കൊച്ചി: പ്രിയദര്ശന് സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജനപ്രിയ താരങ്ങളായ മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവരോടൊപ്പം മലയാള സിനിമയിലെ മികച്ച താരങ്ങളും ചേര്‍ന്നാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. സിനിമ ഏപ്രില്‍ മാസം റിലീസിന് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്.
ഷെയിൻ നിഗം, സിദ്ദിഖ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ ആണ് പോസ്റ്ററിൽ ഉള്ളത്. ഷെയിൻ നിഗമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക. പ്രിയദര്ശന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഫോർ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്. സിനിമ ഒരു സസ്പെന്‍സ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന.