പാരിസ്: ഫുട്ബോള്‍ ഇതിഹാസം മെസ്സി ക്ലബ്ബ് വിട്ടതിന് പിന്നാലെ പി എസ് ജി ആരാധകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. സാമൂഹിക മാധ്യമങ്ങളിലൂടെ ടീമിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്. പി എസ് ജിക്ക് വേണ്ടി അവസാന മത്സരം കളിച്ചതിനുപിന്നാലെ പത്തുലക്ഷത്തിലധികം പേരുടെ പിന്തുണ പി.എസ്.ജിയ്ക്ക് നഷ്ടപ്പെട്ടു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 69.9 ദശലക്ഷം പേർ സമൂഹമാധ്യമത്തിൽ പിഎസ്ജിയെ പിന്തുടരുന്നുണ്ടായത്, മെസ്സിയുടെ വിടവാങ്ങലോടെ 68.8 ആയി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
പി.എസ്.ജിയ്ക്ക് വേണ്ടി 75 മത്സരങ്ങള്‍ കളിച്ച മെസ്സി 32 ഗോളുകളാണ് നേടിയത്. താരത്തിനെ സ്വന്തമാക്കാന്‍ വലവിരിച്ച് മുന്‍ ക്ലബ് ബാഴ്സലോണയും സൗദി ക്ലബ് അൽ ഹിലാലും അമേരിക്കന്‍ ക്ലബ് ഇന്റര്‍ മിയാമിയും ചില പ്രീമിയര്‍ ലീഗ് ക്ലബുകളും രംഗത്തുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്ന സൗദി പ്രോ ലീഗിലേക്കാണ് മെസ്സിയ്ക്ക് ക്ഷണം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ മെസ്സി ഇതുവരെ തയ്യാറായിട്ടില്ല. മെസിക്കായി ബാഴ്സലോണയുടെ വാതിലുകള്‍ എന്നും തുറന്നിട്ടിരിക്കുകയാണെന്ന് പരിശീലകന് സാവി അടുത്തിടെ പറഞ്ഞു. മെസി, സാവി, ഇനിയേസ്റ്റ എന്നിവരുടെ കാലത്താണ് ബാഴ്സലോണ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബ്ബായി മാറിയത്.