മീറ്റൂ: ആശ്ലേഷത്തിൻ്റെ അനുഭവകാലം ഉഭയസമ്മതത്തിൻ്റേതെന്ന് എങ്ങനെ അളക്കും? - ഡോ. ആസാദ്

കയ്യേറ്റത്തെയും അതിക്രമത്തെയും പറ്റിയുള്ള കുറിപ്പല്ല ഇത്. സ്നേഹത്തെയും അടുപ്പത്തെയും കുറിച്ചാണ്. അതില്‍ അകല്‍ച്ചകള്‍ നിറയ്ക്കുന്ന സന്ദേഹങ്ങളുടെ വിളവെടുപ്പുകളെക്കുറിച്ചാണ്. ചേരുമ്പോള്‍ വിസ്മരിക്കപ്പെടുന്ന ചേരായ്മയുടെ പൊട്ടിത്തെറിയെക്കുറിച്ചാണ്. 

പ്രായപൂര്‍ത്തിയായ സ്വബോധമുള്ള രണ്ടുപേര്‍ അവരുടെ സ്വകാര്യതയില്‍ പരസ്പരം സ്പര്‍ശിക്കുന്നതോ ആശ്ലേഷിക്കുന്നതോ രതിയില്‍ ഏര്‍പ്പെടുന്നതോ അവരുടെ കാര്യമാണ്. അവരുടെ ഇഷ്ടവും അവകാശവുമാണത്. അതിന്റെ ആനന്ദവും ആഘാതവും അവര്‍ക്കുള്ളതാണ്. അവര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുകയോ മരിക്കുകയോ ചെയ്യട്ടെ.

രണ്ടുപേര്‍ ഒത്തുചേര്‍ന്ന ആനന്ദം ഒരാളുടെ അക്രമമായിരുന്നുവെന്ന് അതിലൊരാള്‍ക്കു പിന്നീടു തോന്നുമോ? തോന്നിയെന്നു വരാം. അപ്പോള്‍ മറ്റേയാള്‍ കുറ്റക്കാരനാവുമോ? ആയെന്നു വരാം. പുരുഷാധികാരത്തിന്റെ അനവധി വ്യവഹാര ചക്രങ്ങളില്‍ അകപ്പെട്ടുപോയ സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും ചൂഷണത്തെക്കുറിച്ചു ചിന്തിച്ചേക്കില്ല. എല്ലാം സ്വാഭാവികമായേ തോന്നൂ. നില്‍പ്പിടം സംബന്ധിച്ച ബോധമുദിക്കുമ്പോള്‍ മാത്രമാവും തങ്ങള്‍ അനുഭവിച്ച സ്നേഹസ്പര്‍ശം ചൂഷണമായിരുന്നുവെന്ന തിരിച്ചറിവുണ്ടാകുന്നത്. അപ്പോള്‍ മുമ്പനുഭവിച്ച സ്നേഹത്തിലെ പങ്കാളി അറിഞ്ഞോ അറിയാതെയോ കുറ്റവാളിയായിത്തീരും. മറ്റേയാളും മറ്റൊരു അബോധത്തിന്റെ തടവിലായിരുന്നു എന്ന പരിഗണന അപ്പോള്‍ ലഭിക്കണമെന്നില്ല. ആയിരത്താണ്ടുകളുടെ കര്‍മ്മഭാരം അയാള്‍ക്കുമേല്‍ പതിക്കും.

സ്നേഹപങ്കാളിയില്‍നിന്നു ചൂഷണമേല്‍ക്കുക വേദനാകരമാണ്. ബോധപൂര്‍വ്വമല്ലാതെ, തന്റെ സ്നേഹം മറ്റൊരാളെ വേദനിപ്പിച്ചല്ലോ എന്ന ദുഖവും കടുത്ത ആഘാതമുണ്ടാക്കും. പരസ്പര സ്നേഹത്തിന്റെ അനുഭവകാലം ഉഭയസമ്മതത്തിന്റേതായിരുന്നു എന്ന് എങ്ങനെ പറയാനാവും? അളക്കാന്‍ ഏതു മാനദണ്ഡമാണുള്ളത്? ഒരേ പോലെ ഉള്‍ക്കൊള്ളുകയും പങ്കുചേരുകയും ചെയ്ത ഔപചാരികമോ അനൗപചാരികമോ ആയ സൗഹൃദച്ചേര്‍ച്ചകള്‍ പിന്നീട് കുറ്റകരമായി മാറാം. എത്രമേലടുത്താലും രണ്ടുപേര്‍ക്കിടയില്‍ ഏതോ ഒരാശങ്കയുടെ മുള്ളു കൂര്‍ത്തു നില്‍ക്കുമോ? ആശ്ലേഷങ്ങളെ അതു തണുപ്പിക്കുമോ?

