ജനി തബലയിൽ വീഴ്ത്തിയ മുറിപ്പാടുകൾ - മുഹമ്മദ് റാഫി എൻ.വി

 കഥ 

ഏകാന്ത വേളകളിൽ ചിലപ്പോഴൊക്കെ അസഹ്യമായ ഒരു വിഷാദം  അവളെ വന്ന് ഇറുകെ പിടിക്കാറുണ്ട്. ഉടൽ വേനലേറ്റു പൊള്ളുന്ന പോലെയും രക്തചംക്രമണത്തിന്റെ പ്രവേഗങ്ങൾ രാസത്വരകത്തിലകപ്പെട്ട് മദിക്കുന്ന പോലെയും നൊടിയിടയ്ക്കുള്ളിൽ അനുഭവപ്പെടുകയും തൊട്ടടുത്ത നിമിഷത്തിൽ വീണ്ടും തണുത്തുറഞ്ഞ് മരവിപ്പിലേക്ക് പോവുകയും ചെയ്യാം.  

ഉടലോളങ്ങൾ ചിലപ്പോൾ ഒരു ബൊഹീമിയൻ സഞ്ചാരിയെ പോലെയാണ്. പിടിതരാതെ തന്റെ ഇഷ്ടങ്ങൾ പലപ്പോഴും നടപ്പാക്കും. തബലയിൽ ഉടലോളങ്ങൾ പരീക്ഷിക്കുന്നതിനിടയിലാണ് അതിനെ വരിഞ്ഞുമുറുക്കിയ കയറുകളിലൊന്ന് ശ്വാസം വിടുകയും അയഞ്ഞു വീഴുകയും ചെയ്തത്. അതിന് ശ്രുതി ഭംഗം സംഭവിക്കുകയും ജെനി ആകെ അസ്വസ്ഥയാവുകയും ചെയ്തു. തോരാമഴയുടെ താളങ്ങൾ വിരലുകളിൽ ആവാഹിച്ചെടുത്ത് എത്രയോ തവണ പെയ്തിറക്കിയിട്ടും ഒരിക്കൽ പോലും മുറുക്കം അഴയുകയോ പിണങ്ങുകയോ ചെയ്യാതിരുന്ന തബല തന്റെ ചിലന്തി വിരലുകളുടെ മൃദു സ്പർശ സാമീപ്യംകൊണ്ട് മുറിവേറ്റപ്പോൾ അവൾക്കും മുറിവേറ്റു. പൊട്ടിവീണ കെട്ടിവരയൻ ചരട് കോർത്തെടുത്ത് മുറുക്കിക്കെട്ടാനുള്ള ശ്രമത്തിനിടയിൽ തള്ളവിരലും ചൂണ്ടുവിരലും തൊലിയുരിഞ്ഞ് രക്തഛവി കെട്ടി. കൈവിരൽ വായിൽ ഇട്ട് ഒട്ടൊന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് കോളിങ്ങ് കിളി ചിലച്ചത്.. അവൾ കുറച്ച് ശ്രമപ്പെട്ട് ഇടത് കൈകൊണ്ട് വാതിൽ തുറന്നു. ദീരജാണ്. സുൾഫിയെ അന്വേഷിച്ച് വന്നതായിരിക്കും. തന്റെ മുഖത്തെ പരവേശം കണ്ട് കാര്യം അന്വേഷിക്കുകയും തബല പരിശോധിച്ച് ചരട് മുറുക്കുകയും ചെയ്തു. കൈവിരൽ പിടിച്ചുനോക്കി വലിയ പ്രശ്നങ്ങളില്ലെന്നും ചില പൊടിക്കൈകൾ കൊണ്ട് പരിഹരിക്കാവുന്ന കാര്യമേയുള്ളൂവെന്നും  അവൻ പറയുന്നു. പെട്ടെന്ന് തന്നെ ദീരജ് തന്റെ ഉടുമുണ്ടിന്റെ ഒരു ചെറിയ കഷ്ണമെടുത്ത് ഉപ്പുവെള്ളത്തിൽ മുക്കി കൈവിരലുകളെ പൊതിഞ്ഞു. ജെനി ദീരജിന് അഭിമുഖം ഇരുന്നു. മുമ്പില്ലാത്ത ഒരു തരം കൗതുകത്തോടെ അയാളെത്തന്നെ നോക്കുകയും ചെയ്തു. ടീ പോയിൽ വെച്ചിരുന്ന ഗ്ളാസുകളിലൊന്നില്‍  മദ്യം പകർന്നു കുടിക്കുന്നതിനു മുമ്പായി രണ്ടാമത്തെ ഗ്ളാസിൽ ഒഴിക്കേണ്ടതുണ്ടോ എന്ന ആംഗ്യാന്വേഷണം ദീരജ് നടത്തിയപ്പോൾ അന്നത്തെ മാനസികാവസ്ഥയിൽ അവൾക്കത് നിഷേധിക്കാൻ സാധിക്കില്ലായിരുന്നു. അത്രക്ക് പരവശയായിരുന്നു അവളപ്പോൾ. ദീരജ് നൽകിയ മദ്യം ഒരു കവിൾ കഴിക്കുകയും അറിയാതെ അവന്റെ കണ്ണുകളിലേക്കുതന്നെ കുറച്ച് സമയം നോക്കുകയും ചെയ്തു. ആ മിഴിയാഴത്തിന്റെ പ്രകാശ ശക്തിയിൽ ദീരജിന്റെ കണ്ണുകൾ ചൂളി. അയാൾ അവസ്ഥ പുന:സ്ഥാപിച്ച തബലയെടുത്ത് അവളുടെ അടുത്തുവെ ക്കുകയും ചരടുകൾ ഇടഞ്ഞപ്പോൾ എന്തായിരുന്നു തബലയിൽ വായിച്ചത് എന്ന് പതിഞ്ഞ ശബ്ദത്തിൽ അന്വേഷിക്കുകയും ചെയ്തു. ജെനിയുടെ തബലയിൽ മറ്റൊരാളും സ്പർശിക്കുന്നത് അവൾക്ക് ഇഷ്ടമല്ല എന്ന് അറിയാവുന്നതുകൊണ്ടായിരുന്നു അയാൾ അത് താളം വീണ്ടെടുത്തോ എന്ന് പരിശോധിക്കാതിരുന്നത്. ഒരിക്കൽ സുൾഫി ദീരജിനോട് അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. അവർ രണ്ടുപേരും മാത്രമുള്ള ഒരു മദ്യപാനാവസരത്തിൽ സുൾഫി മറ്റൊരു  രഹസ്യവും ദീരജിനോട് പങ്കുവെച്ചു. ഇണചേരുന്ന അവസരത്തിൽ  അവള്‍ അവളുടെ തബലയില്‍ നിന്നുതിര്‍ക്കുന്ന താളങ്ങള്‍ പോലെയാണ് ഒഴുകാറുള്ളത്. ജെനിയെ നോക്കി ഇരുന്നപ്പോൾ സുൾഫി ദീരജ് പറഞ്ഞ അക്കാര്യം ഓർത്ത് അവളുടെ നേർക്ക് ചെറുതായി മന്ദഹസിച്ചു. ജെനി അപ്പോൾ സുൾഫിയെ കുറിച്ചോർക്കുകയായിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ദീരജ് അന്ന് സുൾഫിയെപ്പറ്റി ഒന്നും അന്വേഷിച്ചില്ല. സുൾഫിയുടെ അസാന്നിധ്യങ്ങളിൽ തീർച്ചയായും ദീരജ് അത് അന്വേഷിക്കാറുള്ളതും ഈയിടെ ആയുള്ള അവന്റെ അമിത ലഹരി ഉപയോഗത്തെയും ഉത്തരവാദിത്തരഹിത ജീവിതത്തെയും പറ്റി ചെറിയ വാക്കുകളിൽ വിയോജിപ്പ് രേഖപ്പെടുത്താറുള്ളതുമാണ്. 

