ശരാശരി അർജൻ്റീനിയൻ ആരാധകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ജീവിതം- ആര്‍ ബിജു

വർഷം 1986

‌ടെലിവിഷൻ ദൂരദർശനിലൂടെ ചുരുക്കം ചില പണക്കാരുടെ വീട്ടിലും അപൂർവ്വം ചില ഗൾഫുകാരുടെ വീട്ടിലും ബ്ലാക്ക് ആൻറ് വൈറ്റിൽ ചിതറിയെത്തിയ കാലം. കഥയും കളിയും സിനിമയും എല്ലാം വർത്തമാനപത്രത്താളുകളിലൂടെയും ആകാശവാണിയിലൂടെയും മാത്രം അറിഞ്ഞിരുന്ന, വിവര സാങ്കേതിക വിദ്യയെന്ന പേരുപോലും ജനിച്ചിട്ടില്ലാത്ത ആ കാലത്താണ് ദേശാഭിമാനി പത്രത്തിൻ്റെ താളിൽ മറഡോണ കപ്പിനെ മുത്തിക്കൊണ്ടുള്ള പടം കാണുന്നത്. മെക്സിക്കൻ ലോകകപ്പിൽ അർജൻ്റീന കപ്പുയർത്തിയ കാലം! വെള്ളയും കറുപ്പുമുള്ള കുപ്പായത്തിൽ (കളർ അച്ചടി ഒരു പത്രത്തിനും ഇല്ലാതിരുന്ന കാലം ആകാശനീലയും ചെഞ്ചോപ്പും എല്ലാം ചാരവും കറുപ്പുമായി മാത്രം അച്ചടിക്കപ്പെടുന്ന കാഴ്ചകൾ ) മറഡോണയെ കൺകുളിർക്കെ കണ്ടു. ചുവടെ കളിയെകുറിച്ചും മറഡോണയെക്കുറിച്ചും അർജൻറീനയെക്കുറിച്ചുമുള്ള വാങ്മയ ചിത്രങ്ങളുമായി വാർത്തകളും. അന്നു മുതലാണ് മറഡോണയെ അറിഞ്ഞ് തുടങ്ങുന്നത്. ബ്യൂണസ് അയേഴ്സിലെ തെരുവുകളിൽ നിന്നും പന്ത് തട്ടി ഒടുവിൽ ഒരു നാടിൻ്റെ അഭിമാനം കാത്ത വീരയോദ്ധാവിൻ്റെ ഗാഥ. ദൈവത്തിൻ്റെ കൈ സ്പർശമുള്ള ഗോളിനൊപ്പം നൂറ്റാണ്ടിൻ്റെ ഗോളടിച്ച വീരൻ്റെ കഥ. കാലങ്ങൾക്കിപ്പുറമാണ് ആ കളി കാണാൻ കഴിഞ്ഞത്. 

അപ്പോഴേക്കും കാലം 1990 ലേക്ക് കടന്നിരുന്നു. മറഡോണ ഇറ്റലിയിലെ ശരാശരി ക്ലബ്ബായ 'നാപ്പോളി'യെ ഉയരങ്ങളിലെത്തിച്ച് തുടങ്ങി. ടെലിവിഷന് നിറംവെച്ചു. 'ഇറ്റാലിയ 90'എത്തി. ഇത്തിരി ദൂരത്തുള്ള ബന്ധുവീട്ടിൽ പോയി പാതിരാവിൽ കളർ ടിവിയിൽ കളികണ്ടു. മറഡോണയെ നേരിൽ കണ്ട പ്രതീതി. പക്ഷെ ആദ്യ കളിയിൽ കാമറൂൺ ഒരു ഗോളിന് അർജൻ്റീനയെ തീർത്തു.വീട്ടിലാരോ മരിച്ചതിൻ്റെ സങ്കടം പോലെ നെഞ്ചില്‍ കനം തൂങ്ങി. ഫീൽഡിൽ മറഡോണ പന്ത് തൊടുമ്പോഴെല്ലാം എതിരാളികളുടെ ചവിട്ടേറ്റ് വീണു. ഒടുവിൽ ഫൈനൽ വരെ എത്തിയ കഠിനയാത്ര. ഫൈനലിൽ ജർമ്മനിയോട് ഒരു ഗോളിന് തോറ്റപ്പോൾ ഞങ്ങൾ കരഞ്ഞു. എന്തിനെന്നറിയില്ല. മറഡോണയെന്ന മനുഷ്യനിലൂടെ ഞങ്ങൾ അർജൻ്റീനയെന്ന ഫുട്ബോൾ രാജ്യത്തിലെ പൗരന്മാരാവുകയായിരുന്നു. സെമിയിൽ ഇറ്റലിയെ തോൽപ്പിച്ചതിൻ്റെ പക നാപ്പോളിയിലെ മയക്കുമരുന്ന് മാഫിയയിലൂടെ ഇറ്റലിക്കാർ തീർത്തു. മറോഡണയിൽ ദൈവവും ചെകുത്താനും സൗമ്യനും ധിക്കാരിയും സമ്മേളിക്കുന്നതിൽ ഞങ്ങൾ ആഹ്ളാദിച്ചു.

