വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

''അദ്ദേഹത്തിന് ദേഷ്യം വരാറുണ്ടോ?''

ഒരിക്കല്‍ ഒരഭിമുഖത്തിനിടെ നോം ചോംസ്കിയുടെ പങ്കാളിയോട് അഭിമുഖകാരന്‍ ചോദിച്ചു.

''ഇടയ്ക്കിടെ പല്ലിറുമ്മുന്നത് കാണാറുണ്ട്‌''- അവര്‍ മറുപടി പറഞ്ഞു.

''എപ്പോഴാണ് അങ്ങിനെ സംഭവിക്കാറുള്ളത്''- അഭിമുഖകാരന്‍ വീണ്ടും.

 ''മിക്കവാറുമത് 'ദ വാഷിംഗ്ടൺ പോസ്റ്റ്' വായിക്കുമ്പോഴാണ്''- അവര്‍ ഓര്‍ത്തെടുത്ത് പറഞ്ഞു. 

മാധ്യമങ്ങളുടെ പണി അങ്ങനെയാണ്. ഇത് മാധ്യമപ്രവര്‍ത്തകര്‍ക്കുതന്നെ തിരിയും. ചിലര്‍ക്ക് അല്പം വൈകിയാലെ തിരിയൂ എന്നുമാത്രം. ചിലര്‍ തിരിയാതെയൊ തിരിയാത്തതുപോലെ അഭിനയിച്ചോ വട്ടംതിരിയുന്നതും കാണാറുണ്ട്. സംശയമുണ്ടെങ്കില്‍ എഷ്യാനെറ്റ്‌ വ്യാജവാര്‍ത്ത വെളിച്ചത്തുവന്നതിനുശേഷമുള്ള ഫേസ്ബുക്ക്‌ പോസ്റ്റുകളിലൂടെ കടന്നുപോയാല്‍ മതി. മാധ്യമങ്ങളും മാധ്യമവിമര്‍ശവും ഒരു ജനാധിപത്യ സമൂഹത്തില്‍ അതിന്റെ നിലനില്‍പ്പിനും മുന്നോട്ടുപോക്കിനും അത്യന്തം അനിവാര്യമാണ്. അതുകൊണ്ടാണ് പ്രധാന / മുഖ്യമന്ത്രിയോളം വലിയ വീടും കാബിനറ്റ്‌ റാങ്കില്‍ ശമ്പളവും പത്തിരുപത്തഞ്ച് സ്റ്റാഫിനെയും നല്കി ജനാധിപത്യഭരണകൂടങ്ങള്‍ പ്രതിപക്ഷ നേതാവിനെ വിഭാവനം ചെയ്തത്. സര്‍ക്കാര്‍ നടപടികളെ ജനങ്ങളുടെ ഭാഗത്ത് നിന്നുകൊണ്ട് ക്രിയാത്മകമായി വിമര്‍ശിക്കുക മാത്രമാണ് പ്രതിപക്ഷ നേതാവിന്റെ ജോലി.  ജനാധിപത്യഭരണക്രമം അതായി നിലനില്‍ക്കാന്‍ വിമര്‍ശനം എത്രത്തോളം അനിവാര്യമാണ് എന്ന് എക്സിക്യൂട്ടീവിനകത്തുതന്നെയുള്ള ഈ സംവിധാനം മനസ്സിലാക്കിത്തരും. ഒരര്‍ത്ഥത്തില്‍ മാറിയും മറിഞ്ഞും ഭരണകൂടമായിത്തന്നെ പ്രവര്‍ത്തിക്കുന്ന എക്സിക്യൂട്ടീവിന്റെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് ജനപക്ഷത്തുനിന്ന് എതിര് നില്‍ക്കലാണ് ഫോര്‍ത്ത് എസ്റ്റേറ്റായ മാധ്യമങ്ങളില്‍ അര്‍പ്പിതമായ ജോലി. ആ ജോലിയും പക്ഷേ മൂലധന താത്പര്യങ്ങളാല്‍ മലീമാസമാകും എന്ന് മൂന്‍കൂട്ടിക്കാണുന്നതുകൊണ്ടാണ് മാധ്യമവിമര്‍ശനം ഒരു ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമാകുന്നത്.