        ജെനി അപ്പോൾ ഓർത്തത് ഇത്തരം ഒരു സന്ദർഭത്തിൽ സുൾഫി എങ്ങിനെയായിരിക്കും പ്രതികരിക്കുക എന്നതായിരുന്നു. തന്റെ തബല പിണങ്ങുകയും കൈവിരലിന് മുറിവേൽക്കുകയും ചെയ്തത് അയാളെ ഇതുപോലെ പ്രതികരിക്കാൻ പ്രേരിപ്പിക്കുമൊ? അപ്രവചനീയമായ ഒരു തരം നിഗൂഢത സുൾഫിയുടെ പല പ്രതികരണങ്ങളിലും  ഉണ്ടെങ്കിലും ദീരജിന്റെ ഉത്തരവാദിത്തത്തോടെയുള്ള ഇടപെടൽ സുൾഫിയിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. ഇണചേരുമ്പോൾ താൻ അയാളിൽ ഏൽപ്പിക്കുന്ന ദന്തക്ഷതങ്ങളോട് ചിലപ്പോൾ ഇതിനെ സാമ്യപ്പെടുത്തി പുഞ്ചിരിക്കും. പിൻകഴുത്തിലെ ചെമ്പിച്ചു നേർത്ത രോമങ്ങളിൽ ഊതി ചെറുവിരൽ കൊണ്ട് തഴുകുമ്പോഴാണ് താൻ അയാളെ ദന്തക്ഷതമേൽപ്പിക്കുന്നത് എന്ന് അയാൾ കളിയായി പറയാറുണ്ടായിരുന്നു. 

       ഒരുതരം അയഞ്ഞ മനോഭാവത്തെ ഇഴചേർത്ത സമീപനമാണ് ജെനിയോടെന്നല്ല ചുറ്റും സംഭവിക്കുന്ന പല പ്രതികരണങ്ങളോടും പ്രശ്നങ്ങളോടും സുൾഫി പലപ്പോഴും പുലർത്തിയിരുന്നത്. താൻതന്നെ സൃഷ്ടിച്ചെടുത്ത ഒരുതരം അപരലോകം അയാൾക്ക് ചുറ്റുപാടിൽ നിന്നും മറ സൃഷ്ടിക്കാൻ ഉപകാരപ്പെടുന്നുണ്ടാവണം. അതുകൊണ്ടുതന്നെ മറ്റുള്ളവരിൽ നിന്ന് സ്വയത്തെയും കൊണ്ട് ഒളിച്ചോടാനും, അതേസമയം സ്വയം പറ്റിക്കപ്പെടാനും ഏറെ സാധ്യതയുള്ള ഒരു നിലാവെളിച്ചം അയാളുടെ തലയിൽ എപ്പോഴും പരന്നിരുന്നു എന്നു തോന്നുന്നു. താൻ ആരുടെയും ചലനങ്ങളെ സൂക്ഷ്മമായി പിന്തുടരാറില്ല എന്നതുപോലെ തന്‍റെ ചലനങ്ങളെപ്പറ്റി ചുറ്റുമുള്ളവരും അത്ര ഉൽക്കണ്‍ഠപ്പെടില്ല എന്ന് അയാൾ തികച്ചും നിരുത്തരവാദപരമായി വിശ്വസിച്ചിരുന്നു. ആ മൗഢ്യത്തിന് അയാൾ പിൽക്കാലത്ത് വലിയ വില നൽകേണ്ടിയും വന്നു. 

