മുതിര്‍ന്നാലും ട്രെയ്നിയാകേണ്ടിവരുന്ന വനിതാ ജേർണലിസ്റ്റുകള്‍- ലക്ഷ്മി പത്മ / ക്രിസ്റ്റിന കുരിശിങ്കല്‍

വനിതാ മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ അടുത്തിടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട പേരുകളില്‍ ഒന്നാണ് ലക്ഷ്മി പത്മ. ജോലി സ്ഥലത്ത് താന്‍ നേരിടേണ്ടിവന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികളെ കുറിച്ച് ലക്ഷ്മി പത്മ തുറന്നുസംസാരിക്കുകയും അതുവലിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു. ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും സൈബര്‍ അറ്റാക്കുകളെക്കുറിച്ചും ലക്ഷ്മി തുറന്നുസംസാരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തനം പുരുഷനെപ്പോലെ സ്ത്രീകള്‍ക്ക് അത്രയെളുപ്പമല്ലെന്ന് രണ്ടു പതിറ്റാണ്ടിലധികം നീണ്ട ദൃശ്യമാധ്യമരംഗത്തെ അനുഭവത്തില്‍ നിന്ന് അവര്‍ പറയുന്നു. ദൃശ്യമാധ്യമങ്ങളിലെ ന്യൂസ് റൂമുകളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെക്കുറിച്ചും ജാതിയതയെക്കുറിച്ചും 'മുസിരിസ് പോസ്റ്റി'നോട് മനസ് തുറക്കുകയാണ് ലക്ഷ്മി പത്മ.

1. ദൃശ്യമാധ്യമ രംഗത്തെ കരിയര്‍ അവസാനിപ്പിക്കാന്‍ കാരണമായതെന്താണ്? 

സൂര്യ ടിവിയിൽ ഒന്നരക്കൊല്ലവും ഇന്ത്യാവിഷനിൽ 7 കൊല്ലവും ജോലിയെടുത്ത അനുഭവ പരിചയവുമായാണ് ഏഷ്യാനെറ്റ് ന്യൂസിൽ ഞാൻ  ജോലിക്കെത്തുന്നത്. എട്ടുകൊല്ലം അവിടെ ജോലിയെടുത്തു. ഒരു സ്ഥാപനം എന്ന നിലയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് എന്നെ ഉൾക്കൊള്ളുന്നില്ല എന്ന് തോന്നിയിരുന്നു. കൃത്യമായ ഒരു വഴി തെളിഞ്ഞാൽ പുറത്തേക്കുപോകണം എന്ന ആഗ്രഹം അപ്പോൾ മുതൽ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ഇത്തരം അവഗണനകൾ എൻ്റെ മാനസികാവസ്ഥയെ തന്നെ വല്ലാതെ ബാധിക്കുന്ന ഒരു ഘട്ടത്തിലെത്തിയപ്പോഴാണ് പുറത്തേക്കുള്ള പോക്ക് വേഗത്തിലാക്കാൻ തീരുമാനിച്ചത്. ജോലിയും ജീവിതവും എന്നെ സംബന്ധിച്ച് പരസ്പര പൂരകങ്ങളാണ്. അത് ഒട്ടുമിക്കപേർക്കും അങ്ങനെ തന്നെയാവും. പക്ഷേ ചില സുഹൃത്തുക്കളെങ്കിലും തൊഴിലിടത്തെ അസംതൃപ്തികൾ വ്യക്തി ജീവിതത്തിൽ കൊണ്ടുവരാതെ രണ്ടിനെയും കൃത്യമായ അതിർവരമ്പുകളിട്ട് നിർത്തി മുന്നോട്ടുപോകുന്നത് കണ്ടിട്ടുണ്ട്. എനിക്കെന്തുകൊണ്ടോ അങ്ങനെയാകാൻ കഴിയുമായിരുന്നില്ല. അതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഏഷ്യാനെറ്റിലെ ജോലി ഉപേക്ഷിക്കാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. 

