തരൂരിന്‍റേത് എന്തൊരു ലജ്ജാകരമായ നിലപാടാണ്- ഡോ. തോമസ്‌ ഐസക്ക്

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ചെങ്കോല്‍ ഏന്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ ന്യായീകരിച്ച ശശി തരൂരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മുന്‍ ധനകാര്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഡോ. തോമസ്‌ ഐസക്ക്.

ഡോ. തോമസ്‌ ഐസക്ക് എഫ് ബിയിലെഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം 

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ അപഹാസ്യനാടകമാക്കി മാറ്റിയ മോദിയുടെയും സംഘത്തിന്റെയും ചെയ്തികളിൽ രാജ്യം ലജ്ജിച്ചു നിൽക്കുമ്പോഴാണ് കോൺഗ്രസുകാരെപ്പോലും അമ്പരിപ്പിച്ച ട്വീറ്റുമായി സാക്ഷാൽ ശശി തരൂരിന്റെ വരവ്. ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷത്തിന്റെ ഭാഗമാണ് അദ്ദേഹം. പക്ഷേ, ട്വീറ്റിൽ അദ്ദേഹത്തിന് മധ്യസ്ഥന്റെ റോളാണ്. ഇരുപക്ഷത്തിനും ഉചിതമായ വാദമുഖങ്ങളുണ്ടത്രേ. സംഘപരിവാറിനെയും തന്റെ പാർടിയടക്കമുള്ള പ്രതിപക്ഷത്തെയും ഒരുമിച്ച് സുഖിപ്പിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. ഈ വഴുവഴുപ്പൻ നിലപാടിന്റെ രാഷ്ട്രീയ കുബുദ്ധിയിൽ നിന്ന് ബഹുമാന്യനായ ശശി തരൂർ പ്രതീക്ഷിക്കുന്നത് എന്താണ്?

വർത്തമാനകാല മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഭൂതകാല പാരമ്പര്യത്തിൽ നിന്ന് ചെങ്കോൽ സ്വീകരിക്കാമത്രേ. അദ്ദേഹത്തിന്റെ വിധിയെഴുത്താണ്. എന്തൊരു ലജ്ജാകരമായ നിലപാടാണിത്. വർത്തമാനകാല ഇന്ത്യയെയും അതിന്റെ നിലനിൽപ്പിന് സംഘപരിവാർ ഉയർത്തുന്ന ഭീഷണിയെയും കുറിച്ച് ബോധമുള്ള ഒരാളും ഇത്തരമൊരു നിലപാടുമായി സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ മുതിരില്ല. മതിനിരപേക്ഷതയോടുള്ള കൊഞ്ഞനം കുത്തലാണിത്.

തരൂർ പറയുന്ന ചെങ്കോൽ ഏന്തി നിൽക്കുന്നത് സാക്ഷാൽ മോദിയാണ്. സംഘപരിവാറാണ്. ജനാധിപത്യത്തിന്റെയോ മതനിരപേക്ഷതയുടെയോ ഒരു മൂല്യവും അവർ ഉയർത്തിപ്പിടിക്കുന്നില്ല. അവർ ഉയർത്തിപ്പിടിക്കുന്നത് തീവ്രവർഗീയതയുടെയും അപരവിദ്വേഷത്തിന്റെയും വാളും കുന്തവുമാണ്. അവർ ചെങ്കോൽ ഉയർത്തിക്കാണിക്കുന്നത്, ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങളെയും ജനാധിപത്യവാദികളെയും ഭീഷണിപ്പെടുത്താനും ഭരണഘടനാസ്ഥാപനങ്ങളെ നിഷ്ക്രിയമാക്കാനുമാണ്. അതിന്റെ ചരിത്രവും വർത്തമാനവുമൊന്നും അറിയാത്ത ആളല്ല തരൂർ.

ജനാധിപത്യരീതിയിലൂടെ കൈക്കലാക്കിയ അധികാരം കൽപാന്തകാലത്തേയ്ക്ക് നിലനിർത്താനാണ് സംഘപരിവാറിന്റെ ശ്രമം. ഹിറ്റ്ലറും അങ്ങനെയായിരുന്നു. അമിതധികാര പ്രയോഗത്തിനായി അവർ അവലംബിക്കുന്ന ദയാശൂന്യവും മാരകവുമായ ആയുധങ്ങളുടെ പ്രഹരശേഷിയെയാണ് ആ ചെങ്കോൽ പ്രതിനിധീകരിക്കുന്നത്. തരൂർ വാഴ്ത്തിപ്പാടുന്ന ഭൂതകാലത്ത് കേവലം രാജാധികാരത്തിന്റെ മാത്രം ചിഹ്നമായിരുന്നില്ല ചെങ്കോൽ. മറിച്ച് വർണാശ്രമ വ്യവസ്ഥയുടെ നിഷ്കരുണമായ ദണ്ഡനനീതി കാത്തുപുലർത്തി പരിപാലിച്ചതും ഈ ചെങ്കോൽ വാഹകരമാണ്. 

പാർലമെന്റിന്റെ പുതിയ മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യേണ്ടതില്ല എന്നു തീരുമാനമെടുത്തവരുടെ പക്കലുള്ള ക്രൂരമായ അധികാരത്തിന്റെ പ്രതീകമാണ് മോദിയുടെ കൈയിലെ ചെങ്കോൽ. ആ അധികാരോന്മാദത്തോടുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണമായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ ബഹിഷ്കരണം. നമ്മുടെ ഭരണഘടന പ്രകാരം പ്രസിഡന്റാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. പാർലമെന്റിന്റെ ഭരണഘടനാപ്രകാരമുള്ള അധിപയാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു. പക്ഷേ, ചെങ്കോൽ ഏറ്റുവാങ്ങിയത് പ്രസിഡന്റ് അല്ല.

അധികാരത്തിന്റെ പ്രതീകമായി ചെങ്കോലിനെ വണങ്ങാൻ ശശി തരൂരിന് എല്ലാ അവകാശങ്ങളുമുണ്ട്. പക്ഷേ, ഇന്ന് ചെങ്കോൽ ഏറ്റു വാങ്ങിയ മോദിയും കൂട്ടരും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നൊക്കെ നിരീക്ഷിക്കുന്നത് കടന്ന കയ്യാണ്.  മതനിരപേക്ഷതയുടെയും യുക്തിചിന്തയുടെയും മഹത്തായ സന്ദേശം പങ്കുവച്ച ഉജ്ജ്വലമായ ഒരു പാരമ്പര്യം ഇന്ത്യയ്ക്കുണ്ടായിരുന്നു. നിർഭാഗ്യവാശാൽ ആ ഭൂതകാലത്തെയല്ല ശശി തരൂർ ഓർത്തെടുക്കുന്നത്. നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ആ പാരമ്പര്യത്തെ തള്ളിക്കളഞ്ഞ് സംഘപരിവാർ കാലത്തോട് പൂർണമായും സന്ധിചെയ്യുകയാണോ തരൂർ.

Contact the author

Web Desk

Recent Posts

National Desk 5 days ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More
Web Desk 1 week ago
Social Post

'സംസ്‌കാരഹീനമായ വൃത്തികെട്ട പ്രവൃത്തി' ; ജാസി ഗിഫ്റ്റിനെ അപമാനിച്ചതില്‍ ജി വേണുഗോപാല്‍

More
More
Web Desk 2 weeks ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

More
More
K T Kunjikkannan 1 month ago
Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 month ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More
Niveditha Menon 2 months ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

More
More