     പതിവില്ലാതെ ദീരജ് അന്ന് സുൾഫി വരുന്നതിനു മുമ്പുതന്നെ അവിടെനിന്നും പോകാനൊരുങ്ങി. ഒരുപക്ഷെ അന്ന് ആദ്യമായി ജനിയുടെ കൈകൾ ദീരജ് അസ്വാഭാവികമായി സ്പർശിക്കുകയും ചെയ്തു. തബലകൊണ്ട് മുറിവേറ്റ സ്ഥലം പരിശോധിക്കാനെന്ന വ്യാജേനയായിരുന്നു ദീരജ് അങ്ങിനെ ചെയ്തത്. കൈപ്പടത്തിനു മുകളിൽ ഉള്ള രോമരാജിയിൽ ദീരജ് തലോടിയപ്പോൾ അവളുടെ ഉള്ളിൽ നിന്നും തബല ധിമി ധിമിക്കുകയും ഇണ ചേരാനുള്ള തോന്നൽ ഉണ്ടോ എന്ന സന്ദേഹത്തിൽ അവൾ അകപ്പെടുകയും ചെയ്തു. അപ്പോഴാണ് ദീരജിന്റെ സ്പർശത്തിലെ അസ്വാഭാവികതയെപ്പറ്റി അവൾ ബോധവതിയായത്. അതി വിചിത്രമായ തരത്തിലാണ് ആ സന്ദര്ഭത്തില്‍ സുൾഫിയെപ്പറ്റി അവള്‍  ഓർത്തത്. ഒരിക്കൽ ദുര്യോധനന്റെ ഭാര്യ ഭാനുമതിയും കർണ്ണനും ചൂത് കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കളി നിർത്തിക്കളഞ്ഞ ഭാനുമതിയെ പിടിച്ചുകൊണ്ട് കർണൻ; 'എന്താണ് ഇത്ര പെട്ടെന്ന് കളി നിർത്തി കളഞ്ഞത്'- എന്ന് ആരായുകയും 'പോവല്ലേ' എന്ന് പറയുകയും ചെയ്തു. ഒട്ടും മനഃപൂർവ്വമല്ലാതെയോ ആയിട്ടോ എന്ന് കൃത്യമായി നിശ്ചയമില്ലാത്ത വിധം ആ പിടുത്തം ചെന്ന് കൊണ്ടത് ഭാനുമതിയുടെ ഉടലരഞ്ഞാണത്തിലായിരുന്നു! അതിന്റെ മുത്തുകൾ താഴെ വീണ് ചിതറിയ സന്ദർഭത്തിലാണ് ദുര്യോധനൻ കയറിവന്നത്. കർണ്ണൻ ആകെ വല്ലാതെയായി. തന്നെ സംശയിക്കുമോ എന്ന വ്യഥയും വിയർപ്പും അയാളുടെ ദേഹം ഉതിർത്തു. എന്നാൽ ദുര്യോധനൻ ചെയ്തത് ആ മുത്തുമണികൾ ഒന്നൊന്നായി പെറുക്കിയെടുത്തു ഭാനുമതിക്ക്‌ നൽകുകയായിരുന്നു. ഒരു പക്ഷെ ദുര്യോധനന് തന്റെ സുഹൃത്തിനെ അത്രയ്ക്ക് വിശ്വാസമായിരിക്കാം. പലയിടത്തും പല വിധത്തിൽ ആവർത്തിക്കപ്പെട്ട ആ കഥ ജെനി ആ സമയത്ത് സന്ദർഭത്തിൽ അല്ല എന്ന പോലെ ഓർത്തു.

