രാഷ്ട്രീയ വിമര്‍ശനങ്ങളെ ഭീകരവാദ ആശയങ്ങളെന്ന് മുദ്രയടിച്ച് നേരിടുന്നതിനെതിരെ ജാഗ്രതവേണം- ഡോ. ആസാദ്

തോക്കെടുക്കുന്ന നക്സലുകളെ മാത്രമല്ല, പേനയെടുക്കുന്ന നക്സലുകളെയും നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂരജ്കുണ്ഡില്‍ ചേര്‍ന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന ശിബിരത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്നു. ദേശാഭിമാനിയിലാണ് ഈ വാര്‍ത്ത ആദ്യം കണ്ടത്. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് പാര്‍ട്ടികളെ മുന്‍നിര്‍ത്തിയാണ് ഈ പ്രഖ്യാപനമെന്ന് മാതൃഭൂമി വായിച്ചപ്പോള്‍ തോന്നി. 'തോക്കേന്തിയതായാലും തൂലികയിലൂടെ ഉള്ളതായാലും രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന മാവോവാദത്തിന്റെ എല്ലാ രൂപങ്ങളും പിഴുതെറിയണം' എന്നാണ് മോദിയുടെ പ്രസംഗം ആ പത്രം റിപ്പോര്‍ട്ട് ചെയ്തത്. സി പി ഐ (എം എല്‍) സംഘടനകളെല്ലാം പൊതുവെ നക്സലൈറ്റുകളായി അറിയപ്പെടുന്നു. അവര്‍ മിക്കതും ജനാധിപത്യ വഴക്കങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുന്നവയാണ്. ആ ഗണത്തില്‍ പെടുന്ന പേനയുന്തുകാരെ ഉദ്ദേശിക്കാന്‍ സാദ്ധ്യതയില്ലല്ലോ.

മാവോവാദത്തിന്റെ എല്ലാ രൂപങ്ങളും പിഴുതെറിയണം എന്ന വാദത്തില്‍ അല്‍പ്പം ക്ലിഷ്ടതയുണ്ട്. ചൈനയുടെ രാഷ്ട്രപിതാവാണ് മാവോ. അവിടത്തെ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നായകന്‍. മാര്‍ക്സിസത്തിന് പുതിയ വ്യാഖ്യാനവും പ്രയോഗരീതിയും കണ്ടെത്തിയ മാര്‍ക്സിസ്റ്റ്. ജനാധിപത്യപൂര്‍വ്വ സാഹചര്യത്തില്‍ അദ്ദേഹം ആവിഷ്കരിച്ച വിപ്ലവതന്ത്രത്തെ കാലദേശ വ്യത്യാസം പരിഗണിക്കാതെ ഹിംസാത്മകമായി പകര്‍ത്താന്‍ ശ്രമിക്കുന്ന മാവോയിസ്റ്റ് സായുധപ്രസ്ഥാനം ഇവിടെയുണ്ട്. ഭരണകൂടം ആ പാര്‍ട്ടിയെ നിരോധിച്ചിട്ടുമുണ്ട്. നിരോധിത സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നതും കുറ്റകരമാണെന്നു പറയാം. അത് പേനയുന്തുമ്പോഴും പോസ്റ്ററൊട്ടിക്കുമ്പോഴും ഭരണകൂടം അങ്ങനെയേ കാണൂ. എന്നാല്‍ മാവോവാദം ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഏതെങ്കിലും പാര്‍ട്ടിയുടെ അപക്വ വ്യാഖ്യാനമല്ല. അത് മാര്‍ക്സിസത്തിനു ലെനിനിസംപോലെയുള്ള മറ്റൊരു വികാസരേഖയാണ്. അത് പഠിക്കുകയോ പിന്തുടരുകയോ ചെയ്തുകൂടാ എന്നു പറയാനാവുമോ? അത്തരം രചനകളെ ദുര്‍വ്യാഖ്യാനം ചെയ്തു കുറ്റകൃത്യമാക്കാനാവുമോ?

ഫിദല്‍ കാസ്ട്രോയും ചെഗുവേരയും മറ്റൊരു രാജ്യത്ത് സമാനമായ വിപ്ലവം നടത്തിയിട്ടുണ്ട്. ഹോചിമീന്‍ വേറൊരു രാജ്യത്തും. വിജയിച്ചതും പാളിപ്പോയതുമായ ജനാധിപത്യ/സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടെ നായകര്‍ അനവധിയുണ്ട്. അവരും അവരുടെ ചിന്തയും ലോകമെങ്ങുമുള്ള ജനതയ്ക്കു പാഠപുസ്തകമാകുന്നു. ഓരോ രാജ്യവും അവിടത്തെ ചരിത്രവും സംസ്കാരവും പാരമ്പര്യവും ഉള്‍ക്കൊണ്ടുവേണം വിമോചനാശയങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ എന്ന കോമിന്റോണ്‍ നിര്‍ദ്ദേശത്തെ പിന്‍പറ്റുന്ന കമ്യൂണിസ്റ്റുകാര്‍ ഒരു വിദേശ വിപ്ലവത്തെയും അന്ധമായി സ്വീകരിക്കില്ല. എന്നാല്‍ അവ പഠനവിധേയമാക്കും. അവരുടെ ധീരോദാത്തമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യും.

പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ അവ്യക്തതയാണ് പ്രശ്നം. അര്‍ബന്‍ നക്സലുകള്‍ എന്ന പദനിര്‍മ്മിതി എങ്ങനെ പ്രയോജനപ്പെടുത്തി എന്നതു നമ്മുടെ മുന്നിലുണ്ട്. നിരോധിത സംഘടനകള്‍ക്ക് അമിതപ്രാധാന്യം നല്‍കുംവിധം രാഷ്ട്രീയ വിമര്‍ശനങ്ങളെ ഭരണകൂടം നിരോധിത നക്സലൈറ്റ് ആശയങ്ങളെന്ന് മുദ്രയടിച്ചു നേരിടുന്നത് ജനാധിപത്യത്തിനു ഭൂഷണമാണോ? തോക്കെടുക്കുന്ന നക്സലുകള്‍ എന്നു പറയുന്നപോലെ പറയാനാവുന്നതാണോ പേനയെടുക്കുന്ന നക്സലുകള്‍ എന്നത്? ആരൊക്കെ ആ ഗണത്തില്‍ വരും? ആരെയൊക്കെ അതില്‍ പെടുത്താനാവില്ല? ഭരണകൂടത്തിന്റെ പ്രിയാപ്രിയങ്ങള്‍ക്ക് തരംപോലെ പിടികൂടാന്‍ അമൂര്‍ത്തമായ പദാവലി സൃഷ്ടിക്കുന്നത് ജനാധിപത്യത്തെ പരിപോഷിപ്പിക്കുമോ? ഭീകരവാദ സിദ്ധാന്തങ്ങളും അവയുടെ വിവേചനാത്മകവും ഹിംസാത്മകവും ഉന്മൂലനത്വര നിറഞ്ഞതുമായ പ്രയോഗപദ്ധതികളും നമ്മുടെ നാട്ടിലുണ്ട്. അവയ്ക്ക് ഒറ്റ സ്വഭാവമേയുള്ളു. ആധുനിക ജനാധിപത്യ രാഷ്ട്രങ്ങള്‍ക്കു യോജിക്കാനാവാത്ത ചോരചിന്തുന്ന സ്വഭാവം. അതിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. പകരം ഭീകരവാദത്തെ ഇടതെന്നും വലതെന്നും രണ്ടാക്കി ഒന്നിനെ എതിര്‍ക്കുന്നു എന്ന ഭാവത്തില്‍ ഏത് ഇടതുചിന്തയെയും ഭീകരചിന്തയാക്കി അവതരിപ്പിക്കാനുള്ള നീക്കം അപലപനീയമാണ്.

ഇടതുപക്ഷ ചിന്തകളെല്ലാം ഭീകരവാദ ചിന്തകളല്ല. മാര്‍ക്സിസത്തിന്റെ ഇന്ത്യന്‍ ആവിഷ്കാരങ്ങളെല്ലാം ഭീകരവാദങ്ങളല്ല. അങ്ങനെയൊരു ധ്വനി നിലനിര്‍ത്തുംവിധം പുതിയ പദങ്ങള്‍ സൃഷ്ടിച്ചു നിയമയുദ്ധവും വേട്ടയും ആരംഭിക്കുന്നത് ശരിയല്ല. പേനയെടുക്കുന്നവര്‍ അവരുടെ അഭിപ്രായസ്വാതന്ത്ര്യമാണ് പ്രകടിപ്പിക്കുന്നത്. ആയുധമെടുക്കാനും ഉപയോഗിക്കാനും നമ്മുടെ രാജ്യത്ത് നിയന്ത്രണമുണ്ട്. അത് ജീവിക്കാനുള്ള എല്ലാവരുടെയും അവകാശത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. പേനയെടുക്കുന്നവര്‍ നമ്മുടെ ചിന്താധാരകളുടെ വൈവിദ്ധ്യത്തെ പരിചയപ്പെടുത്തുന്നു. ജനാധിപത്യ സംവാദങ്ങള്‍ക്ക്  വാതിലുകള്‍ തുറന്നിടുന്നു. ആശയത്തെ ആശയം കൊണ്ടു നേരിടാന്‍ ചോര ചൊരിയേണ്ടതില്ല. പൊതു മൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുകയേ വേണ്ടൂ. അതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയേ വേണ്ടൂ. ഭരണഘടന പൗരന്മാര്‍ക്കു നല്‍കുന്ന അവകാശങ്ങളും ഉറപ്പുകളും നിയന്ത്രണങ്ങളും പാലിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്. അതിലുള്ള വീഴ്ച്ച കുറ്റകരമാണ്. അത്രയേ കാണേണ്ടൂ. പേനയെടുക്കുന്നവര്‍ എഴുതുമ്പോള്‍ ഇതില്‍ ചോപ്പു വന്നുപോയോ എന്നു ഭയക്കണമെന്നു വന്നാല്‍ എഴുത്ത് നിലച്ചുപോകും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More