ട് പരിശീലകൻ ഓടിവരുന്നു :"എന്തുപണിയാ കാണിച്ചത്?" സബാഷ്. കമ്പി വല്ലതും മറിച്ചിട്ടുകാണുമെന്നു കരുതി. "കിട്ടീലേ!" അയാൾ ചിരിക്കുന്നു. "ശരിക്കും?" അതിനു മറുപടി പറയാതെ അയാൾ തിരിഞ്ഞുനടന്നുപോയി.

ഇളിച്ചുകൊണ്ടുതന്നെ സ്കൂട്ടറുകൾക്കടുത്തേക്ക്  ചെന്നു. അവിടെ സംഭവിച്ചതെന്തെന്ന് ഇപ്പോഴും സ്വപ്നം പോലെ അവ്യക്തമാണ്. ഞാൻ ചെല്ലുന്നു. ഏതോ മനുഷ്യൻ എന്നോട് വണ്ടിയിൽ കയറിയിരിക്കാൻ പറയുന്നു. വണ്ടിക്കിട്ട് അയാളൊരുന്തു തരുന്നു. ഞാൻ ഓടിച്ചു തിരിച്ചു വരുന്നു. അയാൾ എന്നെ നോക്കി പുഞ്ചിരിക്കുന്നു. അങ്ങനെ ആ സാഹസവും കഴിഞ്ഞു. ഒന്നു കെട്ടിപ്പിടിക്കാനാരെയെങ്കിലും കിട്ടിയിരുന്നെങ്കിൽ. ദൂരെനിന്നതാ പരിശീലകൻ കൈമാടി വിളിക്കുന്നു. ഇനി റോഡ് ടെസ്റ്റാണത്രേ. 

പ്രതാപ് പോത്തൻ ഒരു തങ്കപ്പെട്ട മനുഷ്യനാണെന്ന ബോധ്യമുണ്ടായി. ആ ക്രൂരപരിശീലകൻ ഉണ്ടാക്കിയ മാനസികസമ്മർദ്ദമെല്ലാം ക്ഷമയോടും വാത്സല്യത്തോടും കൂടി നിർദ്ദേശങ്ങൾ തന്നുകൊണ്ട് ഈ മനുഷ്യൻ മായ്ച്ചുകളഞ്ഞു. ടെസ്റ്റു കഴിഞ്ഞ് കാറിൽ നിന്നിറങ്ങും മുൻപയാൾ പച്ചമഷികൊണ്ട് (അതോ ചുവപ്പോ?) ആ കടലാസിൽ ഒപ്പിട്ടുതന്നു. പ്രതീക്ഷിച്ചതുപോലെതന്നെ അതെന്താണെന്നു ചോദിച്ചപ്പോൾ പരിശീലകൻ എനിക്കു മനസ്സിലാവാത്ത എന്തൊക്കെയോ പറയുകയാണുണ്ടായത്. പരിസരത്തു കണ്ട ആരോടോ ചോദിച്ചപ്പോൾ പാസ്സായിട്ടുണ്ടെന്നറിഞ്ഞു. 

എല്ലാം കഴിഞ്ഞെന്നു കരുതി ആനന്ദാശ്രു പൊഴിക്കാൻ തുനിയുമ്പോഴാണറിയുന്നത് ഇനി ഒറ്റക്കൈവിട്ടു സ്കൂട്ടറോടിക്കുന്ന വിദ്യ കൂടി കാണിക്കാനുണ്ടെന്ന്. അവിടുണ്ടായിരുന്ന പത്തുപതിനഞ്ചു സ്ത്രീകൾക്കൊപ്പം ഞാനും വിറങ്ങലിച്ചു നിന്നു.ഞായറാഴ്ചകളിലെ അരമണിക്കൂറിനു നൂറ്റമ്പതു രൂപയും കൊടുത്തുള്ള സ്കൂട്ടർ പരിശീലനത്തിനിടെയൊന്നും ഇങ്ങനെയൊരു സാഹസികതയുള്ള കാര്യം ആ വഞ്ചകൻ പറഞ്ഞിരുന്നില്ല. 

