വിവർത്തനങ്ങൾ - സജീവന്‍ പ്രദീപ്‌

Art Courtesy: Laura Windvogel

സൗദാമിനി...

: ഊം

നിശാവസ്ത്രങ്ങളഴിയുമ്പോൾ

ജല 'കൊളാഷി'ലേക്ക് നമ്മൾ

വിവർത്തനം ചെയ്യപ്പെടുകയാണ്...

ധവളാനുഭൂതിയുടെ

അസാധാരണ സമാധാനം

: ന്റെ മാഷേ വിവർത്തനമെന്നതു പോലെ മറ്റൊരു 'ക്ലീഷേ'യുണ്ടോ വർത്തമാനകാലത്തിൽ ?

എയ്, അങ്ങിനെയല്ല സൗദാമിനി

ഉടലുകളുടെ വിവർത്തനത്തിൽ

ഭാഷാരഹിതരായ 'ജലകോശ'വിശപ്പിന്റെ

വിനിമയങ്ങളുണ്ട്.

:ഊം... തുടങ്ങി പ്രാന്ത്... ജലം വിട്ടൊരു കളിയില്ലാല്ലേ ? ജലവും കിലവും...

'തണ്ടെല്ല്' കാളവണ്ടി പോലെയായി എന്ന ഒറ്റ വിവർത്തനത്തിൽ ഞാനീക്കളി അവസാനിപ്പിക്കും

സൗദൂ

: എനിക്കുറക്കം വരണൂ മാഷേ... നിങ്ങടെ ഒടുക്കത്തെ കവിതക്കേട്ടാ... തലവേദന വരുന്ന്

ഞാൻ പറഞ്ഞിട്ടില്ലേ.... ഒലക്കമ്മത്തെ ഭാഷയും...

സൗദാമിനി ഭാഷമേ തൊട്ടുള്ള കളി വേണ്ടാട്ടാ...

: പിന്നെ മാഷ്ടെ വായിലിട്ടാ പല്ല് തെറിച്ച് പോണ ഭാഷയല്ലേ ഇവ്ടെ അടുപ്പത്തിടണേ... നൊണകള് കമ്മലിട്ട നൊണകള് തന്നെ

എന്റെ സൗദൂ... ദൈവം വരുന്ന വഴികളുണ്ട്...

അതല്ലേ സയനൈഡിന്റെ രസവും,

ഇതിന്റെ സുഖവും...

വിവർത്തനം ചെയ്യാൻ മൂപ്പര് ആരേം അനുവദിക്കാത്തേ

: ദേ മാഷേ... റൂട്ട് എങ്ക് ടാ വളയണേന്ന് മനസിലായിട്ടാ... ഇനി വേണ്ടാ...

ദൈവത്തിന് നാല് കീശയുള്ള കുപ്പായണ്ട് സൗദൂ...

ഒന്നാമത്തതിൽ രതി.

രണ്ടാമത്തതിൽ മരണം.

മൂന്നാമത്തതിൽ വെളിച്ചം.

: നാലമത്തതിൽ "റം " ആവും... ദേ എന്റെ വായേന്ന് ഒന്ന് കേൾക്കരുത് ട്ടാ... അത് വിവർത്തനം ചെയ്യാൻ... നിങ്ങൾക്കുള്ളിലെ ആ പണ്ടാറക്കാലൻ കവിക്കും ഒക്കത്തില്ല...

സൗദൂ...

: അല്ല അറിയാണ്ട്  ചോദിക്കാ... നിങ്ങൾക്കിതിലാരെങ്കിലും കൈവിഷം തന്നോ... തന്നോ...

'ശതാവരി തോട്ടത്തിലൂടെ ജെ.സി. ബി' പോയ പോലായി മനുഷ്യനിവിടെ...

ഇങ്ങന്ണ്ടാ ഒരു പ്രാന്ത്... വിയർപ്പാറണേൽ മുന്നേ... വിവർത്തനം " മാങ്ങാ തൊലി... എന്നൊക്കെ പറഞ്ഞപ്പോ തന്നെ എനിക്ക് മണത്തു

ഡീ സൗദൂ...

മുസരീസ് തുറമുഖത്തന്ന് 

ഷൺമുഖം കനാലിലൂടെ

സാമാനങ്ങളുമായി

ഇരിങ്ങാലക്കുട ചന്തയിലേക്ക് 

വള്ളം തുഴഞ്ഞ കുഞ്ഞയ്യപ്പേട്ടൻ

അമരത്തിരുന്ന് വിളക്ക്  പിടിച്ച

നങ്ങേലിയമ്മായിനെ

വട്ടം പിടിച്ച് 

അര മണിക്കൂറ് കഴിഞ്ഞപ്പോഴാണടീ

'കൊറോസീനിനെ' മണ്ണെണ്ണ  എന്ന്  വിവർത്തനം ചെയ്തേ

:മാഷേ

റാന്തലിന്റെ അടി വെട്ടത്തില്

കാളവണ്ടില്

രാത്രി വന്ന് കേറിയ കല്ല്യാപെണ്ണിനെ 

മണിയറില് മലർത്തി കിടത്തി

പത്ത് മിനിറ്റ് കഴിഞ്ഞൊരു ബീഡി വലിച്ചിരുന്നപ്പോഴാണ്

മൂരി ഖാദറിക്ക

'പെന്നി വെയ്റ്റിനെ'

