കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിച്ച 4 ഘടകങ്ങള്‍- എസ് വി മെഹജൂബ്

സാമൂഹ്യ, സാമുദായിക, ജാതി ഘടകങ്ങളെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കാതെ ഒറ്റനോട്ടത്തില്‍ കര്‍ണാടക തെരഞ്ഞടുപ്പ് ഫലത്തെ നിര്‍ണ്ണയിച്ച ഘടകങ്ങളെ ആഴത്തിലല്ലാതെ പരിശോധിക്കാന്‍ ശ്രമിക്കുമ്പോള്‍ തെളിയുന്ന വസ്തുതകളെ നാലായി തിരിക്കാം. 

1. കോണ്‍ഗ്രസിന്‍റെ സംഘടനാ ശേഷിയും ഇച്ഛയും  

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ആരെങ്കിലും കോണ്‍ഗ്രസിന് താലത്തില്‍ കൊണ്ടുചെന്നു കൊടുത്തതല്ല. ഇച്ഛകൊണ്ട് നേടിയതാണ്. വിജയ ഘടകങ്ങള്‍ ഓരോന്നായി വിശകലനം ചെയ്യേണ്ടത് അനിവാര്യം തന്നെ. എന്നാല്‍ വിജയിക്കണം എന്ന അതിയായ ഇച്ഛയോളം വരില്ല അതൊന്നും. മുന്‍പ് ഗുജറാത്ത്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലൊന്നും കോണ്‍ഗ്രസ് കാണിക്കാതിരുന്ന ശ്രദ്ധ കര്‍ണാടകയ്ക്ക് അവര്‍ നല്‍കി. പ്രതിപക്ഷ നേതാക്കളും മാധ്യമങ്ങളും പലവട്ടം വിമര്‍ശനമുന്നയിച്ചിട്ടും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും മേല്‍പറഞ്ഞ സംസ്ഥാന തെരെഞ്ഞടുപ്പുകളെ കുറ്റകരമായ നിസംഗതയോടെയാണ് നേരിട്ടത് എന്നത് ചരിത്രമാണ്. കുതികാല്‍ വെട്ടിയും വര്‍ഗീയ ധ്രുവീകരണം നടത്തിയും രാജ്യത്തെ പല സംസ്ഥനങ്ങള്‍ ബിജെപി പിടിച്ചത് സമഗ്രാധികാര സംസ്ഥാപനം എന്ന അവരുടെ അടങ്ങാത്ത വാഞ്ജ (ഇച്ഛ) യും എന്തെങ്കിലുമാകട്ടെ എന്ന അതീവ കുറ്റകരമായ കോണ്‍ഗ്രസിന്റെ സമീപനവും സമം ചേര്‍ന്നപ്പോഴാണ്. സംഘടനയില്‍ നിന്ന് ആളുകള്‍ കൂടുമാറിക്കൊണ്ടിരിക്കുമ്പോഴും ഒന്നിനും ഊര്‍ജ്ജമില്ലാതെ നടന്ന ആ കാലത്തെ പിറകോട്ടുവകഞ്ഞുമാറ്റി കുതിക്കുന്ന ഒരു കോണ്‍ഗ്രസ് നേതൃത്വത്തെ കര്‍ണാടകയില്‍ കണ്ടു. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എന്തിന് റിട്ടയര്‍ ചെയ്ത സോണിയാ ഗാന്ധിയടക്കമുള്ള സ്റ്റാര്‍ കാമ്പയ്നര്‍മാര്‍ മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അടക്കമുള്ള അഖിലേന്ത്യാ നേതൃത്വം ഒന്നടങ്കം സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രാദേശിക നേതാക്കളെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തിച്ചു. അതോടൊപ്പം കറകളഞ്ഞ തന്റെ മതേതര നിലപാടുകള്‍ സഭയിലും പുറത്തും പ്രഖ്യാപിച്ചും നിര്‍ഭയം ബിജെപിയെ വെല്ലുവിളിച്ചും പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യയും കേന്ദ്ര ഏജന്‍സി ഭീഷണികള്‍ക്ക് മുന്നില്‍ കല്ലുപോലെ ഉറച്ച്, എല്ലാ വിയോജിപ്പുകളും മാറ്റിവെച്ചുകൊണ്ട് പ്രതിപക്ഷ നേതാവിനൊപ്പം നിലയുറപ്പിച്ച പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും ജനങ്ങളിലുണ്ടാക്കിയ വിശ്വാസ്യത കൂടി ചേര്‍ന്നതോടെ കര്‍ണാടക 'കൈ' കുമ്പിളിലൊതുങ്ങി എന്നു പറയാം. 

