കൊച്ചി: കാക്കനാട്ട് മുഖ്യമന്ത്രിയുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഉമ്മന്‍ചാണ്ടിയെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞതുപോലെ ഒരിക്കലും കോണ്‍ഗ്രസുകാര്‍ ചെയ്യില്ലെന്നും കഴിഞ്ഞ മാസംവരെ കറുപ്പുകണ്ടാല്‍ പേടിയായിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഖദര്‍ ഇട്ടവരെ കണ്ടാല്‍ പിടിച്ച് കരുതല്‍ തടങ്കലിലാക്കുകയാണെന്നും വി ഡി സതീശന് പറഞ്ഞു. കരിങ്കൊടി കാണിക്കുക എന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'കരിങ്കൊടി കാണിക്കുമ്പോള്‍ മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്. ഞങ്ങള്‍ സമരം ചെയ്യുകയാണ്. കരിങ്കൊടി കാണിക്കും. ഉമ്മന്‍ചാണ്ടിയെ അവര്‍ കല്ലെറിഞ്ഞതുപോലെ ചെയ്യില്ല. ഒരു കോണ്‍ഗ്രസുകാരനും മുഖ്യമന്ത്രിയെ ഉപദ്രവിക്കില്ല. പക്ഷേ പ്രതിഷേധിക്കും. ഇപ്പോള്‍ ഖദറിട്ടവരെയെല്ലാം പിടിച്ച് കരുതല്‍ തടങ്കലിലാക്കുകയാണ്. നരേന്ദ്രമോദി പോകുന്നിടത്തുപോലും ഇത്രയധികം കരുതല്‍ തടങ്കലുകളുണ്ടാവില്ല. എ കെ ഗോപാലന് കരുതല്‍ തടങ്കലിനെതിരെ പോരാടിയ ആളാണെന്ന കാര്യം മുഖ്യമന്ത്രി ഓര്‍ക്കണം'- വി ഡി സതീശന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെ കാക്കനാട്ടും കളമശേരിയിലും ആലുവയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. കാക്കനാട്ട് ഓടുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിവീണതോടെ കാര്‍ നിര്‍ത്തേണ്ടിവന്നു. കാറില്‍ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലില്‍ നിരന്തരം ഇടിച്ച പ്രവര്‍ത്തകനെ പൊലീസ് പിടിച്ചുമാറ്റുകയായിരുന്നു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.