എന്തുകൊണ്ടോ അന്നുരാത്രി ജെനി സുൾഫിയുമായി ഇണചേർന്നില്ല. അവളുടെ ഉടലിന് താളഭംഗം അനുഭവപ്പെടുകയും രതിയുടെ വന്യമായ ആന്തരിക ചലനങ്ങളിലേക്ക് അത് സ്വയമേവ ചെന്ന് പുൽകുകയും ചെയ്തു. വളഞ്ഞുപുളഞ്ഞാഴുകുന്ന ഒരു കാട്ടാറിന്റെ നിശ്ശബ്ദത ആ ഉടലിൽ തളംകെട്ടി നിൽക്കുന്നതായി ഉറക്കത്തിലേക്ക് സ്വയം വഴുതി വീഴ്ത്താൻ ഓരോ തവണ പരിശ്രമിക്കുമ്പോഴും അവൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. ചിലന്തിയുടെ കാലുകൾ പോലെയുള്ള  കൈവിരൽ ചലിപ്പിച്ച് പതിയെ തന്റെ ഉടലിലെ അക്ഷാംശ രേഖകളിലൂടെയെല്ലാം കപ്പലോടിക്കുന്ന നാവികയെപ്പോലെ അവൾ കുറച്ചുസമയത്തേക്ക് രൂപം മാറി. നാഭിയുടെ ചുഴിയിൽ ചിലന്തി വിരലുകളിൽ ചെറുതുകൊണ്ട് തലോടുകയും ഇറുകെ വിടർത്തുകയും ചെയ്തപ്പോൾ രക്തഛവി കെട്ടിയ വിരലുകൾ പ്രതിഷേധിക്കുകയും അവയ്ക്ക് ചെറുതായി നൊമ്പരപ്പെടുകയും ചെയ്തു. അന്നുരാത്രി അവളുടെ ഉടൽ തബലയുടെ മേൽപ്രതലമായി രൂപാന്തരപ്പെട്ടു. ഉടലിലെ മാർദ്ദവങ്ങളും ചുഴികളും വാമുറിവുകളും ദളങ്ങളും കൈവന്ന ആ തബലയിൽ അവളുടെ കൈവിരലുകളും അതിന്റെ കീഴ്ഭാഗവും നിർബാധം സഞ്ചരിക്കുകയും അവൾ തന്റെ ഉടലിനെ ആത്മരതിയുടെ ഓളങ്ങളിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. മറ്റൊരു ദിവസം നളിനിയുടെ കൂടെ ചെലവഴിച്ച രാത്രി അവളുടെ സഹായത്താൽ തന്റെ ഉടലിന് കൈവന്ന ആത്മഹർഷം ആ നിമിഷം അവൾക്ക് ആദ്യാനുഭവമായി വിരുന്നെത്തുകയായിരുന്നു. എന്നാൽ അപ്പോഴതവള്‍ക്ക്  അറിയില്ലായിരുന്നു. നളിനിയുടെ സഹായത്താൽ തന്റെ ഉടൽ പൂവിട്ട് പരിലസിച്ചപ്പോൾ മാത്രമാണ്, തന്റെ  ഉടൽ ഒരിക്കൽ പൂത്തു പരിലസിച്ച ഇല്ലാതാവലിനെ അത് വീണ്ടെടുക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത് എന്ന് അവൾ തിരിച്ചറിഞ്ഞത്. ചില അനുഭവങ്ങൾ പുന:സൃഷ്ടിക്കപ്പെടുമ്പോൾ മാത്രമാണ് അത് സ്വയം തിരിച്ചറിയപ്പെടുന്നത് എന്ന് സുൾഫി വളരെ പിൽക്കാലത്ത് നന്നായി മദ്യപിച്ച് ഉൻമത്തനായ ഒരു നിമിഷത്തിൽ അവളോട് പറഞ്ഞു.   

തലേന്ന് രാത്രി പതിവിലധികം മദ്യപിച്ചിരുന്നതിനാലാവണം സുൾഫി പിറ്റേ ദിവസം വൈകിയാണ് എഴുന്നേറ്റത്. അസാധാരണമായ ചില കാരണങ്ങൾ കൊണ്ട് രണ്ടുമൂന്നു മാസമായി ജെനിക്ക്  ഫെലോഷിപ്പ് തുക ലഭിച്ചിരുന്നില്ല. ഇനിയും ലഭിച്ചില്ലെങ്കിൽ വാടകയും ഹോട്ടലിലെ ബില്ലും മുടങ്ങാനിടയുണ്ട്. ദീരജ് കുറച്ചുപണം ജെനിയുടെ കൈയ്യില്‍ ഏൽപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അവൾ ഒരു കുറിപ്പും കുറച്ച് പണവും മേശമേൽ വെച്ചിട്ടുണ്ട്. ഒരുതരം നിസ്സഹായതയോടെ സുൾഫി അതിൽ നിന്നും നൂറു രൂപയെടുത്ത് ബാക്കി വാടകക്കാരനെ ഏൽപ്പിച്ചു.

