കടയില്‍ ഞാനും കടയുടമയും ഒഴികെ എല്ലാം ചൈനീസാ ചേട്ടാ - ആഷിക് വെളിയങ്കോട്

കഴിഞ്ഞ ദിവസമാണ് കൂട്ടുകാരന്റെ ഫാൻസി ഷോപ്പിലേക്ക്  വിൽപ്പന സാധങ്ങൾ വാങ്ങാനായി കേരളത്തിലെ പ്രശസ്ഥമായ തിരൂർ ഗൾഫ്‌ മാർക്കറ്റിൽ എത്തുന്നത്.  മോഡിജിയുടെ ധീരമായ നോട്ട് നിരോധനം തിരൂർ മാർക്കറ്റിനും ഒരു സർജിക്കൽ സ്‌ട്രൈക് ആയി ഭവിച്ചിരുന്നു എന്നെവിടെയോ വായിച്ചതായി ഓർക്കുന്നു.  ഇപ്പോൾ ലോകം മൊത്തം കൊവിഡ് എന്ന മറ്റൊരു സർജിക്കൽ സ്‌ട്രൈക്കിനെ അഭിമുഖീകരിക്കുന്നതിന്റെ സകല ലക്ഷണങ്ങളും മാർക്കറ്റിൽ പ്രകടമായിരുന്നു.  ഒരിക്കൽ ജനനിബിഢമായിരുന്ന സഥലത്ത് ഇപ്പോൾ കാര്യമായ തിരക്ക് ഇല്ലാതായിട്ടുണ്ട്.  തിരൂരിന്റെ പരിസരപ്രദേശങ്ങളിൽ പലതും കൊവിഡ് ബാധിത മേഖലകളായി മാറിയിട്ടുണ്ട്. പൊന്നാനി ട്രിപ്പിൾ ലോക്ഡൗണിന്റെ തണലിലായിട്ട് ദിവസങ്ങളോളമായി.  കൊവിഡ് കനിവ് കാണിച്ച പ്രദേശങ്ങളിലുള്ളവരാവണം മാർക്കറ്റിൽ എത്തിയിരിക്കുന്നത്.   മാർക്കറ്റിൽ പോവുമ്പോഴൊക്കെ രുചിച്ചിരുന്ന അവിൽ മിൽക്ക് ലഭ്യമായിരുന്ന പെട്ടിക്കട അടഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ വല്ലാത്ത വ്യസനം. മനുഷ്യരിവിടെ ജീവനുവേണ്ടി നെട്ടോട്ടമൊടുമ്പോഴാ അവന്റൊരു അവിൽ മിൽക്ക് എന്ന് ചിന്തിച്ചു പോയാൽ തെറ്റില്ല. ഈ മഹാമാരി പൂട്ടിച്ച അനേകം പേരുടെ ജീവിതമാർഗ്ഗത്തിലെ ഒന്ന് മാത്രമാണ് ആ ചെറിയ കടയും.  കയ്യിൽ കരുതിയ ബോട്ടിലിൽ നിന്ന് കുറച്ച് പച്ചവെള്ളം കുടിച്ച് ഞാൻ കൂട്ടുകാരനൊപ്പം അപ്പുറത്തുള്ള ഫാൻസി ഐറ്റംസുകളുടെ ഹോൾ സെയിൽ കടയിലേക്ക് കയറി.  

