ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ് -19 മൂലമുള്ള മരണസംഖ്യ കൂടുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി 500 നും 900 നും ഇടയിലാണ് മരണസംഖ്യ. ഇതുവരെ ആകെ മരണപ്പെട്ടവരുടെ എണ്ണം 18,738 ആയി ഉയര്‍ന്നു. ഇടയ്ക്കൊന്ന് താഴോട്ടുപോയ മരണനിരക്ക് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. 1,18,996 പേര് ഇപ്പോള്‍ ചികിത്സയിലാണ്.
രോഗീസംഖ്യ കുറവ്, മരണം കൂടുതല്‍
ബ്രിട്ടനില്‍ ഇതിനകം 1,38,078 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ബ്രിട്ടനില്‍ ഇറ്റലി, സ്പെയിന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ എണ്ണം കുറവാണ്. മരണസംഖ്യ കൂടിയ, മുകളില്‍ സൂചിപ്പിച്ച യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം ഏകദേശം ഒരുലക്ഷത്തി അമ്പത്തി എണ്ണായിരത്തിനും രണ്ടു ലക്ഷത്തി പതിമൂവായിരത്തിനും ഇടയിലാണ്. താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ കോവിഡ് -19 താണ്ഡവമാടിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ കിടപിടിക്കുന്ന ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.