ചക്കയും ഫുട്ബോളും തമ്മിലെന്ത്? അഥവാ വിശപ്പെന്ന വൻകര വിഭജിക്കപ്പെട്ടിട്ടില്ല - സജീവന്‍ പ്രദീപ്‌

ചക്കയും ഫുട്ബോളും തമ്മിലെന്ത്?

അഥവാ

വിശപ്പെന്ന വൻകര വിഭജിക്കപ്പെട്ടിട്ടില്ല.

വസ്തുത 

കാലം  

സമയം

ഭൂഖണ്ഡങ്ങളോ

ചരിത്രത്തിന്റെ ഭൗതികമാപിനികളല്ലന്നിരിക്കേ

1

തെക്ക്യേര കുഞ്ഞിയ്യപ്പൻ രമണൻ

മഹാനഗരത്തിന്റെ

മുറിവിലിരിക്കുന്നു

അതേ സമയം

ലോകത്തിന്റെ മറ്റൊരുജാലകത്തിൽ

ഡോസിഞ്ഞോ

കറുത്തനഗരമെന്ന ട്രെസ്കൊറാക്കോച്ചിൽ

ജനിച്ചവൻ

രണ്ടുപേർ

അകാരണമായി ഒരേസമയം

ബാല്യത്തിലേക്ക്

അതിന്റെ പച്ചക്കണ്ണുളള തടാകങ്ങളിലേക്ക്

ഓർമ്മയുടെ

പായ്ക്കപ്പൽ തുഴഞ്ഞുവെന്നിരിക്കെ

2

ആറ് മക്കളും

അവരുടെ ആവലാതികളും

കരിന്തിരികത്തുന്ന വീടും

മൂന്നാമനായ

രമണനിലൂടെ

അലുമിനിയ

തീവണ്ടിപോലെ പാഞ്ഞുപോകുന്നു

വിശപ്പേ വിശപ്പേ

എന്ന അക്രമാസ്കതമായ ചൂളം വിളികൾ

3

ചേരികളിൽ

രാത്രിയുടെ മാംസകഷ്ണങ്ങൾ പോലത്തെ

കുട്ടിൾ

അലഞ്ഞുനടക്കുന്നു

ഉടലുകളിൽ

എല്ലുകളുടെ ഗിത്താർകമ്പികൾ

എഴുന്നേറ്റ് നിൽക്കുന്നു

ഡൊസിഞ്ഞോ

വാലുകളഴിഞ്ഞുപോയ പട്ടംപോലെ

ഓർമ്മകളിൽ

പിഞ്ഞി ചുളിഞ്ഞ് കിടന്നു

4

തെക്ക്യേര കുഞ്ഞിയ്യപ്പൻ

വരിക്ക പ്ലാവീന്നൊരു ചക്ക കുത്തുന്നു

മൂത്തോൻ വെട്ടുന്നു

മൂന്നാമത്തവൻ മൊളഞ്ഞീൻ ചുറ്റുന്നു

ആറാളുംവയറ് നിറച്ച്

ഏമ്പക്കംതേട്ടുന്നു

5

ബ്രസിലിലെ

കറുത്ത മണമുള്ള

ചേരിയിൽ നിന്ന്

ഒരു ഫുട്ബോൾ

മാനത്തേക്ക് പറക്കുന്നു

എഴുപേർ 

കീറക്കുപ്പായങ്ങളൂരി വായുവിൽ

വീശുന്നു

6

ചക്ക

വരമ്പ് കിളയ്ക്കുന്നു

മരം മുറിക്കുന്നു

മണ്ണ്

പുരണ്ട് പുരണ്ട് വിയർക്കുന്നു

7

പന്ത്

കാരിരുമ്പിന്റെ അടികൊളളുന്നു

ഗോളാവുന്നു

മൈനസ് പാസാവുന്നു

ബാറിലിടിച്ച് മുഖം കോടുന്നു

കറുപ്പിന്റെ

ആകാശം വിടർന്ന് വിടർന്ന് വരുന്നു

അധ്വാനങ്ങളുടെ ആനന്ദത്താൽ

ഭൂമി ചുരുളുകളഴിയുന്നു

8

വിശപ്പ്

ചക്കയോടും

പന്തിനോടും തോൽക്കുന്നു

വയറിലെ 

തീപ്പെരുക്കങ്ങളിൽ

ഓരോ ചേരിയുമൊരോ തുണിപ്പന്ത് തുന്നുന്നു

കാലുകളുടെ

തലച്ചോറുകളിലൂടെ

വിയർത്തൊലിച്ച ചിന്തകൾ

വരകളെ 

യുദ്ധത്തിലെന്നവണ്ണം തോല്പിക്കുന്നു

9

രമണൻ

ചക്കയുടെ മണത്താൽ

മഹാനഗരത്തിൽ

നനയുന്നു

ഡൊസിഞ്ഞോ

ഓർമ്മകളുടെ

കീഹോൾ തുണിപ്പന്ത് കൊണ്ട്

അടച്ചു പിടിക്കുന്നു

കറുത്തവരുടെ

ചേരിയും

ഗ്രാമവും

ഒരു ചക്കയോളം ചുരുങ്ങി

ഒരു ഫുട്ബോൾ പോലെ

മാനത്തേക്കുയർന്ന്  പോകുന്നു

10

വിശപ്പിന്റെ

ഭൂപടങ്ങൾ വരയ്ക്കുമ്പോൾ

വൻകരകളുടെ അരികിലൂടെ

ഉരുണ്ടു പോകുന്ന

കറുത്ത മനുഷ്യരുടെ

ജയങ്ങളുടെ പാട്ട്

മൈതാനങ്ങൾക്കരുകിലെ പ്ലാവുകളിൽ 

തൂങ്ങി കിടക്കുന്ന

ഫുട്ബോളുകളുടെയുള്ളിലെ

പച്ച

മധുരങ്ങളാണ്

Contact the author

Sajeevan Pradeep

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 1 year ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 1 year ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 1 year ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 1 year ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 1 year ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More