500 രൂപ കൈക്കൂലി വാങ്ങിയ ജീവനക്കാരൻ്റെ / ക്കാരിയുടെ Photo യും വീഡിയോയുമെടുത്ത് Prime time വാർത്തയിൽ കാണിച്ച് അവരെയും അവരുടെ കുട്ടികളേയും മാതാപിതാക്കളേയും അവഹേളിച്ച് നാടു നന്നാക്കിക്കളയാം എന്ന് ഒരു റിപ്പോർട്ടർക്ക് വ്യാമോഹമില്ലെങ്കിലും ഉണ്ടെങ്കിലും ചാനലിന് ആ വാർത്ത കൂടിയേ കഴിയു. അനീതിയെന്താണെന്നും അതിനോടെതിരിടല്‍ എന്താണെന്നുമുള്ള വളരെ പോപ്പുലറായ വേര്‍ഷനാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ജനപ്രിയ സിനിമകള്‍ എന്നപോലെ ഈ ജനപ്രിയ എതിരിടല്‍ നല്ല വില്‍പ്പന സാദ്ധ്യതയുള്ള ഐറ്റമാണ് എന്നതുകൊണ്ടാണ് 500 രൂപ കൈക്കൂലി വാങ്ങിയ ജീവനക്കാരൻ്റെ / ക്കാരിയുടെ Photo കേരളമൊട്ടാകെ കാണിച്ച് ചാനലുകള്‍ അഴിമതി വിരുദ്ധ ഷോ നടത്തുന്നത്. പത്രങ്ങളും തഥെെവ.  ഇങ്ങനെ എല്ലാറ്റിന്റെയും പോപ്പുലര്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്ന വില്പന സാധ്യതയുള്ള ഷോകളാണ് മാധ്യമ മുതാളിമാര്‍ പ്രോത്സാഹിപ്പിക്കുക. അത് ക്രൈം വാര്‍ത്തകളാകാം, കക്ഷി രാഷ്ട്രീയ വടംവലികളാകാം, പാര്‍ട്ടികള്‍ക്കകത്തെ ഗ്രൂപ്പു പോരുകളാകാം, കോമഡിയെന്ന പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ സിനിമാപാട്ടിട്ടു കളിയാക്കുന്ന ദയനീയ പ്രോഗ്രാമുകളാകാം.. അങ്ങിനെയങ്ങിനെ എന്തുമാകാം.

