ലൂസയിൽ സ്റ്റേഡിയം ഇന്ന് പ്രകമ്പനം കൊള്ളും- യു പി നരേന്ദ്രന്‍

ചില ഫുട്ബോൾ വിചാരങ്ങൾ :18

പ്രതീക്ഷിതഗോളുകൾ (Expected goals) ഫുട്ബോൾ സ്ഥിതിവിവരക്കണക്കുകളിലെ Xg ഫാക്ടർ എന്നാണറിയപ്പെടുന്നത്. ബ്രിട്ടീഷ്‌ സ്പോർട്സ് ഡാറ്റ കമ്പനിയായ ഓപ്റ്റയുടെ സാം ഗ്രീൻ ആണ് ഈ രീതി കണ്ടുപിടിച്ചത്. ഒരു ഗോൾ സാധ്യതയുടെ വിവിധ രൂപങ്ങളിൽനിന്ന് കോർത്തെടുക്കുന്ന കണക്കുകളാണിത്. ഗോളിൽ നിന്നുള്ള ദൂരവും ആംഗിളും, കാലുകൊണ്ട് അടിച്ചത്, ഹെഡ് ചെയ്തത്, തുറന്ന കളി, നേരിട്ടുള്ള ഫ്രീ കിക്ക്, കോർണർ, കൌണ്ടർ അറ്റാക്ക്, കളിക്കുന്ന ആൾ എതിരാളിയെ മറികടന്ന് അടിച്ചത് തുടങ്ങിയ വ്യത്യസ്തരീതികളെ അവലംബിച്ചാണ് Xg ഫാക്ടർ തീരുമാനിക്കുന്നത്.

0 മുതൽ 1 വരെയുള്ള സ്കോർ ഒരു ഷോട്ട് അടിക്കുമ്പോൾ വരുന്ന സാധ്യതയെ അടയാളപ്പെടുത്തുന്നു. 0.99 സ്കോർ പരമാവധി സാധ്യതയാണ്. ഒരോ ഗോൾ ശ്രമങ്ങളുടെയും, അതിനെ തടയുന്ന പ്രതിരോധ ശ്രമങ്ങളുടെയും ആകെത്തുകയാണ് ഒരു ടീമിന്റെ Xg സ്കോർ. ക്വാർട്ടറിൽ കടന്ന ടീമുകളിൽ ഇതുവരെ നടന്ന കളികളുടെ ഏറ്റവും കൂടുതൽ Xg സ്കോർ ഉള്ളത് ബ്രസീലിനാണ്. ഫ്രാൻസ്, അര്ജന്റീന, പോർട്ടുഗൽ, ഇഗ്ലണ്ട്, ക്രൊയേഷ്യ, നെതർ ലാൻഡ്‌സ്, മൊറോക്കോ എന്നിവർ പിന്നീട് വരുന്നു. ഉയർന്ന Xg കൊണ്ട് മാത്രം ടീം ജയിക്കില്ല എന്നതിന് ഉദാഹരണമാണ് ജർമ്മനി, കാരണം ഏറ്റവും കൂടുതൽ Xg അവർക്കാണ്.

കൂടാതെ FotMob ആപ്പ് ഉപയോഗിച്ചാൽ Xg കൂടാതെ കളിയിലെ മറ്റെല്ലാ പ്രകടനങ്ങളെയും വിലയിരുത്തികൊണ്ടുള്ള ഒരോ കളിക്കാരുടേയും ടീമിന്റെയും ചാർട്ടുകളുണ്ട്. അവിടെ ടീം റെയ്റ്റിങ്ങിൽ ഫ്രാൻസ് ആണ് മുന്നിൽ. പിന്നാലെ ഇൻഗ്ലണ്ട്, പോർച്ചുഗൽ, ബ്രസീൽ, നെതർലാൻഡ്‌സ്, അര്ജന്റീന, ക്രോയേഷ്യ, മൊറോക്കോ. കണക്കുകളിൽ പിന്നിലാണെങ്കിലും ഒരു ടീമിനും മൊറോക്കോക്കെതിരെ ഗോളടിക്കാനായില്ല, സ്വയം അടിച്ചതൊഴികെ. സ്ഥിതി വിവരക്കണക്കുകൾ സഹായകരമാണ്, കളിയുടെ സത്യം അതിനേക്കാൾ സഹായകരം.

