ഗെയിം - സജീവന്‍ പ്രദീപ്‌

നഗരത്തിലേക്ക്

പണിക്ക് പോയി മടങ്ങി വരാൻ വൈകുന്ന

അച്ചനും അമ്മയും,


കുടിലിലെ 

പെൺകുട്ടിയുടെ

ജനനേന്ദ്രിയത്തിലേക്ക്

തീപ്പെട്ടിമരുന്ന് നിറച്ച് കത്തിക്കുന്ന

കോൺവെന്റ് കുസൃതികളായ

നഗരത്തിലെ കുട്ടികൾ


എപ്പോൾ വേണമെങ്കിലും

പൊട്ടാവുന്ന

വംശീയ

അൾസറിന്റെ അഗ്നിപർവ്വതങ്ങളെ

അടിവയറ്റിൽ സൂക്ഷിക്കുന്ന

അതിർത്തി ഗ്രാമം


ഗർഭിണിയായ മജിസ്ട്രേറ്റ് 

നക്ഷത്രങ്ങളുളള ഉടുപ്പ് തുന്നുന്നു

പുളിമാങ്ങയുടെ

തൊലികളയാതെ തിന്നുന്നു.

ചേരപാമ്പിന്റെ ചാരത്തിലൂടെ

നിയമം,

 നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്ക്

ഇഴഞ്ഞുപോകുന്നു.


സന്ധ്യക്ക്

വിശപ്പിന്റെ കറവീണ

ഇയ്യത്തകിട് / ഏലസ്സ് പോലെ മനുഷ്യർ

അടിമകൾ

മരണത്തിലേക്കെന്ന പോലെ

നഗരത്തിൽ നിന്ന്

ഗ്രാമത്തിലേക്ക്

കൂനിക്കൂടി നടന്ന് പോകുന്നു


എന്റെ രാജ്യം,

എന്റെ ഭാഷ

എന്റെ വീട്

എല്ലാം ഒരുപോലെ അപരിചിതമായവർക്ക്

നമ്മുടെ രാജ്യം

നമ്മുടെ ഭാഷ

നമ്മുടെ വീട്

എന്നാരോ പഠിപ്പിച്ചു കൊടുക്കുന്നു


പൊളളിപോയ

ജനനേന്ദ്രിയവുമായിട്ടൊരു പെണ്ണ്

ഫ്ലാറ്റിലെ

വേലക്കാരി വേഷത്തിലേക്ക് 

വയസറിയിക്കുന്നു


മജിസ്ട്രേറ്റ്

മകളെ കോൺവെന്റ് സ്ക്കൂളിലാക്കി

കാറിൽ മടങ്ങുമ്പോൾ

സൈഡ് കൊടുക്കാത്ത

സൈക്കിൾയാത്രക്കാരനെതിരെ

കേസ് എടുക്കാൻ

മൊബൈലിലൂടെ നിർദേശിക്കുന്നു


അടിമകളുടെ

അധ്വാനം

ക്ലിപ്തപ്പെടുന്നു,

ഒടുവിലെത്തെയും /

നടുവിലെത്തെയും

വിനോദങ്ങളിലേക്കവർ

മദ്യശാലയുടെ ഗുഹാവഴികളിലൂടെ

അപ്രത്യക്ഷരാവുന്നു


വംശീയത

അവർക്കൊരു രാജ്യമില്ലെന്നും

വീടില്ലെന്നും

ഭാഷയില്ലെന്നും 

അർത്ഥശങ്കയ്ക്കിടമില്ലെന്ന മട്ടിൽ

പ്രഖ്യാപിക്കുന്നു


ബുദ്ധമരങ്ങളിൽ

തൂങ്ങിമരിച്ചവരുടെ നാവ്

ഇലകളാവുന്നു


*എല്ലുമുറിയെ പണിയെടുത്താൽ

പല്ലുമുറിയെ തിന്നാം*

നാവടക്കു പണിയെടുക്കൂ*

അടിമച്ചന്തകളുടെ  

  പഴംചൊല്ലുകൾ


ചരിത്രം

ചോര തെറിക്കുന്ന ആട്ടിൻ തലയുമായി

കയറി വരുന്നു


അടിമകൾ

നിന്നിടത്ത് നിന്ന് മരിക്കുന്നു

രാജ്യം

നമ്മുടേതെന്ന

ഭ്രാന്ത് പുലമ്പുന്നു

ഭാഷ

വീട്

ഒന്നും നമ്മുടേതാവില്ലെന്ന

ഓർമ്മകുറിപ്പിൽ

ഗ്രാമം

ഒരു അമ്പലത്തിലേക്ക് ചുരുങ്ങുന്നു


മജിസ്ട്രേറ്റ്

തീപ്പെട്ടി മരുന്ന് നിറച്ചവർ

നഗരം

കേസെടുത്ത പോലീസ്ക്കാരൻ

ഫ്ലാറ്റുടമ

ഇവർ എല്ലാവരും ഒരു വശത്ത്.


നഗരത്തിലേക്ക് പോയ

അച്ചനും അമ്മയും

ജനനേന്ദ്രിയം പൊളളിയ പെൺകുട്ടി

സൈക്കിൾ യാത്രക്കാരൻ

എന്നിവർ മറുവശത്തും


എപ്പോഴും

മടിയനായ ദൈവം 

റഫറിയാണ്


ഫാസിസ്റ്റ് ഗെയിം

ആരംഭിക്കുകയാണ്...


കളിയിലെപ്പോഴും

മരിക്കേണ്ടവർ 

മുൻക്കൂട്ടി നിശ്ചയിക്കപ്പെട്ടതിനാൽ...

Contact the author

Sajeevan Pradeep

Anto John
3 years ago

he has a clear politics in his poems.. loved it sajeevetta

0 Replies

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More