പിരിവു കൂട്ടി, മുണ്ട് മുറുക്കിയുടുത്ത് കേരളം

സംസ്ഥാന ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ ഊന്നൽ തീർച്ചയായും ചിലവ് കുറച്ച് നികുതി വരുമാനം കൂട്ടുക എന്നതിലാണ്. ഇതോടൊപ്പം ബജറ്റിനു പുറമെ കിഫ്ബിയടക്കമുള്ള  വരുമാന പ്രതീക്ഷയും സർക്കാർ പുലർത്തുന്നുണ്ട്.

നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ബജറ്റ് റിപ്പോർട്ട് പ്രകാരം 3% കമ്മിയോടു കൂടി റവന്യു വരുമാനം 99042 കോടി രൂപയാണ്. റവന്യു ചിലവാകട്ടെ 1.55% കമ്മിയോടെ 116516 കോടി രൂപയുമാണ്. അതായത് വരവിനേക്കാൾ 17474 കോടി രൂപ കൂടുതൽ നാം ചിലവഴിച്ചു കഴിഞ്ഞു എന്ന് ചുരുക്കം. വളരെ ലളിതമായി പറഞ്ഞാൽ നിലവിലുള്ള 17474 കോടി രൂപയുടെ കമ്മി നികത്തി പുതുതായി പ്രഖ്യാപിച്ച പദ്ധതികൾക്ക് തുക കണ്ടെത്തുകയും, ഇനി വരാനിരിക്കുന്ന റവന്യു കമ്മി മുന്നിൽ കണ്ട് വരുമാനം  വര്‍ദ്ധിപ്പിക്കുകയും വേണം. ഇതോടൊപ്പം പുതുതായി പ്രഖ്യാപിച്ച പദ്ധതികൾക്കായുള്ള  തുക, മുൻകൂട്ടിക്കണ്ട ഉറവിടങ്ങളിൽ നിന്ന് വീഴ്ച്ചവരുത്താതെ കണ്ടെത്തുകയും വേണം. ഇതിനായി ധനമന്ത്രി സ്വീകരിക്കാനിരിക്കുന്ന നടപടികളുടെ പ്രഖ്യാപനം വളരെ ശ്രദ്ധേയമാണ്. ഇതനുസരിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടാതെ നോക്കാനാണ് പുതിയ ബജറ്റിൽ ധനമന്ത്രി ഊന്നൽ നൽകിയിരിക്കുന്നത്.

ജി.എസ്.ടി യിൽ കൃത്യത; നികുതി വരുമാനത്തിൽ വർദ്ധന

കഴിഞ്ഞ വര്‍ഷം ജി.എസ്.ടിയിലൂടെ പ്രതീക്ഷിച്ച വരുമാനം സംസ്ഥാനത്തിന് ഉണ്ടായിട്ടില്ല. ജി.എസ്.ടി-യുടെ ഇരുട്ടടിയെ മറികടക്കുകയെന്നതാണ് ധനമന്ത്രിയുടെ ആദ്യ വെല്ലുവിളി. അതിനായി ഊർജ്വസ്വലമായ ഇടപെടലുകൾ നടത്തും എന്ന് ധനമന്ത്രി പറയുന്നു.നികുതി വെട്ടിപ്പിനു സാധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും ഇ- ഇൻവോയ്‌സ്‌ ഏർപ്പെടുത്തി കൃത്യത വരുത്തും.

  1. ജി.എസ്.ടി വകുപ്പിലെ 75% ഉദ്യോഗസ്ഥരെയും നികുതിപിരിവിനായി നിയോഗിക്കും.
  2. 15 ലക്ഷം വരെ വിലയുള്ള കാറുകൾക്ക് 2% നികുതി  വർദ്ധിപ്പിക്കും. 2 ലക്ഷം രൂപവരെ വിലയുള്ള ബൈക്കുകൾക്ക് 1% നികുതി വർദ്ധിപ്പിക്കും
  3. സ്റ്റാംപ് ആക്ട് പരിഷ്കരണത്തിലൂടെ 200 കോടിരൂപയുടെ അധികവരുമാനം ഉണ്ടാക്കും.
  4. വില്ലേജ് സേവനങ്ങളുടെ ഫീസുകളിൽ വര്‍ദ്ധനവ്‌ വരുത്തും.
  5. നികുതി വരുമാനം വർദ്ധിപ്പിക്കാനായി ഭൂമിയുടെ ന്യായവിലയിൽ 10% വർദ്ധനവ് വരുത്തി.
  6. സ്വത്തിന്റെ പോക്കുവരവിനുള്ള ചാർജ് 10% വർദ്ധിപ്പിക്കും.
  7. പദ്ധതി മേഖലകളിലെ ഭൂമിയുടെ ന്യായവിലയിൽ 30% വർദ്ധനവ് വരുത്തും.
  8. താമസത്തിനുള്ള കെട്ടിടങ്ങളുടെ ആഡംബര നികുതി പുതുക്കി നിശ്ചയിക്കും.

