ചുണ്ടിനും വെള്ളത്തിനുമിടയിലെ ദൂരത്തെക്കുറിച്ച് ! - ഷിന്‍ ചാന്‍ (വി.വി.ഷാജു)

മരണക്കിടക്കയിലെ

കവിക്കും 

കുടിവെള്ളമിരിക്കുന്ന  സ്റ്റൂളിനുമിടയിൽ 

നിസ്സാരമായ ദൂരമേയുള്ളൂ.

വളരെ വളരെ ചെറുത് .


ഏതാണ്ട് ഒരു നെടുവീർപ്പിന്റെ ദൂരം .

നെടുവീർപ്പ് ജീവിതത്തിന്റെ കലയാണ്.

അയാളിലതില്ല.


അയാളുണ്ടാക്കിയ  

അലങ്കാര കൽപ്പനകൾക്കാ

നിസ്സാര ദൂരത്തെ ഇല്ലാതാക്കാനാവില്ല.

ഇമേജറികൾ 

ദൂരത്തെ മായ്ക്കുന്ന റബ്ബറുമല്ല.


കട്ടിലിനും സ്റ്റൂളിനുമിടയിലെ വസ്തുനിഷ്ഠമായ ദൂരമാണത്.

നിസ്സാരമായത്.

അപരിഹാര്യമായത് .

ക്രൂരവും.


അവസാന തുള്ളി വെള്ളത്തിനായി ഒരാൾ ദാഹിക്കുമ്പോൾ 

അയാൾ സൃഷ്ടിച്ച

രൂപകങ്ങൾ എന്തു ചെയ്യാനാണ്?


സൈന്യത്തെ വിറപ്പിച്ച് 

ഉറക്കെയുറക്കെ

കവിത ചൊല്ലിയ ആത്മബലത്തിന് വിരലുകളെ ഗ്ലാസിൻമേലെത്തിക്കാനാവില്ല.


കവിയുടെ 

കൈവിരലുകൾക്കും ഗ്ലാസിനുമിടയിലിപ്പോൾ 

ഒരു wow സ്മൈലിയുടെ ദൂരം!

wow!


വിരലുകൾക്കും വെള്ളത്തിനുമിടയിലെ ദൂരം കാലത്തിലേക്ക് വിവർത്തനം ചെയ്താൽ ഏതാനും സെക്കന്റുകൾ .


അയാളാ വീട്ടിൽ ഒറ്റയ്ക്കെന്ന് പറഞ്ഞാൽ

സ്യൂച്ചിയുടെ ഉൺമയെ

വാക്കുകൾ കൊണ്ട് 

മായ്ച്ചു കളയലാവും. 


സ്യൂച്ചി. 

അയാളുടെ കൂട്ടുകാരിയായ 

പൂച്ച. 


അവൾ കട്ടിലിലെ പ്രിയനും

സ്റ്റൂളിനുമിടയിലെ,

അയാളുടെ വിരലുകൾക്കും വെള്ളമിരിക്കുന്ന ഗ്ലാസിനുമിടയിലെ ദൂരത്തെ എങ്ങനെ ചാടിക്കടക്കുമെന്നറിയാതെ   വേദനയോടെ മുരണ്ടു.


സ്യൂച്ചി സർക്കസ്സിലെ പൂച്ചയല്ല. അന്ത്യ ജലത്തിനും 

അതിന്റെ യാചകനുമിടയിലെ 

തീരെച്ചെറിയ, 

ഒരു നെടുവീർപ്പിന്റെയും 

wow എന്ന സ്മൈലിയുടെയും അകലമവളെ സംബന്ധിച്ച് അപരിഹാര്യമാണ്. 


ജലത്തിനും ചുണ്ടിനുമിടയിലെ 

ദൂരമവൾക്ക്

നൂറ്റാണ്ടുകൾ തമ്മിലുള്ള, 

അവളുടെ മുൻകയ്യിൽ ചെയ്യാനൊന്നുമില്ലാത്ത അകലമാണ് .


അയാളെയും 

അയാൾ യുദ്ധം ചെയ്യുന്ന ചൈനയെയും

 ഒരു പോലെ വെറുത്ത് ,

രണ്ടു സ്വേച്ഛാചാരികളായ ഭരണകൂടങ്ങൾക്കിടയിലെ

യുദ്ധത്തിൽ എന്റെയാത്മാവിനൊന്നും ചെയ്യാനില്ലെന്ന് പിറുപിറുത്ത് ന്യൂയോർക്കിലേക്ക് പറന്ന അയാളുടെ കാമുകിക്കും 

ഒന്നും ചെയ്യാനില്ല,

ഒന്നും .


 പ്രാണവാതകം  മുട്ടി

ലോകത്തിലെ വലിയ ആശുപത്രികളിലൊന്നിൽ 

ശ്വാസം മുട്ടിപ്പിടഞ്ഞു കിടക്കുന്ന അവൾ  

ഇപ്പോഴത്തെ

ഭൗതികാവസ്ഥ കൊണ്ട്മാത്രം,

ജീവിതത്തിലൊരിക്കലും അയാളുമായുണ്ടായിട്ടില്ലാത്ത ഹൃദയൈക്യത്തിലെത്തി .


 അതയാൾക്കോ അവൾക്കോ 

സ്യൂച്ചി എന്ന പൂച്ചയ്ക്കോ അറിയില്ല. അവർക്കതറിയാത്തതുകൊണ്ട് മരണമുഹൂർത്തത്തിൽ അവർക്കിടയിലുണ്ടായ 

ഏകത 

അവർക്കിടയിലുണ്ടെന്നു 

പറയാൻ വയ്യ.


ഒരു വർഷമായി

ചൈനീസ് ഭരണകൂടമയാളെ

വീട്ടിൽ കുഴിച്ചിട്ടിരിക്കുകയാണ്.


വിപ്ലവകാരിയായ കവി 

ലോക് ഡൗണിനെക്കുറിച്ചു പറഞ്ഞത്:

 ഫിഷ്ടാങ്കിലെ മീനുകൾക്ക് 

 ടാങ്കിനു മീതെ കമിഴ്ത്തിയ കൂട് അയഥാർത്ഥമായ  സ്വാതന്ത്ര്യത്തിന്റെ അനുഭൂതിയാണ് .


അയാളുടെ ആരാധകനായ

പട്ടാളക്കാരൻ 

വല്ലപ്പോഴും കൊണ്ടു കൊടുക്കുന്ന മദ്യം കഴിച്ച് ലഹരിപിടിക്കുമ്പോഴയാൾ 

സ്വൂച്ചിയെ മടിയിലിരുത്തി ,

കഴിഞ്ഞ ഒരു വർഷമായി

 മീനോ ഇറച്ചിയോ 

തിന്നിട്ടില്ലാത്ത അവളുടെദുരന്തത്തെ രാഷ്ട്രീയ ഭാഷയിലേക്ക് 

വിവർത്തനം ചെയ്ത്,

 'ഫാസിസ്റ്റു ഭരണകൂടം 

കിഴങ്ങും പച്ചിലയും തിന്നാൻ വിധിച്ച, ഭരണകൂടത്തിനെതിരെ

 മീശ രോമങ്ങൾ പോലുമനക്കിയിട്ടില്ലാത്ത, 

നെറ്റിയിൽ വെളുത്ത പൊട്ടുള്ള കറുത്ത നിറമുള്ള 

എന്റെ പൂച്ചേ' 

എന്നു വിളിച്ചോമനിച്ച് 

അവൾക്കായി കണ്ണീർവാർത്തു.


അയാളുടെ വീട്ടുതടങ്കൽ

 സ്യൂച്ചിക്ക് ആശ്വാസമായിരുന്നു. അതവളുടെ ഏകാന്തത പരിഹരിച്ചു.


