ബ്യൂനസ് ഐറിസ്: അടുത്ത ലോകകപ്പ് മത്സരത്തിലും മെസ്സി കളിക്കുമെന്ന് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്കലോണി. മെസ്സി അടുത്ത ലോകകപ്പ് കിരീടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്കലോണി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മെസ്സി തന്നെയാണെന്നും അദ്ദേഹത്തെപ്പോലെയൊരാള്‍ ടീമിനൊപ്പമുള്ളത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും സ്കലോണി കൂട്ടിച്ചേര്‍ത്തു.
'അടുത്ത ലോകകപ്പ് മത്സരത്തിലുണ്ടാകുമോ ഇല്ലയോ എന്നത് മെസ്സിയുടെ തീരുമാനമാണ്. അദ്ദേഹത്തിന്‍റെ ആഗ്രഹവും ശാരീരിക അവസ്ഥയും പരിഗണിച്ചായിരിക്കും അതിനുള്ള സാധ്യതകള്‍ പരിശോധിക്കുക. മെസ്സിക്ക് വേണ്ടി അര്‍ജന്റീനയുടെ വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കും. നിലവില്‍ അദ്ദേഹം സന്തോഷവാനാണ്' - ലയണല്‍ സ്കലോണി പറഞ്ഞു.
മെസ്സി അടുത്ത ലോകകപ്പ് മത്സരത്തിലുമുണ്ടാകണമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ് ലയണല്‍ സ്കലോണിയുടെ വാക്കുകള്‍. ഖത്തറിലേത് തന്‍റെ അവസാന ലോകകപ്പ് മത്സരമാകുമെന്ന് മെസ്സി തുടക്കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അര്‍ജന്റീന ലോകകപ്പ് കിരീടം നേടിയതിനുപിന്നാലെ ദേശിയ ജെഴ്സിയില്‍ കുറച്ചുകാലം കൂടി കളിക്കാന്‍ താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട് മറ്റ് പ്രതികരണങ്ങളൊന്നും മെസ്സിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.