ഓഫീസില്‍ ഉറങ്ങിയുണര്‍ന്ന് ജേക്കബ്‌ തോമസിന് സര്‍വീസ് വിരാമം -ചില ആലോചനകള്‍

തിരുവനന്തപുരം: ചുമരില്‍ കൊതുകു ബാറ്റ് ചാരിവെച്ച പൊതുമേഖലാ സ്ഥാപനത്തിന്റെ ദാരിദ്രമായ ഓഫീസില്‍ ഒരു സെക്യുരിറ്റി ജീവനക്കാരനെപ്പോലെ തറയില്‍ വിരിപ്പിട്ട് കിടന്നുറങ്ങി. അമ്മയോട് വാശിപിടിച്ച് ഉണ്ണാതെയുറങ്ങുന്ന കുഞ്ഞിനെപ്പോലെ, മനസ്സിന്റെ നീറ്റലകറ്റാന്‍ ലോക്ക് ഡൌണ്‍ കാലത്ത് തന്നാലാകുന്ന പ്രതിഷേധം.  ഉറങ്ങിയത് മെറ്റല്‍ ഇന്റസ്ട്രീസ് എം.ഡി ഡോ, ജേക്കബ്‌ തോമസ്‌. ഉണര്‍ന്നത്  സര്‍വീസ് കാലാവധി കഴിഞ്ഞ് വിരമിച്ച റിട്ട: ഐപിഎസ് ഉദ്യോഗസ്ഥന്‍. പിന്നെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പടിയിറങ്ങി. 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒടുക്കകാലത്ത് അഴിമതി വിരുദ്ധനായ ഒരു ഫിലിമി സ്റ്റാര്‍ ആയി ഖ്യാതി നേടിത്തുടങ്ങിയ ഡോ. ജേക്കബ്‌ തോമസ്‌ എന്ന ഐപിഎസ്സുകാരന്‍ തുടക്കത്തില്‍ പിണറായി സര്‍ക്കാരിന്റെ അരുമയായി. അഴിമതി അന്വേഷണത്തിന്റെ ചുമതലയില്‍ പ്രതിപക്ഷത്തിന്റെ കുത്തുവാക്കുകള്‍ക്ക് നേരിട്ട് മറുപടി പറഞ്ഞുകൊണ്ട്, ഒപ്പം കൂട്ടിയ മുഖ്യമന്ത്രിക്ക് പക്ഷേ അധികകാലം കൊണ്ടുനടക്കാന്‍ കഴിയാത്ത വിധം വ്യത്യസ്തമായിരുന്നു മുതിര്‍ന്ന ഈ  ഐപിഎസ്സുകാരന്‍റെ സ്വഭാവഘടന.  അഴിമതിക്കാരെ പൂട്ടാന്‍ വിജിലന്‍സ്  തലപ്പത്തിരുത്തിയ  ജേക്കബ്‌ തോമസിന് അനധികൃത സ്വത്തു സമ്പാദന കേസില്‍ റിട്ടയര്‍മെന്റ് കാലത്ത് കോടതികയറിയിറങ്ങാം. ''മാളികമുകളേറിയ മന്നന്റെ..........മാറാപ്പു കേറ്റുന്നതും ഭവാന്‍''- ഇതിലെ ഭവാന്‍ തനിക്കകത്തുതന്നെയോ അതോ പുറത്തോ എന്ന് ജേക്കബ്‌ തോമസിന് ഇപ്പോഴേ അറിയാമായിരിക്കും. പക്ഷെ നമുക്കറിയണമെങ്കില്‍ കോടതിക്കാര്യമല്ലേ ഇനിയും സമയമെടുക്കും.  

അല്‍പ്പം കുരുട്ടുബുദ്ധിയുള്ള ആര്‍ക്കു വേണമെങ്കിലും എത്തിച്ചേരാവുന്ന ഒരിടമായി രാഷ്ട്രീയത്തെയും അധോലോക സ്വഭാവമുള്ള വന്‍ സ്രാവൂകളായി കേരളത്തിലെ പ്രമുഖ മുന്നണികളിലെ നേതാക്കളേയും ആദ്യമായി ചിത്രീകരിച്ചത് ജേക്കബ്‌ തോമസല്ല. കൊടിയ കഷ്ടപ്പാടുകള്‍ക്കിടയില്‍, കാഴ്ചക്കാര്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഉയരങ്ങളില്‍, ആദര്‍ശ ശോഷണം ഒട്ടും സംഭവിക്കാത്ത, സെന്‍സിബിലിറ്റിയോടു കൂടി ദരിദ്രന്റെ ഇന്ത്യയെ മനസ്സിലാക്കിയ ഐപിഎസ് - ഐ എഎസ് ഉദ്യോഗസ്ഥനെ സൃഷ്ടിച്ചെടുത്തതും ജേക്കബ്‌ തോമസൊ അല്‍ഫോന്‍സ്‌ കണ്ണന്താനമൊ ടി.പി.സെന്‍കുമാറൊ അല്ല. മമ്മൂക്കയേയും ലാലേട്ടനെയും സുരേഷ് ഗോപിയേട്ടനെയും നമുക്കാര്‍ക്കും അറിയാത്തതല്ലല്ലൊ