ജെനി റിസർച്ച് ബ്ളോക്കിലേക്ക് പോകുമ്പോൾ ദീരജ് ഷർമിളയോടൊപ്പം കോഫീ ഹൗസിലിരിക്കുന്നു. അയാൾ വീണ്ടും പതിവുകൾ തെറ്റിക്കുന്നു. ഇറങ്ങി അരികിലേക്ക് വന്നു. കൂടെ നടക്കുന്നു. പ്രത്യേകിച്ച് ഒന്നും സംസാരിക്കാനില്ല എന്ന് തോന്നിപ്പിക്കാനുള്ള ചില ശ്രമങ്ങളിലാണ്. ഹൈവേയുടെ അരികിൽ ഉള്ള മതിൽക്കെട്ടിൽ കുറച്ചു സമയം വെറുതെ ചാരിനിന്നപ്പോൾ ഒരു ഓന്ത് പല്ലിളിച്ചു കാണിച്ചു കൊണ്ട് കടന്നുപോയി. ദീരജ് അത് ശ്രദ്ധിച്ചില്ല. അയാൾ ഒരു സിഗററ്റിന് തീ പിടിപ്പിച്ച് ഇമ്മാനുവൽ കാന്റിന്റെയും സാർത്രിന്റെയും  ഫിലോസഫി പറയുന്നു. ബീയിങ്ങ് ആൻറ് നതിങ് നെസ്! പെട്ടെന്ന് ബോറടിച്ചു. അയാൾ അവിടെ ഉപേക്ഷിക്കപ്പെടുന്നത് അയാൾ ആഗ്രഹിക്കുന്നുണ്ടാവില്ല എന്ന തോന്നലിൽ മാത്രം അവിടെ കുറച്ചുസമയം ചെലവഴിച്ചു. ജെനി സുൾഫിയെ കുറിച്ചോർത്തു. അയാളിപ്പോൾ എഴുന്നേറ്റു കാണുമോ? പതിവുപോലെ ഇന്ന് ഉച്ചഭക്ഷണം കഴിച്ചു കാണില്ല. മദ്യപാനം നേരത്തെ തുടങ്ങിക്കാണും  തികച്ചും നിരുത്തരവാദിത്തപരമായ ആയാസരഹിത നിമിഷങ്ങളെ പുൽകിക്കാണും. മടിച്ചിരിക്കാനുള്ള നിമിഷങ്ങളെ അയാൾ  അത്രക്ക്  ഗാഢമായി പ്രേമിക്കുന്നുണ്ട്!  അയാൾക്ക് എന്നെയും എനിക്ക് അയാളെയും പരസ്പരം സഹിക്കുക എന്ന അവസ്ഥ വന്നുതുടങ്ങിയിരിക്കുന്നു എന്ന് തോന്നിത്തുടങ്ങിയ സന്ദേഹത്തിലാണ് ഇത്തരം ഓർമിക്കലുകൾ ഈയിടെ  ചെന്നവസാനിക്കുന്നത്! അതുകൊണ്ട് അതും പാതിവഴിയിലുപേക്ഷിച്ചു. 

 ദീരജിന്റെ അടുത്ത നീക്കം എന്തായിരിക്കും എന്ന് ആലോചിച്ചുനിൽക്കെ അയാൾ ആ കളി എന്തുകൊണ്ടോ പെട്ടെന്ന് സ്കൂട് ചെയ്തു. രണ്ടുപേരും ആഗ്രഹിച്ചിട്ടെന്നപോലെ റഫീഖ് അതുവഴി വന്നു. ലേഡീസ് ഹോസ്റ്റലുമായി ബന്ധപ്പെട്ട ഒരു ഇഷ്യു കത്തിനിൽക്കുന്നുണ്ട്. വളരെ സ്വാഭാവികമാണ് എന്ന് തോന്നിപ്പിക്കുന്ന വിധം ദീരജിനും റഫീഖിനും അതിൽ ഇടപെടേണ്ടതുമുണ്ട്. 

ജെനി ഡിപ്പാർട്മെന്റിലേക്ക് നടന്നു. പെട്ടെന്ന് മഴ പെയ്തു. ഡിപ്പാർട്മെന്റിന്റെ മുകളിൽ വിരിച്ച ഹാസ്ബെറ്റോസ് ഷീറ്റിൽ മഴത്തുള്ളികൾ ആരോഹണ ക്രമത്തിൽ വീഴാൻ തുടങ്ങി. അവൾ അല്ലാരഖയെ വായിക്കുന്നതുപോലെ ധ്യാനാത്മകമായി അതുകേട്ടു. ഒരു സിഗരറ്റ് വലിക്കാൻ മുട്ടിയപ്പോൾ ഹാരിസ് മാഷുടെ ക്യാബിനിലേക്ക് കടന്നുചെന്നു. മാഷ് അവിടെയില്ല. ഷെൽഫിന്റെ ഇടയിൽ തിരുകി വെച്ച ഫിൽറ്റർ സിഗരറ്റ് ഒരെണ്ണമെടുത്ത് കത്തിച്ചു പുകവിട്ടു. അല്ലാരഖയുടെ മഴ അവസാനിച്ചു. ലൈബ്രറിയിൽ ചെന്ന് വിക്ടർ ലീനസിന്റെ കഥകൾ തിരികെ കൊടുത്തു. ഡിപ്പാർട്മെന്റിന്റെ ഓഫീസിൽ ഒപ്പുവെക്കാൻ ചെന്നപ്പോൾ നളിനി വിളിച്ചിരുന്നു എന്ന് അറിഞ്ഞു. നളിനി ക്വാർട്ടേഴ്സിൽ ഇല്ലായിരുന്നു. അന്വേഷിച്ചപ്പോൾ അവൾ പോലീസ് സ്റ്റേഷനിലാണ്. ഒരു കസ്റ്റമറുമായി ചേർന്ന് ലോഡ്ജിൽ കഴിയുമ്പോൾ പോലീസ് പൊക്കിയതാണ്. കസ്റ്റമർ എങ്ങിനെയൊക്കെയോ പിടികൊടുക്കാതെ രക്ഷപ്പെട്ടു. നളിനിയുടെ കൈയിൽ അധികം പണമില്ല. ജാമ്യത്തിന് ആളു മാത്രം പോര എന്ന് ചുരുക്കം. സുൾഫിയെ വിളിച്ചിട്ട് കാര്യമില്ല. ഹോസ്റ്റലിൽ വിളിച്ചപ്പോൾ ദീരജും റഫീഖും വന്നു.