2. സ്ത്രീകളെ ആകെ തഴയുന്ന ഒരു മേഖലയാണോ ദൃശ്യമാധ്യമ മേഖല? ഉത്തരവാദപ്പെട്ട ജോലികള്‍ സ്ത്രീകളെ എല്പ്പിക്കുന്നതില്‍ ചാനലുകള്‍ വിമുഖത കാണിക്കാറുണ്ടോ?

സ്ത്രീകളെയാകെ പൂർണമായും തഴയുന്ന ഒരു തൊഴിൽ മേഖലയാണ് ദൃശ്യമാധ്യമ മേഖല എന്ന അഭിപ്രായം എനിക്കില്ല. പക്ഷേ എല്ലാ മേഖലകളിലേയും പോലെതന്നെ ഈ മേഖലയിൽ സ്ത്രീകൾക്ക് വ്യക്തിമുദ്ര പതിപ്പിക്കണമെങ്കിൽ പുരുഷൻമാർ ചെലവാക്കുന്നതിന്‍റെ ഇരട്ടിയോ അതിലധികമോ ഊർജ്ജം ഉപയോഗിക്കേണ്ടതായി വരും. പെൺകുട്ടികളും ആണ്‍കുട്ടികളും മാധ്യമ രംഗത്തേക്ക് കടന്നുവരുമ്പോള്‍തന്നെ അവരുടെ വ്യവഹാരം തീരുമാനിക്കപ്പെടുന്നുണ്ട്. പെൺകുട്ടിവരുന്നത് ഒരു ന്യൂസ് ബ്യൂറോയിലേക്കാണെങ്കിൽ അവളെ കാത്തിരിക്കുന്ന ചില സ്ഥിരം ബീറ്റുകൾ ഉണ്ട്. വിനോദം, സിനിമ, സാംസ്കാരികം എന്നിങ്ങനെ. കുറച്ചുകൂടി മുതിർന്നാൽ പിന്നെയത് ആരോഗ്യം, വനിത, ശിശു സംബന്ധിയായ വിഷയങ്ങൾ എന്നിങ്ങനെയൊക്കെയാകും. അതേസമയം, ഒരാൺകുട്ടിയെ വളരെ വേഗം തന്നെ രാഷ്ട്രീയ ബീറ്റുകളിലേക്കും മുഖ്യധാരാ വാർത്തകളിലേക്കും ഇറക്കിവിടും. എണ്ണം നോക്കിയാൽ ചിലപ്പോ വനിതകളായിരിക്കും ഈ മേഖലയിൽ കൂടുതൽ. പക്ഷേ നിർണായകമായ റോളുകൾ വഹിക്കുന്ന സ്ത്രീകളുടെ എണ്ണം കുറവുതന്നെയാണ്. ഇനി ഒരുകാര്യം തമാശയായി പറയാം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ പന്ത്രണ്ട് വർഷത്തിലധികം അനുഭവ സമ്പത്തുള്ള രണ്ട് വനിതാ മാധ്യമപ്രവർത്തകർ ഒരു മുഖ്യധാരാ ചാനലിൽ നിന്നുപോകുന്നു. തെരഞ്ഞെടുപ്പ് സമയത്തെ സോഫ്ട് വാർത്തകൾക്കായി, അതായത് രാഷ്ട്രീയവുമായി വലിയ ബന്ധമൊന്നുമില്ലാത്ത മണ്ഡലത്തിലെ ഫുഡ് കോർണറുകൾ, മണ്ഡലത്തിലെ ഉത്സവങ്ങൾ,  സാംസ്കാരിക കേന്ദ്രങ്ങൾ ഇവയൊക്കെ കവർ ചെയ്യലായിരുന്നു അവർക്ക് നൽകപ്പെട്ടിരുന്ന പണി. അതേസമയം ട്രെയിനി ജേർണലിസ്റ്റ് റാങ്കിലുള്ള ആൺകുട്ടികൾ അവിടെ ഗൌരവമുള്ള രാഷ്ട്രീയ പ്രതികരണങ്ങളും വാർത്തകളും ചെയ്യാൻ നിയോഗിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിയുന്നതിൻ്റെ രണ്ടുദിവസം മുന്‍പാണ് മാത്രമാണ് തങ്ങള്‍ക്ക് മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികളെയും ഒന്നുകാണാൻ പോലും അവസരം ഒത്തില്ലല്ലോയെന്ന കാര്യം മനസ്സിലാക്കുന്നത്. അതിലൊരാൾ മൂന്ന് പേരെയും കണ്ടേ തീരൂവെന്ന വാശിയിൽ അസൈൻമെൻ്റ് ചോദിച്ചുവാങ്ങി മൂവരെയും കണ്ടെന്നും മറ്റേ ആൾക്ക് ജോ ജോസഫിനെ കാണാനാകാതെ മടങ്ങേണ്ടി വന്നുവെന്നുമാണ് അറിയാൻ കഴിഞ്ഞത്. ഇത്തരം തമാശകളുടെ ശേഖരംതന്നെ കാണും വനിതാ മാധ്യമപ്രവർത്തകർക്ക് പരസ്പരം പങ്കിടാൻ.

