തിരുവനന്തപുരം: സംസ്ഥാന പൊലിസിന്റെ പക്കല്‍ നിന്ന് വെടിയുണ്ട കാണാതായതില്‍ പുതുമയൊന്നുമില്ലെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് തിരുവനന്തപുരത്ത് പറഞ്ഞു. താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടാവും. ഒരുപക്ഷേ എണ്ണം രേഖപ്പെടുത്തിയതിലെ വീഴ്ചയുമാവാം. അതേസമയം കൃത്യമായി പരിശോധിച്ചാല്‍ അവിടെത്തന്നെ കണ്ടെത്താനാവും, റെക്കോര്‍ഡു ചെയ്തതിലെ കുഴപ്പവും ഇതിലുണ്ടാവാം.
വെടിയുണ്ടകള്‍ വിവിധ ഡ്യൂട്ടികള്‍ക്ക് പോകുമ്പോള്‍ പോലീസുകാര്‍ കൈവശം വെക്കും. എന്നാല്‍ ധൃതിപിടിച്ച് കൃത്യനിര്‍വഹണം നടത്തി വരുമ്പോള്‍, എല്ലാ വെടിയുണ്ടകളും തിരിച്ചെത്തിക്കാന്‍ പലപ്പോഴും കഴിയാതെ വരും. എന്നാല്‍ അത് രേഖപ്പെടുത്തേണ്ടതാണ്. അതില്‍ വീഴ്ച്ച വന്നപ്പോഴായിരിക്കും സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവുക എന്നും കോടിയേരി പറഞ്ഞു.
എന്നാല്‍ നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്നതിനു മുന്‍പ് സിഎജി റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നു എന്നത് വളരെ ഗൌരവമുള്ള കാര്യമാണെന്നും, ഇത് സിഎജി സ്വയം അന്വേഷണത്തിന് വിധേയമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സിഎജി, ഡിജിപി-യുടെ പേരെടുത്ത് പറഞ്ഞത് അസാധാരണ നടപടിയാണെന്നും കോടിയേരി പറഞ്ഞു. ലോക്നാഥ് ബെഹ്റയെ ഡിജിപിയായി നിയമിച്ചത് എല്‍ഡിഎഫ് സര്‍ക്കാരല്ല, എന്നാല്‍ സര്‍ക്കാരിന് വിശ്വാസം ഉള്ളിടത്തോളം അദ്ദേഹം ഡിജിപിയായി തുടരുമെന്നും കോടിയേരി വ്യക്തമാക്കി.