ഇത്തരത്തിൽ വിവിധ തരത്തിലുള്ള  നികുതി, ജി.എസ്.ടി പിരിവുകൂട്ടല്‍,   നികുതി വെട്ടിപ്പിനെ മറികടക്കുന്ന  കൃത്യത എന്നിവയിലൂടെ   സംസ്ഥാന റവന്യു വരുമാനം വർദ്ധിപ്പിക്കലാണ് ധനമന്ത്രി ലക്ഷ്യം വെക്കുന്നത്.

കിഫ്‌ബി പ്രതീക്ഷ

സംസ്ഥാനത്തിന്‍റെ സാമ്പത്തിക മാന്ദ്യം കിഫ്ബിയിലൂടെ പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ധനമന്ത്രി. വരുന്ന സാമ്പത്തിക വർഷത്തിൽ 20,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബിയിലൂടെ നടപ്പാക്കും. മസാല ബോണ്ട് പ്രതീക്ഷിച്ചതിനേക്കാൾ നേട്ടം കൊണ്ടുവന്നു. അത് വലിയ പ്രതീക്ഷയാണെന്നും ധനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

അടങ്കൽ തുക വെട്ടിക്കുറയ്ക്കും

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാൽ പുതിയ പദ്ധതികൾ അധികം പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള  അടങ്കൽ തുകയിൽ കുറവ് വരുത്തും. ജീവനക്കാരുടെ പുനർവിന്യാസത്തിലൂടെയും  ചെലവ് ചുരുക്കലുകളിലൂടെയും 2500 കോടിരൂപ ലഭ്യമാക്കാനാവും.

പുതിയ സ്റ്റാർട്ടപ്പുകളും വരുമാനത്തിനായുള്ള നീക്കങ്ങളും

വാട്ടർ അതോറിറ്റിയുടെ കുടിവെള്ള നിർമ്മാണ യൂണിറ്റിന്  ഈ വര്‍ഷം തുടക്കം കുറിക്കും. കെ.എഫ്.സി വഴി 2000 കോടി രൂപ വിപണിയിൽ നിന്ന് വായ്പയായി സ്വീകരിക്കും. ഫുഡ് പാർക്ക്, കയർ മേഖലയില്‍  25 സ്റ്റാർട്ടപ്പുകൾ എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ 200 സ്റ്റാർട്ടപ്പുകളും അവയിലൂടെ സംസ്ഥാന സർക്കാറിന് ലഭിക്കുന്ന വരുമാനവും ധനമന്ത്രിയുടെ പ്രതീക്ഷയാണ്.

ചുരുക്കത്തിൽ വരുമാനം കൂട്ടി ചിലവുകുറക്കുക എന്ന സാമ്പത്തിക ശാസ്‌ത്ര തത്വത്തിന്റെ അടിസ്ഥാന പ്രമാണം തന്നെയാണ് സംസ്ഥാനത്തിന്റെ പുതിയ പ്രമാണം എന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തിലൂടെ പറഞ്ഞു വെച്ചത്. ഒരു തരത്തിലുള്ള സാഹസത്തിനുമുള്ള ശേഷി ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിനില്ല എന്നുതന്നെയാണ് ധനമന്ത്രി ഏറ്റവും ചുരുക്കത്തിൽ പറയുന്നത്.  ആഗോള സാമ്പത്തിക പ്രതിസന്ധി, കേന്ദ്ര സർക്കാറിന്റെ വിരുദ്ധ മനോഭാവം, ഗൾഫ് മേഖലയിൽ നിന്നുള്ള മലയാളികളുടെ ധ്രുതതരത്തിലുള്ള കുടിയിറക്കം എന്നിങ്ങനെ വിവിധ തരത്തിൽ പ്രതിസന്ധിയിലായ സർക്കാർ, പുതിയ സാമ്പത്തിക വർഷത്തെ വലിയ പ്രതീക്ഷകളോടെ കാണുന്നില്ല. പകരം നിലനിന്നു പോകാനുള്ള വഴികളാരായുകയാണ് ബജറ്റിലൂടെ ചെയ്തത്.