കടയിലേക്ക് കാലെടുത്ത് വെക്കുമ്പോൾ തന്നെ പ്ലാസ്റ്റിക്കുകളുടെ കുത്തുന്ന ഗന്ധം എന്റെ നാസികയിലേക്ക് ഇരച്ചു കയറി. കുന്നാരം പോലെ കൂട്ടിയിട്ടിരിക്കുന്ന അനേകായിരം വസ്തുക്കൾ.  ഉപ്പുമുതൽ കർപ്പൂരം വരെ എന്ന് പറയുന്ന പോലെ കളിപ്പാട്ടം മുതൽ മൊട്ടുസൂചി വരെ സകലതും അവിടെയുണ്ട്.  എല്ലാം ചൈന മയം. ലിസ്റ്റ് നോക്കി സാധനങ്ങൾ പെറുക്കിക്കൂട്ടുന്ന കൂട്ടുകാരനോട് എന്നിലെ ദേശസ്നേഹി പറഞ്ഞു, അളിയാ  ഇന്ത്യൻ മെയ്ഡ് സാധനങ്ങൾ എടുത്തൂടെ?  അതിർത്തിയിൽ നമ്മുടെ സൈനികരോട് അതിക്രമം കാണിച്ച അവരോട് ഇത്രയെങ്കിലും  നമുക്ക് നമുക്ക് തിരിച്ചു ചെയ്യേണ്ടേ?  നീ ട്വിറ്ററിലും, ഫേസ്ബൂക്കിലും പിന്നെ ദേശസ്നേഹം കൊണ്ട് ഉരുട്ടിയുണ്ടാക്കിയ സകല മീഡിയകളിലും ചൈനീസ് വസ്തുക്കൾ നിരോധിക്കുന്നതിനെ കുറിച്ച് കാണുന്നില്ലേ? മാത്രമല്ല മോദിജി ആത്മനിർഭർ അഭിയാൻ എന്ന ഇന്ത്യയെ സർവ്വ മേഖലകളിലും സ്വയം പര്യാപ്തമാകുക എന്ന ലക്ഷ്യത്തോടെ മറ്റൊരു പരിപാടിയും തുടങ്ങിയിട്ടുണ്ട്, നമുക്ക് അതിനോട് ഐക്യപെട്ടെ മതിയാവൂ.  പരമ പുച്ഛത്തോടെ ലിസ്റ്റ് എന്റെ കയ്യിൽ തന്ന് കൊണ്ട് അവൻ പറഞ്ഞു ഇതിൽ കളിപ്പാട്ടം മുതൽ സ്ത്രീകൾ തൊടുന്ന പൊട്ട് വരെയുള്ള സാധനങ്ങളുടെ പേരുണ്ട് ഞാനും നീയും പിന്നെ കടയിലെ ആളുകളുമല്ലാതെ ഇന്ത്യൻ ആയിട്ട് മറ്റൊന്നുമില്ല ഇവിടെ എന്നാണ്  എന്റെ ഒരു വിശ്വാസം. ഇനി അങ്ങിനെ നിനക്കു കണ്ടെത്താമെങ്കിൽ സന്തോഷത്തോടെ അതൊക്കെ വാങ്ങാൻ ഞാൻ തയ്യാറാണ്.  വെല്ലുവിളി ഏറ്റെടുക്കാൻ തന്നെ ദേശസ്നേഹിയായ ഞാൻ തീരുമാനിച്ചു.  ചെറുതും വലുതുമായ കളിപ്പാട്ടങ്ങൾ തിരഞ്ഞു എന്റെ നടുവൊടിഞ്ഞു പേരിനുപോലുമില്ല ഒന്നു പോലും, പിന്നെ സ്ത്രീകളുടെ ഫാൻസി ഐറ്റംസുകളുടെ ഏരിയകളിൽ, അങ്ങിനെ അലഞ്ഞു നടന്ന് സമയം കളഞ്ഞ ഞാൻ അവനോട്  പറഞ്ഞു. തലൈവരെ ഞാൻ കീഴടങ്ങുന്നു. നമുക്കിനി രാജ്യസ്നേഹം മാറ്റിവെച്ച് പള്ളപ്പൈപ്പിനെന്തെങ്കിലും കഴിക്കാം. 

