മിസ്റ്റര്‍ മുനീർ, ഭാര്യയെ കൊണ്ട് പാന്‍റ്സ് ഇടീക്കുന്നത് പിണറായിയല്ല- സുഫാദ് സുബൈദ

മുന്‍ മന്ത്രിയും, പ്രതിപക്ഷ ഉപനേതാവും ഭിഷഗ്വരനും ഗായകനും ചിത്രകാരനും പ്രസാധകനും മാധ്യമ സ്ഥാപന ഉടമയുമായ ഡോ. എം കെ മുനീറിന്റെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിരുദ്ധ പ്രസ്താവനയാണ് ഇപ്പോഴത്തെ ചര്‍ച്ച. ആണധീശ പ്രത്യയശാസ്ത്രം തന്നെയാണ് സ്ത്രീകളുടെ പദവിയും വസ്ത്രവും നിശ്ചയിക്കുന്നത് എന്ന് വ്യക്തമാക്കാനാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവന സമൂലം സ്ത്രീവിരുദ്ധമാണ് എന്ന വസ്തുതയാണ് ഇവിടെ വിശകലനം ചെയ്യാന്‍ ശമിക്കുന്നത്. അതിന് ഡോ. മുനീറിന്റെ വാക്കുകളിലൂടെ തന്നെ കടന്നുപോകേണ്ടതുണ്ട്. 

പിണറായി വിജയന്‍ ഭാര്യയെ കൊണ്ട് പാന്‍റ്സ് ഇടീക്കുന്നു, എന്നാല്‍ പിണറായി എന്തുകൊണ്ട് സാരിയും ബ്ലൌസും ധരിക്കുന്നില്ല? ആണുങ്ങള്‍ക്ക് ചുരിദാര്‍ ഇട്ടാലെന്താ? പെണ്ണ് ആണ്‍വേഷമിട്ടാല്‍ ലിംഗസമത്വമാകുമൊ? തുടങ്ങിയ ചോദ്യങ്ങളാണ് ഡോ. എം കെ മുനീര്‍ ചോദിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഈ ചോദ്യങ്ങളെല്ലാം ശരിയാണ് എന്നാണ് സാമാന്യേന ആര്‍ക്കും തോന്നുക. ശരിയാണ്, ആണുങ്ങളുടെ വസ്ത്രങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ധരിക്കാമെങ്കില്‍  പെണ്ണുങ്ങളുടെ വസ്ത്രങ്ങള്‍ ആണുങ്ങള്‍ക്കും ധരിക്കാമല്ലോ. എന്നാല്‍ എന്തിനാണ് മുനീര്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെ ചോദിക്കുന്നത് എന്നും ചോദിക്കുന്നതിലെ പ്രശ്ന്ങ്ങള്‍ എന്തൊക്കെയാണ് എന്നും വിശകലനം ചെയ്യുമ്പോള്‍ മാത്രമേ ഈ ചോദ്യങ്ങളിലെ സ്ത്രീ വിരുദ്ധത പിടുത്തം കിട്ടുകയുള്ളൂ. 

രാത്രികള്‍, പകലുകള്‍, തെരുവുകള്‍, പൊതു ഇടങ്ങള്‍, സമ്പത്ത് അങ്ങനെയങ്ങനെ എല്ലാമെല്ലാം പുരുഷന്‍മാരുടെതാണ്. അതുകൊണ്ടുതന്നെ പുരുഷന്‍ സ്വയം സ്വാതന്ത്ര്യമാണ് എന്ന വസ്തുത നാം മനസ്സിലാക്കണം. ഇക്കാര്യം മനസ്സില്‍ വെച്ചുകൊണ്ടുമാത്രമേ നമുക്ക് ഈ വിഷയത്തെ അഭിമുഖീകരിക്കാന്‍ സാധിക്കൂ. പുരുഷന്‍ സ്വയം സ്വാതന്ത്ര്യമാണെങ്കില്‍ അയാളുമായി ബന്ധപ്പെട്ട എല്ലാം സ്വാതന്ത്ര്യത്തിന്‍റെ പ്രതീകങ്ങളാണ്. അതുകൊണ്ടാണ് അവര്‍ ഇടുന്ന പാന്‍റ്സും ഷര്‍ട്ടും ഇടുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുന്നതായി സ്വാതന്ത്ര്യദാഹികളായ സ്ത്രീകള്‍ക്ക് ഫീല്‍ ചെയ്യുന്നത്. പുരുഷുക്കളുടെ സ്വന്തമായ പാതിരാനേരങ്ങളെ പിടിച്ചെടുക്കാന്‍  അവര്‍ സമരം ചെയ്യുന്നത്. താനുള്‍പ്പെട്ട ഇടങ്ങളില്‍ തന്റെ ശബ്ദം പരിഗണിക്കപ്പെടണം എന്നവര്‍ വാശിപിടിക്കുന്നത്. ഇത് നേരെ തിരിച്ചിട്ടാല്‍ മുനീറിന് കുറച്ചുകൂടി വ്യക്തത കിട്ടും. സാരി സ്വതന്ത്രമായ ചലനത്തെ നിയന്ത്രിക്കുന്ന ഒന്നാണ്. സ്ത്രീവസ്ത്രങ്ങളില്‍ പലതും അങ്ങനെയാണ്. ഉള്ള സ്വാതന്ത്യത്തെ പണയം വെയ്ക്കാന്‍ ആരും തയ്യാറാകില്ല. അതുകൊണ്ടാണ് സ്ത്രീകള്‍തന്നെ ഉപേക്ഷിച്ചുതുടങ്ങിയ സാരി ഉടുക്കാന്‍ പുരുഷന്മാര്‍ തയാറാകാത്തത്. ചുരുക്കത്തില്‍ അസ്വാതന്ത്ര്യത്തിലേക്കല്ല, സ്വാതന്ത്ര്യത്തിലേക്ക് നടക്കാനാണ് മനുഷ്യര്‍ ആഗ്രഹിക്കുന്നത് എന്ന അടിസ്ഥാന വസ്തുത വിസ്മരിച്ചുകൊണ്ടാണ് മുനീര്‍ ജെന്റര്‍ ന്യൂട്രല്‍ വസ്ത്രങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും സംസാരിക്കുന്നതും. 

