അഹമ്മദാബാദ്: ഡിസംബറിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി ആം ആദ്മി. അധികാരത്തിലെത്തിയാൽ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ നിർമ്മിക്കുമെന്നും കച്ച് ജില്ലയുടെ എല്ലാ കോണുകളിലേക്കും നർമ്മദയിൽനിന്നുളള ജലം എത്തിക്കുമെന്നും അരവിന്ദ് കെജ്‌റിവാൾ പറഞ്ഞു. ഗുജറാത്തിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കഴിഞ്ഞ തവണ ഞാൻ ഗുജറാത്ത് സന്ദർശിച്ചപ്പോൾ ഒരാൾ എന്നോട് വന്ന് പറഞ്ഞു, ഒരു ജോലിക്കായി ബിജെപിയെ സമീപിച്ചപ്പോൾ അവർ തന്നെ തളളിപ്പുറത്താക്കി എന്ന്. ബിജെപിക്കാർക്ക് ഒരു ജോലിയും ചെയ്യാൻ താൽപ്പര്യമില്ല. അവരുടെ നേതാക്കളുടെ മക്കൾ വലിയ ജോലികളിലും പദവികളിലും ഇരിക്കും. അവർ നമ്മുടെ കുട്ടികളെ പീഡിപ്പിക്കും. ഡൽഹിയിൽ പാവപ്പെട്ട കുടുംബങ്ങളിൽനിന്നുളള വിദ്യാർത്ഥികൾക്ക് മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിക്കുന്നു. നല്ല ശമ്പളമുളള ജോലി ലഭിച്ചാൽ അവർ കുടുംബങ്ങളിലെ ദാരിദ്രമകറ്റും. ഗുജറാത്തിൽ ബിജെപി സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുകയാണ്. ആം ആദ്മി അധികാരത്തിൽ വന്നാൽ ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ നിർമ്മിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. നമ്മുടെ കുട്ടികളുടെ ഭാവിക്കായി ആം ആദ്മിക്ക് ഒരവസരം നൽകൂ'- അരവിന്ദ് കെജ്‌റിവാൾ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആം ആദ്മി അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് സൗജന്യമായി ഗുണനിലവാരമുളള ചികിത്സ നൽകാനായി ഗുജറാത്തിലെ 33 ജില്ലകളിലും സർക്കാർ ആശുപത്രികൾ നിർമ്മിക്കുമെന്നും കെജ്‌റിവാൾ കൂട്ടിച്ചേർത്തു.