      നളിനി അന്ന് അവളുടെ താമസസ്ഥലത്തേക്ക് പോകുന്നില്ലെന്നും ജെനിയുടെ ക്വാർട്ടേഴ്സിലേക്കാണെന്നും പറഞ്ഞപ്പോൾ രണ്ടുപേരും കൂടി ആദ്യം ഒരു ബോട്ടിൽ മദ്യം സംഘടിപ്പിക്കാമെന്ന തീരുമാനത്തിലെത്തി. കോയ റോഡിലെ വില്പനശാലയിൽ വരിനിൽക്കുമ്പോൾ പിറകിൽ നിന്ന് കേട്ട കമന്റുകൾ വളരെ സ്വാഭാവികമെന്നോണം അവഗണിക്കുകയും സ്വീറ്റ് നൈറ്റ് എന്ന് പേരെഴുതിയ ഒരു ബോട്ടിൽ ജിൻ വാങ്ങി താമസസ്ഥലത്തേക്ക് തിരിക്കുകയും ചെയ്തു. സമീപത്തെ കടയിൽ കയറി സോഡയും ഒരു പാക്കറ്റ് മെൻതോൾ സിഗരറ്റും വാങ്ങി. ജെനിയും നളിനിയും അന്നത്തെ സാായാഹ്നത്തിൽ  നിന്ന് അവർക്കു മാത്രം ലഭ്യമാവുന്നത് എന്ന് തോന്നിപ്പിക്കുന്ന ഒരു തരം ഏകതാനതയിലേക്ക്  രാത്രിയെ പ്രവേശിപ്പിച്ചു. ആ ഒറ്റമുറി ക്വർട്ടേഴ്‌സിന്റെ ടെറസിൽ പടർന്നു നിൽക്കുന്ന ചേലൻ മാവിന്റെ കൊമ്പും ഇലകളും പകരുന്ന ചോലയിൽ അവർ പരസ്പരം  ഇരുട്ടിലിരുന്നു. നിലാവും  നേരിയ മഞ്ഞും കൂട്ടിനുണ്ടായിരുന്നു. ഇടക്കെപ്പെഴോ എവിടെ നിന്നോ  വന്നുപോയ  ഒരു വെള്ളിവെളിച്ചത്തിന്റെ പ്രഭയിൽ ജെനിയുടെ ഉടൽ തിളങ്ങി. നളിനി ജെനിയുടെ മടിയിൽ കിടന്ന് 'വെജൈന ഓ മൈ വെജൈന...'  എന്ന് തുടങ്ങുന്ന ഒരു പാട്ടു പാടി കൈകൊട്ടി ചിരിച്ചു. ജെനി തന്റെ ഇടതു കൈകൊണ്ട് തബലയെയും വലതു കൈകൊണ്ട് മടിയിൽ കിടക്കുന്ന നളിനിയുടെ കവിളുകളെയും ഇക്കിളിയിട്ടു. പതിയെ തലപിടിച്ചു തലോടി വിരലുകൾ കൊണ്ട് ഉമ്മയുടെ നേരിയ ക്ഷതങ്ങൾ ഏൽപ്പിച്ചു. ജെനി ആ സമയം ദീരജിനെയോ സുൾഫിയെയോ ഓർക്കാതെയും നളിനി താൻ ചെയ്യുന്നത് ഒരു തൊഴിൽ അല്ല എന്ന തോന്നലോടെയല്ലാതെയും പരസ്പരം തോളിൽ  കൈകൾ  ചേർക്കുകയും ചുംബിക്കുകയും ചെയ്തു. ആ രാത്രി അവർ അത്യധികം സന്തോഷവതികളായിരുന്നു..

ജെനിയുടെ തബലക്ക് ഏകാത്മകമോ ക്രമാത്മകമോ ആയ ചലനങ്ങളും താളങ്ങളും ഇഷ്ടമല്ലായിരുന്നു. അതിന്റെ താളഭംഗവും ശ്രുതിഭംഗവും ഇടക്കിടെയുള്ള മയക്കവും ഉണർവും ഉന്മത്തതയും എവിടെയും അസ്ഥിരപ്പെട്ടു മാത്രം നിൽക്കുന്ന സ്ഥിതിയും ആ അനിഷ്ടത്തെ പ്രഖ്യാപിച്ചിരുന്നു. ജനിയുടെ തബലക്കും അവളുടെ ആത്മാവ് തന്നെയാണ് ഉള്ളതെന്ന് ഒരിക്കൽ സുൾഫി പറഞ്ഞത് അവൾ ഓർത്തു. അവളപ്പോൾ ദീരജിനോടൊപ്പം തബലയുമായി അഭിമുഖം ഇരിക്കുകയായിരുന്നു. സുൾഫി അപ്പോൾ അയാളുടെ നാട്ടിലായിരുന്നു. ഒന്നുരണ്ടു മാസങ്ങൾക്കകം തിരിച്ചെത്തി രണ്ട് ദിവസത്തിനകം തന്നെ തനിക്ക് ആ ഒറ്റമുറി ക്വർട്ടേഴ്‌സിലുള്ള  സ്ഥലം നഷ്ടമായെന്ന് വേദനയോടെയാണെങ്കിലും അയാൾക്ക്‌ തിരിച്ചറിയേണ്ടതുണ്ടായിരുന്നു.