ഇനി  കാര്യത്തിലോട്ടു കടക്കാം. 25000 രൂപയിലധികം വരുന്ന സാധനങ്ങൾ ഞങ്ങൾ അവിടുന്ന് വാങ്ങിയിരുന്നു. എല്ലാം നിത്യോപയോഗ സാധനങ്ങൾ തന്നെയായിരുന്നു. ഏറിയ പങ്കും ചൈനീസ് നിർമിതങ്ങൾ , ഇന്ത്യൻ വസ്തുക്കൾ കുറച്ചെല്ലാം ഉണ്ടായിരുന്നുവെങ്കിലും അവ പലപ്പോഴും വിലയിലും ആകർഷണത്തിലും, പിന്നെ സാധാരണ വില്പനക്കാരന് ലഭിക്കുന്ന ലാഭത്തിലും ചൈനീസ് വസ്തുക്കളുമായി പിടിച്ചു നിൽക്കാൻ കെൽപ്പ് ഇല്ലാത്തവയായിരുന്നു. ചൈനീസ് ബിസിനസ്സ് തന്ത്രത്തിന്റെ ഭാഗമായ വിദേശ മാർക്കറ്റുകളിൽ വിലകുറഞ്ഞ വസ്തുക്കളുടെ ഡംപിങ് (dumping) നാം അറിഞ്ഞതിലും രൂക്ഷമാണ്, മറ്റൊരു ഓപ്ഷനെ കുറിച്ച് ചിന്തിക്കാനുള്ള ഇടംപോലും നൽകാതെ നമ്മെ ഓരോരുത്തരെയും ഉപഭോക്തരാകുന്നു.  "നിങ്ങൾ  മുതലാളിത്വത്തെ തൂക്കിലേറ്റുന്ന സമയം വന്നാൽ അവർ നിങ്ങൾക്ക് അതിനുള്ള കയർ വിൽക്കും" എന്ന് ഏതോ മഹാൻ പറഞ്ഞ അവസ്ഥയാണ് ഇന്ന് ചൈനയെ ബഹിഷ്കരിക്കുമ്പോൾ നമുക്ക് ആസന്നമായിരിക്കുന്നത്.  Boycott China എന്ന് പ്രിന്റ് ചെയ്ത ചൈനീസ് നിർമ്മിത ടീ ഷർട്ടുകളും, തൊപ്പികളും മറ്റും മാർക്കറ്റുകളിൽ ഇറങ്ങുണ്ടെന്ന് പറയപ്പെടുന്നു. നമ്മുടെ രാജ്യത്തെ മഹാ ഉത്സവങ്ങളായ ദീപാവലിക്കും,  ഗണേശോത്സവത്തിനും ഉപയോഗിക്കുന്ന പടക്കങ്ങൾ മുതൽ നമ്മുടെ ദൈവങ്ങളായ കൃഷ്ണനെയും, ഗണപതിയേയും വരെ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്ത് കോടികളാണ് ചൈന വാരുന്നത്. ഇനി നമുക്കെല്ലാം ചൈന വിരോധം മൂത്ത് ശത്രു സംഹാര പൂജചെയ്യുന്ന അവസ്ഥ വന്നാൽ ആ പൂജാകിറ്റ് വരെ വിറ്റ് അവന്മാർ കാശ് വരുമെന്നതാണ് നിലവിലെത്തെ സ്ഥിതി.

