മൊറോക്കോ: ഒരു സ്വപ്നത്തിന്റെ അന്ത്യയാത്ര- യു പി നരേന്ദ്രന്‍

ചില ഫുട്ബോൾ വിചാരങ്ങൾ : 22

ലോകകപ്പിലെ കുഞ്ഞന്മാരുടെ കളികൾ സമ്മാനിച്ച യാദൃശ്ചികതകൾക്ക് അവസാനമായെന്നു തോന്നുന്നു. അവസാനകളിയിൽ വീണ്ടും പഴയ ചാമ്പ്യന്മാർ നേർക്കുനേർ വരുന്നു. ഇന്നലെ ഫ്രാൻസിന്റെ വിജയം ഫുട്ബാളിലെ സാമാന്യപ്രതീക്ഷയുടെ വിജയം, മൊറോക്കോയുടെ അല്ലാവുദ്ദീന്റെ അത്ഭുതപ്രയാണങ്ങൾ അവസാനിച്ചു.

ഫ്രാൻസ് പതിവ് തെറ്റിക്കാതെ അവസരങ്ങൾക്കായി പൊന്മാനെ പോലെ കാത്തിരുന്നു. കിട്ടിയത് ശരവേഗത്തിൽ മുതലാക്കി. മൊറോക്കോക്ക് പതിവിൽ നിന്ന് മാറി പന്ത് കൂടുതൽ കൈവശം വെച്ചു കളിക്കേണ്ടി വന്നു, അറുപത്തിഒന്ന് ശതമാനം. 5-4-1 പ്രതിരോധ ഫോർമേഷനിൽ തുടങ്ങി ഗോൾ വഴങ്ങിയതോടെ 4-1-4-1 ലേക്ക് മാറി. ഫ്രാൻസ് അവരുടെ 4-2-3-1 ഫോർമേഷനിൽ തന്നെ ഉറച്ചു നിന്നു. അവരുടെ ഇടതു വിംഗ് ബാക്ക് തിയോ ഹെർണാണ്ടേസ് എമ്പാപ്പെക്ക് പിന്നാലെ അറ്റാക്ക് ചെയ്ത് കളിക്കുന്നയാളാണ്. ഇന്നലെ ഗോളും നേടി. വലതു വിംഗ് ബാക്ക് ജൂൾസ് കൗണ്ടേ കൂടുതൽ ഡിഫെൻസീവ് ആയി വരാനേയ്ക്കും കൊണാട്ടെയ്ക്കുമൊപ്പം എപ്പോഴും ഉണ്ടാകും. ഡിഫെൻസീവ് മധ്യനിരക്കാരായി നന്നായി കളിച്ച യുവതാരങ്ങൾ ചൗമേനിയും, ഫോഫാനയും. ഗോളി ലോറിസ് കൂടി ഫോമിലായപ്പോൾ മൊറോക്കോ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു. ഈ പ്രതിരോധത്തിൽ ഉറച്ച പ്രത്യാക്രമണങ്ങളാണ് പുതിയ ഫുട്ബാളിന്റ മുഖമുദ്ര. നിങ്ങളുടെ ഗോൾ മുഖം തുറന്നിട്ട്‌ ഗോൾ തേടുന്ന കാലം കഴിഞ്ഞു, എപ്പോഴാണ് തിരിച്ചു ഗോൾ പണി കിട്ടുക എന്നറിയില്ല.

ഫ്രാൻസ് പ്രതിരോധത്തെയും മുന്നേറ്റത്തെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് ആന്റോയിൻ ഗ്രീസ്മാൻ. ഒന്ന് രണ്ട് കൊല്ലമായി മുന്നേറ്റത്തിൽ നല്ല ഫോമിലല്ല. പക്ഷേ, ഫ്രാൻസ് കോച്ച് ദിദിയർ ദെഷാമ്പ്സ് മൂപ്പരെ അവരുടെ കളിയുടെ എഞ്ചിൻ ആക്കി. മെസ്സി (18) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗോൾ പാസ്സുകൾ ഗ്രീസ്മാനാണ് (17) നൽകിയത്. അഞ്ചാം മിനുട്ടിൽ ഗ്രീസ്മാൻ നൽകിയ പാസ്സിൽ നിന്നും ആദ്യഗോൾ ശ്രമം ബ്ലോക്ക് ചെയ്തപ്പോൾ രണ്ടാമതും എമ്പാപ്പെ അടിച്ചപ്പോൾ എതിർ കളിക്കാരന്റെ കാലിൽ തട്ടി തെറിച്ചുയർന്ന പന്ത് തിയോ ഹെർണാണ്ടേസ് ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ ഇടതു കാൽ വായുവിൽ ഉയർത്തി വോളി ചെയ്ത് ഗോളാക്കിയത് ഒരു സുന്ദരദൃശ്യമായിരുന്നു.

ആദ്യമായി ഒരു എതിർടീമിൽ നിന്നും ഗോൾ വഴങ്ങിയതിന്റെ, അതും ആദ്യ നിമിഷങ്ങളിൽ, അമ്പരപ്പ് മൊറോക്കോ നിരയിൽ പ്രകടമായിരിന്നു. പരിക്കിൽ നിന്നും പൂർണവിമുക്തരല്ലാത്ത ആഗ്വെർഡ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു, കളിക്ക് മുൻപ് പേര് മാറ്റി. അത് പോലെ പരിക്കിലുള്ള റൊമെയിൻ സൈസ്സ് ഇരുപത്തൊന്നാം മിനുട്ടിലും മസ്സ്രൗഹി ആദ്യ പകുതി കഴിഞ്ഞപ്പോഴും പിൻവലിക്കേണ്ടി വന്നു. ആധുനികഫുട്ബാളിൽ ഇച്ഛാശക്തി കൊണ്ട് മാത്രം കളിക്കാനാകില്ല, നല്ല ശാരീരികക്ഷമത വേണം. അവരെ കളിപ്പിക്കാനുള്ള തീരുമാനം അബദ്ധമായി എന്ന് കരുതേണ്ടി വരും.

