കളികൾക്കുള്ളിലെ കളികൾ ഉണ്ടാക്കുന്ന കാര്യങ്ങൾ -യു പി നരേന്ദ്രന്‍

ചില ഫുട്ബോൾ വിചാരങ്ങൾ: 26

എന്തുകൊണ്ട് മെസ്സി!

മെസ്സി ഫുട്ബോൾ കളിക്കുമ്പോൾ പന്തിന്റെ പ്രയാണം അപ്രവചനീയമാകുന്നു. ഈ അപ്രവചനീയതയാണ് മെസ്സിയുടെ കളിയുടെ സൗന്ദര്യം കൂടുതലാക്കുന്നത്. എപ്പോഴും കണക്കുകൂട്ടി സംഭവിക്കുന്ന നീക്കങ്ങളല്ല അവ. ഒരു നിമിഷത്തെ പൊട്ടിപ്പുറപ്പെടലുകൾ. കളിയിൽ ആയിരിക്കലിന്റെ ആനന്ദം മെസ്സിയുടെ നീക്കങ്ങളിൽ പ്രകടം. യൂറോപ്യൻ ക്ലബ്ബുകളുടെ വാർപ്പുമൂശകൾക്കും മെസ്സിയുടെ കളിയുടെ സർഗാത്മകതയെ മെരുക്കാനായില്ല.

സിക്സ് പാക്ക് മസിലുകളുടെ ആണത്തപ്പെരുക്കങ്ങൾ പേറുന്ന മാച്ചോ (macho) ബിംബം മെസ്സിക്ക് ചേരില്ല.

റൊണോൾഡോ, എമ്പാപ്പെ, ലോകകപ്പിൽ കളിക്കാത്ത ഏർലിംഗ് ഹാലൻഡ്. അമ്പരപ്പിക്കുന്ന വേഗം, തുഴയുന്ന കാലുകളോടെ എതിർ നിരയെ നിമിഷനേരം കൊണ്ട് മാറ്റിക്കടക്കുന്ന, വായുവിൽ ഉയർന്നു പൊന്തി നിൽക്കുന്ന ഡോൾഫിൻ തലകൾ, എതിർനിരയെ മിന്നൽ പോലെ അമ്പരപ്പിച്ചു എവിടുന്ന് എത്തി എന്നറിയാതെ പന്ത് ഗോളിലേക്ക് തട്ടി വിടുന്ന പുതിയ കളിക്കാരുടെ നിരയിലെ ഫുട്ബോൾ ബിംബങ്ങൾ. മാച്ചോ ഫുട്ബാളിന്റെ വേഗസൗന്ദര്യങ്ങൾ. ഒരേ മൂശയിൽ നിന്നും വന്ന വിവിധ വാളുകളുടെ വെട്ടിത്തിളങ്ങുന്ന മിന്നായങ്ങൾ. ആ കളിയുടെ 'അമ്പരപ്പിക്കുന്ന' ശാരീരിക സൗന്ദര്യം നമ്മെ സൂപ്പർ മാൻ രൂപങ്ങളെ ആരാധിക്കും പോലെ ആരാധിപ്പിക്കാൻ പ്രേരിപ്പിക്കും. ഒരേസമയം ശരീരത്തിന്റെ ആരാധകരും തടവുകാരും, ആയിത്തീരുന്ന അവസ്ഥ-അകറ്റപ്പെട്ട ശരീരങ്ങൾ! അവർ ഒരേ വാർപ്പിൽ 'ആയിത്തീർന്ന' ശരീരങ്ങളാണ്.

മെസ്സി നമ്മുടെ മനസ്സിൽ കയറുന്നത് ഒരു വര പോലെ, ഒരു സംഗീത സ്പന്ദനം പോലെ, ഒരു നൃത്തച്ചുവടുപോലെ, ചലിക്കുന്ന മനോഹരമായ ഒരു ദൃശ്യം പോലെ. ഗാരിഞ്ച, മാറഡോണ, യുസേബിയോ, ജോർജ് ബെസ്റ്റ് ഇപ്പോൾ മെസ്സി, നമുക്ക് മറക്കാനാവില്ല അവരുടെ ലാവണ്യനീക്കങ്ങൾ. കളിക്കളത്തിൽ അവരവർ മാത്രമാവാതെ കളിയിലൂടെ എപ്പോഴും നവം നവങ്ങളായ നീക്കങ്ങൾ, കളിയിലായിരിക്കലിന്റെ പുതുമ എപ്പോഴും അനുഭവിപ്പിച്ചു കൊണ്ട്.

