മെസി: ചവിട്ടിവീഴ്ത്തിയിട്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന റബ്ബര്‍വീര്യം- നരേന്ദ്രന്‍ യു പി

ചില ഫുട്ബാൾ വിചാരങ്ങൾ : 7

മെസ്സി -പാസ്സുകളുടെ, ഗോളുകളുടെ മഹാബലി. എത്ര ചവിട്ടി വീഴ്ത്തിയിട്ടും വീണ്ടും ഉയിർത്തെഴുന്നേൽക്കുന്ന റബ്ബർവീര്യം. നന്നായി കളിച്ച മെക്സിക്കോയെ ഗോൾ വീഴുംവരെ വട്ടത്തിലാക്കിയ ഒരേ ഒരു കളിക്കാരൻ, ഡി മരിയയുടെ ഒന്നാന്തരം പാസ്സ്, മെസ്സിക്ക്, ഒരു ചെറിയ ഗ്യാപ് മാത്രം കളിക്കാർക്കും ഗോളിക്കും പോസ്റ്റിനുമിടയിൽ, ഉന്നം തെറ്റാതെ പായുന്ന സ്ലോ മോഷൻ ഉണ്ട പോലെ ഗോളിലേക്ക്. എല്ലാ അടവും പയറ്റിപ്പരാജയപ്പെട്ട അർജന്റീനയുടെ പൂഴിക്കടകൻ. മെസ്സിയെ അപ്പോൾ മാത്രം തങ്ങളുടെ പോലീസ് ഷിൽഡിൽ നിന്ന് വിട്ടുകളഞ്ഞതിൽ അന്തംവിട്ട് തലയ്ക്കു കൈവെച്ച മെക്സിക്കോ കളിക്കാർ.

ഒരു നിമിഷം മതി ഒരു കളിയാകെ മാറിമറിയാൻ. ഒന്നാം പകുതിയിലെ മെക്സിക്കോയുടെ സമ്മർദ്ദതന്ത്രങ്ങളിൽ പകച്ചുപോയ അർജന്റീന മൂന്ന് പേരെ മാറ്റി ചെറുതായി കളം പിടിച്ചു വന്നപ്പോഴാണ് ഗോൾ വീണത്. അതുവരെ മിക്കവാറും കാഴ്ചക്കാരനായി നിന്ന് മെസ്സി ഒറ്റ ഷോട്ടിൽ തന്റെ ജന്മ ദൗത്യം നിറവേറ്റി. പിന്നീട് മെക്സിക്കോ ഗത്യന്തരമില്ലാതെ ആക്രമിക്കാൻ നിർബന്ധിതരായപ്പോൾ പ്രത്യാക്രമണത്തിലൂടെ, മെസ്സിയുടെ പാസ്സിലൂടെ എൻസോ ഫെർണൻഡസിന്റെ വളച്ചു കയറ്റിയ ഒന്നാംതരം ഗോൾ. ഒരുതരം ലൈറ്റ് ഫൗളുകളിലൂടെ മെക്സിക്കോ പകുതിയിലധികം പിടിച്ചു നിന്നു. വലിയ ഫൗളുകൾ മഞ്ഞയും ചുവപ്പും വിളിച്ചു വരുത്തും. റഫറിക്ക് പലപ്പോഴും കാണാതെ പോകും.

തേപ്പുകാർ തേക്കുന്നപോലെ കളിക്കാരുടെ ദേഹത്ത് തൊട്ടു തൊട്ടില്ലെന്ന പോലെ. 'തേച്ചിട്ടു പോകുന്ന' പുതിയ കാലത്തെ കമിതാക്കളെപ്പോലെ.മുന്നോട്ടു നീങ്ങാൻ കഴിയാതെ കളിക്കാർ തല്കാലത്തേക്കു അവശരാകും. പന്തും പോയി ഫൗളും കിട്ടിയില്ലെന്ന മട്ടിൽ. എന്തായാലും ഒരു പ്രതിസന്ധി കടന്നു കിട്ടി, മിനി കപ്പെടുത്ത പോലെ സന്തോഷവും. ഇനി ഒരു ജയം കൂടി മതി, അടുത്ത റൗണ്ടിലേക്ക്-അതിന് കളിക്കളത്തിൽ ശ്രദ്ധ കൈവിടാതെ ചലിക്കണം. എന്തായാലും കേരളത്തിലെ  ആരാധകർക്ക് സമാധാനമായി-തൽക്കാലത്തേക്ക്. ഇന്ന് ഈ ഞായർ അവധി. കൊച്ചുകുട്ടികൾ വരെ അർജന്റീനയുടെ ആദ്യവിജയം സുഹൃത്തുക്കളോടൊപ്പം ബിരിയാണി കഴിച്ചും ആടിപ്പാടിയും ആഘോഷിക്കുന്നു-അതാണ് കേരളത്തിലെ കാൽപ്പന്തുഭ്രമം!