3. സ്ത്രീകള്‍ പല മേഖലയിലും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്. ദൃശ്യമാധ്യമ രംഗത്തെ സ്ഥിതി എന്താണ്?

സിനിമാ,സീരിയൽ രംഗത്ത് നിലനിൽക്കുന്നതുപോലുള്ള ലൈംഗിക ചൂഷണം പൊതുവേ ദൃശ്യമാധ്യമ മേഖലയിൽ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. പക്ഷേ ഒറ്റപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല മുമ്പത്തേക്കാളേറെ ഇത്തരം വിഷയങ്ങളിൽ പരാതിപ്പെടുന്ന സ്ത്രീക്ക് അനുകൂലമായ നടപടികൾ മാധ്യമസ്ഥാപനങ്ങൾ കൈക്കൊള്ളുന്നു എന്നതും ആശാവഹമാണ്. മാതൃഭൂമി ന്യൂസ്,കേരള കൌമുദി തുടങ്ങിയ സ്ഥാപനങ്ങൾ കുറ്റാരോപിതരായ മാധ്യമപ്രവർത്തകർക്കെതിരെ സ്വീകരിച്ച നടപടി നമ്മൾ കണ്ടതാണ്. 

4. ചാനല്‍ മുറികളില്‍ ജാതിയത നിലനില്‍ക്കുന്നതായി താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ?

ഏതൊരു സംവിധാനത്തെയുംപോലെ തന്നെ ന്യൂസ് റൂമുകളും സമൂഹത്തിൻ്റെ പരിഛേദം തന്നെയാണ്. ജാതീയതയും വർഗീയതയും സങ്കുചിത കക്ഷിരാഷ്ട്രീയ ചിന്തകളുമെല്ലാം ന്യൂസ് റൂമുകളിലും കുറഞ്ഞ അളവിലെങ്കിലും കാണാനാവും. ഇതൊന്നുമില്ലാത്ത ഒരു വിശുദ്ധ ഇടമാണ് ന്യൂസ് റൂമുകളെന്ന് പറയാൻ എൻ്റെ അനുഭവപരിചയം എന്നെ അനുവദിക്കില്ല. നേരത്തെ ഒരു കുറിപ്പിൽ ഞാനിതിനെകുറിച്ച് എഴുതിയതിനെ ഏഷ്യാനെറ്റ് ന്യൂസിൽ ജാതീയത എന്ന പേരിൽ എന്റെ പടം വച്ച് കാർഡ് അടിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. വ്യക്തിപരമായി എന്നെ ഒന്ന് അധിക്ഷേപിക്കുക ആ ചെലവിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഒരു പ്രചാരണം അഴിച്ചുവിടുക ഇതുമാത്രമായിരുന്നു ആ കൂട്ടരുടെ ലക്ഷ്യം.  