 അയാൾ അവളെ അടിമയാക്കി വച്ചതിനെക്കുറിച്ച് ഒരിക്കലും പശ്ച്ചാത്തപിച്ചിരുന്നില്ല. അവൾക്കൊരു കൂട്ടുകാരൻ പൂച്ചയെ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ചതുമില്ല.


വീട്ടുതടങ്കലിലായതിനു ശേഷം ഇടതടവില്ലാത്ത വിനിമയങ്ങൾ അയാളെ

 ഒരു പൂച്ചയിലേക്കും 

അവളെ ഒരു മനുഷ്യനിലേക്കും പരിണമിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.


 പൂച്ചയ്ക്കും മനുഷ്യനുമിടയിലെ  പരിണാമസന്ധിയിൽ 

ഒരു പുതിയ സ്പീഷീസായി 

അവർ മാറുന്ന, 

ജന്തു പരിണാമചരിത്രത്തിലെ 'ചരിത്ര' സന്ദർഭത്തിൽ അവൾക്കൊരു 

കാമുകനും 

അയാൾക്കൊരു കാമുകിയും ലഭിക്കുന്ന  മനോഹരമുഹൂർത്തമുണ്ടാകുമെന്ന്അയാളവളുടെ 

പ്രണയരഹിത ജീവിതത്തെപ്രതിയുള്ള ആകുലതയെ

വക്രവും ദീർഘകാല ഗൃഹപാഠംമാവശ്യമുള്ളതുമായ വിപ്ലവ സിദ്ധാന്തമുണ്ടാക്കി

സ്വയം രക്ഷിച്ചിരുന്നു.


നോക്കൂ. 

ജലമുണ്ട്. 

അവസാന തുള്ളി വെള്ളത്തിനായി ചുണ്ടുനനച്ചു കിടക്കുന്ന മരണാസന്നനായ മനുഷ്യനുണ്ട് .


വെളളം കിട്ടാതെ അയാൾക്ക് 

ഭൂമി വിടാൻ വയ്യ.

ആ വിപ്ലവകാരി, 

 താൻ കേട്ട

 മനുഷ്യ കഥാനുഗായികകളാലും ചലച്ചിത്ര ദൃശ്യങ്ങളാലും സ്വാധീനിക്കപ്പെട്ടിട്ടുണ്ട് എന്ന മനശാസ്ത്രപരമായ ദുരവസ്ഥയുമുണ്ട്.

വെള്ളം തൊണ്ടയിലൂടെ ഇറങ്ങാതെ

അയാൾക്ക് മരിക്കാൻ വയ്യ!


അനിശ്ചിതമായ ഈ മുഹൂർത്തം അനന്തമായി നീണ്ടാൽ 

സ്വൂച്ചി എന്ന പൂച്ച ,

സസ്പെൻസ്

 ദീർഘനേരം തുടർന്നാൽ 

ചലച്ചിത്ര പ്രേക്ഷകർക്കു സംഭവിക്കുന്ന തരം 

ഈർഷ്യ പിടിച്ച 

വിരസതയിൽ വീണ് 

ഉച്ചത്തിൽ കൂവുമോ?


 അതോ പൂച്ചകൾക്ക് 

ചരിത്രത്തിലനുവദിച്ച 

പരമാവധി 

മായാജാല പ്രകടനത്തിനപ്പുറം സ്പീഷീസ് നിയമം തെറ്റിച്ച് 

അവൾ ആ വെള്ളമെടുത്ത് അയാളുടെ ചുണ്ടിലിറ്റിച്ചു കൊടുക്കുമോ?


ഒരു ഫാസിസ്റ്റു ഭരണകൂടവും വൈറസും ചേർന്ന് 

 മനുഷ്യരുടെയും പൂച്ചകളുടെയും ജീവിതത്തിൽ 

എന്തല്ലാം അനർത്ഥമാണ് 

ഉണ്ടാക്കുന്നത്?

 - ഷിൻ ചാൻ ഒരാഴ്ച മുൻപ് തന്റെ ലബനീസ് സുഹൃത്തിനയച്ച കത്ത് 

Contact the author

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More