കൂടിക്കാഴ്ച്ചയുടെ നേരത്ത്, ആനന്ദപൂര്‍വ്വം ആശ്ലേഷിക്കുന്ന നേരത്ത് ഒറ്റമനസ്സായിരുന്ന രണ്ടുപേര്‍ പില്‍ക്കാലത്തെ അകല്‍ച്ചയുടെ വേരുകളില്‍തൂങ്ങി പഴയ അടുപ്പത്തെ കുറ്റവിചാരണ ചെയ്യാമോ? അതില്‍ ഒരാള്‍ക്ക് അങ്ങനെ ചെയ്യാന്‍ നിയമത്തിന്റെ പരിരക്ഷയുണ്ടെന്നു വരുന്നത് നീതിയാണോ? പില്‍ക്കാല കണക്കുതീര്‍ക്കലുകളില്‍ പഴയ ഒരാനന്ദനിര്‍വൃതി കോടതി കയറുമോ? ആനന്ദത്തിന്റെ ഇരകള്‍ അഴിയെണ്ണുമോ?

ഇഷ്ടമില്ലാതെ നിന്നുകൊടുക്കുമോ സ്വബോധമുള്ള  ഒരാള്‍ മറ്റൊരാളുടെ അതിക്രമത്തിന്? (സ്വബോധമെന്നു കരുതുന്നത് നിര്‍മ്മിതമായ സാമൂഹികബോധം തന്നെയാണ്. ആണ്‍കോയ്മാ വ്യവഹാരങ്ങളുടെ സൃഷ്ടി. അതിനാല്‍ നിന്നു കൊടുക്കേണ്ടി വരികയും അതോര്‍ത്ത് വേദനിക്കേണ്ടി വരികയും ചെയ്യുന്ന നിസ്സഹായതയെയാണ് നാം പെണ്ണാക്കല്‍ പ്രക്രിയയായി മനസ്സിലാക്കേണ്ടത് എന്ന പെണ്‍വാദം ശ്രദ്ധേയം. അതില്‍ വാസ്തവമുണ്ട്) വര്‍ഗബോധമുള്ള തൊഴിലാളിയെപ്പോലെ ലിംഗാധികാര ബോധമുള്ള സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും ചൂഷണങ്ങള്‍ക്കെതിരെ ചെറുത്തു തുടങ്ങും. ഈ സമര സാഹചര്യമാണ് അരുതെന്നു തടയാന്‍ ത്രാണിയുള്ള ലിംഗചെറുത്തു നില്‍പ്പുകള്‍ രൂപപ്പെടുത്തുക. നമ്മുടേത് ഒരു സംക്രമണകാലമാണ്. അതിന്റെ പരിക്കുകള്‍ എല്ലാവരെയും വേദനിപ്പിച്ചേക്കും. കോയ്മകള്‍ക്കെതിരായ യുദ്ധത്തില്‍ വ്യക്തികള്‍ക്കും വെട്ടേല്‍ക്കാം. 

ആണിനും പെണ്ണിനുമുണ്ട് ഭൂതകാലത്തിന്റെ ഭാരം. രണ്ടു വിഭാഗത്തിനും അധികാര വ്യവഹാരം ഉറപ്പിച്ച ശീലഭേദങ്ങളുണ്ട്. അവ കുടഞ്ഞെറിയാന്‍ ജനാധിപത്യ മൂല്യങ്ങള്‍ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും അതത്ര വേഗം സാധിക്കുന്നതല്ല. ഉറച്ച ശീലങ്ങള്‍ മാറാന്‍ സാമൂഹിക വ്യവഹാരങ്ങളിലെ അനവധി ഇഴകള്‍ അവയുടെ കുരുക്കുകളില്‍നിന്നു വേര്‍പെടുത്തണം. അധികാര ഘടനയില്‍ തന്നെ മാറ്റങ്ങള്‍ വരണം. അതിനുള്ള ശ്രമങ്ങള്‍ക്കൊപ്പം നമ്മുടെ ജനാധിപത്യ സമൂഹത്തിലും അതിവേഗം മാറ്റം വരുന്നുണ്ട്. എന്നാല്‍ ഓരോ വ്യക്തിയും ഒറ്റക്കു കൈവരിക്കേണ്ടതാണ് ഈ മാറ്റം എന്നു ധരിക്കുന്നവര്‍ അധികാരഘടനയുടെ കുറ്റം പൂര്‍ണമായും വ്യക്തികളില്‍ തള്ളും. പെണ്ണെന്തു ചെയ്യണമെന്നും ആണെന്തു ചെയ്യണമെന്നും അഥവാ ഇരുകൂട്ടരും എന്തു ചെയ്യരുതെന്നും നടപ്പു ബോധത്തിന്റെ വരാന്തയിലിരുന്നു ചിന്തിക്കുന്നവരും അതിന്റെ നേര്‍വിപരീത ബോധത്തില്‍ ശാഠ്യം പുലര്‍ത്തുന്നവരുമായി ലോകം പിരിയും. വാസ്തവത്തില്‍ ഇതിനിടയില്‍ കൂട്ടായി നടത്തേണ്ട പരിശ്രമങ്ങളാണ് വിസ്മരിക്കപ്പെടുന്നത്. അഥവാ കൂട്ടായ പോരാട്ടങ്ങള്‍ ശമിക്കുമ്പോള്‍ അവനവനിലേക്ക് ലോകം വലുതാവുകയോ ചെറുതാവുകയോ ചെയ്യുന്നു.