5. ചാനലുകളില്‍ വാര്‍ത്തകള്‍ വായിക്കുക, അല്ലെങ്കില്‍ സ്ക്രീന്‍ പ്രസന്‍സ് ലഭിക്കുക എന്നതിന്റെ മാനദണ്ഡം എന്താണ്? 

ചാനൽ അവതാരകരാകാൻ മുമ്പ് നിശ്ചയിക്കപ്പെട്ടിരുന്ന മാനദണ്ഡങ്ങളിൽ പലതും ഇപ്പോൾ മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്. പുരുഷ അവതാരകരുടെ കാര്യത്തിൽ വിപ്ലവകരമായ പല പരീക്ഷണങ്ങൾക്കും ചാനലുകൾ തയ്യാറായിട്ടുണ്ടെങ്കിലും സ്ത്രീ അവതാരകരുടെ കാര്യത്തിൽ ഈ കാഴ്ചപ്പാടിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. മലയാളിയുടെ സവർണ സൌന്ദര്യ സങ്കൽപങ്ങൾക്ക് നിരക്കുന്നവരെ തന്നെയാണ് ഇപ്പോഴും സ്ത്രീ അവതാരകരായി ചാനലുകൾ തെരഞ്ഞെടുക്കുന്നത്. ചുരുക്കം ചില സുഹൃത്തുക്കളെങ്കിലും ഈ വേർതിരിവിനെ പരസ്യമായി ചോദ്യം ചെയ്ത് മാറ്റിനിർത്താനാവില്ലെന്ന് നിരന്തര പരിശ്രമത്തിലൂടെ തെളിയിച്ചുകൊണ്ട് മുൻനിര അവതാരകരുടെ കൂട്ടത്തിൽ കസേര വലിച്ചിട്ടിരിക്കുന്നുണ്ട്. അവരുടെ പോരാട്ട മനോഭാവത്തെ സല്യൂട്ട് ചെയ്യുമ്പോഴും എത്രപേർക്ക് ഇങ്ങനെ പോരടിച്ച് നിൽക്കാനാകും എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. സമൂഹത്തിലെ ഇത്തരം രീതികള്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ നമ്മള്‍ ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം ഇക്കാര്യങ്ങള്‍ പ്രകടമായിരുന്നുവെന്ന് പറയാന്‍ സാധിക്കും. 

6. യു ഡി എഫ് സ്ഥാനാര്‍ഥി ആരിത ബാബുവിനെ അനുകൂലിച്ച് ചെയ്ത സ്റ്റോറിക്കെതിരെ കടുത്ത സൈബര്‍ അറ്റാക്കാണ് താങ്കള്‍ക്ക് നേരിടേണ്ടി വന്നത്. ഈ പ്രശ്നത്തില്‍ മാധ്യമ സുഹൃത്തുക്കളോ താന്‍ ജോലി ചെയ്യുന്ന സ്ഥാപനമോ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് താങ്കള്‍ ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഏഷ്യാനെറ്റ് പോലെയുള്ള ഒരു സ്ഥാപനം അത്തരമൊരു സമീപനം സ്വീകരിച്ചത്? 

