ഡോ. മുനീര്‍ ആദ്യമേ ഇങ്ങനെയായിരുന്നോ? - എസ് വി മെഹ്ജൂബ്

കാൾ മാർക്സിനെ കുറിച്ച് പ്രതീക്ഷിക്കാത്ത തരത്തില്‍ പുലഭ്യം പറഞ്ഞിരിക്കുകയാണ് ഡോ. എം കെ മുനീര്‍ എം എല്‍ എ. ലീഗ് നേതാക്കളില്‍ പാര്‍ട്ടിക്കതീതമായ പൊതുസമ്മതിയുള്ളയാളാണ് ഡോ. മുനീര്‍. അതാകട്ടെ അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ട സംസ്കാരിക മൂലധനത്തിന്റെ ഭാഗമായി സമൂഹം അദ്ദേഹത്തിന് അംഗീകരിച്ചു നല്‍കിയതാണ്. എന്നാല്‍ അതിനെയൊക്കെ തകിടം മറിക്കുന്ന രീതിയിലാണ് ഇക്കഴിഞ്ഞ ആഴ്ചയില്‍ അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍. ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ സ്കൂളുകളില്‍ കൊണ്ടുവരുന്നതിനോട് വിയോജിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഒരു തരത്തിലുമുള്ള ജെന്‍ഡര്‍ സെന്‍സിബിലിറ്റിയും ഇല്ലാതെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത് എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. അത് വിശകലം ചെയ്യാന്‍ ഡോ. മുനീറിന്റെ വാക്കുകളിലൂടെ തന്നെ കടന്നുപോകേണ്ടതുണ്ട്. 

പിണറായി വിജയന്‍ ഭാര്യയെ കൊണ്ട് പാന്‍റ്സ് ഇടീക്കുന്നു, എന്നാല്‍ പിണറായി എന്തുകൊണ്ട് സാരിയും ബ്ലൌസും ധരിക്കുന്നില്ല? ആണുങ്ങള്‍ക്ക് ചുരിദാര്‍ ഇട്ടാലെന്താ? പെണ്ണ് ആണ്‍വേഷമിട്ടാല്‍ ലിംഗസമത്വമാകുമൊ? തുടങ്ങിയ ചോദ്യങ്ങളാണ് ഡോ. എം കെ മുനീര്‍ ചോദിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഈ ചോദ്യങ്ങളെല്ലാം ശരിയാണ് എന്നാണ് സാമാന്യേന ആര്‍ക്കും തോന്നുക. ശരിയാണ്, ആണുങ്ങളുടെ വസ്ത്രങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ധരിക്കാമെങ്കില്‍  പെണ്ണുങ്ങളുടെ വസ്ത്രങ്ങള്‍ ആണുങ്ങള്‍ക്കും ധരിക്കാമല്ലോ. എന്നാല്‍ എന്തിനാണ് മുനീര്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെ ചോദിക്കുന്നത് എന്നും ചോദിക്കുന്നതിലെ പ്രശ്ന്ങ്ങള്‍ എന്തൊക്കെയാണ് എന്നും വിശകലനം ചെയ്യുമ്പോള്‍ മാത്രമേ ഈ ചോദ്യങ്ങളിലെ സ്ത്രീ വിരുദ്ധത പിടുത്തം കിട്ടുകയുള്ളൂ. 'പിണറായി വിജയന്‍ ഭാര്യയെകൊണ്ട് പാന്‍റസ് ഇടീക്കുന്നു' എന്നാണ് മുനീറിന്റെ പ്രയോഗം. എന്നാല്‍ പിണറായി വിജയന്‍ സ്വയം മുണ്ട് ഉടുക്കുന്നതുപോലെ ഭാര്യ കമല സ്വയം സാരി ഉടുക്കുകയാണ് എന്ന കാര്യം മുനീര്‍ സൌകാര്യപൂര്‍വ്വം വിസ്മരിക്കുന്നു. വസ്ത്രം ധരിക്കുന്നതിലെ കര്‍തൃത്വം പോലും സ്ത്രീകള്‍ക്ക് നല്‍കാന്‍ മനസ്സുകൊണ്ട് ഇപ്പോഴും തയ്യാറായിട്ടില്ലാത്ത മുനീര്‍ സ്ത്രീ-പുരുഷ തുല്യതയെ കുറിച്ച് പറയുന്നത് സ്ത്രീകള്‍ എങ്ങനെ നോക്കിക്കാണും എന്നെങ്കിലും അദേഹം ആലോചിക്കേണ്ടതായിരുന്നു. 