ആണുങ്ങളെ അവരുടെ എല്ലാ പരിപാടിയും തീർത്ത് ഇതിനോടകം പറഞ്ഞയച്ചിരുന്നു. 'ഇനി നമ്മുടെ എന്റർടൈൻമെന്റ് ടൈം' എന്ന ഭാവമായിരുന്നു ഡ്രൈവിംഗ് സ്കൂളുകളിലെ പരിശീലകർക്ക്. ഒറ്റക്കൈവിട്ട് സിഗ്നൽ കാണിക്കുന്ന ആ വിക്രസ്സ് ഒരു തവണ കാണിച്ചുതന്ന്, രണ്ടുതവണ മാത്രം ചെയ്തുനോക്കാനുള്ള അവസരവും തന്ന് അവർ വണ്ടി മാറ്റിവെച്ചു. ഞങ്ങളിലൊരാൾ പോലും ശരിയായി ചെയ്യാൻ പഠിച്ചിരുന്നില്ല. പലരും ഓഫീസിൽ നിന്നും വീട്ടിൽ നിന്നും ലീവ് ചോദിച്ചു വന്നിട്ടുള്ളവർ. ഇടയ്ക്കിടെ വിളിച്ച് കുഞ്ഞു കരയുന്നുണ്ടോ, ഭക്ഷണം കഴിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുന്നവർ. ഒന്നിരിക്കാൻ സൗകര്യമില്ലാത്ത അവിടെ മണിക്കൂറുകളോളം നിന്ന് കാലും നടുവും കുഴയുന്നവർ. അയാളുടെ പുറത്തിനിട്ട് കുത്തുവെച്ചു കൊടുക്കാനുള്ള ദേഷ്യമുണ്ടായിരുന്നത് അടക്കി മര്യാദയിൽത്തന്നെ ഞാൻ അയാളോട് വണ്ടി ഒരിക്കൽക്കൂടി തരണമെന്ന് പറഞ്ഞു. കേട്ട ഭാവമില്ല. ഇവിടുത്തെ മഹാഭൂരിപക്ഷം ആണുങ്ങളുടെയും സ്വഭാവമാണിതെന്നറിയുന്നതുകൊണ്ട് എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. പെണ്ണുങ്ങൾ സംസാരിക്കുന്നതവർ കേട്ടതായേ നടിക്കില്ല. ചെയ്യുന്ന ജോലി അങ്ങനെ തന്നെ തുടരും. ഇനി തന്റെ ഒച്ച വെളിയിൽ വരാഞ്ഞിട്ടാണോയെന്നുപോലും നമ്മൾ സംശയിച്ചുപോകും

അനന്തമെന്നു തോന്നിച്ച കാത്തിരിപ്പിനൊടുവിൽ വീണ്ടും അതേ ബുള്ളറ്റ്  ബൈക്കില്‍ അതേ പോലീസുകാരൻ വന്നെത്തി. പെണ്ണുങ്ങൾ ഓരോരുത്തരായി പരാജയപ്പെടുകയും പരിശീലകർ അടക്കം പറഞ്ഞ്  ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. തള്ളിമറിക്കുമെങ്കിലും പ്രതാപ് പോത്തനൊരു തങ്കപ്പെട്ട മനുഷ്യനാണെന്ന കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. തോറ്റവർക്കെല്ലാം ഒരവസരം കൂടി തരാമെന്നു പറഞ്ഞു മൂപ്പർ മാറ്റിനിർത്തി. ഇടക്ക് ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു : "ആരെ ജയിപ്പിക്കണം, തോൽപ്പിക്കണമെന്നെല്ലാം ഞാൻ തീരുമാനിക്കും. ചിലപ്പോ നന്നായി ഓടിക്കുന്നയാൾക്ക് ഞാൻ ലൈസൻസ് കൊടുത്തില്ലെന്നിരിക്കും. ഇതുവഴി വെറുതെ സൈക്കിൾ ഓടിച്ചുപോവുന്ന ഒരുത്തനെ വിളിച്ചു കൈയിൽ ലൈസൻസ് വെച്ചുകൊടുത്തെന്നുമിരിക്കും. അതെന്റെ അധികാരം!" അത്ര നിഷ്കളങ്കമായ തള്ളുകളൊന്നുമല്ലെന്നു മനസ്സിലാക്കാമല്ലോ. 

