കേരളത്തിൽ തലയുയർത്തി നിൽക്കുന്ന മെസ്സിയാനക്കോലങ്ങൾ ഫിഫ കപ്പിന്റെ തിടമ്പേറ്റുംവരെ അവരുടെ കാണികൾക്ക് ഉറക്കമില്ല -യു പി നരേന്ദ്രൻ

ചില ഫുട്ബോൾ വിചാരങ്ങൾ : 20

ലുസൈൽ സ്റ്റേഡിയം വീണ്ടും ഇന്ന് പൂരപ്രകമ്പനങ്ങളാൽ വീർപ്പുമുട്ടും. അർജന്റീനയുടെ ശബ്ദസംഗീതത്തിന് ക്രോയഷ്യക്കു നിശബ്ദമായ അവരുടെ ദൃശ്യതയാണ് മറുപടി. എവിടുന്നു നോക്കിയാലും മിന്നിനിൽക്കുന്ന ഒരു ചുവപ്പൻ ചെസ്സ് ബോർഡ് പോലെയാണ് ക്രോയേഷ്യയുടെ കാണികൾ. ചെറിയ പൂരമായി ഒന്നിച്ചു നീങ്ങും. അവരുടെ കളിയിലും ചെസ്സിന്റെ ഭൂതാവേശമുണ്ട്. പ്രതിരോധത്തിൽ ഉറച്ച നിന്നുള്ള മിഡിൽ ഗെയിം. വരച്ചു വരച്ചു ബോർഡിലൂടെ നടത്തുന്ന കൃത്യതയുള്ള നീക്കങ്ങൾ. ഇടയ്ക്കു ചെക്ക് പറഞ്ഞുകൊണ്ട് ഒരു നീണ്ട പാസ്സ്. എല്ലാം ആവശ്യത്തിനു മാത്രം. അത്യാവേശം ഒട്ടുമില്ല, ഒരു ഗോളിന് പിന്നിലായാലും.

ഒരു ഉറച്ച ഗോളി എല്ലാ ടീമുകളുടെയും സ്വപ്നമാണ്, അവസാന പ്രതിരോധം എന്ന നിലയിൽ. ഈ ലോകകപ്പിൽ ക്രോയേഷ്യയുടെ സ്വപ്നം യഥാർത്ഥ്യമാക്കുന്നതിൽ ഡോമിനിക് ലീവാകൊവൊക്കിന് നല്ല പങ്കുണ്ട്. കഴിഞ്ഞ ലോകകപ്പിൽ പകരക്കാരനായിരുന്ന ലീവാക്കോവിക്  ഇത്തവണ ഒന്നാം നമ്പർ ഗോളിയായി നാലു പെനാൽറ്റികളും പത്തിലധികം രക്ഷപ്പെടുത്തലുകളുമായി ഗോളികളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. അതേ പോലെ തന്നെ പ്രതിരോധത്തിൽ തന്റെ പൊസിഷനിൽ ഈ ലോകകപ്പിൽ ഒന്നാം സ്ഥാനത്തുള്ള മറ്റൊരാളാണ് ജോസ്‌കോ ഗ്വാർഡിയോൾ. ജർമനിയിൽ ലീപ്സിഗിന് കളിക്കുമ്പോൾ മൂക്കിന് ചെറിയ പൊട്ടൽ ഉണ്ടായതുകൊണ്ടാണ് ഗ്വാർഡിയോൾ മുഖത്തു പ്രോട്ടെക്റ്റീവ് മാസ്ക് ധരിച്ചു കളിക്കുന്നത്. ഇരുപതുകാരനായ ഗ്വാർഡിയോൾ മെസ്സിയെ എങ്ങിനെ നേരിടും എന്ന് നമുക്ക് കണ്ടറിയാം, കാരണം മെസ്സിയിൽ പല അത്ഭുതങ്ങളും ഇപ്പോഴും ഒളിഞ്ഞിരിപ്പുണ്ട്. തന്റെ വലതു വിംഗ് ബാക്ക് പൊസിഷനിൽ ഈ ലോകകപ്പിൽ മൊറൊക്കോയുടെ ഹക്കിമിക്കൊപ്പം നിൽക്കുന്ന കളിക്കാരനാണ് ജോസിപ് ജുറാനോവിക്. ബ്രസീലിന്റെ വിനീഷ്യസിനെ പിടിച്ചു നിർത്തുന്നതിനൊപ്പം മുന്നോട്ടു കയറി ആക്രമണത്തെ സഹായിക്കാനും ജുറാനോവിക്കിന് കഴിഞ്ഞു. മധ്യനിരയിൽ പതിവ് പോലെ മോഡ്രിച്, ബ്രോസോവിക്, കൊവാസിക്ക് ത്രിമൂർത്തികൾ കളിനിയന്ത്രണം കൈക്കലാക്കിയാൽ ബ്രസീലിനെ പോലെ അര്ജന്റീനയും പാടുപെടും. മോഡ്രിച് നിയന്ത്രിക്കുന്ന മധ്യനിരയിൽ അധ്വാനിച്ചു കളിക്കുന്ന കോവാസിക്ക് മെസ്സിക്ക് നൽകാനിടയുള്ള പാസ്സുകളെ എങ്ങിനെ തടയും എന്ന് നമുക്ക് കാണാം. കോവസിക്ക് പരിശീലനത്തിൽ കാണിക്കുന്ന ശ്രദ്ധയും ശ്രമവും തന്റെ മുൻ കോച്ചായ തോമസ് ട്യൂചൽ തന്നെ ശ്ലാഘിച്ചിട്ടുണ്ട്. മോഡ്രിച്ചിന് പകരം വെക്കാൻ ഒരു കളിക്കാരൻ ഈ ലോകകപ്പിൽ ഇല്ല. ഈ പ്രായത്തിലും തന്റെ ടീമിന്റെ ചുക്കാൻ ഭദ്രമായി കയ്യിലേന്തുന്നു.എല്ലാകളിയിലും 4-3-3 എന്ന സ്ഥിരഫോർമേഷനിൽ ആണ് അവർ ഇറങ്ങിയത്.