'യു എസ് എ-94' എത്തുമ്പോൾ കേബിൾ ടിവി നാട്ടിൽ വ്യാപകമായിത്തുടങ്ങിയിരുന്നു. ടെലിവിഷൻ സെറ്റിനും രൂപമാറ്റമുണ്ടായി. മറഡോണ പഴയ നാളുകളുടെ നിഴൽ മാത്രമായിരുന്നു. ദേഹം ചീർത്തിരുന്നു. എങ്കിലും ഗ്രീസിനെതിരെ ആ ഇടങ്കാലിൻ്റെ കരുത്ത് ലോകമറിഞ്ഞു. 4 ഗോളിന് ഗ്രീസ് തകർന്നടിഞ്ഞു, നൈജീരിയയെ രണ്ട് ഗോളിന് തീർത്തു. പക്ഷെ പരിശോധനയിൽ മൂത്രത്തിൽ ജലദോഷത്തിൻ്റെ മരുന്നായ എഫറിഡിൻ്റെ സാന്നിധ്യം കണ്ടു. ഉത്തേജക മരുന്നടിയുടെ പേരിൽ മറഡോണ പിടിക്കപ്പെട്ടു. സസ്പെൻഷൻ. അമേരിക്കൻ ഭരണകൂടത്തിൻ്റെ ഇറാഖ് അധിനിവേശത്തെ വിമർശിക്കുകയും ഫിദൽ കാസ്ട്രോവിനോടും ഹ്യൂഗോ ഷാവേസിനോടും അനുഭാവം പുലർത്തുകയും ചെഗുവേരയെ ആരാധിക്കുകയും ചെയ്തതിന് അമേരിക്കൻ ഭരണകൂടം ചെയ്ത പണിയാണീ പരിശോധനയെന്ന് അന്നേ ആക്ഷേപമുയർന്നിരുന്നു. പതിയെ അർജൻ്റീന പുറത്തായി. ബാറ്റിസ്റ്റൂട്ടയെന്ന താരത്തിൻ്റെ ഉദയത്തിന് തുടക്കമിട്ട കാലം. ഗ്രീസിനെതിരെ ഹാട്രിക്കടിച്ച ബാറ്റിഗോൾ....! .പക്ഷെ സങ്കടങ്ങൾ തോരാതെ പെയ്ത് കൊണ്ടിരുന്നു.

