ചിന്താ ജെറോമിന്‍റെ പി എച്ച് ഡി റദ്ദാക്കണം - ശാരദക്കുട്ടി

യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്‍റെ പി എച്ച് ഡി റദ്ദാക്കണമെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടി. ഗവേഷണ പ്രബന്ധത്തിൽ വാഴക്കുല കവിത കവി വൈലോപ്പിള്ളിയുടെതാണെന്ന അബദ്ധപരാമര്‍ശം വിവാദത്തിലായ സാഹചര്യത്തിലാണ് ശാരദക്കുട്ടിയുടെ പ്രതികരണം.  ഗവേഷകക്ക് മലയാളസാഹിത്യത്തിൽ പ്രാഥമികമായ പരിജ്ഞാനം പോലും ഇല്ലാതെയാണ് ഗവേഷണത്തിന് ഒരുമ്പെട്ടിറങ്ങിയതെന്ന വസ്തുത ഗവേഷണത്തിന്റെ ഒരു ഘട്ടത്തിൽപ്പോലും ഗൈഡിന് മനസ്സിലായില്ല എന്നത് തന്നെ അലട്ടുന്നുണ്ടെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഇപ്പോഴാണ് ഒരു പ്രബന്ധം യഥാർഥ Open defence ന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ ഗവേഷക എങ്ങനെ defend ചെയ്യുന്നു എന്നാണറിയേണ്ടത്. പ്രബന്ധത്തിലെ ഗുരുതരമായ പിഴവ് പ്രാഥമികമായി ഗവേഷകയുടെ ഉത്തരവാദിത്തമാണെങ്കിലും,  'ഈ പ്രബന്ധം ഞാൻ പരിശോധിച്ച് , under my supervision and guidance ആണ് തയ്യാറാക്കിയത് ' എന്ന് Guide  സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണ് പ്രബന്ധം യൂണിവേഴ്സിറ്റിക്ക് സമർപ്പിക്കപ്പെടുന്നത്.

ഗവേഷകക്ക് മലയാളസാഹിത്യത്തിൽ പ്രാഥമികമായ പരിജ്ഞാനം പോലും ഇല്ലാതെയാണ് ഗവേഷണത്തിന് ഒരുമ്പെട്ടിറങ്ങിയതെന്ന വസ്തുത ഗവേഷണത്തിന്റെ ഒരു ഘട്ടത്തിൽ പ്പോലും Guide ന്  മനസ്സിലായില്ല എന്നത് അലട്ടുന്നുണ്ട്. ഗൈഡിന്റെ കൃത്യാന്തര ബാഹുല്യങ്ങളൊന്നും ഈ പിഴവിനെ സാധൂകരിക്കുന്നതല്ല. പ്രബന്ധം വായിച്ച് നേരെ ചൊവ്വേ തിരുത്തിക്കൊടുക്കാൻ നേരമില്ലാത്തവർ ഈ പണിക്ക് തുനിഞ്ഞിറങ്ങരുത്. മുഴുവൻ സമയ സമർപ്പണം ആവശ്യമുള്ള ജോലിയാണത്. പ്രബന്ധം വായിച്ച് പരിശോധിക്കുമ്പോൾ ഗുരുതരമായ പിഴവുകൾ കണ്ണിൽ പെടാതെ പോകുന്നത് എങ്ങനെ എന്ന് മൂല്യനിർണ്ണയം നടത്തിയ അധ്യാപകരും വിശദീകരണം തരാൻ ബാധ്യസ്ഥരാണ്.

