അയ്യങ്കാളി: ആധുനിക കേരളത്തിന് അടിത്തറ പാകിയ 'പുലയ രാജാവ്'

ഒറ്റയടിക്ക് നടക്കുന്ന ഒരു പ്രക്രിയയല്ല നവോത്ഥാനം. അത് സമൂഹത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന നെടിയ ഒരു പ്രക്രിയാപരമ്പരയാണ്. കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ നവോത്ഥാനവും അങ്ങനെ തന്നെയായിരുന്നു. മനുഷ്യത്വത്തിന്റെ പുത്തന്‍ ഉണര്‍വായിരുന്നു കേരള നവോത്ഥാനത്തിന്റെ കാതല്‍. മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി പൊരുതിയ അയ്യാ വൈകുണ്ഠസ്വാമികളും അരുവിപ്പുറത്ത് ശിവക്ഷേത്രപ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരുവും തുറന്നിട്ട പ്രതീക്ഷയുടെ വില്ലുവണ്ടി തെളിച്ചുകൊണ്ടാണ് അയ്യങ്കാളി കേരളീയ നവോത്ഥാനത്തിന്‍റെ അമരക്കാരനാവുന്നത്. 

തിരുവിതാംകൂറില്‍ മാത്രം 1.67 ലക്ഷം അടിമകളുണ്ടായിരുന്ന 1880-കളിലാണ് അയ്യങ്കാളി എന്ന ചെറുപ്പക്കാരന്‍ പോരാട്ടത്തിന്റെ പാതയിലേക്ക് കടന്നുവരുന്നത്. അടിസ്ഥാനവര്‍ഗത്തെ വരിഞ്ഞുമുറുക്കിയ അടിമച്ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ആ യുവാവ് ദൃഢപ്രതിജ്ഞയെടുത്തു. കരുത്തരായ ഏതാനും യുവാക്കളെ സംഘടിപ്പിച്ചു. വിദഗ്ധനായ ഒരു കായികാഭ്യാസിയില്‍ നിന്നും അടിതടകള്‍ പരിശീലിച്ചു. അധികാരവര്‍ഗ്ഗത്തിനെതിരെ ഒരേറ്റുമുട്ടലിന് സ്വയം സജ്ജരായി. കാളകളെ പൂട്ടിയ വില്ലുവണ്ടിയില്‍ വിശേഷ വസ്ത്രങ്ങളണിഞ്ഞാണു അക്കാലത്ത് പ്രമാണിമാരുടെ സഞ്ചാരം. കീഴാളരായി ചവിട്ടിത്താഴ്ത്തിയവര്‍ വഴിമാറി യാത്ര ചെയ്യണം. ഈ കീഴ്‌വഴക്കം ലംഘിക്കാന്‍ അയ്യങ്കാളി തീരുമാനിച്ചു.  'വഴി ആരുടെയും സ്വന്തമല്ല. വഴിപോലെ വണ്ടിയും ആരുടെയും സ്വന്തമല്ല'-  അദ്ദേഹം പ്രഖ്യാപിച്ചു.  

നാഗര്‍കോവിലില്‍ പോയി നല്ല ഉശിരുള്ള രണ്ടു കാളകളെ വാങ്ങി വണ്ടിയുണ്ടാക്കി അയ്യങ്കാളി. അവയുടെ കഴുത്തിലും കൊമ്പിലും ഓട്ടുമണികള്‍ കെട്ടി.  ഉയര്‍ന്നതരം മല്‍മല്‍ മുണ്ട് നീട്ടിയുടുത്ത് തലപ്പാവും ധരിച്ച് ജാതിക്കോമരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് രാജകീയ പ്രൗഢിയോടെ അയ്യങ്കാളി തന്‍റെ സാഹസിക യാത്ര ആരംഭിച്ചു. മണികിലുക്കി, കുളമ്പടിച്ച് തലകുലുക്കി കാളക്കൂട്ടന്മാര്‍ ഓടി.  കടകടശബ്ദത്തോടെ വണ്ടി ഉരുണ്ടു. സവര്‍ണ്ണര്‍ ഞെട്ടിത്തരിച്ചു.

'എന്തൊരു ധിക്കാരമാണിത്!  അവനെ പിടിച്ചുകെട്ടണം'-  പ്രമാണിമാര്‍ ഗര്‍ജ്ജിച്ചു. 'അഴിച്ചുമാറ്റെടാ മേല്‍മുണ്ടെന്ന്' ആക്രോശിച്ചു. ഇടതു കൈകൊണ്ട് മീശ തടവി വലതു കൈ മടിക്കുത്തില്‍ താഴ്ത്തി തിളങ്ങുന്നൊരു കഠാരയെടുത്ത് 'കയ്യില്‍ ഈ കഠാരയും കൊക്കില്‍ ജീവനും ഉള്ളിടത്തോളം കാലം ഒരുത്തനും എന്നെ തൊടില്ലെന്ന്' അയ്യങ്കാളി തിരിച്ചടിച്ചു. ആത്മവിശ്വാസത്തോടെ അവര്‍ണര്‍ അദ്ദേഹത്തിനു പിന്നില്‍ അണിനിരന്നു. അങ്കക്കലി ബാധിച്ച മാടമ്പിക്കൂട്ടം അയ്യങ്കാളിയെയും കൂട്ടരെയും എതിരിടാനും വഴിയില്‍ എറിഞ്ഞു വീഴ്ത്താനും വേണ്ടി വന്നാല്‍ കൊലപ്പെടുത്താനും കോപ്പുകൂട്ടി. ഏറ്റുമുട്ടലുകള്‍ സാധാരണമായി. 

