ഡല്‍ഹി: പതിനഞ്ചുവര്‍ഷമായി ബിജെപി ഭരിക്കുന്ന ഡല്‍ഹി കോര്പ്പറേഷന് പിടിച്ചെടുത്ത് ആം ആദ്മി പാര്‍ട്ടി. ആകെയുളള 250 സീറ്റുകളില്‍ 135 സീറ്റുകള്‍ നേടിയാണ് ആം ആദ്മി ഡല്‍ഹി കോര്പ്പറേഷന് പിടിച്ചെടുത്തത്. കേവല ഭൂരിപക്ഷത്തിന് 126 സീറ്റുകളാണ് വേണ്ടിയിരുന്നത്. ബിജെപിക്ക് 101 സീറ്റുകള്‍ ലഭിച്ചപ്പോള്‍ വെറും പത്ത് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
2017-ല്‍ നടന്ന എംസിഡി തെരഞ്ഞെടുപ്പില്‍ ബിജെപി 181 സീറ്റുകളില്‍ വിജയിച്ചിരുന്നു. അന്ന് ആം ആദ്മി പാര്‍ട്ടിക്ക് 48-ഉം കോണ്‍ഗ്രസിന് 27-ഉം വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാനായത്. ഇത്തവണ 67 സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തേക്കാള്‍ 17 സീറ്റുകള്‍ നഷ്ടമായപ്പോള്‍ ആം ആദ്മി 91 സീറ്റുകളോളം അധികം നേടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
250 വാര്‍ഡുകളിലേക്കുളള തെരഞ്ഞെടുപ്പില്‍ ആകെ 1349 പേരാണ് മത്സരിച്ചത്. ബിജെപിയ്ക്കും ആം ആദ്മി പാര്‍ട്ടിക്കും എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. കോണ്‍ഗ്രസ് 147 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആം ആദ്മിക്ക് അനുകൂലമായിരുന്നു. എന്നാല്‍, വോട്ടെണ്ണലില്‍ ബിജെപി ഒപ്പത്തിനൊപ്പം മുന്നേറുകയും ചില ഘട്ടങ്ങളിലും മുന്നിലെത്തുകയും ചെയ്തിരുന്നു.
അതേസമയം, ഡല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ ഡല്‍ഹിയെ മികച്ചതാക്കാന്‍ പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പിന്തുണ വേണമെന്ന് അരവിന്ദ് കെജ്റിവാള്‍ പറഞ്ഞു. വോട്ടുചെയ്തവരോട് നന്ദിയുണ്ടാവുമെന്നും വോട്ട് ചെയ്യാത്തവരുടെ ആശങ്കകളാവും ആദ്യം പരിഹരിക്കുകയെന്നും കെജ്റിവാള്‍ കൂട്ടിച്ചേര്‍ത്തു.