സ്വപ്നാടകരുടെ പറുദീസ - വി.വി.ഷാജു

2.00 AM

സ്കൈ പാലസ് ഫ്ലാറ്റ്.

 

എട്ടാം നിലയിലെ

നൂറ്റിമുപ്പതാം മുറിയിലെ

ഏകാന്ത വൃദ്ധനായ

നാരായണമൂര്‍ത്തി

ഒന്‍പതാം നിലയിലെ 

ഇരുനൂറ്റി ഒന്നാം മുറിയിലെ

തനിക്കു പേരറിയാത്ത ചെറുപ്പക്കാരന്‍

വയലിന്‍വാദനം കേള്‍ക്കാന്‍

മുറിയിലേക്ക് വരുന്ന

സ്വപ്നം കാണുന്നു.

 

പതിനെട്ടു വര്‍ഷമായി 

മൂകയായ വയലിന്‍ 

അയാള്‍ നിദ്രാസഞ്ചാരത്തില്‍ കണ്ടെടുത്തു 

സ്ട്രിങ്ങുകള്‍ ശരിപ്പെടുത്തുന്നു.

 

അതേ മാത്രയില്‍ 

അയാള്‍ സ്വപ്നത്തില്‍ കണ്ട യുവാവ്‌

അതേ സ്വപ്നം കണ്ടു 

നിദ്രാടകനായി മുറി തുറന്നു

ഏഴാം നിലയിലേക്ക് 

കുതിച്ചുപോകുന്നു.

 

ഒരു സ്റ്റെപ്പിലയാള്‍ തടഞ്ഞു വീഴാന്‍ പോയത്

സ്വപ്നത്തില്‍ കണ്ടു 

മൂര്‍ത്തി ‘ദൈവമേ’ വിളിച്ചത്

സ്വപ്നത്തില്‍ കേട്ട് 

നടപ്പുതാളം ക്രമപ്പെടുത്തുന്നു.

 

നിദ്രയില്‍ മൂര്‍ത്തി 

പിയാനോ വായിക്കുന്നു

നിദ്രയില്‍ യുവാവ് 

പിയാനോ കേള്‍ക്കുന്നു.

 

സ്വപ്നമാണെന്നവര്‍ 

പരസ്പരം മന്ത്രിക്കുന്നു.

 

സ്വപ്നത്തിലെ പിയാനോ 

കേള്‍ക്കാത്ത ഗാനത്തെക്കാള്‍

അതിമധുരമെന്നു 

ക്ലീറ്റസ് എന്ന ആ യുവാവ് ചൊല്ലുന്നു.

 

എഴുപതാം നിലയിലെ 

നീലിമയെന്ന സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍

സംഗീതകാരന് 

മദ്യദാഹം ഉണ്ടായത് സ്വപ്നം കാണുന്നു.

ഇന്നേവരെ കണ്ടിട്ടില്ലാത്ത 

അയാള്‍ക്കു സമ്മാനിക്കാനവള്‍

വോഡ്കയുമായി പടിയിറങ്ങുന്നു.

 

അവള്‍ വരുന്നത് സ്വപ്നത്തില്‍കണ്ട്

ക്ലീറ്റസ് അടുക്കളയില്‍ ചെന്ന് 

മൂന്നു ഗ്ലാസുകള്‍ കഴുകുന്നു.

 

ഗ്ലാസിലൊന്നു വീണു ചിതറുന്നത്‌ 

നിദ്രായാത്രയില്‍ കിനാവില്‍ കണ്ടവള്‍

ചില്ലു ചിതറുന്ന ഒച്ചയില്‍ കുളിര്‍ന്നു

ചെവികള്‍ പൊത്തുന്നു.

 

ക്ലീറ്റസ് സോറി പറയുന്നതവള്‍ 

സ്വപ്നത്തില്‍ കേട്ട്

പുഞ്ചിരിക്കുന്നു.

 

മൂവരും സംഗീതത്തില്‍ 

വോഡ്ക ചേര്‍ത്ത് നുണയുന്നു.

 

പതിമൂന്നാം നിലയിലെ രാഹുലെന്ന

നക്ഷത്രക്കുശിനിക്കാരന്‍ 

അവര്‍ക്ക്

ടച്ചിങ്ങ്സ് വേണമെന്നും 

തനിക്കായി

കാത്തിരിക്കുന്നെന്നും

സ്വപ്നം കാണുന്നു.

 

ഫ്രിഡ്ജില്‍ നിന്നവന്‍ 

മുറിച്ചു വച്ച

താറാവിറച്ചിയുമായി

മൂളിപ്പാട്ടോടെ ഓടിയിറങ്ങുന്നു.

