തിരുവനന്തപുരം: അവിശ്വാസികളുടെ സര്‍വ്വനാശത്തിനായി പ്രാര്‍ത്ഥിക്കുമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിന് മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി. പ്രപഞ്ചത്തിലെ സകലതിനോടും മൈത്രിയും സ്നേഹവും സൂക്ഷിക്കുന്നവരാണ് ഭക്തരെന്നും പാമ്പിന് പല്ലിലും തേളിന് വാലിലുമാണ് വിഷമെങ്കില്‍ സംഘിക്ക് സര്‍വാംഗം വിഷമാണെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'അദ്വേഷ്ട സര്‍വ്വഭൂതാനാം മൈത്ര കരുണ ഏവ ച' ഭക്തന്റെ ലക്ഷണം ഭഗവത് ഗീതയിലെ ഭക്തിയോഗത്തില് പറയുന്നത് ഇപ്രകാരം. പ്രപഞ്ചത്തിലെ സകലതിനോടും മൈത്രിയും സ്നേഹവും സൂക്ഷിക്കുന്നതാരോ അവനാണ് ഭക്തനെന്നാണ് കൃഷ്ണ പക്ഷം. 'പാമ്പിന് പല്ലില്‍ വിഷം. തേളിന് വാലില്‍ വിഷം. ഈച്ചയ്ക്ക് തലയില്‍ വിഷം. ദുഷ്ടന്(സംഘിക്ക്) സര്‍വ്വാംഗം വിഷം'- സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു.
അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിനുനേരേ വരുന്നവരുടെ സര്‍വ്വനാശത്തിനായി പ്രാര്‍ത്ഥിക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ആലുവയില്‍ ശിവരാത്രി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'എന്റെ ഈശ്വരന്മാരെ സ്നേഹിച്ച് ഞാന്‍ ലോകത്തുളള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്നേഹിക്കുമെന്ന് പറയുമ്പോള്‍ അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും. വിശ്വാസികളുടെ അവകാശത്തിനുനേരേ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സര്വ്വനാശത്തിനുവേണ്ടി ശ്രീകോവിലിനു മുന്നില്‍പോയി പ്രാര്‍ത്ഥിച്ചിരിക്കും. എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. എന്നാല്‍ ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗത്തെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍പോലും സമാധാനത്തോടെ നല്ല ജീവിതം നയിച്ച് പോകാനുളള അന്തരീക്ഷം ഒരുങ്ങിക്കൂടാ. ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് പറയുന്നില്ല. പറഞ്ഞാല്‍ രാഷ്ട്രീയം സ്പുരിക്കും.'- എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.