1998-ൽ വൻ സന്നാഹങ്ങളുമായി ഫ്രാൻസിലെത്തിയ ടീം ക്വാർട്ടറിൽ ഹോളണ്ടിനോട് തോറ്റ് പുറത്തായി. ആരാധകരന്നെ നിലയിൽ ഞങ്ങൾ നിരാശരും ഹതാശരുമായി മറ്റുകളികൾ കണ്ട് തീർത്തു. ചിലർ കളി കാണാതിരുന്നു. അപമാനവും പരിഹാസവും കൂടിക്കൂടിവന്നു. അപ്പോഴും ആകാശനീല സാന്ത്വനവും ആശ്വാസവുമായി. 2002-ൽ മികച്ച സ്ക്വാഡുമായാണ് അർജൻ്റീനയെത്തിയത്. നാട്ടിൽ കൊടിതോരണങ്ങൾ ഉയർന്നുതുടങ്ങിയിരുന്നു. കേബിൾ ടിവികൾക്ക് മിഴിവ് കൂടിത്തുടങ്ങി. മരണഗ്രൂപ്പിലെ കളിക്കൊടുവിൽ ആദ്യറൗണ്ടിൽ പുറത്തുപോകാനായിരുന്നു ബാറ്റിസ്റ്റ്യൂട്ട സംഘത്തിൻ്റെ വിധി. കപ്പുറപ്പിച്ചവർ കപ്പലണ്ടി പോലുമില്ലാതെ പടിയിറങ്ങുമ്പോൾ ഞങ്ങളുടെ ഹൃദയം വിങ്ങിപ്പൊട്ടി. പരിഹാസത്തിന്റെ കൂരമ്പുകള്‍! അപമാനമേറ്റുവാങ്ങി ഞങ്ങൾ ജീവിച്ചു. അതിജീവിച്ചു.

2006-ലും 2010-ലും പ്രതീക്ഷകളുടെ പൂമര വഞ്ചിയുമായി ലോകകപ്പിനെത്തിയവർ രണ്ടുതവണയും ക്വാർട്ടറിൽ ജർമ്മനിയോട് തോറ്റ് പടിയിറങ്ങി. റിക്വൽമിയും അഗ്യൂറേയും ഹിഗ്വയിനും, മെസ്സിയുമൊക്കെയുള്ള ടീം. 2006- ൽ നന്നായി കളിച്ചുമുന്നേറിയ അർജന്റീന എൺപതാം മിനുട്ടിൽ വഴങ്ങിയ ഗോളിൽ (അന്ന് റിക്വൽമിയെ ബെഞ്ചിലേക്ക് തിരിച്ചു വിളിച്ചത് ഒരു പ്രധാന കാരണമായിരുന്നു) ജർമനി സമനില നേടുകയും പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ അർജന്റീന തോൽക്കുകയും ചെയ്തു. 2010- ൽ മറഡോണയ്ക്ക് കീഴിലാണ് അർജൻറീന ലോകകപ്പിനെത്തിയത്. ഗ്രൂപ്പിൽ ആവേശകരമായി മുന്നേറിയ ടീം ക്വാട്ടറിൽ ജർമനിയോട്  കളിച്ചു തോറ്റു.. അതും ഏകപക്ഷീയമായ നാലുഗോളുകൾക്ക്. ഞങ്ങളാവട്ടെ പതിവുപോലെ പ്രതീക്ഷയും ആവേശവും നിറച്ചുവെച്ച മനസ്സുടഞ്ഞ് പാതിവഴിയിൽ നൊന്ത് വെന്ത് നീറിനടന്നു.