രാഷ്ട്രീയ പ്രവര്‍ത്തകരെ വെടക്കാക്കി, ജനാധിപത്യ പ്രക്രിയകള്‍ വെറും ഫ്രോഡ് കളിയായി ചിത്രീകരിച്ച്, വെട്ടുകത്തി പോലെ മുന്നോട്ടു ഉയര്‍ത്തിപ്പിടിച്ച ഇംഗ്ലീഷ് കഷ്ണങ്ങളുമായി ആരെയും കൂസാതെ നടക്കുന്ന, ജനരക്ഷകരായ ഉദ്യോഗസ്ഥ, പൊലിസ് മേധാവികളുടെ പ്രതിരൂപത്തിലേക്ക് അറിയാതെ കയറി നിന്നുപോയിട്ടുണ്ടാവണം ഇവരില്‍ പലരും എന്ന് നിഷ്ക്കളങ്കമായി ചിന്തിക്കാനാണിഷ്ടമെകിലും, ''ഒത്തിരി കൂടുതല്‍ പേരെ സേവിക്കാന്‍ വലിയ പാര്‍ട്ടി വേണം'' എന്ന് പറഞ്ഞ് കേന്ദ്രത്തില്‍ പോയി മന്ത്രിയായ ഐഎഎസുകാരന്‍ ഇടത് സ്വതന്ത്ര എംഎല്‍എയെപ്പോലെ, ഇദ്ദേഹം വലിയ സംഭവമാണെന്ന് വിചാരിച്ചു നടന്ന നമുക്ക് മുന്‍പില്‍ വിരമിച്ചതിനു പിറ്റേന്ന് മുതല്‍ പീറ വിഭാഗീയത പറഞ്ഞു നടക്കുന്ന പൊലിസ് മേധാവിയെപ്പോലെ, ചാലക്കുടി മണ്ഡലത്തില്‍ കൂടുതല്‍ പേരെ സേവിക്കാനുള്ള ത്വരയുമായി ഇദ്ദേഹത്തെയും ആരോ കണ്ടു എന്ന് പറയുന്നുണ്ട്, പത്രത്തില്‍ പടവും വന്നിരുന്നു. സ്രാവുകള്‍ തീരെയില്ലാത്ത സ്ഥലമാണ്. വലിയ ആദര്‍ശം പറഞ്ഞവര്‍ക്ക് ഒടുക്കം കിട്ടുന്ന അവസരമാണ്. നന്നായി വരുമെങ്കില്‍ അങ്ങനെയാവട്ടെ. കുഴപ്പമൊന്നുമില്ല. ആ പഴേ വല്ല്യ വര്‍ത്താനങ്ങളും പുതിയ കഥാപാത്ര തെരെഞ്ഞെടുപ്പും തമ്മില്‍ വൈരുദ്ധ്യമന്വേഷിക്കുന്ന കാലമൊക്കെ കഴിഞ്ഞെന്ന് പഴയ ചീഫ് ജസ്റ്റിസ് തന്നെ സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്നതല്ലേ. പോട്ടെ, പോയി നന്നായി വരട്ടെ!

പക്ഷെ ഒന്നുണ്ട്, നന്നായി നിന്നാല്‍ കൊട്ടാരം പണിതുതരും അല്ലേല്‍ ചവിട്ടിത്തേച്ചു കളയും എന്ന മട്ടില്‍  സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഒരാളെ ഇങ്ങനെ ഒതുക്കിയത് ധാര്‍മ്മികമായി ശരിയാണോ എന്ന് ഇവിടുത്തെ ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരുമായ രാഷ്ട്രീയം വറ്റിയിട്ടില്ലാത്ത രാഷ്ട്രീയക്കാര്‍ വിലയിരുത്തുന്നത് നന്ന്.

ഇങ്ങനെ അവഹേളിക്കപ്പെടുന്നവര്‍ക്കില്ലാത്ത  രാഷ്ട്രീയ ഉള്ളടക്കം, അവര്‍ക്കുണ്ട് എന്ന് തോന്നിപ്പിക്കാന്‍, ജനങ്ങളുടെ സിംപതിക്ക് പാത്രമാകാന്‍ ഇത്തരം ഇറക്കിവിടലുകള്‍ കാരണമാകുന്നുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്.

എങ്കില്‍ അവരുടെ ഭാവി രാഷ്ട്രീയത്തിന് അതൊരു ചെറിയ സംഭാവനയായിത്തീരും. അതുകൊണ്ട് രാഷ്ട്രീയക്കാരായി പ്രവര്‍ത്തിക്കുന്ന എല്ലാവരും തങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടോ എന്ന് ഇടയ്ക്കിടെ ആത്മ പരിശോധന നടത്തുന്നത് ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നല്ലതാണ്. 

Contact the author

Recent Posts

National Desk 19 hours ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More
Web Desk 2 weeks ago
Editorial

വീണ്ടും വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ കേസ്

More
More
Web Desk 3 weeks ago
Editorial

വിജയ് ബാബുവിനോട് വിശദീകരണം തേടി താര സംഘടനായ എ എം എം എ

More
More
Web Desk 2 months ago
Editorial

നീതിക്കായുളള പോരാട്ടത്തില്‍ എന്നെ വളരെയധികം പിന്തുണച്ച നേതാവാണ് പി ടി തോമസ്- ഭാവന

More
More
Mehajoob S.V 2 months ago
Editorial

പങ്കാളിത്ത പെന്‍ഷന്‍: പിണറായിയെ ഞെട്ടിച്ച് ഗെഹ്ലോട്ടും ഭൂപേഷ് ഭാഗലും- എസ് വി മെഹജൂബ്

More
More
Web Desk 2 months ago
Editorial

ചെറുപ്പം കാത്തുസൂക്ഷിച്ചാലും നടിമാര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടാറില്ല- നദിയ മൊയ്തു

More
More