സാധാരണ ഗതിയിൽ ഓപൺ ഡിഫൻസ് വേളയിൽ, പരിശോധനാ റിപ്പോർട്ടുകളിൽ സൂചിപ്പിക്കപ്പെടുന്ന ചെറിയ തെറ്റുകൾക്കു പോലും പരിശോധനാ കമ്മിറ്റി ചെയർമാൻ ഗവേഷകയോട് വിശദീകരണം ചോദിച്ച് ന്യായമായ  മറുപടി തേടാറുണ്ട്. അവർ ഈ മാതിരിയുള്ള പരമാബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ എന്ന് നിലവിൽ വ്യക്തമല്ല. ചൂണ്ടിക്കാണിച്ചിരുന്നു എങ്കിൽ open defence ൽ എത്തുന്നതിനു മുൻപ് അത് തിരുത്തപ്പെട്ടേനെ .  അതും സംഭവിച്ചതായി കാണുന്നില്ല. തിരുത്തപ്പെട്ട തീസിസ് സമർപ്പിച്ചാൽ മാത്രമേ സാധാരണ ഗതിയിൽ ഇത് Open defence വരെ  എത്താറുള്ളു. ഇവിടെ അങ്ങനെയൊന്നും സംഭവിച്ചതായി കാണുന്നില്ല !!

ചില ചില ചോദ്യങ്ങൾക്ക് പൊട്ടന്യായങ്ങൾ പറഞ്ഞ് open defence ൽ ചിലപ്പോൾ ഗവേഷകർ തടി ഊരാറുണ്ട് എന്ന് സമ്മതിക്കുന്നു . ഇതു പക്ഷേ അങ്ങനെയല്ല. ഇവിടെ  സൂപർവൈസിങ് ടീച്ചറുടെ ഗൈഡ്ഷിപ്പ് റദ്ദാക്കുകയാണ് യൂണിവേഴ്സിറ്റി ചെയ്യേണ്ടത്. ഗവേഷകയുടെ Ph.D റദ്ദ് ചെയ്ത് പ്രബന്ധം തെറ്റുതിരുത്തി സമർപ്പിച്ച് പുന:പരിശോധനക്കു വിധേയമാക്കി ഡിഗ്രി അർഹമെങ്കിൽ മാത്രം തിരിച്ചു കൊടുക്കുകയാണ് വേണ്ടത്. തെറ്റുകൾ ഗവേഷണ പ്രബന്ധങ്ങളിൽ ഉണ്ടാകരുത് . പക്ഷേ ഉണ്ടായേക്കാം. എന്നാൽ കണ്ടുപിടിക്കപ്പെട്ടാൽ മാതൃകാപരമായ നടപടി ഉണ്ടാകണം. കണ്ടു പിടിക്കപ്പെട്ടു എന്നത് , ഇതുവരെ ഒന്നിലും കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ എന്നല്ല ന്യായീകരിക്കപ്പെടേണ്ടത്. കണ്ടുപിടിക്കപ്പെട്ടാൽ തിരുത്തപ്പെടുക തന്നെ വേണം.

1998ൽ എന്റെ Ph.D തീസിസിന് കൃത്യമായി നോട്ടെഴുതി കൊണ്ടു വരുകയും, മലയാളം ടൈപ്പിങ്ങിന്റെ തുടക്കകാലത്തെഴുതിയ ആ പ്രബന്ധത്തിലെ അക്ഷരത്തെറ്റുകൾ മുതൽ ചൂണ്ടിക്കാണിച്ച് തിരുത്തിക്കുകയും, ചോദ്യങ്ങൾ കൊണ്ട് ശരശയ്യയിൽ കിടത്തുകയും , പരിശോധകർക്കു തോന്നിയ എല്ലാ ന്യായമായ സംശയങ്ങൾക്കും എന്നെ കൊണ്ട് ഉത്തരം പറയിപ്പിക്കുകയും , ഒടുവിൽ Ph.D ക്ക് റെക്കമെന്റ് ചെയ്യുകയും ചെയ്ത് ഒരു ചെയർമാന്റെ ഉത്തരവാദിത്തമെന്തെന്ന് ബോധ്യപ്പെടുത്തിത്തന്ന M. M. ബഷീർ സാറിനെ ഇന്ന് ഓർമ്മിച്ചു പോകുന്നു. 

എസ്. ശാരദക്കുട്ടി

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 10 hours ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More