അപ്പോഴും എനിക്കിഷ്ടമാണ് എല്ലാ കരുനീക്കങ്ങളെയും നിസ്തേജമാക്കുന്ന പ്രതിരോധ ഇടപെടലുകൾ. ഗോളുകൾ മത്സരങ്ങൾ ജയിക്കുമ്പോൾ അതടിപ്പിക്കാൻ കളിക്കാരെ അപ്രാപ്തരാക്കി നിസ്സഹായതയിൽ ഉഴറുന്നവർ മാത്രമാക്കുന്ന കാഴ്ച്ചകൾ. കളികളുടെ വിപണി കണക്കെടുപ്പിൽ അവർക്കു കെട്ടുകാഴ്ച്ചകളുടെ തിടം വൈയ്പ്പില്ല. കളികളുടെ 'പടിയടച്ചു പിണ്ഡം വെക്കുന്നവരാണവർ'. മെസ്സിയായാലും, എമ്പാപ്പേയായാലും, റോണോൾഡോയായാലും ആ നിമിഷങ്ങളിൽ പടിക്ക് പുറത്ത് ഉഴറി നടക്കും. പ്രതിരോധത്തിന്റെ കല ഉപദേശിക്കുന്ന ചില സൂപ്പർ സംവിധായകരുണ്ട്, കോച്ചുമാരായി. ജോസ് മൗറീന്യോയും, തോമസ് ട്യൂച്ചലും പോലെ, പ്രതിരോധത്തിന്റെ സൗന്ദര്യത്തിൽ കെട്ടിപ്പടുത്ത ഫുട്ബോൾ സൗധങ്ങൾ ഉയർത്തിയവർ. തല കൊണ്ടും കാലു കൊണ്ടും, കൈകളെ പിന്നിലാക്കി അവർ നടത്തുന്ന ഉടൻ നീക്കങ്ങൾ, എതിർ കളിക്കാരന്റെ അടി തുടങ്ങുന്നതിനു നിമിഷത്തിന്റെ പത്തിലൊരംശം കൊണ്ട് നീട്ടിയ കാലുകളാൽ ടാക്കിൾ ചെയ്യുന്നവർ. ഗോളുകൾ മത്സരങ്ങൾ ജയിക്കുന്നത് കൊണ്ട്, ഗോളുകളെ അകറ്റുന്നവരെ ലോകഫുട്ബാളർമാരിൽ കാണാറില്ല. നന്ദി കിട്ടാത്ത അധ്വാനം! ഈ ലോകകപ്പിൽ ജോസ്‌കോ ഗ്വാർഡിയോൾ, റോമെയിൻ സാസ്സ്, ഉപമെക്കാനോ, ക്രിസ്ത്യൻ റൊമേറോ, നിക്കളാസ് ഓട്ടമെൻഡി, ഹാരി സൗട്ടർ, തിയോ ഹെർണാണ്ടേസ്, അച്‌റഫ് ഹക്കിമി, വിർജിൽ വാൻഡിക്, അവരുടെ നിര കൂടുതലാണ്. ഇന്നേ വരെയുള്ള ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്യപ്പെട്ട ലോകകപ്പാണിത്. ഒരുകളിയിൽ ആവറേജ് 2.68 ഗോളുകൾ, ആകെ 172.അഞ്ച് കളികളിൽ എതിർ ടീമിന്റെ ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന ടീമാണ് മൊറോക്കോ. അതുപോലെ തന്നെ ഡിഫെൻസിവ് മിഡ്‌ഫീൽഡർമാരും എതിർ ചേരിയുടെ നീക്കങ്ങൾ മുൻകൂട്ടി കണ്ട് പൊളിക്കുന്നവർ. തന്റെ ബോക്സ്‌ മുതൽ എതിർ ബോക്സ് വരെ അക്ഷീണം ഓടി നടന്ന് നീക്കങ്ങൾ ആരംഭിക്കാനും മുന്നേറ്റങ്ങളെ മുളയിൽ നുള്ളാനും കെൽപ്പുള്ളവർ. ഈ ലോകകപ്പിന്റെ കണ്ടുപിടുത്തങ്ങളായ എൻസോ ഫെർണാണ്ടെസ്, സോഫിയൻ അമ്രബട്ട്, ഔറെലിയൻ ചൗവാമേനി എന്നിവർ ഡെക്ലാൻ റൈസിന്റെ കൂടെ ഭാവിയിലെ എൻഗോളോ കാന്റെമാരും, ബെക്കൻ ബോവർമാരുമാകും.