മറ്റൊരു വസ്തുത ഇക്കാര്യങ്ങളെല്ലാം പറയാന്‍ എം കെ മുനീര്‍ ഉപയോഗിച്ച വാക്കുകളും പ്രയോഗവും തികച്ചും സ്ത്രീവിരുദ്ധമാണ് എന്നതാണ്. 'പിണറായി വിജയന്‍ ഭാര്യയെകൊണ്ട് പാന്‍റസ് ഇടീക്കുന്നു' എന്നാണ് മുനീറിന്റെ പ്രയോഗം. എന്നാല്‍ പിണറായി വിജയന്‍ സ്വയം മുണ്ട് ഉടുക്കുന്നതുപോലെ ഭാര്യ കമല സ്വയം സാരി ഉടുക്കുകയാണ് എന്ന കാര്യം മുനീര്‍ സൌകാര്യപൂര്‍വ്വം വിസ്മരിക്കുന്നു. വസ്ത്രം ധരിക്കുന്നതിലെ കര്‍തൃത്വം പോലും സ്ത്രീകള്‍ക്ക് നല്‍കാന്‍ മനസ്സുകൊണ്ട് ഇപ്പോഴും തയ്യാറായിട്ടില്ലാത്ത മുനീര്‍ സ്ത്രീ-പുരുഷ തുല്യതയെ കുറിച്ച് പറയുന്നത് സ്ത്രീകള്‍ എങ്ങനെ നോക്കിക്കാണും എന്നെങ്കിലും അദേഹം ആലോചിക്കേണ്ടതായിരുന്നു. ഡോ. മുനീറിന്റെ ചോദ്യങ്ങള്‍ ഇവിടെയൊന്നും അവസാനിക്കുന്നില്ല. ചുരിദാര്‍ ഇട്ടാല്‍ ആണുങ്ങള്‍ക്ക് എന്താണ് കുഴപ്പം എന്നാണ് മറ്റൊരു ചോദ്യം. ഒരു കുഴപ്പവുമില്ല എന്നാണ് അതിന്റെ ഉത്തരം. നമ്മുടെ പ്രമുഖ ഗസല്‍ ഗായകരും ഉത്തരേന്ത്യന്‍ നേതാക്കളും എന്തിന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും രാഹുല്‍ ഗാന്ധിയുമൊക്കെ ധരിക്കുന്നത് പൈജാമയും കുര്‍ത്തയുമാണ്. അഫ്ഗാനികളും പഞ്ചാബികളും പാകിസ്ഥാനികളും ഇതേ വസ്ത്രം ധരിക്കുന്നവരാണ്. കുര്‍ത്തക്കും പൈജാമാക്കും ചുരിദാറിലേക്ക് അധികം ദൂരമില്ല എന്ന് മനസ്സിലാക്കാന്‍ എന്തുകൊണ്ടാണ് മുനീറിന് കഴിയാത്തത്?

ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ക്ക് എതിരെ എന്തിനാണ്  ഇങ്ങനെ ഉറഞ്ഞുതുള്ളുന്നത് എന്ന് ഡോ. എം കെ മുനീര്‍ ആലോചിക്കേണ്ടതുണ്ട്. എല്ലാ ജനസമൂഹങ്ങളിലും പഴയ കാലത്ത് ജെന്ട്രല്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. കേരളത്തിലെ പുരുഷന്മാര്‍ മുണ്ടുമാത്രമായിരുന്നു ഉടുത്തിരുന്നത്. സ്ത്രീകള്‍ അതല്‍പ്പം മുകളിലോട്ട് കയറ്റി ഉടുക്കും. അത്രയേ വ്യത്യാസമുണ്ടായിരുന്നുള്ളൂ. മാറു കാണിച്ചും അവര്‍ മുണ്ടുടുത്തിരുന്നു എന്ന് മനസ്സിലാക്കാന്‍ ചാന്നാര്‍ സമരത്തെ കുറിച്ചൊന്ന് ആലോചിച്ചാല്‍ മതി.   അഫ്ഗാനികളും പഞ്ചാബികളും പാകിസ്ഥാനികളുമായ പുരുഷന്‍മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കുമ്പോള്‍ സ്ത്രീകള്‍ സമാന സ്വഭാവമുള്ള ചുരിദാര്‍ തന്നെയാണ് ധരിച്ചിരുന്നത്. അറബി സ്ത്രീകളും പുരുഷന്മാരും ഏകദേശം ഒരേ പോലുള്ള ളോഹയാണ് ധരിച്ചിരുന്നത്. ഇരുകൂട്ടരും തലപോലും മറച്ചിരുന്നു എന്ന കാര്യവും ഇത്തരം കാര്യങ്ങളില്‍ പൊതു പ്രസ്താവന നടത്തുന്നതിന് മുന്‍പ് ഓര്‍ക്കുന്നത് നല്ലതാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sufad Subaida

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More