ആക്ഷന്‍ ഹീറോ ബിജു - വി.വി. ഷാജു

ന്യൂ ഇയര്‍ തലേന്ന് രാത്രി 

ഡ്യൂട്ടിയിലുള്ള പോലീസുകാരൻ

ബീച്ചിലൂടെ ഉലാത്തുകയായിരുന്നു

 

ജലനിബിഡമായ കടലും 

ജനനിബിഡമായ കരയും

പരസ്പരമവയുടെ ദ്രവ്യങ്ങള്‍ 

പകരം വച്ചു കളിക്കുന്ന ഒരു ദൃശ്യം 

 മനസ്സിലൂടെ കടന്നുപോയപ്പോള്‍ 

പോലീസുകാരന്

ശേലം ഉന്മേഷമായി .

 

ആളുകള്‍ ആഹ്ളാദഭരിതമായ

ഒരിടത്തില്‍ 

ഒരു പോലീസുകാരന്‍,

അതും എകാന്തനും ദുഖിതനുമായ

ഒരു പോലീസുകാരന്‍,

അരോചകമായ സാന്നിധ്യമാണ് .  

ലജ്ജ അയാളെ പൊതിഞ്ഞു.

 

 അന്നേരം വയലറ്റ് ഉടുപ്പിട്ട ,

ചുരുണ്ട മുടിക്കാരിയായ ഒരു പെണ്‍കുഞ്ഞ് 

അമ്മയുടെ കൈ വിടര്‍ത്തി മാറ്റി

അയാളെ ലക്‌ഷ്യം വച്ച് 

ഓടി വരികയും

ഒരു കൈചുരുട്ട് നിറയെ 

കപ്പലണ്ടി അയാളുടെ കയ്യില്‍ വച്ചു കൊടുക്കുകയും ചെയ്തു.

 

 പോലീസുകാരന്‍ തന്‍റെ തൊപ്പിയൂരി

ചാപ്ലിന്‍ ശൈലിയില്‍

അവളെ അഭിവാദനം ചെയ്തപ്പോള്‍ 

അത് കണ്ടു നിന്ന ചിലര്‍ 

അയാളെ നോക്കി 

അഭിനന്ദന മട്ടില്‍ 

പുഞ്ചിരിക്കുകയുണ്ടായി.


 കുഞ്ഞ് അവളുടെ അമ്മയിലേക്ക് മടങ്ങുകയും 

താന്‍ ഒറ്റയാവുകയും ചെയ്തപ്പോള്‍ 

പോലീസുകാരന്

അനല്‍പ്പമായ വിഷാദം അനുഭവപ്പെട്ടു.

 

അയാള്‍ സെല്‍ഫോണ്‍ എടുത്ത് 

തന്‍റെ കാമുകിയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും

ഉത്സവത്തലേന്ന് ഓഫര്‍ കാളുകള്‍ 

വിലക്കപ്പെട്ടതിനാല്‍ 

ബി എസ് എന്‍ എല്‍ 

അയാളുടെ പ്രണയത്തോട് 

ആഭിമുഖ്യം പ്രകടിപ്പിച്ചില്ല.

 

കലി വന്ന ആ ചെറുപ്പക്കാരനായ പോലീസുകാരന്‍ 

ബി എസ് എന്‍ എല്‍ മൈരാണ് എന്നു 

പിറുപിറുക്കുകയും 

പെണ്‍കുഞ്ഞ് കൊടുത്ത കപ്പലണ്ടി 

ഒന്നിനു പിറകെ ഒന്നായി 

പുരപ്പുറത്തേക്ക് കുട്ടിച്ചാത്തന്‍ കല്ലെറിയുംപോലെ 

വായിലേക്ക് 

വലിച്ചെറിയുകയും ചെയ്തു.

 

പരസ്പരം ചേര്‍ന്നിരിക്കുന്ന 

വൃദ്ധ ദമ്പതിമാരെക്കണ്ട് പോലീസുകാരന് 

പൊടുന്നനെ ഒരു ഊര്‍ജ്ജം വന്നു നിറയുകയും 

അയാള്‍ രണ്ടു ഉപ്പിലിട്ട 

നെല്ലിക്കകള്‍ വാങ്ങി 

അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തു.

ഉപ്പിലിട്ട നെല്ലിക്കാ വാഗ്ദാനത്തോട് 

അനുകൂലമായി പ്രതികരിച്ചെങ്കിലും 

ദമ്പതികളിലെ പുരുഷന്‍

ആ നീക്കത്തെ 

അയാളുടെ മുഖത്തു 

വിലക്ഷണം എന്ന് 

അടയാളപ്പെടുത്തി.

