സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. മെസി ടീമിലേക്ക് തിരിച്ചെത്തുന്നതിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ബാഴ്സലോണ കോച്ച് ഷാവി ഹെർണാണ്ടസിനെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെസി തിരിച്ചുവന്നാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനായിരിക്കുമെന്നും അദ്ദേഹത്തിനായി ബാഴ്സലോണയുടെ വാതിലുകള്‍ എന്നും തുറന്നിട്ടിരിക്കുകയാണെന്നും ഷാവി പറഞ്ഞു.
മെസി ക്യാംപുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്ന് ക്ലബ്ബ് വൈസ് പ്രസിഡണ്ട് റാഫ യുസ്തെയും അടുത്തിടെ പറഞ്ഞിരുന്നു. കൂടാതെ ഈ സീസണോടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന മെസി ഇതുവരെ കരാര്‍ പുതുക്കിയിട്ടില്ലെന്ന് പി എസ് ജി മാനേജര്‍ ക്രിസ്റ്റോഫ് ഗാൾട്ടിയർ വ്യക്തമാക്കുകയും ചെയ്തു.
മെസി, ഷാവി, ഇനിയേസ്റ്റ എന്നിവരുടെ കാലത്താണ് ബാഴ്സലോണ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബ്ബായി മാറിയത്. 21 വർഷത്തെ ബന്ധമുപേക്ഷിച്ച് 2021ലാണ് മെസി പിഎസ്ജിയിലെത്തിയത്. ലിയോണല്‍ മെസിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ക്ലബ് പ്രസിഡന്റ് ലാപോര്‍ട്ടയും മെസിയുടെ അച്ഛന് ജോര്‍ജെ മെസിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വളരെ പ്രതീക്ഷയോടെയാണ് ഫുട്ബോള്‍ ആരാധകര്‍ ഈ വാര്‍ത്തയോട് പ്രതികരിക്കുന്നത്.