ഇന്ത്യയുടെ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ചൈന, 2019 ഇലെ കണക്കനുസരിച്ച് 68 ബില്യൺ ഡോളറിന്റെ വസ്തുക്കൾ ഇന്ത്യ ഇറക്കുമതി ചെയ്തപ്പോൾ വെറും 17 ബില്യൺ ഡോളറിന്റെ വസ്തുക്കൾ മാത്രമാണ് നാം കയറ്റുമതി ചെയ്തത്.  ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാർമസ്റ്റ്യൂട്ടിക്കൾസ്, കെമിക്കൽസ്, റെയിൽവേ സംബദ്ധമായ ഉപകരങ്ങൾ, സ്റ്റീൽ തുടങ്ങി ഒട്ടനവധി ചരക്കുകൾക്ക് ഇന്ത്യ ചൈനയെ ആശ്രയിക്കുന്നു.  നമ്മുടെ ഇറക്കുമതിയുടെ 25% അധികവും ചൈനയിൽ നിന്നാണ്.  വുഹാനിൽ കോവിഡ് 19 പൊട്ടിപുറപ്പെട്ടപ്പോൾ ചൈനയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന വാണിജ്യ മേഖലകൾക് ഏറ്റ ക്ഷതം ചെറുതല്ല. 75 % ഓളം ചൈനയിൽ നിന്ന് വരുന്ന ഘടകങ്ങളെ ആശ്രയിച്ച് നിൽക്കുന്ന ഇന്ത്യയുടെ പ്രശസ്‌തമായ ഫാർമസ്യൂട്ടിക്കൽ വ്യവസായം ആകെ അവതാളത്തിലായി,  മാത്രമല്ല രാജ്യത്തെ പല ചെറുകിട വ്യവസായങ്ങളും പ്രത്യക്ഷമായും പരോക്ഷമായും അവരുടെ അടിസ്ഥാന ധാതുക്കൾക്കും , നിർമ്മാണ ഘടകങ്ങൾക്കുമായി ആശ്രയിക്കുന്നത് ചൈനയെയാണ്. ഇത് കൂടാതെ ഇൻഡ്യയിലെ പ്രമുഖ സ്റ്റാർട്ട് അപ്പുകളായ ബൈജുസ്, പെയ്‌ ടി എം, സൊമറ്റോ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഒട്ടനവധി കമ്പനികളിൽ മോശമല്ലാത്ത ചൈനീസ് നിക്ഷേപങ്ങൾ ഉണ്ട്.   അതിർത്തിയിലെ കലഹങ്ങളോട് അനുബന്ധിച്ച് രാജ്യത്ത് അനവധി പ്രോജക്ടുകളിൽ നിന്ന് ചൈനീസ്  കമ്പനികളെ ഒഴികാക്കിയിരുന്നു. അതിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു BSNL മായി ബന്ധപ്പെട്ട പ്രൊജക്ട് .  ലോകത്ത് ടെലികോം മേഖലയിൽ , മറ്റു സാങ്കേതിക മേഖലകളിലും ചൈന കൈവരിച്ച പ്രാവീണ്യം ചെറുതല്ല അതുകൊണ്ട് തന്നെ അവരെ മാറ്റി നിർത്തുന്നതും , പകരം കണ്ടെത്തുന്നതും എത്രത്തോളം അഭികാമ്യമാണ് എന്നത് കാത്തിരുന്നു കാണേണ്ടതാണ്. 

ചൈനീസ് മൊബൈൽ ഭീമൻമാരായ ഷവോമി, ഓപ്പോ, ഹുവാവെ തുടങ്ങിയ കമ്പനികൾക്ക് ഇന്ത്യയിൽ വലിയ നിക്ഷേപങ്ങളും, നിർമ്മാണ യൂണിറ്റുകളുമുണ്ട്, അതിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർ ആയിരങ്ങളാണ്.  സെക്യൂരിറ്റിയുടെ പേരുപറഞ്ഞ് ടിക് ടോക്കിനെ നിരോധിച്ചപ്പോൾ പെരുവഴിയിലായത് നിരവധി ഇന്ത്യക്കാരാണ്.