അയ്യങ്കാളി വളരെ പെട്ടെന്ന് അധഃസ്ഥിതരുടെ നേതാവായി. അവര്‍ ആവലാതി ബോധിപ്പിക്കാന്‍ അയ്യങ്കാളിയെ സമീപിച്ചുതുടങ്ങി. സ്വാതന്ത്ര്യം ഓരോന്നായി പിടിച്ചുവാങ്ങുവാന്‍ അവര്‍ക്ക് കഴിഞ്ഞു. അധസ്ഥിത വര്‍ഗത്തിന് നിഷിദ്ധമായിരുന്ന വിദ്യാഭ്യാസത്തിന്‍റെ പാതകള്‍ തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ‘സാധുജനപരിപാലന സംഘം’ എന്ന സംഘടന അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 1907-ല്‍ സ്ഥാപിതമായി.

വിദ്യാവിഹീനനായിരുന്ന അയ്യങ്കാളി വളരെ പണിപ്പെട്ടാണ് തന്‍റെ പേര് മലയാളത്തില്‍ എഴുതാന്‍ പഠിച്ചത്. ഈ ദുരവസ്ഥ തന്‍റെ സമൂഹത്തിനുണ്ടാകരുതെന്ന ചിന്തയില്‍ വെങ്ങാനൂരില്‍ ഒരു കുടിപ്പളളിക്കൂടം തുറന്നു. എന്നാല്‍, സവര്‍ണ വര്‍ഗത്തിന്‍റെ എതിര്‍പ്പുമൂലം അത് തുടരാന്‍ കഴിഞ്ഞില്ല. പൊതു വിദ്യാലയങ്ങളില്‍ ഹരിജന വിദ്യാര്‍ഥികള്‍ക്ക് പ്രവേശം വേണമെന്ന് അദ്ദേഹം വാദിച്ചു. അയ്യങ്കാളിയുടെയും കൂട്ടരുടെയും നിരന്തരമായ അപേക്ഷ മാനിച്ചുകൊണ്ട് 1914-ല്‍ ഹരിജനങ്ങളുടെ മക്കള്‍ക്ക് വിദ്യാലയ പ്രവേശം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ രാജാവ് ഉത്തരവിറക്കി. കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്കൂളില്‍ ചേര്‍ത്തു.

എല്ലാ അവകാശങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്ര സമരപരിപാടിയായിരുന്നു അയ്യങ്കാളിയുടേത്. നിരക്ഷരനായിരുന്നിട്ടും അയ്യങ്കാളിക്ക് ഇത്ര ശാസ്ത്രീയമായ സമീപനം എങ്ങനെ കൈവന്നു എന്നത് പിന്നീടുവന്ന ചരിത്രകാരന്മാരെ അത്ഭുതപ്പെടുത്തി. മാര്‍ക്സിംഗോര്‍ക്കിയുമായി അവര്‍ അയ്യങ്കാളിയെ താരതമ്യം ചെയ്തു. 1898-ല്‍ ആറാലുംമൂട്ടില്‍ നടന്ന സായുധ സമരം സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വമ്പിച്ച മുന്നേറ്റമായിരുന്നു. 1904-ല്‍ കര്‍ഷകത്തൊഴിലാളികളുടെ വേതനവര്‍ധനവിനുവേണ്ടി നടന്ന സമരവും കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത സമരമായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന സമരമായിരുന്നു അത്. സമരത്തിന്റെ ഒരു ഘട്ടത്തില്‍, പട്ടിണിയിലായ കര്‍ഷകത്തൊഴിലാളികള്‍ക്ക് മത്സ്യത്തൊഴിലാളികളുമായി ആലോചിച്ചും അവരുടെ നേതൃത്വത്തിലും സഹായമെത്തിക്കാന്‍ കഴിഞ്ഞതും കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ സമരചരിത്രത്തിലെ ഒന്നാമത്തെ അധ്യായമായിരുന്നു. ‘ഐക്യമെന്നാല്‍ സമര ഐക്യം’, ‘സമരമെന്നാല്‍ വര്‍ഗസമരം’ എന്നൊക്കെ കേരളത്തില്‍ പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയത്.

1937ല്‍ മഹാത്മാഗാന്ധി കേരളം സന്ദര്‍ശിച്ചപ്പോള്‍ വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദര്‍ശിച്ചു. പുലയ രാജാവ് എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 'മിസ്റ്റര്‍ അയ്യങ്കാളി ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്താണു ചെയ്തുതരേണ്ടത്'എന്ന ഗാന്ധിജിയുടെ ചോദ്യത്തിന് അയ്യങ്കാളി പറഞ്ഞ മറുപടി ഇതായിരുന്നു: 'അധഃസ്ഥിതരില്‍നിന്ന് പത്ത് ബി എക്കാരെ കണ്ടിട്ടുവേണം എനിക്ക് മരിക്കാന്‍'...

ഓര്‍മ ദിവസങ്ങളില്‍ മാത്രം അനുസ്മരിക്കേണ്ട ഒരു പേരല്ല മഹാത്മാ അയ്യങ്കാളി എന്നത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 5 days ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More
Web Desk 1 week ago
Social Post

'സംസ്‌കാരഹീനമായ വൃത്തികെട്ട പ്രവൃത്തി' ; ജാസി ഗിഫ്റ്റിനെ അപമാനിച്ചതില്‍ ജി വേണുഗോപാല്‍

More
More
Web Desk 2 weeks ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

More
More
K T Kunjikkannan 1 month ago
Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 month ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More
Niveditha Menon 2 months ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

More
More