കൊച്ചി: വിഷുദിനത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5595 രൂപയും പവന് 44,760 രൂപയുമായി. ഇന്നലെ പവന് 440 രൂപ കൂടി 45,320 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയുടെ ചുവട് പിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില വര്‍ധിക്കുന്നത്.
ബാങ്കിംഗ് മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമെന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. കൂടാതെ, പണപ്പെരുപ്പം കൂടുമ്പോൾ, കറൻസിയുടെ മൂല്യം കുറയുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ സുരക്ഷിത ആസ്തിയായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്.