മലപ്പുറം: മുസ്ലീം ലീഗ് ഫാസിസത്തെ ചെറുക്കാനായി എന്നും രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുമാണ് ഇന്ത്യയിലെ ഫാസിസത്തിന്റെ ശത്രുക്കളെന്നും അധികാരത്തേക്കാള്‍ മുസ്ലീം ലീഗ് പ്രാധാന്യം നല്‍കുന്നത് ഫാസിസത്തിനെതിരായി രാഹുല്‍ ഗാന്ധിക്കൊപ്പം നില്ക്കുക എന്നതിനാണെന്നും കെ എം ഷാജി പറഞ്ഞു. മലപ്പുറത്ത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് നടത്തിയ ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന് കൊടുത്താല്‍ ബിജെപി ദേശീയ നേതൃത്വം ചിലപ്പോള്‍ ഒരു സംസ്ഥാനം തന്നെ മുസ്ലീം ലീഗിന് എഴുതിത്തരും. ലീഗ് ഇപ്പോള്‍ നിര്‍വഹിക്കുന്ന രാഷ്ട്രീയ ദൗത്യം എത്രവലുതാണെന്ന് മനസിലാക്കാന്‍ അതുമാത്രം ചിന്തിച്ചാല്‍ മതി. പക്ഷേ കൊക്കിലെ ശ്വാസം നില്ക്കുന്നതുവരെ ലീഗ് അതിന് കൂട്ടുനില്‍ക്കില്ല. അധികാരമല്ല ലീഗിന്റെ മാനദണ്ഡം. അധികാരത്തേക്കാള്‍ ഫാസിസത്തെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. ലഭിക്കുമായിരുന്ന അധികാരം വേണ്ടെന്നുവച്ചവരാണ് പാണക്കാട് കുടുംബം. അവര്‍ നയിക്കുമ്പോള്‍ മുസ്ലീം ലീഗിനെ അധികാരം കാട്ടി കൂടെക്കൂട്ടാമെന്ന് സിപിഎമ്മുകാര്‍ കരുതേണ്ട'- കെ എം ഷാജി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോണ്‍ഗ്രസിന്റെ കൂടെ നില്ക്കുക എന്നത് ശിഹാബ് തങ്ങള്‍ ജാഗ്രതയോടെ എടുത്ത തീരുമാനമാണ്. സിപിഎമ്മിനോടുളള വിയോജിപ്പ് ഒരു സാംസ്കാരിക വിഷയംകൂടിയാണ്. പൂക്കോയ തങ്ങളുടെയും ബാഫഖി തങ്ങളുടെയുമൊക്കെ സ്മരണിക വായിച്ചാല്‍ എന്തുകൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടരുത് എന്ന കാര്യം വ്യക്തമാവും. സിപിഎമ്മിനൊപ്പം ചേര്‍ന്നാല്‍ അധികാരം ലഭിക്കുമെന്നതിനപ്പുറം ഒന്നും കിട്ടാനില്ല'- കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.