ജംബോ: ലോകത്തിലെ ഏറ്റവും പ്രശസ്തനായ ആന

ലോകത്തിലെ ഏറ്റവും പ്രശസ്തനായ ആനയാണ് ജംബോ. ഇന്നു നമ്മൾ ആനകളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങൾക്കും ജംബോ എന്ന പദം ഉപയോഗിക്കാറുണ്ട്. ആനകളെ മാത്രമല്ല, വലുപ്പം കൂടിയ എന്തിനെയും നമ്മൾ ജംബോ എന്ന പേരു കൊണ്ട് സംബോധന ചെയ്യും. ഇതെല്ലാം വന്നത് ജംബോ ആനയിൽ നിന്നാണ്. പ്രശസ്തിയുടെ കൊടുമുടിയിലെത്തി അകാലത്തില്‍ വിടപറയേണ്ടിവന്ന ജംബോയുടെ കഥ ലോകമെമ്പാടുമുള്ള ആനപ്രേമികളെ ഇപ്പോഴും കണ്ണീരണിയിക്കും.

ജംബോ ഒരു ആഫ്രിക്കൻ ആനയായിരുന്നു. ആഫ്രിക്കയിൽ സുഡാന്റെയും എത്യോപ്യയുടെയും അതിർത്തിയിൽ 1861ൽ ജനിച്ച ജംബോയ്ക്ക് രണ്ടു വയസ്സ് തികയും മുൻപ് തന്നെ അവന്റെ അമ്മയെ നഷ്ടപ്പെട്ടു. മരിച്ചതല്ല, വേട്ടക്കാർ കൊന്നതായിരുന്നു. അഞ്ചാം വയസ്സ് തികയുന്നതു വരെ ജംബോ വലുപ്പത്തിൽ തീരെച്ചെറുതായിരുന്നു. ഇതിനിടയിൽ അവനെ യൂറോപ്പിലെത്തിച്ചു. ലണ്ടൻ മൃഗശാലയുടെ ഭാഗമായി മാറിയ ജംബോ താമസിയാതെ യൂറോപ്പിലെങ്ങും പ്രശസ്തനായി.

സോപ്പു മുതൽ കോഫി വരെയുള്ള ഉത്പന്നങ്ങളുടെ പരസ്യങ്ങളിലും പോസ്റ്ററുകളിലുമെല്ലാം അവൻ നിറഞ്ഞു നിന്നു. ജംബോയുടെ പുറത്തുകയറി സഫാരി നടത്താൻ ആളുകൾക്ക് ഇതിനിടെ അവസരമൊരുങ്ങി. വിക്ടോറിയ മഹാറാണി, തിയഡോർ റൂസ്‌വെൽറ്റ്, വിൻസ്റ്റൺ ചർച്ചിൽ തുടങ്ങിയ പ്രമുഖരൊക്കെ ജംബോയുടെ പുറത്ത് യാത്ര നടത്തിയിട്ടുണ്ട്... താമസിയാതെ ലണ്ടൻ മൃഗശാലയിലെ സുവർണതാരമായി മാറുകയായിരുന്നു ജംബോ.

ഇതിനിടയിൽ അവന്റെ ശരീരം വലിയ വളർച്ച നേടി. സാധാരണ ആഫ്രിക്കൻ ആനകളെക്കാൾ വലുപ്പമുണ്ടായിരുന്നു ജംബോയ്ക്ക്. പ്രായം കൂടുംതോറും അവന്‍റെ കുറുമ്പും കൂടിക്കൂടിവന്നു. അങ്ങനെയാണ് മൃഗശാല അധികൃതർ ജംബോയെ വിൽക്കാൻ തീരുമാനിക്കുന്നത്.അമേരിക്കയിലെ ബാർണം ആൻഡ് ബെയിലി എന്ന സർക്കസ് കമ്പനിയുടെ ഉടമ പി.ടി.ബാർണം, ജംബോയ്ക്ക് മുപ്പതിനായിരം യുഎസ് ഡോളർ എന്ന അക്കാലത്തെ പൊന്നുംവില നൽകാമെന്നു പറഞ്ഞു. ലണ്ടൻ മൃഗശാലയെ സംബന്ധിച്ച് വലിയൊരു തുകയായിരുന്നു അത്. അവരതു നിരസിച്ചില്ല. ജംബോയെ അമേരിക്കയിലേക്ക് അയക്കാൻ തന്നെ മൃഗശാല അധികൃതർ തീരുമാനിച്ചു.