 

അവന്‍ വരുമ്പോഴേക്കും 

ക്ലീറ്റസും നീലിമയും

സവാള, ഇഞ്ചി, തക്കാളി ശരിപ്പെടുത്തുന്നു.

 

ക്ലീറ്റസ് അവിദഗ്ധമായി സവാള വെട്ടുന്നത് 

വരാന്തയില്‍വച്ച് 

സ്വപ്നത്തില്‍ കണ്ടു

രാഹുല്‍ പൊട്ടിച്ചിരിക്കുന്നു.

 

മൂര്‍ത്തി സ്വപ്നത്തിലതു കേട്ട്

ആളെ ഉണര്‍ത്തല്ലേയെന്നു 

പിറുപിറുക്കുന്നു.

 

ആ ഫ്ലാറ്റിലെ മുഴുവന്‍ പേരും 

താറാവിറച്ചി വേവുന്നതു 

കിനാവ്‌ കാണുന്നു.

പല പല വാതിലുകള്‍ തുറക്കുന്നു,

ആളുകള്‍ അവധൂതരെപ്പോല്‍

ഒഴുകി വരുന്നു.

 

മൂര്‍ത്തിയുടെ മുറി

സ്വപ്നാടകരുടെ പറുദീസയാകുന്നു.


സ്വപ്നമെന്തൊരു സ്വപ്നമെന്നവര്‍

വിസ്മയിക്കുന്നു.

സംഗീതമൊഴുകുന്നു.

 

ഒരേ നേരത്തവര്‍

ബീച്ചിനെ സ്വപ്നം കാണുന്നു.


ബീച്ചിലേക്ക് പറക്കുന്നു.

നഗരത്തിലെ മുഴുവന്‍ മനുഷ്യരും

ബീച്ചിലെ ഗാന നൃത്ത സംഘത്തെ 

സ്വപ്നത്തില്‍ കാണുന്നു.


ബീച്ചിതാ 

കടലിനെ നാണിപ്പിക്കുന്നു.

ആള്‍ക്കടല്‍ 

ഇളകി മറിയുന്നു.

 

 മുംബൈയിലേക്ക് പറക്കുന്ന

മെക്സിക്കന്‍ ബാന്‍ഡിന്‍റെ

ചെറുവിമാനം

ബീച്ചിലെ പുരുഷാരത്തെ 

സ്വപ്നം കാണുന്നു.

വിമാനം മണല്‍ ചിതറിച്ചു

ലാന്‍ഡ് ചെയ്യുന്നു.

 

 ആകാശത്തു ചന്ദ്രന്‍ 

ഒരു ഡ്രം പോലെ 

ഇളകിയാടുന്നു.

 

 സംഗീതവും നൃത്തവും 

ഇണ ചേരുന്നു.

കടല്‍ കറുപ്പ് വിഴുങ്ങിയ പോല്‍

അമര്‍ന്നു കേള്‍ക്കുന്നു.

 

തന്‍റെ വസതിയിലുറങ്ങുന്ന

ഒരിക്കലും ചിരിക്കാത്ത

അന്നാട്ടിലെ ഏകാധിപതി

ആളുകള്‍ ബീച്ചിലെ 

മണലില്‍ തന്നെ ഇക്കിളിയിട്ട്

ചിരിപ്പിക്കുന്ന സ്വപ്നം കണ്ടു

മതില്‍ കേറി മറിഞ്ഞു 

നിദ്രയില്‍ ബീച്ചില്‍ എത്തുന്നു.

ആളുകള്‍ അയാളെ ഇക്കിളിയിട്ടു

ചിരിപ്പിച്ചു 

സ്നേഹിക്കുന്നു.


ഏകാധിപതി ചിരിച്ചു

കരയുന്നു.

ഏകാധിപതി കരഞ്ഞു 

ചിരിക്കുന്നു.


അയാള്‍ക്കു 

രതിമൂര്‍ച്ഛയാകുന്നു.


രേതസ്

ചന്ദ്രന്‍റെ ഡ്രമ്മില്‍ ചിതറി

സംഗീതമാകുന്നു.

 

 മെക്സിക്കന്‍ ബാന്‍സ് സംഘം 

ആതിഥേയരുടെ

ഒരു നാടോടി ഗാനം 

തങ്ങളുടെ ചടുല താളത്തില്‍ പാടുന്നു,


കടലിളകുന്നു.

കടല്‍ കെട്ടി മറിയുന്നു.

ജനമുന്മാദനടനമാടുന്നു.

Contact the author
Sajeevan Pradeep
2 years ago

ഷാജുന് മാത്രം , സാധ്യമായ അസാധ്യത ..........

0 Replies

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 1 year ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 1 year ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 1 year ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 1 year ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 1 year ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More