ഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രംഗത്ത്. നരേന്ദ്രമോദി സ്വയം അഴിമതി വിരുദ്ധന്‍ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെടുന്നത്. അദാനിയുമായുളള ബന്ധത്തെക്കുറിച്ചും മേഘാലയയിലെയും കര്‍ണാടകയിലെയും ചത്തീസ്ഗഢിലെയും അഴിമതികളെക്കുറിച്ചും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചോദ്യമുന്നയിച്ചു.
'അദാനിയുടെ ഷെല്‍ കമ്പനികളിലെ ഇരുപതിനായിരം കോടി രൂപ ആരുടേതാണ്? ലളിത് മോദി, നീരവ് മോദി, മെഹുല്‍ ചോക്സി, വിജയ് മല്യ, ജികിന്‍ മെഹ്ത എന്നിവരുടേതാണോ? നിങ്ങള്‍ അവരുടെ കണ്‍വീനര്‍ ആണോ? എന്തുകൊണ്ടാണ് നിങ്ങളുടെ കര്‍ണാടക സര്‍ക്കാരിനുമേല്‍ നാല്‍പ്പതുശതമാനം കമ്മീഷനെന്ന് ആരോപിക്കുന്നത്? മേഘാലയയിലെയും ചത്തീസ്ഗഢിലെയും രാജസ്ഥാനിലെയും അഴിമതികളില്‍ നിങ്ങളുടെ നേതാക്കന്മാര്ക്ക് പങ്കില്ലേ'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ദേശവിരുദ്ധ ശക്തികള്‍ രാജ്യത്തിനകത്തും പുറത്തും ഒന്നിക്കുകയാണെന്നും അഴിമതിയില്‍ മുങ്ങിയവരാണ് ഒരേവേദിയില്‍ നില്‍ക്കുന്നതെന്നുമാണ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ച് നടന്ന പരിപാടിയില്‍ നരേന്ദ്രമോദി പറഞ്ഞത്. 'അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തുന്നു. ജനങ്ങള്‍ നടപടികള്‍ നിര്‍ത്തരുതെന്നാണ് പറയുന്നത്. വ്യാജ ആരോപണങ്ങള്‍ കേട്ട് നടപടികള്‍ നിര്‍ത്തില്ല. കളളപ്പണം വെളുപ്പിക്കലിനെതിരായ നിയമം വഴി അഴിമതിക്കാരുടെ വേരുകള്‍ ഇളകി'- എന്നും മോദി പറഞ്ഞു.