ആവേശമായി മറഡോണയും പിൻഗാമികളും പ്രതീക്ഷയുടെ വെളിച്ചം വീശിക്കൊണ്ടേയിരുന്നു. മെസ്സിയുടെ അശ്വമേധം ക്ലബ്ബ് ഫുട്ബോളിൽ സംഭവിച്ച കാലം. ഇൻ്റർനെറ്റ്  വ്യാപകമാവാൻ തുടങ്ങിയിരുന്നു. മൈാബൈൽ ഫോൺ കാഴ്ചകൾ തന്നുതുടങ്ങിയിരുന്നു. 2014- ലെ വേൾഡ്കപ്പിൽ മെസ്സിയുടെ ചുമലിലേറി അർജന്റീന ഫൈനലിലെത്തി. വലിയ പ്രതീക്ഷയോടെ  കളികാണാൻ എത്തിയ ഞങ്ങളുടെ നെഞ്ചിലേക്ക് ഗോഡ്സെയിലൂടെ 113-ാം മിനുട്ടിൽ ജർമനി നിറയൊഴിച്ചു. ലോകം സ്തംഭിച്ചുപോയ നിമിഷം.! കപ്പിനും ചുണ്ടിനുമിടയിൽ വിലങ്ങായ ഗോഡ്സെയുടെ കാലുകൾ....! അതിന് മുന്പോ ശേഷമോ ഗോഡ്സെയെ ആരും അറിഞ്ഞില്ല. കണ്ടില്ല. അത് മാത്രയായിരുന്നു അദ്ദേഹത്തിൻ്റെ നിയോഗമെന്ന് തോന്നും വിധം കളിയിടങ്ങളിൽ നിന്നുപോലും ആ പേർ അപ്രത്യക്ഷമായി. ഞങ്ങളുടെ മനക്കോട്ടകൾ തകർന്നടിഞ്ഞ് മണ്ണായ നിമിഷങ്ങൾ. എത്ര കാലമായി നമ്മളിങ്ങനെ? ആരോ ചോദിച്ചു. ഒന്നും പറയാതെ ഉള്ളിൽ കനംപേറിയുള്ള നടത്തം തുടര്‍ന്നു.

2018-ൽ റഷ്യയിൽ അട്ടിമറികളുടെ കാലമായിരുന്നു. ചാമ്പ്യന്മാരായ ജർമ്മനി ആദ്യറൗണ്ടിൽ പുറത്തായി. മെസിയിൽ വിശ്വാസമർപ്പിച്ചെത്തിയെങ്കിലും പ്രതീക്ഷകളുടെ അമിതഭാരം മെസ്സിയെ തളർത്തി. പ്രീ ക്വാർട്ടറിൽ ഫ്രാൻസുമായി നടന്ന പൊരിഞ്ഞ പോരാട്ടത്തിൽ 4-3 ന് തോറ്റു മടങ്ങി. ഫ്രാൻസിന്റ ഗോൾവല മൂന്നുതവണ കുലുക്കിയതിൻ്റെ ആശ്വാസവുമായി വേദനയോടെ അക്കുറിയും കഴിഞ്ഞു. പരിഹാസവും അപമാനവും,  ട്രോളുകളും കമൻ്റുകളും മീമുകളുമായി രൂപം മാറി. ഫ്ലക്സുകൾ വ്യാപകമായി. പുതിയ തലമുറയുടെ അർജീനിയൻ ആരാധനയെന്നത് മെസിയോടുള്ള ആരാധനയായി പരിണമിച്ചു. മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ ത്രയങ്ങൾ ഫുട്ബോൾ വിപണിയിലെ താരരാജക്കന്മാരായി. കളി ടെലിവിഷനിൽ നിന്നും ഫോണിലേക്ക് മാറി. സ്മാർട്ട് ഫോൺ വ്യാപകമായി. കാലം പന്ത് പോലെ ഉരുണ്ടു കൊണ്ടേയിരുന്നു. ഒരു മേജർ കപ്പ് വിജയമെന്നത് മരീചികയായി. അന്നത്തെ കൗമാരക്കാരായ ആരാധകർക്ക് കുടുംബവും മക്കളുമുണ്ടായി. ആ മക്കൾ മെസിയെ സ്നേഹിച്ച് പന്ത് തട്ടി. മെസിയിലൂടെ അവർ മറഡോണയുൾപ്പെടെയുള്ള പൂർവ്വസൂരികളെയറിഞ്ഞു. യൂടൂബ് അവരുടെ കളി സ്വപ്നങ്ങൾക്ക് ദ്യശ്യചാരുത നൽകി. ഞങ്ങൾ വായിച്ചറിഞ്ഞത് അവരും ഞങ്ങളും കണ്ടറിഞ്ഞു തുടങ്ങി. പ്രതീക്ഷകൾക്ക് മെസി ഇന്ധനമായി മാറി. പക്ഷെ മാറ്റം, അത് മാത്രമുണ്ടായില്ല. അപമാനവും കളിയാക്കലും സങ്കടങ്ങളും പിരിമുറുക്കങ്ങളും മാത്രം ബാക്കിയായി. മറഡോണ ഭൂമി വിട്ട് യാത്രയായി. ഒരു അധ്യായം തീർന്നു.