 മധ്യനിര എങ്ങിനെ തിരിച്ചു പിടിക്കും എന്നതാണ് ലയണൽ സ്‌കലോണിയുടെ പ്രധാന പ്രശ്നവിഷയം. ക്രോയേഷ്യയുടെ മുന്നേറ്റനിരയിൽ പതിവായി ഇറങ്ങുന്ന ക്രമറിക്കൊഴികെ പസാലിച്ചും, പെരിസിച്ചും അറടിയിലധികം ഉയരമുള്ളവരാണ്. പകരം വരുന്ന പെറ്റ്കോവിക്കും, ബുഡിമിറും ആറര അടിയിലധികം ഉയരക്കാർ. നെതർലാൻഡ്സിന്റെ ഉയരക്കാർക്കെതിരെ അർജന്റീന പതറുന്നത് നമ്മൾ കണ്ടതാണ്. ഉയരത്തെ പ്രതിരോധിക്കാൻ അർജന്റീനക്ക് ക്രിസ്ത്യൻ റൊമേരോയും, നിക്കോളാസ് ഓട്ടമെണ്ടിയും ഉണ്ട്. ഗോളി മാർട്ടിനെസും താരതമ്യേനെ നന്നായി പിടിച്ചുനിന്നു, പെനാൽറ്റികളിൽ പ്രത്യേകിച്ചും.ഇടതു വിംഗ് ബാക്ക് അക്കൂണ രണ്ട് മഞ്ഞകാർഡ് കിട്ടിയതിനാൽ കളിക്കില്ല. അതിനാൽ 4-3-3 കോമ്പിനേഷനിൽ ആണെങ്കിൽ ടാഗ്ലിയഫികോ കളിക്കും. അക്കൂണയെപ്പോലെ അക്രമണത്തിലല്ല, പ്രതിരോധത്തിലാണ് ടാഗ്ലിയഫികോക്കു കൂടുതൽ മികവ്.

വലതു വിംഗ് ബാക്ക് ആയി മോളിന തന്നെ കളിക്കും. മോളിനക്കു പകരക്കാരനായി വന്ന മോണ്ടിയേൽ രണ്ട് മഞ്ഞ കണ്ട് പുറത്താണ്. സ്കലോണി തന്റെ കളിക്കാരുടെ ലഭ്യതക്കും എതിർ ടീമിനുമനുസരിച്ചു തന്ത്രങ്ങൾ മാറ്റാറുണ്ട്. കഴിഞ്ഞ കളിയിലെ പോലെ 3-5-2 ഫോർമേഷനിൽ കളിച്ചാൽ റൊമേറോക്കും, ഓട്ടമെൻഡിക്കും ഒപ്പം ലിസാൻഡ്രോ മാർട്ടിനെസ് ഇറങ്ങും. ഉയരം ആറടിയില്ലെങ്കിലും ഇപ്പോൾ അവരുടെ നിരയിൽ നന്നായി കളിക്കുന്ന താരമാണ്. റോഡ്രിഗോ ഡി പോൾ, മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടെസ് എന്നിവരൊപ്പം വലത്തു മോളിനയും ഇടത്തു ചിലപ്പോൾ ഡി മരിയയും ഇറങ്ങും. 3-4-3, അല്ലെങ്കിൽ ഗ്രൂപ്പ് കളികളിൽ കളിച്ച 4-3-3 ആണെങ്കിലും ഡി മരിയ വലതു വിങ്ങിൽ ഇറങ്ങും. 4-4-2 ഫോർമേഷനും അവർ യു എ ഇ യിലെ പരിശീലനകളിയിൽ പ്രയോഗിച്ചിട്ടുണ്ട്. അന്ന് ഡി മരിയ വലതു വിങ്ങിലാണ് ഇറങ്ങിയയത്‌. മുന്നേറ്റത്തിൽ മെസ്സിയും, അൽവരെസും, മൂന്നാം ഫോർവേഡ് ഉണ്ടെങ്കിൽ ഡി മരിയയും കളിക്കും.