'പൊൻതൂക്കമെന്ന്' വിളിച്ചത്

: ന്റെ മാഷേ ഒന്ന് പതുക്കെ പറയ്... പിള്ളേര് എണിക്കൂലോ

തീർന്നില്ല സൗദൂ...

റെയിൽപ്പാളത്തിനരുകിലുള്ള

നെയ്യൻ ഔസേപ്പിന്റെ പീടികേല്

ബീഡി തെറുപ്പുക്കാരി 

ഒറോത

നട്ടുച്ചക്ക് ചായ്പിൽ നിന്ന് കെട്ട്യോൻ അന്തുവിനെ

പ്രാകിയത്

'മുട്ടിമ്മേ വെച്ച്' വെട്ടിക്കളയേ വേണ്ടേ....

മനുഷ്യന്റെ ആരാശം മുട്ടി

ഏത് നേരവും 'തീവണ്ടി'കളിയെന്ന പ്രാന്ത് ന്നെ

അന്ന് മുതലാണ്... സൗദൂ

'ട്രയിൻ' തീവണ്ടിയെന്ന മലയാള തനിമ ചൂടീത്

: മാഷ്ക്കിപ്പോ എന്തൂട്ടാ വിവർത്തനം ചെയ്യേണ്ടേ... കഥാപ്രസംഗം നിറുത്ത്... ദേ ഞാൻ കിടന്നു

ന്റെ സൗദാമിനി...

തൃശൂര് റേഡിയോ സ്റ്റേഷനില്

രാജ്യം കിടുക്കിയ വൻമരം വീണ

വാർത്ത വായിക്കണേന്റെ ഇടയില്

ഗുണശേഖരൻ

ഒന്ന് തിരിഞ്ഞ് നോക്കിപ്പോ

ബി ഗ്രേഡ് ആർട്ടിസ്റ്റ് ബിയാട്രീസിന്റെ

വയറുമ്മത്തേ സാരി മാറികിടക്കണൂ

ആ നിമിഷം

'റീത്ത്' എന്നത് പുഷ്പചക്രമായി

: പണ്ടാറടങ്ങാൻ

സമോവറിലെ ചെമ്പ് നാണയം തിളക്കണ പോലെ

വായട്ടലക്കാണ്ട്... നിങ്ങ വേഗം 'വിവർത്തിക്കൂ'

നാളെ എപ്പോ എണീക്കാനാവോ... പിള്ളേരുടെ സ്ക്കുളും പോവും

എപ്പ എണീറ്റ് ചോറാക്കാനാ ? ന്റെ മാഷേ വേഗം

എന്തൂട്ടാ ന്ന് ച്ചാ വിവർത്തിക്കാൻ

സൗദൂ... നാട്ട് വിവർത്തകരുടെ

ഭാഷ നിന്നെ കൊതിപ്പിക്കണില്ലേ...

അവരുടെ  ഓരോ വിവർത്തനവും

പോരാട്ടമായിരുന്നിരിക്കണം...

ഇന്ന് എന്തേ... നമുക്കങ്ങിനെ വിവർത്തിക്കാനാവത്തൂ...?

: ന്റെ മാഷേ...

സൗദാമിനി...

നിന്നോളം വിവർത്തിക്കാവുന്നതെന്തുണ്ട് ഭൂമിയിൽ

: ന്റെ മാഷേ എനിക്കറിഞ്ഞൂടെ നിങ്ങളെ

കാഞ്ഞബുദ്ധിടെ കാഞ്ഞിരമരമേ...

ന്റെ സൗദൂ...

: ന്റെ മാഷേ...

Contact the author

Sajeevan Pradeep

sujith kumar
3 years ago

നാട്ടുവർത്തമാനങ്ങളുടെ, വായ്മൊഴികളുടെ ധാരാളിത്തം ആണ് സജീവൻ പ്രദീപന്റ്റെ കവിതകൾ.....ചില ചരിത്ര ജീവിതങ്ങളെ അപ്രതീക്ഷിതമായി ഓർമ്മിപ്പിക്കുമ്പോൾ ഉള്ള ആഘാതം വളരെ വലുതാണ്.....കാഞ്ഞ ബുദ്ധിയുടെ കാഞ്ഞിര മരമേന്ന് അറിയാതെ വിളിച്ചു പോവും........

0 Replies

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More