എന്റെ ഊഴമായി. ജനിച്ചപ്പോഴേ 'ഈ ദിവസം'  എനിക്കുവേണ്ടി കുറിച്ചുവെച്ചതായിരുന്നുവെന്നു തോന്നിപ്പോയി. അത്രയും അത്ഭുതകരമായി ഞാൻ അതിനെയും അതിജീവിച്ചു. മുങ്ങിത്താഴുമ്പോൾ കയ്യിട്ടടിക്കുന്നതുപോലെയായിപ്പോയി മുദ്രകളെങ്കിലും കാലു കുത്താതെ അക്കരെയെത്താൻ പറ്റി. "എന്തോന്നാ കുഞ്ഞേ നീയിപ്പോ അതിന്മേലിരുന്നു കാണിച്ചേ?" അയാളുടെ ചോദ്യമോ പരിശീലകരുടെ ചിരിയോ എന്നെ തളർത്തിയില്ല. ഞാൻ അസ്സലായിത്തന്നെ കാണിച്ചത് ആവർത്തിച്ചു. നീന്തുന്നതെങ്ങനെയെന്ന് കരയിലിരുന്നു കാണിക്കുന്നത് എളുപ്പമാണല്ലോ. അയാൾ ചെറുതായൊന്നു മൂളി തല തിരിച്ചതും പരിശീലകൻ എന്നോട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു. ഞാൻ തിരിഞ്ഞു നടന്നു. അവിടെ നിൽക്കുന്ന സ്ത്രീകളോട് യാത്ര പറയാനോ, അയാളോട് രണ്ടു വർത്തമാനം പറയാനോ ഒന്നും ഓർമ്മ വന്നില്ല. ആ നട്ടുച്ചവെയിൽ നിലാവുപോലെ കൊണ്ട് ഞാൻ ഗ്രൗണ്ടു കടന്ന് റോഡിലെത്തി. 

ബസ്സു കയറിയ ഉടൻ കൂട്ടുകാരേയും അമ്മയേയും അച്ഛനേയും വിളിച്ച് കാര്യമറിയിച്ചു. എനിക്കുണ്ടായത്ര ആവേശമൊന്നും അവർക്കാർക്കും കണ്ടില്ല. അതു സാരമില്ലെന്നു കരുതാൻമാത്രം ഊർജ്ജത്തള്ളിപ്പ് അന്നേരമുണ്ടായിരുന്നതുകൊണ്ട് ഞാനവരോടു ക്ഷമിക്കുകയായിരുന്നു. 

                                                                                                                                  -ശുഭം-

Contact the author

Recent Posts

Lisha Yohannan 2 years ago
Stories

റൈനോൾഡച്ചന്റെ ബാധ- ലിഷാ യോഹന്നാന്‍

More
More
V J Thomas 2 years ago
Stories

ആമകൾ പറക്കുന്ന കാലം - വി. ജെ. തോമസ്

More
More
Stories

ഛായാപടം - അവധൂതന്റെ മൊഴികള്‍ - ഷാനവാസ് കൊനാരത്ത്

More
More
Gafoor Arakal 3 years ago
Stories

ദാഹം (ആയിരത്തൊന്നു രാവുകള്‍) - പുനരാഖ്യാനം - ഗഫൂര്‍ അറയ്ക്കല്‍

More
More
V J Thomas 3 years ago
Stories

ആൺവൃക്ഷത്തോടവൾക്കു പറയാനുള്ളത് - വി.ജെ. തോമസ്

More
More
V J Thomas 3 years ago
Stories

വിത്തുകുത്തി തിന്നുന്നവർ - വി ജെ തോമസ്‌

More
More