അൽവരെസിന്റെ വേഗത്തെ ലോവ്റെന് നേരിടാനാകുമോ. മെസ്സി പ്രവചനാതീതനാണെന്നു ക്രോയേഷ്യ കോച്ച് സ്ലാറ്റ്കോ ഡാലിക്കിന് നന്നായറിയാം. മെസ്സി അധിക സമയവും ഞാനൊന്നുമറിഞ്ഞില്ല എന്ന ഭാവത്തിൽ അവിടെയും ഇവിടെയുമായി നിൽപ്പാകും. മൂപ്പരുടെ കൂടി ഓട്ടവും കളിയും റോഡ്രിഗോ പോളും, മാക് അല്ലിസ്റ്റരും നിർവഹിക്കും. ബോക്സിനടുത്തു പന്ത് കിട്ടിയാൽ ചാഞ്ഞും ചെരിഞ്ഞും എതിരാളികളെ വികർഷിപ്പിച്ചും നീങ്ങുന്ന മെസ്സി എപ്പോഴാണ് ഗോളിലേക്ക് തൊടുക്കുന്നത്, ആരുടെ കാലുകൾക്കിടയിലൂടെയാണ് പാസ്സ് പോകുന്നത് എന്ന് ഒരു കളിക്കാരനും എളുപ്പം കണ്ടെത്താനാവില്ലെന്ന കാര്യം മുൻപേ തെളിഞ്ഞതാണ്. ആ പേടി തന്നെ കളിക്കാരെ പരിഭ്രാന്തരാക്കും. രണ്ട് പെനാൽറ്റിയുൾപ്പെടെ നാലു ഗോളുകൾ. രണ്ട് ഗോളുകളും രണ്ട് ഗോൾപാസ്സുകളും പൊട്ടിപ്പുറപ്പെട്ട വഴികൾ പ്രവചനാതീതം. ഇന്ന് പകരക്കാരനായി ഇറങ്ങാൻ സാധ്യതയുള്ള ലോറ്റാരോ മാർട്ടിനെസ് കഴിഞ്ഞ കളിയിൽ നേടിയ പെനാൽറ്റി ഗോളിലൂടെ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ടാകാം. ഫോമിലായാൽ ലോറ്റാരോ ഏതു ടീമിനെയും വിറപ്പിക്കാൻ പോന്ന കളിക്കാരനാണ്.

88000 ത്തിലധികം കാണികളുടെ പിന്തുണ തങ്ങൾ ബ്യൂനസ്അയേഴ്‌സിൽ കളിക്കുന്ന പ്രതീതി ഉണ്ടാക്കും. പ്രതീതി യാഥാർഥ്യമായാൽ ലുസൈൽ ഇന്ന് ഉറങ്ങില്ല, കേരളവും!  കേരളത്തിൽ മുഴുവൻ തലയുയർത്തി നിൽക്കുന്ന മെസ്സിയാനക്കോലങ്ങൾ ഫിഫ കപ്പിന്റെ തിടമ്പേറ്റുംവരെ അവരുടെ കാണികൾക്ക് ഉറക്കമില്ല. ഈ ലോകകപ്പിനും അവരെ വേണം, അതിന്റെ ആരവങ്ങൾക്കു ആകാശക്കോട്ടയുയർത്താൻ.

കളി കാണുക തന്നെ!

Contact the author

Narendran UP

Recent Posts

J Devika 1 week ago
Views

പൊറുക്കൽ നീതി അഥവാ Restorative justice എന്നാല്‍- ജെ ദേവിക

More
More
Mehajoob S.V 2 weeks ago
Views

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിച്ച 4 ഘടകങ്ങള്‍- എസ് വി മെഹജൂബ്

More
More
Mehajoob S.V 1 month ago
Views

മാമുക്കോയയെ കണ്ട് നാം ചിരിച്ചത് എന്തിനായിരുന്നു- എസ് വി മെഹ്ജൂബ്

More
More
Views

രാഹുല്‍ ഗാന്ധിയെ ഇനിയാരും പപ്പുവെന്ന് കളിയാക്കില്ല; 2024 പ്രതീക്ഷയുടെ വര്‍ഷമാണ്- മൃദുല ഹേമലത

More
More
Mehajoob S.V 2 months ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

More
More
Mehajoob S.V 2 months ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

More
More