 

കാറ്റും കൊണ്ട് നടക്കവേ

കടലേ നീലക്കടലേ എന്ന പാട്ടു

ചൂളം വിളിക്കാനുള്ള  ആന്തരികത്വര 

ബിജു എന്ന ആ പോലീസുകാരനില്‍ തിക്കുമുട്ടുകയും

അയാള്‍ ആ അഭിലാഷത്തെ

ചുണ്ട് വര്‍ത്തുളമാക്കി 

വിമോചിപ്പിക്കുകയും ചെയ്തു.


ചൂളം വിളിച്ചു നടക്കുന്ന 

പോലീസുകാരനെ 

ആഹ്ലാദിക്കുന്ന ജനം 

വിചിത്ര ജന്തുവിനെ എന്നപോലെ

നോക്കി .

എന്തു കഷ്ടമാണയാള്‍ അപകര്‍ഷതയാല്‍ 

ചൂളി.


മുഴുമദ്യപാനിയായ ഒരാള്‍

അഴിഞ്ഞുവീണ മുണ്ടിനെ 

അതിന്‍റെ പൂര്‍വ്വ ധര്‍മ്മത്തിലേക്ക് 

പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ 

പൂഴിയിലേക്ക് കമിഴ്ന്നടിച്ചു വീണത്‌ കണ്ട പോലീസുകാരന്‍ 

ഓടിച്ചെന്ന് അയാളെ എഴുന്നേല്‍പ്പിച്ചു 


തന്‍റെ യൂണിഫോം ഉടുപ്പ് കൊണ്ട് 

മുഖം തുടപ്പിച്ചു.

മദ്യപന്‍ അന്നേരം 

അയാളെ നാടകീയമായി

 സല്യുട്ട് ചെയ്യുകയും 

അവര്‍ രണ്ടാളും 

ചിരിച്ചു മരിക്കും പോലെ 

ചിരിക്കുകയും 

ചെയ്തു.


പൂഴി മണലിലൂടെ 

പോലീസുകാരന്‍ നടന്നു പോകവേ

സംഗീതോപകരണങ്ങളുടെ 

അകമ്പടിയോടെ 

കൌമാരക്കാരുടെ 

ഒരു സംഘം

കിടിലന്‍ പാട്ടു പാടുന്നത് കേട്ട് 

അയാള്‍ അവിടത്തേക്ക് വച്ചുപിടിച്ചു.


മുടിയും താടിയും നീട്ടി വളര്‍ത്തിയ 

ഗായകക്കൂട്ടം 

അയാളെ ആവേശപ്പെടുത്തി.

പോലീസുകാരന്‍ അറിയാതെ 

അയാളുടെ ഉടല്‍ 

പാട്ടിനൊത്ത് ചലിച്ചു തുടങ്ങി.


ചില സംഗീതം അങ്ങനെയാണ്.

അത് രാഷ്ട്രനിര്‍മ്മാതാക്കളുടെ 

പ്രതിമകളെപ്പോലും 

നൃത്തം ചെയ്യിക്കും.


കടലിന്‍റെ പശ്ചാത്തല സംഗീതവും 

പാട്ടും 

ചന്ദ്രികയുടെ ധൂര്‍ത്തമായ വെട്ടവും 

തന്‍റെ അകത്തെ വിഷാദവും 

എല്ലാം ചേര്‍ന്നപ്പോള്‍ 

പോലീസുകാരന് 

അതിഭയങ്കരമായ ഉന്മാദം ഉണ്ടാകുകയും 

അയാള്‍ അത്യുജ്ജ്വലമായി 

നൃത്തം ചെയ്യുകയും ചെയ്തു.


അപ്പോള്‍ കൂട്ടത്തിലെ

ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും 

അയാള്‍ക്കൊപ്പം

നൃത്തം ചെയ്യാന്‍ വന്നു.


യൂണിഫോമില്‍ പോലീസുകാരന്‍

നൃത്തം ചെയ്യുന്ന വിവരം 

ആഹ്ലാദികളായ ജനക്കൂട്ടം

സ്റ്റേഷനില്‍ വിവരമറിയിക്കുകയും 

പോലീസ് ജീപ്പ് 

ഇരച്ചു വരികയും ചെയ്തു.


ബിജു എന്ന പോലീസുകാരന്‍ 

സസ്പെന്‍ഷനിലായ കഥയാണ്

നിങ്ങള്‍ ഇപ്പോള്‍ വായിച്ചത്.

Contact the author

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 1 year ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 1 year ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 1 year ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 1 year ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 1 year ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More