1990 കളിൽ ആളോഹരി വരുമാനത്തിൽ ഇന്ത്യയേക്കാൾ താഴെ നിന്നിരുന്ന ഒരു രാജ്യം സാമ്പത്തിക ഉദാരവത്കരണത്തിലൂടെയും, നയപരമായ സമീപനങ്ങളിലൂടെയും ലോകത്തിലെ വാണിജ്യ ഹബ്ബായി മാറിയത് വളരെ വേഗത്തിലാണ്.  അവർക്ക് ലഭ്യമായ സ്രോതസ്സുകളെയും, മനുഷ്യ മൂലധനത്തേയും ക്രിയാത്മകമായി ഉപയോഗിച്ചു, കഴിയുന്നതും ബിസ്സിനസുകൾ എളുപ്പമാക്കി, ഇന്ത്യയിൽ നിന്ന് വിഭിന്നമായി ചുവപ്പുനാടകളിൽ സ്വപനങ്ങൾ കുടിങ്ങി കിടക്കുന്ന അവസ്ഥകൾ ഇല്ലാതെയാക്കി. അങ്ങിനെ ഒക്കെയാണ് ഇന്ന്  ആഗോളവത്കൃത ലോകത്ത് ചൈന അവരുടെ ഇടം ഉറപ്പിച്ചത്. അത് എളുപ്പത്തിൽ ഇളക്കാൻ കഴിയുന്നതുമല്ല ഇന്ന്.  അന്ധമായ ദേശീയത കൊണ്ടോ, പ്രൊട്ടക്ഷണിസം കൊണ്ടോ WTO പോലുള്ള ഇൻസ്റ്റിട്യൂഷനുകളെയും വാണിജ്യ കാരാറുകളെയും എല്ലാം താണ്ടി ഒരുപരിധിക്കപ്പുറം നമുക്ക് ഒന്നും ചെയ്യാനാവില്ല. സ്കിൽ ഇന്ത്യ, മൈക് ഇൻ ഇന്ത്യ,  തുടങ്ങിയ പദ്ധതികൾ ഒന്നും ഇന്ത്യയെ മുന്നോട്ട് നയിക്കാൻ പ്രാപ്യമല്ല എന്ന് അനുഭവങ്ങളിൽ നിന്ന് തെളിഞ്ഞതാണ്. 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെയാണ് നാമിന്ന് കടന്നു പോകുന്നത്. അതോടൊപ്പം കൂനിന്മേൽ കുരു എന്ന പോലെ കോവിഡും.  ആത്മനിർബർ ഭാരത് അഭിയാൻ ആയാലും ഇനി മറ്റേത് പദ്ധതികൾ ആയാലും വരുന്ന ഗണേശോത്സവത്തിന് ചൈനീസ് ഗണേശനെ ഒഴിവാക്കി അവരെക്കാൾ ഭംഗിയുള്ള കുഞ്ഞു ഇന്ത്യൻ ഗണേശനെ വാങ്ങാൻ സാധാരണ ഭരതീയന് സാധിക്കുന്നിടത്താണ് ഈ ശ്രമങ്ങളുടെ യഥാർത്ഥ വിജയം ഉള്ളത്. അല്ലെങ്കിൽ വിവരമില്ലാത്ത അണികളെ ഇറക്കി വിട്ട് ജിമ്മിക്കുകൾ കാണിക്കാം, അവർ വെറുതെ ചൈനീസ് tv തല്ലിപൊട്ടിച്ച് ഷവോമി ഫോണിൽ അത് ഫോട്ടോ എടുത്ത് പോസ്റ്റിക്കോളും. അതോടൊപ്പം ഷി ചിൻപിങ് ആണെന്ന് കരുതി ഇപ്പോൾ വിവരം ഒന്നുമില്ലാത്ത കിം ജോങ് ഉന്നി ന്റെ കോലം കത്തിച്ച് രാജ്യസ്നേഹം കാണിച്ചു നമ്മളെ അങ്ങട്ട് വലുതാക്കികളയും.  പണിയില്ലാത്തതും മണ്ടത്തരങ്ങളും തമ്മിൽ ബന്ധമുണ്ട് മിഷ്ട്ടർ.

ഒരിക്കെ തിരൂർ മാർക്കറ്റിൽ നിന്ന് ഇന്ത്യൻ സാധനങ്ങൾ മാത്രം വാങ്ങി വരുന്നത് സ്വപ്നം കണ്ട്  കൊണ്ട് ഈ തൊഴിൽ രഹിതൻ തൽക്കാലം രംഗം വിടട്ടെ.

Contact the author

Ashik Veliyankode

Mubashira Rahman
3 years ago

Incisive and very revealing ??

0 Replies
Wandering Nomad
3 years ago

Well written, wonderful article I have read so far

0 Replies

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More