അരിതാബാബു വളരെ പ്രത്യേകതകളുള്ള ഒരു സ്ഥാനാർത്ഥിയായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി... ക്ഷീര കൃഷി വഴി ഉപജീവനം കണ്ടെത്തുന്ന ഒരാൾ, അങ്ങനെ പലതും. അതുകൊണ്ടുതന്നെ അവരെപ്പറ്റി റിപ്പോർട്ടുകളും ഫീച്ചറുകളുമെല്ലാം എല്ലാ മാധ്യമങ്ങളും തയ്യാറാക്കിയിരുന്നു. ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായതിനാൽ തന്നെ നമ്മൾ പതിനഞ്ചുമിനിട്ടുനേരം ഒരു സ്ഥാനാർത്ഥിക്ക് നീക്കി വയ്ക്കുകയും മറ്റേയാളെ കുറിച്ച് കൂടുതലൊന്നും പരാമർശിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അതിൽ ഒരു നീതികേടില്ലേ എന്ന സംശയം ഞാൻ ഉയർത്തിയിരുന്നു. മാത്രമല്ല 'ജബ് വി മെറ്റി'നായി ഞാൻ തയ്യാറാക്കിയ പട്ടികയിൽ യു. പ്രതിഭയുടെ പേരും ഉണ്ടായിരുന്നു. എന്നാൽ എഡിറ്റോറിയൽ നേതൃത്വമാണ് ഇതൊരു സോഫ്ട് കണ്ടൻ്റ് ഉള്ള പരിപാടി ആയതതിനാൽ അങ്ങനെ ബാലൻസ് ചെയ്യേണ്ടതില്ലെന്ന നിർദേശം വയ്കുകയും പ്രതിഭയെ അതിൽനിന്ന് ഒഴിവാക്കുകയും ചെയ്തത്. അതിലൊന്നും അസ്വാഭാവികമായി ഒന്നും തന്നെയില്ല. പല പരിപാടികളുടെയും ചർച്ചാവേളകളിൽ അങ്ങനെ സംഭവിക്കാറുണ്ട്. മാത്രമല്ല മുന്‍പ് പന്ന്യൻ രവീന്ദ്രൻ മത്സരിച്ചപ്പോഴും പികെ ബിജു മത്സരിച്ചപ്പോഴും എല്ലാം മാധ്യമങ്ങൾ അവരുടെ ഇത്തരം കഥകൾ നൽകുന്നതിന് മത്സരിച്ചു. പി കെ ബിജുവിൻ്റെ അമ്മയെ കൊണ്ട് കറ്റകൊയ്യിച്ചതും വാർത്തയാക്കിയതുമെല്ലാം നമുക്ക് മുന്നിലുണ്ട്. അതിനെയൊന്നും തെറ്റായി കാണാനാകില്ല. ആ അമ്മയും അവർ ചെയ്തുവന്നതൊഴിലും എല്ലാം കൂടി ചേർന്നതാണല്ലോ പി കെ ബിജുവിൻ്റെ രാഷ്ട്രീയം രൂപപ്പെടുത്തിയത്. ആ നീതി എന്തിന് അരിതാബാബുവിന് മാത്രം നിഷേധിക്കണം നമ്മൾ. അതിനെതുടർന്ന് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന ഒരുകൂട്ടർ സാമൂഹ്യമാധ്യമങ്ങളിൽ എനിക്കും അരിതാബാബുവിനും എതിരെ നടത്തിയത്  തീർത്തും സ്ത്രീവിരുദ്ധവും അങ്ങേയറ്റം അശ്ലീലം നിറഞ്ഞതുമായ സൈബർ ആക്രമണമായിരുന്നു. ഇത്തരം ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കാനാണ് എന്നോട് സ്ഥാപനം ആവശ്യപ്പെട്ടത്. അതിനോട് ഒരക്ഷരം പ്രതികരിക്കേണ്ടതില്ല എന്നും സ്ഥാപനം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിന് കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുകയും ചെയ്തു. വ്യക്തിപരമായി വലിയ സമ്മർദ്ദം നേരിട്ട സമയമായിരുന്നു അത്. സൈബർ ഗുണ്ടകൾക്കെതിരായ കേസാകട്ടെ എങ്ങുമെത്തിയതുമില്ല. ഇത്തരം സന്ദർഭങ്ങളിൽ ന്യായമായും നമ്മളുടെ ഭാഗം വിശദീകരിക്കുക എന്നത് ഒരു അഭിപ്രായസ്വാതന്ത്ര്യമായാണ് ഞാൻ കാണുന്നത്. ഓരോരുത്തർക്കും മറുപടി കൊടുക്കണം എന്നല്ല. പക്ഷേ ഒരു ശരിയായ മറുപടി ഇത്തരക്കാരുടെ വായടപ്പിക്കും എന്ന കാര്യം ഉറപ്പാണ്. ഡൂളിലെ അഭിമുഖവും അരിതാബാബുവിൻ്റെ ഫേസ് ബുക്ക് പോസ്റ്റും വന്നതോടെയാണ് സൈബർ ഗുണ്ടകൾ മറുപടിയില്ലാതെ പിൻവാങ്ങിയത്.