ഒടുവിൽ 2021 ജൂലൈ 11-ന് പതിവുകൾ തെറ്റി. ആകാശത്തിൻ്റെ കിഴക്കേ ചെരിവിൽ ഒരു നക്ഷത്രം ഉദിച്ചു. മെസ്സിയുടെ കാലുകൾക്ക് പുതിയ ഉണർവുണ്ടായി. പതിറ്റാണ്ടുകൾ നീണ്ട വരണ്ടകാലത്തിന് അറുതിയായി. വസന്തത്തിൻ്റെ ഇടിമുഴക്കംപോലെ കോപ്പ അമേരിക്ക ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് അർജന്റീന കപ്പുയർത്തി. ഫൈനൽ വിസിൽ മുഴങ്ങിയനിമിഷം മെസ്സി മുട്ടുകുത്തി കരഞ്ഞതുപോലെ ഞങ്ങളും കരഞ്ഞു. എത്ര കാലത്തെ കാത്തിരിപ്പാണ് ! 1993-ന് ശേഷം മെസ്സിയിലൂടെ 28 വർഷത്തിനിപ്പുറം ഒരു മേജർ കിരീടം. ഉന്മാദങ്ങളുടെ ആഘോഷകാലം. തുടർന്ന് 2022 ജൂൺ 2-ന് ഇറ്റലിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കി ഫൈനലിസ്സിമാ കപ്പും നേടി മെസ്സി നിയോഗം പാതിവഴിയിലെത്തിച്ചു. പ്രതീക്ഷകൾക്ക് ആകാശത്തോളം വലിപ്പംവെച്ച കാലമാണ്. നീണ്ട 35 കൊല്ലങ്ങൾക്കിപ്പുറം ഫിഫ ലോകകപ്പ് മെസ്സി ഉയർത്തണമെന്ന ആഗ്രഹം. 36 കളികൾ പരാജയമറിയാതെ എത്തിയ അർജൻ്റീന ഖത്തറിൽ  തുടക്കം സൗദിയോട് തോറ്റെങ്കിലും ഇതാ ഉയർത്തെഴുന്നേറ്റിരിക്കുന്നു. ഈ അനിശ്ചിതത്വമാണ് പ്രതീക്ഷകളാണ് ഞങ്ങളെ പോലുള്ളവരെ നയിക്കുന്നത്. കഴിഞ്ഞ 35 വർഷമായി ലോകകപ്പ് വരുമ്പോഴെല്ലാം ആകാശനീലയ്ക്ക് കീഴിൽ ഞങ്ങളെ അണിനിരത്തുന്നതും ഒരുമിപ്പിക്കുന്നതും മറഡോണയുൾപ്പെടെയുള്ളവർ കാണിച്ച കളി മുഹൂർത്തങ്ങളാണ്. കനീജിയയും ഒർട്ടേഗയും അയാളയും ടെവസും വെറോണും, ബാറ്റിസ്റ്റൂട്ടയും സാവിയോളയും റിക്വൽമിയും ഹിഗ്വയിനും മാർട്ടിനെസും, 'മഷറാനോയും ഡി മറിയയും സാക്ഷാൽ ലയണൽ മെസ്സിയും കാണിച്ച മാജിക്കുകളാണ്. കളി ജയിക്കാം തോൽക്കാം. എന്നാൽ സൗന്ദര്യമുളള കളി നിമിഷങ്ങളിലാണ് ഞങ്ങൾ ഇത്രകാലവും ജീവിച്ചത്. ജീവിക്കുന്നത്. മെസ്സിയുടെ ചുംബനമേറ്റുവാണ്ടേത് തന്നെയാണ് ഫിഫ ലോകകപ്പ്. അതിനാണീ കാത്തിരിപ്പ്. ഖത്തർ അതിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം. കാത്തിരിക്കാം. വാമോസ് അർജൻ്റീന...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

R Biju

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More