ബ്രസീൽ ഒരു ആമസോൺ മഞ്ഞപ്പൂമരം. ഫുട്ബോൾ മണ്ണിൽ ആഴത്തിൽ വേരുകളാഴ്ത്തി ഉറച്ചുനിൽക്കുന്ന മഞ്ഞപ്പൂമരം. ചേക്കേറിയ കാനറിപ്പക്ഷികൾ ഇന്ന് അവരുടെ ആനന്ദഗാനനൃത്തമാടുമോ! എല്ലാ സാധ്യതകളും ഒരു കാനറി ജയത്തിലേക്കു വിരൽ ചൂണ്ടുന്നു. കാരണം എല്ലാവരും ഫൈനലിനു മുൻപുള്ള കാണികളുടെ ഫൈനൽ പൂരത്തിനായി കാത്തിരിക്കുന്നു. സെമിയിലെ ആ പോരാട്ടം കേരളത്തെരുവുകളെ പൂരവും പെരുന്നാളും ഒന്നിച്ചു വന്ന പ്രതീതിയിലേക്ക് കൊണ്ടുപോകും

ബ്രസീൽ ക്രൊയേഷ്യയെക്കാൾ എല്ലാ കണക്കുകളിലും മുന്നിലാണ്, ഫോമിലും. ഗോളി അലിസ്സൺ ബെക്കർ, പ്രതിരോധത്തിൽ തിയാഗോ സിൽവ, മാർക്കിനൊസ്, ഡാനിലോ, മിലിറ്റാവോ എല്ലാവരും നല്ല ഫോമിൽ കളിക്കുന്നു. മധ്യനിരയിൽ ഈ ടൂർണമെന്റിലെ താരമായ കാസിമിറോ, പക്വെറ്റ എന്നിവരും ഇറങ്ങും. പിൻവാങ്ങിയ ഫോർവേഡ് ആയി നെയ്മറും, മുന്നിൽ വിനിഷ്യസ്, റീചാർലിസ്സൺ, റഫിന്യ എന്നിവരും കൂടുമ്പോൾ അത് ഈ ലോകകപ്പിലെ ഏറ്റവും പേടിക്കേണ്ട മുന്നേറ്റനിരയാകും. റഫിന്യ ഒഴികെ ഈ മധ്യ, മുന്നേറ്റനിരയിലെ എല്ലാവരും ഗോളടിച്ചിട്ടുണ്ട്. പ്രസാദാത്മകമായ കളിയാണ് ബ്രസീലിന്റേത്. ജീസസ്, സാൻഡ്രോ, ടെലസ് എന്നിവർ പരിക്കിലാണ്.

ക്രൊയേഷ്യയുടെ സ്റ്റാനിസികും, സോസയും പരിക്കു മാറി തിരിച്ചെത്തും, സോസ ആദ്യ ഇലവനിൽ ഇറങ്ങും. നാലു കളികളിൽ അവർ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. ഇരുപതുകാരനായ ഗ്വാർഡിയോൾ, പരിചയസമ്പന്നനായ ലോവ്റൻ, ജുറാനോവിച്, സോസ എന്നിവർ പ്രതിരോധത്തിലും, മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഗോളി ലീവാകോവിക്ക് ബാറിനു കീഴിലും ശക്തി ദുർഗങ്ങൾ തീർക്കും. പുകൾ പെറ്റ മധ്യനിര മോഡ്രിച്ച്, കോവാസിക്, ബ്രോസോവിക് ത്രയം മുന്നേറ്റനിരയിലെ പെരിസിക്, പെറ്റ്കോവിക്, ക്രാമറിക്ക് ടീമിനോട് ചേരുമ്പോൾ ഒരു വെടിക്കുള്ള മരുന്നുണ്ട്. ആവേശം കാണിക്കാതെ എതിരാളികൾക്കനുസരിച്ചു ആവശ്യത്തിനു മാത്രം കളി പുറത്തെടുക്കുന്ന ക്രൊയേഷ്യ കഴിഞ്ഞ ലോകകപ്പിലെ ടീമിന്റെ നിഴലല്ല.

മെസ്സിയുടെ അർജന്റീന നെതർലാന്റ്‌സ്നെ നേരിടുമ്പോൾ തുല്യശക്തികളുടെ പോരാട്ടം കാണാം. ആദ്യകളിയിൽ പകച്ച കോച്ച് ലയണൽ സ്കലോണി തന്റെ ടീമിനെ റീഗ്രൂപ്പ് ചെയ്ത് പുതുരക്തം ചേർത്ത് ഒരുക്കിയെടുത്തു. ഗോളിൽ പതിവ് പോലെ മാർട്ടിനെസ്, പ്രതിരോധത്തിൽ വീണ്ടും റൊമേറോ, ഓട്ടമെൻഡി, അക്കുണ, മൊളിന എന്നിവർ. അക്കുണ മുന്നേറ്റനിരയിലേക്കു കയറി ചെല്ലുമ്പോൾ മൊളിന കൂടുതൽ ഡിഫെൻസിനെ സഹായിച്ചു നില്കും.അര്ജന്റീന ഗോളടിച്ചാൽ ലിസാൻഡ്രോ ഫെർണാണ്ടെസ് ഒരു മുന്നേറ്റക്കാരന് പകരം ഇറങ്ങി 5-3-2 (4-3-3 ന് പകരം) കൊമ്പിനേഷൻ ആയി മാറും. എൻസോ, റോഡ്രിഗോ, മാക് അല്ലിസ്റ്റർ മധ്യനിരയിലും, മെസ്സി, പരിക്ക് മാറിയ ഡി മരിയ, ആൽവരെസ് എന്നിവർ മുന്നേറ്റത്തിലും വരും. ചെറിയ പരിക്കുകളാണ് ലോടാരോ മാർട്ടിനെസിനെ വലക്കുന്നതെന്നു റിപ്പോർട്ടുകളുണ്ട്. അല്ലെങ്കിൽ തല കൊണ്ടും കാലുകൊണ്ടും ഒരേ പോലെ കളിക്കുന്ന താരമാണ്. അര്ജന്റീനയുടെ ഈ കോമ്പിനേഷൻ ഈ ടൂർണമെന്റിൽ മുന്നോട്ടുപോകും എന്ന് കരുതാം.