ഈ തീരുമാനം ബ്രിട്ടനിലെങ്ങും വലിയ പ്രതിഷേധത്തിനു വഴിയൊരുക്കി. പതിനായിരത്തിലധികം സ്കൂൾ വിദ്യാർഥികൾ ജംബോയെ വിടരുതെന്ന് ആവശ്യപ്പെട്ട് വിക്ടോറിയ റാണിക്കു കത്തെഴുതി. എല്ലാ ദിവസവും ഒട്ടേറെ ബ്രിട്ടിഷുകാർ മൃഗശാലയിലെത്തുകയും ജംബോയെ തൊട്ടുതലോടി അവനു ഭക്ഷണം നൽകി തങ്ങളുടെ സ്നേഹം അറിയിക്കുകയും ചെയ്തു. എന്നാൽ ഇതു കൊണ്ടൊന്നും ഒരു ഫലവുമുണ്ടായില്ല. അങ്ങനെ ജംബോയെ ഒരു വലിയ തടിക്കൂട്ടിലാക്കി, കപ്പലിലേറ്റി. കപ്പൽ അമേരിക്കയ്ക്കു തിരിച്ചു. ഒരു പ്രശ്നമുണ്ടായിരുന്നു. ജംബോ, മാത്യു സ്കോട്ട് എന്ന തന്റെ പാപ്പാനെ അല്ലാതെ മറ്റാരെയും അനുസരിച്ചിരുന്നില്ല. അതിനും ബാർണം പരിഹാരം കണ്ടെത്തി. ജംബോയുടെ പാപ്പാനായി സ്കോട്ടിനെ തന്നെ നിയമിച്ചു. അയാളെയും അമേരിക്കയ്ക്കു കൂട്ടി.

പതിനായിരക്കണക്കിന് ആളുകളാണ് ജംബോയുടെ വരവ് കാത്ത് അമേരിക്കയിലെ ന്യൂയോർക്ക് തുറമുഖത്ത് കാത്തു നിന്നത്. തടിക്കൂട്ടിന്റെ വാതിൽ തുറന്ന് ജംബോ ആദ്യമായി ദൃശ്യമായപ്പോൾ തന്നെ ജനക്കൂട്ടം ആർത്തു വിളിച്ചു. ജംബോയെ പങ്കെടുപ്പിച്ചുള്ള സർക്കസ് പ്രദർശനങ്ങൾ താമസിയാതെ ബാർണം തുടങ്ങി. രണ്ടാഴ്ച കൊണ്ടു തന്നെ ജംബോയെ വാങ്ങാനും അമേരിക്കയിലെത്തിക്കാനും വേണ്ടി വന്ന തുകയിൽ കൂടുതൽ പ്രദർശനഫീസായി ബാർണത്തിനു ലഭിച്ചു.

മൂന്നു വർഷം ബാർണം ആൻഡ് ബെയിൽ സർക്കസ് കമ്പനിയുടെ പ്രധാനതാരമായി ജംബോ ശോഭിച്ചു. അമേരിക്കയിലും അയൽരാജ്യങ്ങളിലുമെല്ലാം നിരവധി സർക്കസ് പ്രദർശനങ്ങളിൽ അവൻ പങ്കെടുത്തു. എല്ലായിടത്തും സഞ്ചരിച്ചു. എന്നാൽ സങ്കടകരമായ ഒരു വിധി അവനെക്കാത്തിരിക്കുന്നുണ്ടായിരുന്നു.