മധ്യനിരയിൽ ലുക്കാ മോഡ്രിച്ചിന്റെ പിൻഗാമികളാകാൻ ജൂഡ് ബെല്ലിങ്ഹാം, അസ്സെദിൻ ഔനാഹി, മാക്ക് അല്ലിസ്റ്റർ എന്നിവരുണ്ട്.

മെസ്സിക്കും നെയ്മർക്കും അതേ രീതിയിലുള്ള പിൻഗാമികൾ കുറവാണ്. വിനിഷ്യസ് ജൂനിയർ ആണ് അടുത്തെങ്കിലും നിൽക്കുന്നത്. റോണോൾഡോ, എമ്പാപ്പെ ഗണത്തിൽ പെടില്ലെങ്കിലും റീചാർളിസ്സൺ, ഗാഗ്പൊ എന്നിവർ മാത്രമേ ഗോളിന് മുന്നിൽ പതറാത്ത പുതുക്കക്കാരായുള്ളൂ.

ഫ്രാൻസിന്റെ ഫൈനലിലെ തോൽവിയിൽ പെനാൽറ്റി പാഴാക്കിയ ചൗവാമേനിയെയും, കൂമാനേയും, കൂടെ കോളോ മുവാനിയെയും അധിക്ഷേപിച്ച് പോസ്റ്റിട്ടു, അവിടുത്തെ വർണ്ണവെറിയൻമാർ. യൂറോ കപ്പ് തോറ്റപ്പോൾ ബുക്കയോ സാക്ക, റാഷ്ഫോർഡ്, സാൻചോ എന്നിവരെ അധിക്ഷേപിച്ച പോലെ. വംശീയ, ജാതി, മത അധിക്ഷേപങ്ങൾ പഴയ ജീർണിച്ച ഫ്യൂഡൽ സ്വപ്നങ്ങളുടെ കൂട്ടിരുപ്പുകാരായി മനുഷ്യമനഃസ്ഥിതിയിൽ ഇന്നും വേരാഴ്ത്തിയ വിഷവൈറസുകൾ. കൂമാന്റെ ക്ലബ് ടീം ബയേൺ മ്യൂണിച്ച് ഉടൻ കൂമാനൊപ്പം നിന്ന് പ്രതികരിച്ചു. മെറ്റ അവരുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് ആ കണ്ടന്റ് നീക്കം ചെയ്തു. അടുത്ത ലോകകപ്പാകുമ്പോഴേക്കും ഏട്ടൻ, അനിയൻ ഫെർണാണ്ടേസ്സുമാർ ടീമിൽ ഇല്ലെങ്കിൽ ഫ്രാൻസിന്റെ മുഴുവൻ ടീമും ആഫ്രിക്കൻ വംശജരാൽ നിറയും.അങ്ങിനെയെങ്കിലും മാഞ്ഞു പോകുമോ ഈ വംശമഹിമകളുടെ വ്യാജഭാണ്ഡങ്ങൾ. നമ്മളെല്ലാം ആ ആഫ്രിക്കൻ പൂർവികരുടെ മഹാ സന്തതിപരമ്പരകളാണെന്ന പരം പൊരുൾ ഈ സത്യാനന്തരകാലത്ത് മനുഷ്യമനഃസ്ഥിതിയിൽ വേരോടുമോ! അതിനിനിയും പുതിയ രാഷ്ട്രീയഇടപെടലുകൾ തന്നെ വേണ്ടി വരും. അത് വെറും കളിയാകില്ല. കളികൾക്കുള്ളിലെ -കളികൾ ഉണ്ടാക്കുന്ന-കാര്യങ്ങൾ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

Contact the author

Narendran UP

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More