ഒരു സമൂഹം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്തോ അത് കൂടുതല്‍ ഉദ്പാദിപ്പിക്കുകയാണ് ആ സമൂഹം ചെയ്യുക. കേരളത്തിലെ മാധ്യമങ്ങളില്‍ അതിപ്പോള്‍ ക്രൈം ന്യൂസാണ്. കഴിഞ്ഞ ഒരു പത്തുവര്‍ഷമെങ്കിലുമായി എല്ലാ ചാനലുകളിലെയും പ്രൈം ടൈമിലെ പ്രധാന ന്യൂസ് ചങ്കാണ് അത്. കുറ്റകൃത്യവാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ധാര്‍മികമായ വിവേചനം തീരെ ഇല്ലാതായത് ഇങ്ങിനെയൊരു ബുള്ളറ്റിന്‍ വന്നതോടുകൂടിയാണ് എന്നുപറയാം. രാത്രി 10 മണിക്ക് ക്രൈം ഫയല്‍, ക്രൈം ബ്രാഞ്ച്, എഫ് ഐ ആര്‍, ക്രൈം സ്റ്റോറി തുടങ്ങി യാതൊരു സങ്കോചവുമില്ലാതെ ഹെഡ് ലൈന്‍ വെച്ച് ആഘോഷമായാണ്‌ മലയാളം ചാനലുകള്‍ കുറ്റകൃത്യങ്ങളെ കൊണ്ടാടുന്നത്. (വാര്‍ത്ത എന്ന പേരില്‍ പൊലീസ് വേര്‍ഷന്‍ കൊടുക്കലാണ് ഇവരുടെ പരിപാടി. അതിന് ഒരുപാട് ഇരകള്‍ ഉണ്ട്. അത് പിന്നീട് പറയാം)  ചുരുക്കട്ടെ, അതാണ്‌ ഏഷ്യാനെറ്റ് ഇപ്പോള്‍ ചെയ്ത മയക്കുമരുന്ന് വാര്‍ത്തയില്‍ എത്തിനില്‍ക്കുന്നത്. സ്വാകാര്യ ആശുപത്രികളില്‍ പുതിയ ഡോക്ടര്‍മാര്‍ ചാര്‍ജെടുക്കുമ്പോള്‍ മാനേജ്മെന്‍റ് ചോദിക്കുന്നത് 'എത്ര സര്‍ജ്ജറി തരും' എന്നാണത്രെ!. സമാന സ്വഭാവത്തില്‍ കൂടുതല്‍ ബ്രെയ്ക്കിംഗ് ന്യൂസ്, കൂടുതല്‍ എക്സ്ക്ലൂസിവ് ന്യൂസ് എന്നിവയ്ക്കായി റിപ്പോര്‍ട്ടര്‍ക്ക് ചാനലുകളില്‍ സമ്മര്‍ദ്ദം വരുന്നുണ്ട്. അങ്ങനെ ചെയ്യാത്തവരെ കഴിവുകെട്ട റിപ്പോര്‍ട്ടറായി മാത്രമേ ചാനല്‍ മേധാവികള്‍ കണക്കാക്കൂ. അതുകൊണ്ടാണ് നാം നേരത്തെ പറഞ്ഞ ഐറ്റം വാര്‍ത്തകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഓവര്‍ സ്മാര്‍ട്ടാകുന്നത്. പാട്ടു പാടാനുള്ള കൊതിമൂത്ത് കർണ്ണാടിക് സംഗീത ക്ലാസിൽ ചേരുന്നയാളുടെ വിധിതന്നെയാണ് ഒരു പരിധിവരെ 'പത്ര'ത്തിലെ സുരേഷ് ഗോപിയാകാൻ ആഗ്രഹിച്ച് ചാനലിലും പത്രത്തിലുമെത്തുന്നവരുടെ വിധി. ആദ്യത്തെയാൾ മാസങ്ങളൊ ഒരുപക്ഷേ വർഷങ്ങളൊ ''സസരി സാരി സരിഗ രീഗ" എന്ന് തിരിച്ചും മറിച്ചും സ്വരങ്ങൾ പാടി ബോറടിച്ച് 'പാട്ടും വേണ്ട ഒരൊലെക്കേം വേണ്ട' എന്ന് തീരുമാനിച്ച് ആയുധം വെച്ച് കീഴടങ്ങും. രണ്ടാമത്തെയാൾ ബ്യൂറോയിലെ ദൈനംദിന പണികൾ പേറി, സി പി എം, കോൺഗ്രസ് തുടങ്ങി നാട്ടിലെ പാർട്ടികളിലെ ഗ്രൂപ്പുകളികളും വടംവലികളും അനാവശ്യ പ്രധാന്യത്തോടെ അവതരിപ്പിച്ച്, യൗവനം ധൂർത്തടിച്ച് മടുത്ത് പത്ത് നാല്പത് വയസ്സാകുമ്പോഴേക്ക് പണി വിട്ട് തേരാ പാരാ നടക്കാൻ തുടങ്ങും! 

ഏഷ്യാനെറ്റ് വാര്‍ത്തയും റിപ്പോര്‍ട്ടറും 

ഏഷ്യാനെറ്റ് വ്യാജവാര്‍ത്തയുടെ നിജസ്ഥിതി എന്ത് എന്നുള്ളതല്ല ഇവിടെ വിഷയം. അങ്ങിനെയൊരു കേസുണ്ടായാലും ഇല്ലെങ്കിലും അത്തരത്തില്‍ ഒരു വാര്‍ത്ത പടയ്ക്കാമോ എന്നതാണ്. തെളിവില്ലെങ്കില്‍ തൊണ്ടിയുണ്ടാക്കുന്ന പരിപാടി പൊലീസിലുണ്ട്. 'എസ് കത്തി'യൊന്നും മറക്കാറായിട്ടില്ല. എന്നാല്‍ ജേര്‍ണലിസത്തില്‍ ഒരു ട്രൂ സ്റ്റോറിയെ സബ്സ്റ്റാന്‍ഷ്യെറ്റ് (പിന്തുണയ്ക്കാന്‍) ചെയ്യാന്‍ കൃത്രിമമായി ഒരു ബൈറ്റോ  ഫൈറ്റോ ക്രിയേറ്റ് ചെയ്യാന്‍ പാടുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. ന്യൂസ് യഥാതഥമായിരിക്കണം എന്നാണ്. ക്രിയേറ്റീവിറ്റിക്ക് വേണ്ടിയോ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനൊ ഒന്നും ചേര്‍ക്കാന്‍ പാടില്ല. അങ്ങിനെ ചേര്‍ക്കാം. പക്ഷെ ആ നിമിഷം മുതല്‍ അത് വാര്‍ത്തയല്ലാതായിത്തീരുകയും ഒരു ക്രിയേറ്റീവ് വര്‍ക്കായി മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ചെയ്തത് മാധ്യമ ധാര്‍മ്മികതക്ക് നിരക്കുന്നതല്ല. അക്കാരണത്താല്‍ വെളിവായ വസ്തുതകള്‍ വെച്ചുപറഞ്ഞാല്‍ ആ ചാനല്‍ എത്രയും പെട്ടെന്ന് സംഭവിച്ച തെറ്റിന് മാപ്പ് പറയുകയാണ് വേണ്ടത്. റിപ്പോര്‍ട്ടറും സ്ഥാപനവും നിയമപരമായ നടപടികള്‍ നേരിടണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ചാനലുകളും ക്രൈം ന്യൂസ് ബുള്ളറ്റിനുകള്‍ അടിയന്തിരമായി നിറുത്തുന്നതിനെകുറിച്ച് ആലോചിക്കണം.  