1885 സെപ്റ്റംബർ 12 ന് കാനഡയിലെ ഒന്റാരിയോയിൽ ഒരു പ്രദർശനത്തിനു ശേഷം റെയിൽവേസ്റ്റേഷനിൽ എത്തിച്ചതായിരുന്നു ജംബോയെയും ടോം തമ്പ് എന്ന കുട്ടിയാനയെയും. ട്രെയിനിൽ ഇവരെ അടുത്ത സ്ഥലത്തെത്തിക്കാനായിരുന്നു നീക്കം. ടോം തമ്പ് ഇതിനിടെ ട്രാക്കിലേക്കു കടന്നുകയറി. എന്നാൽ ഷെഡ്യൂൾ ചെയ്യാത്ത ഒരു ഗുഡ്സ് ട്രെയിൻ അവരുടെ സമീപത്തേക്ക് ഇരച്ചെത്തിയത് അപ്പോഴായിരുന്നു. ടോം തമ്പിനെ രക്ഷിക്കാൻ ജംബോ ആവുന്നത്ര ശ്രമിച്ചു. ശ്രമം വിജയിച്ചു. ടോം തമ്പിന്റെ ഒരു കാൽ ഒടിയുക മാത്രമാണ് ചെയ്തത്. എന്നാൽ ജംബോ...അവനെ ട്രെയിൻ ശക്തിയായി ഇടിച്ചു. 300 അടിയോളം ദൂരം തള്ളിനീക്കി. ജംബോയുടെ പാപ്പാനായ സ്കോട്ട് ഓടിയെത്തി. 

തന്റെ പ്രിയപ്പെട്ട ജംബോ മരിക്കാൻ പോകുകയാണെന്ന് അയാൾക്കറിയാമായിരുന്നു. സ്കോട് തന്റെ കൈ നീട്ടി. ജംബോയുടെ തുമ്പിക്കൈ അയാളുടെ കൈയിലേക്കു നീണ്ടു. അത് സ്കോട്ടിന്റെ കൈകളെ മുറുകെ പിടിച്ചു. മിനിറ്റുകൾ കടന്നുപോയി. ഒടുവിൽ ജംബോയുടെ തുമ്പിക്കൈ നിശ്ചലമായി. 

ജംബോയുടെ മരണവുമായി പൊതുവെ പറയപ്പെടുന്ന കഥ ഇതാണെങ്കിലും, കുറച്ചുനാളായി ആരോഗ്യം നഷ്ടമായ ജംബോയെ മനപൂർവം ബാർണം കമ്പനി ട്രെയിനിടിപ്പിച്ചു കൊല്ലുകയായിരുന്നെന്നും ഒരു വാദമുണ്ട്. ജംബോ മരിച്ചിട്ടും ബാർണത്തിന്റെ ആർത്തി തീർന്നില്ല. അവന്റെ ശരീരം സ്റ്റഫ് ചെയ്ത് കമ്പനി സൂക്ഷിച്ചു. പിൽക്കാലത്ത് തങ്ങളുടെ പല ഷോകളിലും ആളുകളെ ആകർഷിക്കാനായി ഈ സ്റ്റഫ് ചെയ്യപ്പെട്ട ശരീരം അവർ സമർഥമായി ഉപയോഗിച്ചു. പിൽക്കാലത്ത് ഇത് യുഎസിലെ ടഫ്റ്റ്സ് സർവകലാശാലയുടെ മ്യൂസിയത്തിലേക്കു മാറ്റി. എന്നാൽ 1975 ൽ അവിടെ ഉണ്ടായ ഒരു തീപിടിത്തത്തിൽ ജംബോയെ എന്നന്നേക്കുമായി നഷ്ടമായി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 year ago
History

ഗ്ലൂമി സൺഡേ - ഓരോ മൂളിച്ചയിലും മരണം മറനീക്കി വരുന്ന മാരകഗാനം

More
More
Web Desk 1 year ago
History

ലോകത്തിലെ ഏറ്റവും പഴയ ജീന്‍സ് വിറ്റത് 94 ലക്ഷം രൂപയ്ക്ക്!

More
More
Web Desk 1 year ago
History

ഇന്ത്യയില്‍ കറുത്ത താജ്മഹ്ലോ?!

More
More
History

12,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്‍റെ കാല്‍ പാടുകള്‍ കണ്ടെത്തി

More
More
Web Desk 1 year ago
History

ചൈനയെ മുട്ടുകുത്തിച്ച കറുപ്പ് യുദ്ധം

More
More
Web Desk 2 years ago
History

ഹിന്ദുവും മുസ്ലീമും സിഖും സ്വാതന്ത്ര്യപ്പോരാളിയും ഒന്നാണെന്ന് തെളിയിച്ച റാം മുഹമ്മദ് സിങ് ആസാദ്

More
More