അധികാരം ആണിനെ ആണില്‍നിന്നും പെണ്ണിനെപെണ്ണില്‍നിന്നും ലൈംഗിക ന്യൂനപക്ഷങ്ങളെ അവരവരില്‍നിന്നും അടര്‍ത്തി അപമാനവീകരിക്കുകയാണ് ഉണ്ടായത്. ആണെന്നാല്‍ അധികാരമെന്നും പെണ്ണെന്നാല്‍ വിധേയത്വമെന്നും വരുത്തി. രണ്ടു കൂട്ടരുടെയും അസ്തിത്വം നിര്‍ണയിക്കുന്നത് അധികാര വ്യവഹാരമാണെന്നു വന്നു. ആണിന്റെ ഭാഷയും പെരുമാറ്റവും ഇരിപ്പു നടപ്പിടങ്ങളും അധികാരത്തിന്റേതായി. ആണെന്നത് അധികാരസ്ഥാനം മാത്രമായി. ജൈവികമായ ആണിച്ഛകള്‍ക്ക് അധികാര പരിവേഷത്തിലല്ലാതെ വെളിപ്പെടുക സാദ്ധ്യമല്ലാതായി. ജനാധിപത്യം അവരെ അവരുടെ വാസ്തവസ്വത്വത്തിലേക്ക് തിരിച്ചു വിളിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ ഭൂതകാല കെട്ടുപാടുകള്‍ വര്‍ത്തമാന ജീവിതത്തെ മൂടിക്കിടക്കുന്നു. ഫ്യൂഡല്‍ ഗൃഹാതുരതകളെ തൃപ്തിപ്പെടുന്ന മുതലാളിത്ത അസംബന്ധ നാടകങ്ങളെ സ്വാഭാവികമെന്നവണ്ണം സ്വീകരിക്കുന്നു! മതാത്മക അയുക്തികതകളാണ് പുരോഗമന ജീവിതങ്ങളുടെപോലും അകപ്രേരണകളെന്നു വരുന്നു.  നമ്മുടെ സദാചാരബദ്ധതയുടെ അടിവേരുകള്‍ അവിടെയാണ്. അധികാരബദ്ധവും ഭൂതാവേശിതവുമായ ജീവിതക്രമങ്ങളോടു പൊരുതിമാത്രമേ ആണ്‍ പെണ്‍ തുല്യതയുടെ സാമൂഹികകാലം പിറവിയെടുക്കൂ.

നാം ഓരോ സംഭവത്തെയും ഓരോ അസ്വസ്ഥതയെയും നമുക്കുവേണ്ട സങ്കുചിത മത/ രാഷ്ട്രീയ താല്‍പ്പര്യം കലര്‍ത്തി മാത്രം കാണുന്നു. ആത്മനിഷ്ഠമോ അയുക്തികമോ ആയ പക്ഷംചേരലുകള്‍ കൊണ്ട് അധികാരത്തിന്റെ അപമാനവീകരണ ശ്രമങ്ങളെ വ്യക്തികളുടെ അപരാധങ്ങള്‍ മാത്രമായി ചുരുക്കുന്നു. പൗരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. നിയമം അതു പുലര്‍ത്താന്‍ ബാദ്ധ്യസ്ഥമാണ്. കുറ്റവാളികളെ നിയമം വിചാരണ ചെയ്തു ശിക്ഷിക്കും. അതേസമയം, രാഷ്ട്രീയാധികാരത്തെ ലിംഗ വര്‍ണ മത മുക്തമാക്കാനുള്ള പോരാട്ടം ജനതയുടെ ചുമതലയാണ്. അത് ഏതെങ്കിലും ഒരുകൂട്ടര്‍ നടത്തേണ്ടതല്ല. മര്‍ദ്ദിതവിഭാഗങ്ങളാണ് നേതൃത്വം നല്‍കേണ്ടത്. തീര്‍ച്ചയായും അതില്‍ പെണ്ണുങ്ങളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ചുമതല വളരെ വലുതാണ്. പ്രത്യേകിച്ചും മണ്ണോ കൂരയോ വേലയോ കൂലിയോ നില്‍പ്പിടമോ ഇല്ലാത്ത അടിത്തട്ടു വിഭാഗങ്ങളുടെ പ്രതിരോധം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More