നെതർലാൻഡ്‌സിന്റ കോച്ച് തഴക്കവും വഴക്കവുമുള്ള ലൂയി വാൻഗാൽ എതിർ ടീമിന്റെ ദൗർബല്യങ്ങളെ നന്നായി മുതലെടുക്കാൻ കഴിയുന്ന ആളാണ്. പുതുക്കക്കാരനായ ഗോളി നൊപ്പേർട്ട്, പ്രതിരോധത്തിൽ ആദ്യ കളികളിച്ച മതിയാസ്‌ ഡി ലൈറ്റ് മാറി വന്ന ജൂറിയൻ ടിമ്പർ പരിചയസമ്പന്നനായ വാൻഡിക്കും, നതാൻ അകെയുമായി ചേരുന്നു. അർജന്റീനയുടെ അഗ്വേറോ കൂട്ടുകാർക്കു നിർദ്ദേശം കൊടുക്കുന്നത് വാൻഡിക്കിന് തങ്ങൾ പത്തു സ്റ്റെപ് വെക്കുമ്പോൾ വാൻഡിക്കിന് നാലു സ്റ്റെപ് മതി എന്നാണ്, ഒരു അതിലെറ്റിന്റെ നീണ്ട കാലുകൾ പോലെയാണ് മൂപ്പരുടെ കാലുകൾ. മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന ഡിയോങ്,ഡിറൂൺ എന്നിവരോടൊപ്പം (3-4-3 സിസ്റ്റം)വിങ്ങിൽ ഡംഫ്രൈസും, പരിചയ സമ്പന്നനായ ബ്ലിൻഡും ചേരുന്നു. മുന്നേറ്റത്തിൽ മൂന്ന് ഗോളടിച്ച ഗാപ്‌കോ,ക്‌ളാസ്സെൻ, ഡിപെ എന്നിവരും ചേരുമ്പോൾ നല്ലൊരു മത്സരം പ്രതീക്ഷിക്കാം. മെസ്സിയുടെ ഒരോ ഗോളും അര്ജന്റീന വിജയവും കേരളത്തിലെ തെരുവുകളിൽ പൂരജനസഞ്ചയത്തെ ആരവങ്ങളിൽ അർമാദിപ്പിക്കും.

88,966 കാണികൾ നിറയുന്ന ലൂസയിൽ സ്റ്റേഡിയം ഇന്ന് പ്രകമ്പനം കൊള്ളും, മനുഷ്യസാധ്യമായ ശബ്ദഘോഷങ്ങളാൽ. അവിടേക്കുള്ള മെട്രോയും മറ്റു വഴികളും ചെറുപ്പൂരങ്ങളുടെ പെരുന്നാൾ വരവിൽ മുഖരിതമാകും. ഞങ്ങളും വെള്ളയിൽ നീല ജെഴ്സിയണിഞ്ഞ് ആ ആരവങ്ങളിൽ അലിഞ്ഞു ചേരും. ലാസൈൽ സ്റ്റേഡിയത്തിൽ.

അർജന്റീന ബ്രസീൽ പൂരങ്ങൾ പൊലിയാതിരിക്കട്ടെ, അത് ജനങ്ങളുടെ സ്വന്തം പൂരങ്ങളാണ്.

കളി കാണുക തന്നെ!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Narendran UP

Recent Posts

J Devika 1 week ago
Views

പൊറുക്കൽ നീതി അഥവാ Restorative justice എന്നാല്‍- ജെ ദേവിക

More
More
Mehajoob S.V 2 weeks ago
Views

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിച്ച 4 ഘടകങ്ങള്‍- എസ് വി മെഹജൂബ്

More
More
Mehajoob S.V 1 month ago
Views

മാമുക്കോയയെ കണ്ട് നാം ചിരിച്ചത് എന്തിനായിരുന്നു- എസ് വി മെഹ്ജൂബ്

More
More
Views

രാഹുല്‍ ഗാന്ധിയെ ഇനിയാരും പപ്പുവെന്ന് കളിയാക്കില്ല; 2024 പ്രതീക്ഷയുടെ വര്‍ഷമാണ്- മൃദുല ഹേമലത

More
More
Mehajoob S.V 2 months ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

More
More
Mehajoob S.V 2 months ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

More
More