ഇപ്പറഞ്ഞതിന് ശേഷമാണ് കാൾ മാർക്സ് കുളിക്കാറില്ല എന്ന് മുനീര്‍ പ്രസംഗിക്കുന്ന യൂ ട്യൂബ് വീഡിയോ ശ്രദ്ധയില്‍ വന്നത്. മാർക്സ് മനുഷ്യചരിത്രത്തില്‍ നിര്‍വ്വഹിച്ച പങ്കിനെ സംബന്ധിച്ചോ അദ്ദേഹം ജീവിതം കൊടുത്ത് നടത്തിയ ബൌദ്ധിക പ്രവര്‍ത്തിയെ കുറിച്ചോ യാതൊരു പരിഗണനയുമില്ലാതെ മാർക്സ് കുളിക്കാറില്ല, പല്ലും തേക്കാറില്ല തുടങ്ങി ബാലിശമായ കാര്യങ്ങള്‍ മുനീര്‍ വിളിച്ചുപറയുന്നത്. തീര്‍ന്നില്ല ഒരൊറ്റ കോട്ട് തന്നെയാണ് ഉപയോഗിച്ചിരുന്നത്. മുഷിഞ്ഞിട്ടും അത് തന്നെയിട്ട് ഇരിപ്പാണത്രെ! പിന്നെ ചില മോറല്‍ പ്രശ്നങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. മുനീറിനോട് ചോദിക്കാനുള്ളത് മഹാൻമാരെയൊക്കെ വിലയിരുത്തുന്നത് അവർ എത്രനേരം കുളിക്കാറുണ്ട് എന്ന് നോക്കിയിട്ടാണൊ എന്നാണ്. കുളിയും അലക്കിത്തേച്ച ജീവിതവുമാണൊ മഹത്വത്തിൻ്റെ മാനദണ്ഡം?കാൾ മാർക്സ് ചെയ്തവർക്കുകൾ നോക്കിയല്ലെ നാം അദ്ദേഹത്തെ വിലയിരുത്തേത്? അല്ലാതെ അദ്ദേഹം കോട്ട് അലക്കാറുണ്ടൊ എന്നു നോക്കിയാണൊ? കോട്ടും സൂട്ടും ധരിച്ച് എക്സിക്യൂട്ടീവ് വേഷത്തിൽ നടന്നിരുന്നുവെങ്കിൽ നമുക്കൊരു ഗാന്ധിയുണ്ടാകുമായിരുന്നൊ? അവദൂതനെപ്പോലെപ്പോലെ അല്ലായിരുന്നുവെങ്കില്‍ നമുക്കൊരു യേശു ഉണ്ടാകുമായിരുന്നോ? രാജകുമാരൻ്റെ വേഷത്തിൽ നടന്നിരുന്നുവെങ്കിൽ നമുക്കൊരു ബുദ്ധനെ കിട്ടുമായിരുന്നൊ? ഹിറാ ഗുഹയിൽ ധ്യാനനിരതനായിരുന്നില്ലെങ്കിൽ പ്രവാചകന് ആ മഹത് ദർശനം ലഭിക്കുമായിരുന്നൊ? അതുകൊണ്ട് ഡോ. മുനീര്‍ സമൂഹത്തില്‍ ആദരിക്കപ്പെടുന്ന മഹത് വ്യക്തികളെ വിലയിരുത്തേണ്ടത് അവര്‍ പ്രഭാത കൃത്യങ്ങള്‍ കൃത്യമായ രീതിയില്‍ ചെയ്യാറുണ്ടോ എന്നും ഷര്‍ട്ടും മുണ്ടും അലക്കാറുണ്ടോ എന്നും നോക്കിയല്ല എന്ന കാര്യം ഇത്രയും വിദ്യാഭ്യാസവും ലോകപരിചയവുമുള്ള മുനീറിനോട് പറഞ്ഞുതരേണ്ടി വന്നതില്‍ ഖേദവും പ്രതിഷേധവുമുണ്ട്.

ഈ ബുദ്ധിക്ക് പോയാല്‍ നാളെ യേശു താടിമീശകള്‍ കളയാതെ, ലക്ഷ്യമില്ലാതെ നടന്ന ഒരുത്തനായിരുന്നുവെന്നും ഗാന്ധി ഷർട്ടിടാതെ നടന്ന പ്രാകൃതനാണെന്നും ബുദ്ധൻ ഭാര്യയെയും കുഞ്ഞിനേയും നോക്കാതെ സുഖിച്ചു നടന്നയാളാണെന്നും പ്രവാചകൻ കുടുംബത്തെ നോക്കാത്തയാളാണെന്നുംമുനീര്‍ പ്രസംഗിച്ച് നടന്നുകൂടായ്കയില്ല. ഡോക്ടറും മുൻ മന്ത്രിയും എം എൽ എ യും ചിത്രകാരനും ഗായകനും പ്രസാധകനും അങ്ങനെയെന്തൊക്കെയോ ആയ മുനീര്‍ കൊച്ചു കുട്ടികൾ പോലും പറയാത്ത മണ്ടത്തരങ്ങൾ ഇങ്ങിനെ വിളിച്ചു പറഞ്ഞ് വെറുതെ കേടു വരുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നേയില്ല. ജീവിതത്തിൽ ദുരിതങ്ങള്‍ വിട്ടൊഴിയാതെ കൂടെക്കൂടിയപ്പോഴും ദുരന്തങ്ങള്‍ ഒന്നിനു പിറകെ ഒന്നായ് നിരന്തരം വന്നുകൊണ്ടിരുന്നപ്പോഴും കുലുങ്ങാതെ ലോകത്തിലെ നിസ്വര്‍ക്കായി തന്റെ ചിന്ത മുഴുവന്‍ സംഭാവന ചെയ്ത ഒരു മഹാനായ മനുഷ്യനെ ഇത്ര ബാലിശമായി വിമര്‍ശിക്കാന്‍ മുനീറിന് എങ്ങനെ കഴിഞ്ഞു എന്നാ അത്ഭുതം വിട്ടുമാറുന്നില്ല. ഒറ്റ സംശയമേ ഇപ്പോള്‍ ബാക്കിയുള്ളൂ.  എല്ലാരും വാഴ്ത്തിപ്പാടിയ മുനീര്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെ നിലവാരം താഴാന്‍ കാരണമെന്താണ്? അതല്ലെങ്കില്‍ അദ്ദേഹം ആദ്യമേ ഇങ്ങനെയാണോ?    

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Dr. Azad 3 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More