7. മറ്റൊരു ടെലിവിഷന്‍ ചാനലിനെ കുറിച്ച് ആലോചിക്കാതിരുന്നത് എന്തുകൊണ്ടാണ്? 

തുടക്കം മുതൽ 'ദ ഫോർത്ത്' വാർത്തകളോട് സ്വീകരിക്കുന്ന സമീപനം എന്നെ ആകർഷിച്ചിരുന്നു. വിവാദങ്ങള്‍ക്കും ബഹളങ്ങൾക്കും അപ്പുറം വാർത്തയുടെ മർമ്മമറിഞ്ഞ് അത് കൈകാര്യം ചെയ്യുന്ന രീതി ഏറെ ശ്രദ്ധേയമാണ്. കേന്ദ്രസർക്കാർ വിരുദ്ധവാർത്തകൾ വാർത്തകളേ അല്ലാതാകുന്ന ഈ കാലത്ത് പിണറായി സർക്കാരിനെ വിമർശിക്കുന്ന അതേ മൂർച്ചയോടെ മോദി സർക്കാരിനെയും വിമർശിക്കാൻ കാട്ടുന്ന ആർജ്ജവം, വിഷ്വൽ സ്റ്റോറി ടെല്ലിംഗിലെ പരീക്ഷണങ്ങൾ, വിവിധ വിഷയങ്ങളിലെ  വിദഗ്ധർ എഴുതുന്ന ആഴത്തിലും ചിന്തിപ്പിക്കുന്നതുമായ ലേഖനങ്ങൾ, പോഡ്കാസ്റ്റുകൾ ഇങ്ങനെ മാധ്യമ പ്രവർത്തനത്തെ ഗൌരവമായും സത്യസന്ധമായും പിന്തുടരുന്ന ആരെയും ആകർഷിക്കുന്ന ഒട്ടുമിക്ക ഘടകങ്ങളും ദ ഫോർത്തിനുണ്ട്. മുഖ്യധാരാ ചാനലുകളെല്ലാം തന്നെ വാർത്തകളെ ഒരേ രീതിയിൽ  കൈകാര്യം ചെയ്യുമ്പോള്‍, വാർപ്പുമാതൃകകളെ മറികടന്നുള്ള ഫോർത്തിൻ്റെ ചുവടുവയ്പ്പുകൾ ആവേശം കൊള്ളിക്കുന്നതാണ്. ഇനിയുള്ളകാലം ഡിജിറ്റൽ മീഡിയത്തെ അവഗണിച്ചുകൊണ്ട് ഒരു മാധ്യമപ്രവർത്തനം അത്ര സുഗമമാകില്ല. അതുകൊണ്ട് തന്നെ സാറ്റലൈറ്റ് ചാനൽ എന്ന സ്വപ്നസാക്ഷാത്കാരത്തിനടുത്ത് ടീം ഫോർത്ത് എത്തി നിൽക്കുമ്പോള്‍ ഡിജിറ്റൽ ഇടത്തിന് അവർ നൽകുന്ന പ്രാധാന്യം ഏറെ സന്തോഷം പകരുന്ന ഒന്നാണ്. ന്യൂസ് ഫ്ലോറുകൾക്ക് പുറത്ത് വാർത്തകളെ പിന്തുടരാനുള്ള വലിയ സ്വാതന്ത്ര്യവും അവസരവുമാണ് ഫോർത്ത് എനിക്ക് മുന്നിൽ വച്ചത്. ഭേദപ്പെട്ട ശമ്പള പാക്കേജും പോസ്റ്റും കൂടിയായതോടെ ആ കൂടുമാറ്റം ഫോർത്തിലേക്കുതന്നെ എന്നുറപ്പിച്ചു. ഫോർത്തിലെത്തിയിട്ട് ഒരു മാസം പിന്നിടുന്നു. ചെറുപ്പക്കാർ നയിക്കുന്ന ചെറുപ്പക്കാർ ചുറ്റും നിറഞ്ഞ ഉത്സവസമാനമായ ഒരു ഓഫീസന്തരീക്ഷം ആസ്വദിക്കുന്നതിൻ്റെ സന്തോഷത്തിൽക്കൂടിയാണ് ഞാൻ.