മൊറോക്കോക്ക് വേണ്ടി ഔനാഹിയുടെ ബോക്സിനുപുറത്ത് നിന്നുള്ള ഒന്നാംതരം അടി ലോറിസ് പാറിപ്പറന്നു തട്ടിത്തെറിപ്പിച്ചു. ആദ്യ പകുതിയുടെ അവസാനം ഒരു കോർണറിൽ നിന്നും കിട്ടിയ പന്ത് മനോഹരമായ ഒരു സിസ്സർ കട്ടോടെ എൽ യാമിഖ് ഇടതു മൂലയിലേക്ക് തൊടുത്തത് ഗോളിയുടെ കയ്യിൽ തട്ടി തട്ടിയില്ലെന്ന മട്ടിൽ പോസ്റ്റിൽ തട്ടി പുറത്ത് പോയി. അതിനിടയിൽ ജിറൗടിന്റ ശക്തമായ അടിയും പോസ്റ്റിൽ തട്ടി തെറിച്ചു.

രണ്ടാം പകുതിയിലും ഹക്കിമി, സിയെച്ച്, ഔനാഹി കോമ്പിനേഷൻ ചില നല്ല നീക്കങ്ങൾ സമ്മാനിച്ചത് മിച്ചം. ഔനാഹിയുടെ ഒരു ശ്രമം പോസ്റ്റിൽ തട്ടിത്തെറിച്ചു. മൊറോക്കോയുടെ അക്രമണങ്ങൾ നൽകിയ സ്പേസ് ഉപയോഗിച്ച് എമ്പാപ്പെ നടത്തിയ മിന്നൽ നീക്കങ്ങൾ മൊറോക്കോ നിരയിൽ നിരന്തരം വിള്ളൽ സൃഷ്ടിച്ചു. അങ്ങിനെ ഒരു നീക്കത്തിൽ നിന്നു മൂന്നോ നാലോ എതിർ കളിക്കാർക്കിടയിലൂടെ ഊളിയിട്ടു അടിക്കാൻ ശ്രമിച്ചത് എതിർ കളിക്കാരന്റെ കാലിൽ തട്ടി തെറിച്ചു വന്നപ്പോൾ, അപ്പോൾ മാത്രം കളത്തിൽ ഇറങ്ങിയ രണ്ടാൽ കോളോ മുവാനി, തന്റെ ആദ്യ സ്പർശത്തിൽ തന്നെ പന്ത് ഗോളിലേക്ക് തട്ടിയിട്ടു.

അധികസമയത്ത് ഒരു കൂട്ടപൊരിച്ചിലിൽ ഹംദുല്ല ഗോളിലേക്ക് തിരിച്ചുവിട്ട അടി ഗോൾ വരയിൽ വെച്ചു കൗണ്ടേ തടുത്തപ്പോൾ ഇന്നലെ മൊറോക്കോയുടെ ദിവസമല്ല എന്ന് വ്യക്തമായി. കാണികളുടെ ശബ്ദഘോഷം മെല്ലെ നിലച്ചു. മൊറൊക്കോ കാണികളിലെ പലരും കുട്ടികളും, പുരുഷന്മാരും, സ്ത്രീകളും കണ്ണീർ പൊഴിക്കുന്ന ദൃശ്യങ്ങൾ ടീവിയിൽ നിറഞ്ഞു. ഒരു സ്വപ്നത്തിന്റെ അന്ത്യയാത്രയുടെ നിമിഷങ്ങൾ.

തങ്ങളുടെ ആദ്യ ഇലവനിലെ അഞ്ച് സ്ഥിരം കളിക്കാരും പകരക്കാരിലെ പ്രധാനികളായ രണ്ട് പേരും പരിക്ക് പറ്റി ഒഴിവായപ്പോൾ ഫ്രാൻസ് അതെല്ലാം മറന്ന് ഫൈനലിൽ പ്രവേശിച്ചത് ചരിത്രം. ഒരു ലോക ഫുട്ബോളർ അടക്കം ഏതു ടീമിലും കയറി ചെല്ലാവുന്നവരാണ് ഫ്രാൻസിന് നഷ്ടമായത്. എമ്പാപ്പെ അടങ്ങുന്ന ഫ്രാൻസിന്റെ ഈ യുവനിര അവരുടെ ഫുട്ബോളിന്റെ ഭാവിയാണ് പ്രവചിക്കുന്നത്. ഇനി നമുക്ക് നെയ്യാനുള്ളത് ഫുട്ബോൾ സ്വപ്നങ്ങൾ മാത്രം, അടിയുറച്ച ലാറ്റിനമേരിക്കൻ- യൂറോപ്യൻ പാരമ്പര്യങ്ങളുടെ കൊടി പേറുന്ന വമ്പന്മാരുടെ കലാശക്കൊട്ട്. കാത്തിരുന്നു കാണാം.

കളി കാണുക തന്നെ!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Narendran UP

Recent Posts

Dr. Azad 3 weeks ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 2 months ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 2 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More