ഏഷ്യാനെറ്റ് -സിപിഎം പോരും വൈരനിര്യാതന ബുദ്ധിയും  

ഇപ്പോഴത്തെ വിഷയം ഇത്ര ചൂടുള്ള വിഭവമായിത്തീര്‍ന്നത് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ചെയ്ത മാധ്യമ ധാര്‍മികതക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് എന്ന് കരുതാനാവില്ല. അതിന് പിന്നിലുള്ള ഊര്‍ജ്ജം ഏഷ്യാനെറ്റ് -സിപിഎം പോര് തന്നെയാണ്. ''എന്നാപിന്നെ കാണിച്ചുതരാം'' എന്നതരത്തില്‍ പരസ്പരമുള്ള വാശിതന്നെയാണ് വിഷയത്തിന്റെ ആണിക്കല്ല്. തെറ്റ് ഏറ്റുപറയാന്‍ കൂട്ടാക്കാതെ വാശിക്ക് നില്‍ക്കുന്ന ഏഷ്യാനെറ്റും സിപിഎം നേതൃത്വത്തിലുള്ള സംഘടനകളും സര്‍ക്കാരും ഇക്കാര്യത്തില്‍  സ്വീകരിക്കുന്ന ദ്രുത നീക്കങ്ങളും തന്നെയാണതിന് തെളിവ്. വിനു വി ജോണിനെ പോലെ യാതൊരു രാഷ്ട്രീയ പാകതയും ഇല്ലാത്ത ഒരാള്‍ നിരന്തരം 'ന്യൂസ് അവര്‍' ചെയ്യാന്‍ നിയോഗിക്കപ്പെടുന്നു. പൊളിറ്റിക്കലി ഇല്ലിട്രേറ്റായ അയാള്‍, ഏറ്റവും ക്രിട്ടിക്കലായ ഒരു കാലത്ത് മുന്‍പറഞ്ഞതുപോലെ വളരെ പോപ്പുലിസ്റ്റിക്കായ ഒരു നിഷ്പക്ഷ നാട്യത്തോടെ ഇടതുപക്ഷത്തിനെതിരെ പുച്ഛം മാത്രം സംപ്രേക്ഷണം ചെയ്യുന്നു. അതവസാനിപ്പിക്കാന്‍ സ്ഥാപനം ഒരു നടപടിയും സ്വീകരിക്കുന്നില്ല. വിറളിപൂണ്ട സിപിഎം എളമരത്തിന്റെ രൂപത്തില്‍ അയാള്‍ക്കെതിരെ കേസ് കൊടുക്കുന്നു. പശ്ചാത്തലത്തില്‍ സിപിഎം സൈബര്‍ ടീംസ് വലിയ ന്യായങ്ങള്‍ വിളമ്പിനടക്കുന്നു. ഇതിനിടയില്‍ സി പി എം വിരുദ്ധ വാര്‍ത്തകള്‍ക്ക് അസ്വാഭാവിക പ്രാധാന്യം നല്‍കുക വഴി വീണ്ടും ഏഷ്യാനെറ്റ് സിപിഎമ്മിനെ ചോടിപ്പിക്കുന്നു. സൈബര്‍ സേന 'മാപ്രാ' വിളികളുമായി മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം ഡി മോറലൈസ് ചെയ്യാനുള്ള പണികളുമായി മുന്നോട്ടുപോകുന്നു. ഇതിനിടയിലാണ് സിപിഎമ്മിന് വ്യാജ വാര്‍ത്ത ഒത്തുകിട്ടിയത്. 'പണി വരുന്നുണ്ട് അവറാച്ചാ' എന്ന പോസ്റ്റിന് പിന്നിലെ പി വി അന്‍വര്‍ എം എല്‍ എയുടെ ആവേശം അനീതിക്കെതിരായ ധാര്‍മ്മികതയുടെ ഊര്‍ജ്ജമായി തെറ്റിദ്ധരിക്കാന്‍ മാത്രം മണ്ടത്തരം ആര്‍ക്കെങ്കിലും ഉണ്ടാകും എന്ന് കരുതുന്നില്ല. തടയണവാര്‍ത്തയും വിദേശ അജ്ഞാതവാസ വിവാദവും അന്‍വറില്‍ സൃഷ്ടിച്ച ഈര്‍ഷ്യയുടെ ബഹിര്‍സ്ഫുരണമാണ് പരാതിയായും പിന്നീടുള്ള ത്വരിത നടപടികളായും തിടം വെച്ചത്. എസ് എഫ് ഐയുടെ മാര്‍ച്ചും അതിന്റെ ഭാഗംതന്നെ. എല്ലാം സ്ക്രിപ്റ്റഡാണ്.

''ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ല" എന്ന ചൊല്ലുപോലെ, കേരളത്തില്‍ അധാര്‍മ്മികമായ ഒരു കാര്യം നടക്കുന്നത് ഇത് നടാടെയല്ല. കന്യാസ്ത്രീകള്‍ തെരുവില്‍ വന്നു കിടന്നിട്ടുണ്ട്, മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്, അന്യായമായി ചെറുപ്പക്കാരെ പിടിച്ച് യു എ പി എ ചാര്‍ത്തി ജയിലിലടച്ചിട്ടുണ്ട്, വാളയാറും സിദ്ദിഖ് കാപ്പനും നടന്നിട്ടുണ്ട്. ബി ഗോപാലകൃഷ്ണന്‍റെയും ശശികലയുടെയും തില്ലങ്കരിയുടെയുമൊക്കെ സ്നേഹപ്രഭാഷണങ്ങള്‍ നടന്നിട്ടുണ്ട്. അന്നൊക്കെ ചാരിറ്റി പ്രവര്‍ത്തങ്ങളുമായി നടന്ന എസ് എഫ് ഐ യും ഡി വൈ എഫ് ഐയുമൊക്കെ ഇത്ര പെട്ടെന്ന് രാഷ്ട്രീയ ആക്ഷനിലേക്ക് കടന്നത് ധാര്‍മികത മുന്‍നിര്‍ത്തിയാണ് എന്ന് വിശ്വസിക്കാം. പക്ഷെ ചെലവ് ചെയ്യേണ്ടിവരും. എസ് എഫ് ഐക്കാരെയും ഡി വൈ എഫ് ഐക്കരെയുമൊന്നും ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്നില്ല. കേരളത്തിലെ എല്ലാ വിദ്യാര്‍ഥി, യുവജന, മഹിളാ വിഭാഗങ്ങളും തങ്ങളുടെ കക്ഷിക്ക്  അഹിതമായത് ഭവിക്കുന്നു എന്ന് തോന്നുമ്പോള്‍ മാത്രം ചോര തിളയ്ക്കുന്ന, ധാര്‍മിക രോഷത്താല്‍ പുകയുന്ന പ്രത്യേകതരം അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ്. അങ്ങിനെ നോക്കുമ്പോള്‍ ഇപ്പോള്‍ നടക്കുന്നത് വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന ഏറ്റുമുട്ടലാണ്. സംശയമുള്ളവര്‍ ഇന്നലെ (ഞായര്‍) രാത്രി 9.30 ന് പി ജി സുരേഷ് കുമാര്‍ നടത്തിയ "നേര്‍ക്കുനേര്‍" കാണുക. ഇ ഡിയുടെ വക്കാലത്തുമായി, പിണറായിക്കെതിരെ നിന്ന് തിളയ്ക്കുന്ന പി ജി യെ കണ്ടാലറിയാം ഏഷ്യാനെറ്റിന്‍റെ ദണ്ഡം. അതുകൊണ്ട് അപ്പുറവും ഇപ്പുറവും നിന്ന് വക്കാലത്ത് പിടിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കിക്കോ!  ഏഷ്യാനെറ്റും സിപിഎമ്മും സെറ്റിലാകുന്നവതുവരെ മതി നിങ്ങടെ തിളപ്പ്. ഇടനിലക്കാര്‍ പാഞ്ഞുനടപ്പുണ്ട്. 

Contact the author

Recent Posts

Dr. Azad 1 month ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 2 months ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 2 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 4 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 4 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More