'ജീവിതം വിചിത്രമായൊരു തെരുവീഥിയാണ്, ഒത്തു ചേരലുകളെക്കാൾ അവിടെ നടക്കുന്നത് ഒഴിഞ്ഞു കൊടുക്കലുകളും തെന്നിമാറലുകളും ആണ്' എന്ന വാക്യത്തിന് ഇങ്ങിനെയും ചില വ്യഖ്യാനങ്ങൾ നടത്താമെന്ന് സെൻട്രൽ ലൈബ്രറിയിൽ ഇരുന്ന് എസ് കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ വായിച്ചു കൊണ്ടിരിക്കെ സുൾഫി വെറുതെ ഓർത്തു. കവർന്നെടുക്കലുകളാണ് അവിടെ സംഭവിക്കുന്നത് എന്ന് ഊഹിക്കാതിരിക്കാൻ മാത്രമുള്ള രാഷ്ട്രീയ ബോധ്യം സുൾഫിക്ക് ഉള്ളത് കൊണ്ടോ എന്തോ അയാൾക്ക്‌ ആരെയും ഇക്കാര്യത്തിൽ കുറ്റപ്പെടുത്താൻ തോന്നിയില്ല. ജെനി പക്ഷെ അയാളുടെ കാര്യത്തിൽ വിശാല മനസ്കതയും മാന്യതയും പുലർത്തി എന്ന് ഉദാരയായിരുന്നു. ഇടവിട്ട ചില ദിവസങ്ങളിൽ സുൾഫി വരുമ്പോഴൊക്കെ അവൾ അയാൾക്ക്‌ മദ്യവും ഭക്ഷണവും നൽകി. ചിലപ്പോൾ അയാൾ ആവശ്യപ്പെട്ടിട്ടും ചോദിക്കാതെയും നൂറു രൂപ നോട്ടുകള്‍ നൽകി. അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചു എന്ന യാതൊരു ഭാവഭേദവും കൂടാതെ അയാളോട് ഇടപെട്ടു. മുമ്പ് ദീരജ് വീട്ടിൽനിന്നും പോകുന്ന സമയത്ത് സുൾഫി അവിടെ നിന്നും തിരികെപോയി. അപൂർവം ദിവസങ്ങളിൽ ആ ഒറ്റമുറി ക്വർട്ടേഴ്‌സിലെ വരാന്തയിൽ അയാൾ ഒറ്റക്ക് അന്തിയുറങ്ങുക പോലും ചെയ്തു. ആ ദിവസങ്ങളിലെ രാത്രികളിൽ സുൾഫി,  ജെനി തന്റെ തബലക്കേൽപ്പിച്ച മുറിവുകൾ ഇതിനകം അത് മറന്നിട്ടുണ്ടാവുമെന്ന് തന്നെ വിശ്വസിച്ചു.

   അന്നൊരു വൃശ്ചിക കാലമായിരുന്നു. പകൽ നല്ല വെയിലുണ്ടായിരുന്നു. പക്ഷെ രാത്രി മഞ്ഞും മഴച്ചാറ്റലും ഒരുമിച്ച് വന്നു. ജെനിയെ സംബന്ധിച്ച്  ഒട്ടും നിശ്ചിതമല്ലാത്ത കാലത്തിന്റെ അവസ്ഥ അവൾ പരീക്ഷിച്ചത് തന്റെ തബലയിലായിരുന്നു. തബല ഉടലിന്റെ ആനന്ദാവസ്ഥയിൽ അകപ്പെട്ടു എന്ന തോന്നലുകളിൽ അവൾ നിർവൃതിയടഞ്ഞു. ശാമോന്റെ മുന്തിരിത്തോപ്പിലെ പ്രണയ സങ്കീർത്തനങ്ങൾ ശിശിരമായി തബലയിൽ വിരുന്നെത്തിയപ്പൊൾ അവൾ വിയർത്തു. ഹേമന്തമായി പറന്നുവന്നപ്പോൾ അവൾക്ക് കുളിർന്നു. വർഷമായി വന്നപ്പോൾ നനഞ്ഞു. ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ അവൾ തികച്ചും നിസ്സംഗയായി നോക്കികാണുകയും വഴിയമ്പലത്തിൽ വന്നു പോകുന്ന കഥാപാത്രങ്ങൾ മാത്രമായി സംഭവങ്ങളിലെ ഉൾവാഹകരെ കാണാൻ നിരന്തരം അവൾ പരിശീലിക്കുകയും ചെയ്തു. തന്റെ അപരലോകവുമായി കൂട്ടുപിണഞ്ഞു കിടക്കുന്ന ചില വസ്തുതകൾ മാത്രമായിരുന്നു ആ സംഭവങ്ങൾ എല്ലാം തന്നെ. 

 ഒരിക്കൽ തബലയിൽ അവൾ തന്നെ വായിച്ചുകൊണ്ടിരിക്കെ കൈവിരലുകളിലെ രക്ത ഛവി മൃദുവായി വേദനിക്കുകയും തന്റെ തബലയെ വരിഞ്ഞുമുറുകിയ കയറുകൾ പുതിയതുകൊണ്ട് പകരം വെക്കാൻ തീരുമാനിക്കുകയും ചെയ്തു. സുൾഫി നൽകിയ ആ ഉപഹാരം പൊതിഞ്ഞെടുത്ത് അവൾ നഗരത്തിലേക്ക് പോയി. കുറച്ചുകൂടി മുറുക്കമുള്ള പരിക്കേൽക്കാത്ത ചരടുകൾ കൊണ്ട് തബലയുടെ കെട്ടുകള്‍ നെയ്തുണ്ടാക്കണമെന്ന് അവൾ ആവശ്യമുന്നയിച്ചപ്പോൾ കടയിലെ പയ്യൻ അവളെ നോക്കി മന്ദഹസിക്കുക മാത്രം ചെയ്തു. നീണ്ടു വളർന്ന മുടി പിറകിൽ കെട്ടിവെച്ചിരുന്ന ആ പയ്യനെ അവൾ അൽപ്പം രൂക്ഷമായി നോക്കിയെങ്കിലും പിന്നീട് അവളും പുഞ്ചിരിച്ചു. അവളെ സംബന്ധിച്ച് തന്റെ തികച്ചും അസ്ഥിരമായ ജീവിത മനോവ്യാപാരങ്ങളിലേക്ക് കടന്നുപോകാൻ മാത്രം വിധിക്കപ്പെട്ട ഒരു കഥാപാത്രം മാത്രമായിരിക്കണം ഒരു പക്ഷെ ആ പുരുഷനും. 