രണ്ടാം റൗണ്ടിലെത്തുന്ന ആദ്യ ടീമായി ഫ്രാൻസ്. ഡെന്മാർക്കിനെ ഒന്നിനെതിരെ കിലിയൻ എമ്പാപ്പെയുടെ എണ്ണം പറഞ്ഞ രണ്ടു ഗോളിന്. എന്നർ വലൻസിയക്കൊപ്പം എമ്പാപ്പെ മൂന്ന് ഗോളുമായി മുന്നിൽ നില്കുന്നു. മിച്ചൽ ഡ്യൂക്കിന്റെ ഗോളിൽ ട്യൂണീഷ്യയെ മറികടന്ന് ഓസ്ട്രേലിയ ഏഷ്യൻ ടീമുകളുടെ വിജയത്തിലേക്കു ഒന്ന് കൂടി നൽകി. അവർ ഏഷ്യൻ കോൺഫെഡറേഷനിൽ നിന്നാണ് ക്വാളിഫൈ ചെയ്തത്.

സൗദി കളിയിലെ എല്ലാ കണക്കുകളിലും മുന്നിൽ, പക്ഷേ കിട്ടിയ പെനാൽറ്റിയും പാഴാക്കി. കാണികൾക്കൊപ്പം കളം നിറഞ്ഞു കളിച്ചതു മിച്ചം. കളിസംതൃപ്തി പുറത്തു നിന്ന് കാണുന്നവർക്കല്ലേ ഉള്ളു.എന്തായാലും സൗദിയുടെ പെനാൽറ്റി വാർ സിസ്റ്റത്തെയും സംശയാസ്പദമാക്കുന്നു. പോളണ്ട് കളിക്കാരൻ സൗദികളിക്കാരനെ തൊട്ടിട്ടുണ്ട്, പക്ഷെ ഉന്തി വീഴ്ത്താവുന്ന രീതിയിലല്ല. ചില കളിക്കാർ കളിയിൽ മാത്രമല്ല, അഭിനയത്തിലും 'ഗപ്പു'നേടിയവർ. വീഡിയോയെയും മറികടക്കാം, അവിടെയും അവസാന തീരുമാനം മനുഷ്യരുടേതാണ്.

ജഡ്ജിമാർ മനുഷ്യർ മാത്രം. ജീവിതത്തിലെപ്പോലെ, കളിക്കളത്തിലും നീതി എന്താണെന്നു പലകോണിൽ നിന്നും കാണാം. പക്ഷേ, അനീതി എന്താണെന്നു തിരിച്ചറിവുള്ളവർക്കെ തങ്ങളുടെ ജീവിതസന്ദർഭങ്ങളിൽ, തീരുമാനങ്ങളിൽ നീതി ഉറപ്പാക്കാൻ കഴിയൂ. വാർ സംവിധാനത്തിൽ ഖത്തറിൽ നാലു പേരുണ്ട്, ഒരാളുടെ നേതൃത്വത്തിൽ. ക്രിക്കറ്റിലെ പോലെ ഒരു അമ്പയർ മാത്രമല്ല,

സ്റ്റേഡിയത്തിലും അല്ല. ദോഹയിൽ ഒരു കേന്ദ്രത്തിൽ, എല്ലാ ഗ്രൗണ്ടുകളുടെയും കൂടി ഒരു വാർ റൂം. ഒരു ഗ്രൗണ്ടിലെ 42 ക്യാമറകളിൽ നിന്ന് ദൃശ്യങ്ങൾ സ്വീകരിച്ച്, അതിൽ 8 എണ്ണം സൂപ്പർ സ്ലോ മോഷനും, 4 എണ്ണം അൾട്രാ സ്ലോ മോഷനും. ക്രിക്കറ്റിൽ തേർഡ് അമ്പയർ തീരുമാനം സ്ക്രീനിലൂടെ പ്രഖ്യാപിക്കുന്നു. പക്ഷേ ഫുട്ബോളിൽ വാർ സിസ്റ്റം ഗ്രൗണ്ട് അമ്പയർക്ക് തങ്ങളുടെ വിശകലനം കൈമാറുക മാത്രം. പ്രസക്തമായ വീഡിയോ ഭാഗം വീണ്ടും നോക്കി തീരുമാനമെടുക്കുന്നത് റഫറി തന്നെ. അതാണ് കാൽപ്പന്ത് കളിയുടെ മഹിമ.

കളി കാണുക തന്നെ!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Narendran UP

Recent Posts

J Devika 1 week ago
Views

പൊറുക്കൽ നീതി അഥവാ Restorative justice എന്നാല്‍- ജെ ദേവിക

More
More
Mehajoob S.V 2 weeks ago
Views

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിച്ച 4 ഘടകങ്ങള്‍- എസ് വി മെഹജൂബ്

More
More
Mehajoob S.V 1 month ago
Views

മാമുക്കോയയെ കണ്ട് നാം ചിരിച്ചത് എന്തിനായിരുന്നു- എസ് വി മെഹ്ജൂബ്

More
More
Views

രാഹുല്‍ ഗാന്ധിയെ ഇനിയാരും പപ്പുവെന്ന് കളിയാക്കില്ല; 2024 പ്രതീക്ഷയുടെ വര്‍ഷമാണ്- മൃദുല ഹേമലത

More
More
Mehajoob S.V 2 months ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

More
More
Mehajoob S.V 2 months ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

More
More