കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എം ഷാജിക്ക് തിരിച്ചടി. അന്വേഷണ സംഘം പിടിച്ചെടുത്ത തുക തിരികെ നല്‍കണമെന്ന കെ എം ഷാജിയുടെ ഹര്‍ജി കോഴിക്കോട് വിജിലന്‍സ് കോടതി തള്ളി. കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടികൂടിയ 47.35 ലക്ഷം രൂപ തിരികെ നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കെ എം ഷാജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയത്. ഈ തുക തിരിച്ചുനല്‍കുന്നത് അന്വേഷണത്തെ തന്നെ ബാധിക്കുമെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു.
വീട്ടില്‍ നിന്നും കണ്ടെടുത്ത തുക ബൂത്ത് കമ്മറ്റികളില്‍ നിന്നും പിരിച്ചെടുത്ത പണമാണെന്നാണ് കെ എം ഷാജി കോടതിയെ അറിയിച്ചത്. എന്നാല്‍ വീട്ടില്‍ നിന്നും കണ്ടെടുത്ത തുകയ്ക്ക് വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ കെ എം ഷാജിക്ക് സാധിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം, പണം തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജിയുടെ അഭിഭാഷകന് പറഞ്ഞു