        ദീരജ് കുറച്ചുനാൾ ദീർഘയാത്ര പോയിരുന്നു. ഒരിക്കൽ മേഘങ്ങൾ  ഒന്നാകെ കുത്തിയൊലിച്ച്  തീർന്നുപോകുകയും കടുത്ത വെയിലിൽ പകൽ ഉരുകിയിരിക്കുകയുമായിരുന്നു.  സുൾഫി സൂര്യന്റെ ഉച്ചിയിൽ നിന്ന് ഉരുകിവരുന്നതുപോലെ  ക്വാർട്ടേഴ്സിലേക്ക് കയറി വന്നു! അവൻ അപ്പോൾ ഒരു അവധൂതന്റെ ഭാഷയിൽ ജനിയോട്' ഇങ്ങിനെ  പറഞ്ഞു: 'അനുഭവങ്ങളിൽ നിന്ന് ഓർമകളെ വേർപെടുത്തിയെടുക്കുന്നത് സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനെക്കാൾ  കഠിനതരമാണ് ! അനുഭവങ്ങളുടെ അഴുക്കുകളും സ്രവങ്ങളും ഗന്ധവും ഓർമകളുടെ മേൽ അത്രക്കധികം പറ്റിച്ചേർന്നിട്ടുണ്ട്!, നമ്മൾ ഓർമ്മകളെ എത്ര മാത്രം  ശക്തിയോടെ  ആട്ടിത്തെളിക്കുന്നുവോ അതിന്റെ ഇരട്ടി ശക്തിയോടെ അത് ഇരമ്പിയിരമ്പി പ്രതിപ്രവർത്തിക്കും! അല്ലെങ്കിൽ നമ്മൾ അതിനെ മറക്കാൻ ശ്രമിക്കരുത്!, കാരണം മറവി ഓർമയുടെ ഞരമ്പാണ്,                               

മരിജുവാനയുടെയും വിയർപ്പിന്റെയും മണം പുറത്തേക്ക് വമിക്കുന്ന അവനെ അപ്പോൾ രൂപം മാറിയ ഒരു തബലയുടെ ഉടലായെ ജനിയുടെ കണ്ണുകൾക്ക്  രേഖപ്പെടുത്താനായുള്ളു. ഒരു ഉൽക്കയുടെ ആകൃതിയിൽ അപ്പോൾ അവിടെ പ്രത്യക്ഷപ്പെടുകയും ഏറെനേരം കഴിയുന്നതിനുമുമ്പെ ഇല്ലാതാവുകയും ചെയ്യാനിടയുള്ള ഒരു സൗന്ദര്യഖണ്ഡത്തിനോടെന്ന പോലെ ജനി സുൾഫിയുമായി ആ നിമിഷം വന്യമായി ഇണചേർന്നു. തികച്ചും അവളുടെ താൽപര്യപ്രകാരം നടന്ന ആ ഇണ ചേരലിലെ വിചിത്രമായ കാര്യം എന്താണെന്നത് വലിയ തമാശയാണ്. അവളെ സംബന്ധിച്ചിടത്തോളം ആ അവസരത്തിൽ അവൾ ഓർമിച്ചത് സുൾഫിയെയോ ദീരജിനെയൊ ഒന്നുമായിരുന്നില്ല! , തന്റെ തബലയുടെ നാഡികൾ മുറുക്കിത്തന്ന മുടി നീട്ടി പിറകിൽ കെട്ടിവെച്ച ആ ഫ്രീക്കൻ പയ്യനെയായിരുന്നു!

Contact the author

Muhammed Rafi N V

Recent Posts

Lisha Yohannan 2 years ago
Stories

റൈനോൾഡച്ചന്റെ ബാധ- ലിഷാ യോഹന്നാന്‍

More
More
V J Thomas 2 years ago
Stories

ആമകൾ പറക്കുന്ന കാലം - വി. ജെ. തോമസ്

More
More
Stories

ഛായാപടം - അവധൂതന്റെ മൊഴികള്‍ - ഷാനവാസ് കൊനാരത്ത്

More
More
Gafoor Arakal 3 years ago
Stories

ദാഹം (ആയിരത്തൊന്നു രാവുകള്‍) - പുനരാഖ്യാനം - ഗഫൂര്‍ അറയ്ക്കല്‍

More
More
V J Thomas 3 years ago
Stories

ആൺവൃക്ഷത്തോടവൾക്കു പറയാനുള്ളത് - വി.ജെ. തോമസ്

More
More
V J Thomas 3 years ago
Stories

വിത്തുകുത്തി തിന്നുന്നവർ - വി ജെ തോമസ്‌

More
More