മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിന് വധഭീഷണി. ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നാണ് വധഭീഷണി ലഭിച്ചത്. പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയത് പോലെ വധിക്കുമെന്നാണ് ഭീഷണി സന്ദേശം. ഡൽഹിയിൽ വെച്ച് കണ്ടാല്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലുമെന്നാണ് ഭീഷണി. സഞ്ജയ് റാവത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് വധഭീഷണി ലഭിച്ചത്. തന്റെ ജീവന് ഭീഷണിയുള്ളതായി സഞ്ജയ് റാവത്ത് നേരത്തെ പറഞ്ഞിരുന്നു.
തന്നെ കൊല്ലാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ മകന് ശ്രീകാന്ത് ഷിന്‍ഡെ വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയെന്ന് സഞ്ജയ് റാവത്ത് നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സഞ്ജയ് റാവത്ത് കത്തെഴുതുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബിഷ്ണോയി സംഘത്തില്‍ നിന്നും സഞ്ജയ് റാവത്തിന് വധഭീഷണി ലഭിച്ചത്.
കഴിഞ്ഞ ദിവസം ബോളിവുഡ് താരം സല്മാന് ഖാന് വീണ്ടും വധഭീഷണി ലഭിച്ചിരുന്നു. മാര്‍ച്ച് 23- ന് സല്മാന് ഖാന്റെ ഓഫിസിലെ മെയില്‍ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. കൊല്ലപ്പെട്ട പഞ്ചാബി ഗായകന് സിദ്ദു മൂസേവാലയുടെ അവസ്ഥയായിരിക്കും സല്മാന് ഖാന് എന്നാണ് ഭീഷണി സന്ദേശത്തില്‍ പറഞ്ഞത്. അധോലോക ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് ബോളിവുഡ് നടന് നിരന്തരം ഭീഷണി സന്ദേശങ്ങളയക്കുന്നത്.