ദാരിദ്ര്യം മണക്കുന്ന 2020-21-ലെ ബജറ്റ്, ഏറ്റവും എളിയ നിലയിലുള്ള പ്രതീക്ഷകളാണ് മുന്നോട്ടുവെക്കുന്നത്. ഇതുപോലും നടക്കുമോ എന്ന സന്നിഗ്ദ്ധത ബജറ്റ് പാരായണത്തിലുണ്ട്. ജി.എസ്.ടി വകുപ്പിലെ 75% ഉദ്യോഗസ്ഥരെയും നികുതിപിരിവിനായി നിയോഗിച്ചത് ,ഇവിടുത്തെ ചെറുകിട വ്യാപാരികളെയും ചെരുസംരംഭകരെയും പരമാവധി ഊറ്റിയെടുക്കാനാണെന്ന പ്രതീല്തിലാ  സൃഷ്ടിച്ചിട്ടുണ്ട്. വ്യപാര രംഗം കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍  ജി.എസ്.ടി  വകുപ്പിലെ 75% ഉദ്യോഗസ്ഥരെല്ലാവരും കൂടി അങ്ങോട്ട്‌ തള്ളിക്കയറിയാല്‍,അവര്‍ സ്ഥാപനം    പൂട്ടി സ്ഥലം വിടാനാണ് സാധ്യത. കച്ചവടത്തിലെ കുറവ് മൂലം ചെറുകിടക്കാരും വന്‍കിടക്കാരുമായ വ്യാപാരികള്‍ കട പൂട്ടിപ്പോകുന്നത് ഇപ്പോള്‍ നിത്യസംഭവമാണെന്നു കൂടി ഓര്‍ക്കണം. ഇനി ഇങ്ങനെയൊക്കെ  ജി.എസ്.ടി സംസ്ഥാനത്തുനിന്ന് പിരിച്ചു നല്കിയാല്‍ത്തന്നെ കേന്ദ്രം നേരാം വണ്ണം  അതിന്‍റെ  വിഹിതം തിരിച്ചുതരുമെന്ന് ഉറപ്പുണ്ടോ ?. ജി.എസ്.ടി വിഹിതത്തിൽ ഇപ്പോൾത്തന്നെ 6000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. പ്രകൃതി ദുരിതം വരുത്തിവെച്ച ബാധ്യതകൾ വേറേയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുന്നു എന്ന് ആവര്‍ത്തിച്ചു പറയുന്ന ബജറ്റിന് പക്ഷെ കേന്ദ്രം സംസ്ഥാനത്തോട് ഇതേ  മനോഭാവം തുടർന്നാൽ എന്തു ചെയ്യുമെന്നതിനു ഉത്തരമില്ല. 

ചുരുക്കത്തിൽ പിരിവുകൂട്ടി മുണ്ടു മുറുക്കിയുടുക്കാനൊരുങ്ങുന്ന സർക്കാറിനെയാണ് ഇന്ന് കേരളം ദർശിച്ചത്. വല്ലാതെ പിരിവെടുത്ത് കേന്ദ്രത്തിലേക്കയച്ചാൽ, മുറുക്കിയുടുക്കാൻ കേരളത്തിലെ ജനങ്ങൾക്ക് അടുത്തവര്‍ഷം മുണ്ടുതന്നെ  ഉണ്ടാവുമോ എന്ന കാര്യം കണ്ടറിയേണ്ടിവരും.

Contact the author

Recent Posts

Web Desk 2 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 2 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 2 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 2 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 2 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 2 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More