2. പൌരസമൂഹ ഇടപെടല്‍ 

ഹിജാബ് മുതല്‍ (വിശദാംശങ്ങളിലേക്ക് പോകുന്നില്ല) ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്ന നിരവധിയായ മതവികാര ധ്രുവീകരണ അജണ്ടകളെ തിരിച്ചറിഞ്ഞ ഒരു വലിയ പൌര സമൂഹബോധം ഈ വിധിയെ സ്വാധീനിച്ചിട്ടുണ്ട്. കലാപത്തിന് മുന്നോടിയായി വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന വിധത്തില്‍ ഗുജറാത്തില്‍ ലഖുലേഘാ പ്രചാരണം നടത്തിയതിനെ കുറിച്ച് പ്രമുഖ സാമൂഹ്യശാസ്ത്രകാരന്‍ ഡോ. അച്ചിന്‍ വിനായക് പറയുന്നുണ്ട്. എന്നാല്‍ നേര്‍ എതിര്‍ദിശയില്‍, മതനിരപേക്ഷതക്ക് അനുഗുണമായ രീതിയില്‍, നേരത്തെ സൂചിപ്പിച്ച പൌരസമൂഹം നടത്തിയ ഇടപെടല്‍ ഈ തെരഞ്ഞെടുപ്പില്‍ ശക്തമായിരുന്നു. വിവിധ ഓര്‍ഗനൈസേഷനുകളും വിവരസാങ്കേതിക ജ്ഞാനമുള്ള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകളും വര്‍ഗീയ ധ്രുവീകരണ പ്രക്രിയക്കെതിരായി സാമൂഹ്യമാധ്യമങ്ങളടക്കമുള്ള വേദികളില്‍ ശക്തമായ പ്രചാരണം നടത്തി. ഇതെല്ലാം ജെഡിയുവിന്‍റെ വിശ്വാസ്യതയിലും സംഘടനാ ശേഷിയിലും സംശയാലുക്കളായ ഈ പൌരസമൂഹ കൂട്ടായ്മയുടെ പിന്തുണ സ്വഭാവികമായും ലഭിച്ചത് കോണ്‍ഗ്രസിനാണ്. 

3. ഭരണവിരുദ്ധ വികാരം 

സംസ്ഥാന ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും മാഫിയാവത്കരണവും ബിജെപിയിലെ തമ്മിലടിയും അതുവഴി ജനങ്ങളിലുണ്ടായ ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസിന് അനുകൂലമായി വന്നു. ബിജെപി എടുത്തിടുന്ന അജണ്ടകളില്‍ കുടുങ്ങാതെ ഭരണത്തിലെ അഴിമതിയാണ് കോണ്‍ഗ്രസ് പ്രധാനമായും തെരഞ്ഞടുപ്പ് വിഷയമായി ഉന്നയിച്ചത്. ബിജെപി സാധാരണയായി മറ്റു പാര്‍ട്ടികളിലും അവരുടെ നേതാക്കളിലും കണ്ണുവെച്ചു നടത്താറുള്ള പ്രവര്‍ത്തനം കോണ്‍ഗ്രസ് ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ തിരിച്ചു പ്രയോഗിച്ചു. മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയെ കൂടെക്കൂട്ടി ഞെട്ടിച്ച ബിജെപിയെ അവരുടെ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷട്ടാറിനെയും മുന്‍ ഉപമുഖ്യമന്ത്രി ലക്ഷമണ്‍ സവാദിയെയും കൂടെക്കൂട്ടി കോണ്‍ഗ്രസ് ഞെട്ടിച്ചു. കേന്ദ്രഭരണമോ അധികാര പിന്തുണയോ ഇല്ലാതെ കോണ്‍ഗ്രസ് നടത്തിയ ഈ ഞെട്ടിക്കല്‍ തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വധീനമുണ്ടാക്കി. ഒരാള്‍ വരുമ്പോള്‍ ഒരാള്‍ മാത്രമല്ല ചില സാമുദായിക സമവാക്യങ്ങള്‍കൂടി മാറിമറിയും എന്ന് മനസ്സിലാക്കി കളിച്ച ഈ കളി, യാതൊരു രാഷ്ട്രീയ ധാര്‍മ്മികതയുമില്ലാതെ ബിജെപി നടത്തിക്കുന്ന കളിക്ക് എതിര്‍കളിയായി മാറി.   

4. മോദി മാജിക്കിന്‍റെ തകര്‍ച്ച 

മോദി മാജിക് എന്നും ഓപ്പറേഷന്‍ താമര എന്നും മാധ്യമങ്ങള്‍ താലോലിച്ചുവിളിക്കുന്ന ബിജെപിയുടെ സകല കളിയും കര്‍ണാടകയില്‍ പരാജയപ്പെട്ടു. ഏതൊരു മാജിക്കും ആദ്യം കാണിയെ ഞെട്ടിക്കും. ആ ഞെട്ടലിന്റെ ഇമ്പാക്റ്റില്‍ കുറേകാലം മാജിക്കുകാരനോട് ആരാധനയും തോന്നാം. എന്നാല്‍ കാണിച്ച മാജിക്ക് തന്നെ വീണ്ടും വീണ്ടും കാണിച്ചാല്‍ കാണികള്‍ മാജിക്കിന്റെ പിന്നിലെ തന്ത്രങ്ങള്‍ പിടിക്കും. അതോടെ മാജിക്കുകാരനോടുള്ള ആരാധനയും പമ്പ കടക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പലവട്ടമെത്തി വലിയ ഷോ കാണിക്കാന്‍ ശ്രമിച്ചെങ്കിലും മോദി മാജിക്കിന്റെ തന്ത്രങ്ങള്‍ മനസ്സിലാക്കിയ ജനങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള ആരാധനയും പമ്പ കടന്നു എന്ന് പറയേണ്ടിവരും. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കര്‍ണാടകയില്‍ പരാജയപ്പെട്ട ഈ മാജിക്ക് ഇനി തുടര്‍ച്ചയായി പൊട്ടുമോ എന്ന ഭയാശങ്ക നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പുകളിലെല്ലാം ബിജെപിയുടെ ആത്മവിശാസം കുറയ്ക്കും. ഏതായാലും ഈ പ്രതിച്ഛായ നഷ്ടം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശ മാറ്റി നിര്‍ണ്ണയിച്ചേക്കാം. അതിന്റെ സൂചനയായി കര്‍ണാടക തെരഞ്ഞെടുപ്പിനെ കാണാം.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Dr. Azad 3 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 1 month ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 1 month ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 1 month ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 1 month ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More