8.  തന്‍റെ സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും പുറകെ പോകാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റുകളിലെല്ലാം വ്യക്തമാക്കിയിരുന്നത്. എന്തൊക്കെയാണ് താങ്കളുടെ സ്വപ്നങ്ങള്‍                 

സിനിമ എന്റെ എല്ലാക്കാലത്തെയും സ്വപ്നമാണ്. ഐ എഫ് എഫ് കെ കാലങ്ങളിലാണ് സാധാരണഗതിയിൽ എന്നിൽ സിനിമാമോഹങ്ങൾ വല്ലാതെ ശക്തമാകുന്നത്. എന്നാൽ കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റുഫോമുകളിൽ തലപൂഴ്ത്തിയിരുന്ന് സിനിമ തന്നെ ജീവിതം എന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. അക്കാലത്തെ എല്ലാ വിരസതകളെയും വിഷമങ്ങളെയും സിനിമയിലൂടെയാണ് ഞാന്‍ മറികടന്നത്. എങ്കില്‍ പിന്നെ എന്തുകൊണ്ട് എനിക്കൊരു സിനിമ എടുത്തുകൂടാ എന്ന ചോദ്യം മനസ്സിൽ കലശലായി. സംവിധായകൻ ജയരാജിൻ്റെ പിന്തുണ കൂടിയായപ്പോൾ ആ സ്വപ്നം 'ഡിസംബർ 31' ൻ്റെ രൂപത്തിൽ സാക്ഷാത്ക്കരിക്കപ്പെട്ടു. ചിത്രം ജയരാജ് നേതൃത്വം നൽകുന്ന ഒടിടി പ്ലാറ്റ് ഫോമിലൂടെ പുറത്തെത്തി. അതിന് ആവേശകരമായ പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. വാർത്തകൾക്കൊപ്പം സിനിമ എന്ന സമാന്തര സ്വപ്നവും എൻ്റെ മനസ്സിൽ അതിശക്തമായിത്തന്നെയുണ്ട്. സിനിമയെന്ന മാധ്യമത്തെ അടുത്തറിയാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത് എന്നത് എൻ്റെ പുതുവർഷ പ്രതിജ്ഞകളുടെ ഭാഗം കൂടിയാണ്. 

Contact the author

Christina Kurisingal

Recent Posts

Interview

ഹിന്ദുത്വ ശക്തികളുടെ കൂടെ നില്‍ക്കാന്‍ ഒരിക്കലും എനിക്കാവില്ല- ബിന്ദു അമ്മിണി / ക്രിസ്റ്റിന കുരിശിങ്കല്‍

More
More
P P Shanavas 2 years ago
Interview

ഓർത്തുവെയ്ക്കാൻ ഒരു കവിതക്കാലം - ക്ഷേമ കെ. തോമസ് / പി. പി. ഷാനവാസ്‌

More
More
T K Sunil Kumar 3 years ago
Interview

ദൈവത്തെ പുരുഷവത്കരിച്ചത് എന്തിനാകും? - എറിൻ മാനിങ് / ടി. കെ. സുനില്‍ കുമാര്‍

More
More